ആഫ്രോ അമേരിക്കൻ കവികൾ ആദ്യ ആഫ്രോ അമേരിക്കൻ കവി ഫില്ലിസ് വീറ്റ്ലി
വിവർത്തനം, ആമുഖം: എസ്.ജോസഫ്
( എന്നെ ഈ അടിമാഖ്യാനങ്ങളിലേക്ക് എത്തിച്ചത് പ്രിയ സുഹൃത്തായ ശ്രീ. ജയൻ ചെറിയാനാണ്. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു. സ്വന്തം മകളോടൊപ്പം ആത്മഹത്യ ചെയ്ത റഷ്യൻ കവിയായ മരീന സ്വെറ്റായേവയെപ്പോലെ ദുരിതപൂർണമായ ഒരു ജീവിതം ആയിരുന്നു ഫില്ലിസിന്റേതും എന്നത് ശ്രദ്ധിക്കുമല്ലോ.)
ഫില്ലിസ് വീറ്റ്ലി (ശരിക്കുള്ള പേര് ആർക്കും അറിയില്ല ; കവിക്കും ) പടിഞ്ഞാറൻ ആഫ്രിക്കയിലെവിടെയോ ജനിച്ചു. ഒരു പക്ഷേ 1753 – ൽ ആയിരിക്കാം. രേഖകളില്ല.ഫില്ലിസ് എന്നത് വന്നെത്തിയ കപ്പലിന്റെ പേരാണ് . എട്ടാമത്തെ വയസിലാണവൾ പിടിക്കപ്പെട്ടത്. അമേരിക്കയിലെ ബോസ്റ്റണിൽ വച്ച് അവൾ വീറ്റ്ലി കുടുംബത്തിന് വില്ക്കപ്പെട്ടു. അങ്ങനെ പേര് ഫില്ലിസ് വീറ്റ്ലി എന്നായി. പക്ഷേ ഒരു വേലക്കാരിയെന്ന നിലയിൽ മാന്യമായ പെരുമാറ്റം അവൾക്ക് വീറ്റ്ലി കുടുംബത്തിൽ ലഭിച്ചു. അവർ അവളെ ഇംഗ്ലീഷ് പഠിപ്പിച്ചു. അവൾ ഗ്രീക്കും ലാറ്റിനും പഠിച്ചു. പല വിഷയങ്ങളും പഠിച്ച് മഹാജ്ഞാനിയായി. 14 വയസിൽ അവൾ ആദ്യകവിത എഴുതി. അതിന്റെ പേര് ‘ പുതിയ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് ‘ എന്നായിരുന്നു. ആ കുടുംബം അവളുടെ കഴിവുകളെ വളർത്തി. സുഹൃത്തുക്കളേയും കുടുംബക്കാരെയും അവളുടെ കവിതകൾ കാണിച്ചു. അവർ അവളെ പഠിക്കാനും കവിതകളെഴുതാനും പ്രോത്സാഹിപ്പിച്ചു.
ഇരുപതാം വയസിൽ അവൾ ആ വീട്ടിലെ മൂത്ത മകനോടൊപ്പം ഇംഗ്ലണ്ടിലേക്കു പോയി. അവിടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സാധ്യത തേടുവാനാണ് പോയത്. അങ്ങനെ 1773 – ൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അടിമജീവിതമാണ് അവർ ആവിഷ്കരിച്ചത്. അവർ അടിമത്തത്തിനെതിരേ പൊതുസ്ഥലങ്ങളിൽ സംസാരിക്കാൻ തുടങ്ങി. 1776 അവർ ജോർജ് വാഷിംങ് ടണ്ണിനെ കാണുന്നുണ്ട്. 1778-ൽ അവർ അടിമത്തത്തിൽ നിന്ന് മോചിതയായി. ജോൺ പീറ്റേഴ്സിനെ വിവാഹം കഴിച്ചു. രോഗവും ദാരിദ്ര്യവും പിടികൂടി. കുട്ടികൾ മരിച്ചു. അടുത്ത ഒരു പുസ്തകം എഴുതിയെങ്കിലും പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. വിറ്റ്ലി കുടുംബത്തിന്റെ പരിരക്ഷ നഷ്ടപ്പെട്ടിരുന്നല്ലോ. എങ്കിലും കുറേ കവിതകൾ പത്രങ്ങളിലും മറ്റും വന്നു. ഭർത്താവ് കടം മൂലം ജയിലിലായി. 1784 ൽ അവർ മരിച്ചു. മരിച്ച് ഒരു കൊല്ലം കഴിഞ്ഞ് അവരുടെ ഒരു കവിത ലണ്ടൻ പത്രത്തിൽ വന്നു. ( അവലംബം വിക്കി പീഡിയ )
അവരുടെ ഒരു കവിത ഇങ്ങനെ :
ദയാവായ്പാണ് പുറന്തള്ളപ്പെട്ടവരുടെ ഭൂമിയിൽ നിന്ന് എന്നെ ഇവിടെ എത്തിച്ചത് ഇരുട്ടിലകപ്പെട്ട എന്റെ ആത്മാവിനെ ഒരു ദൈവമുണ്ടെന്ന് പഠിപ്പിച്ചു ഒരു രക്ഷകനുണ്ടെന്ന് ഒരു വീണ്ടെടുപ്പ് ഞാൻ അന്വേഷിച്ചുമില്ല എനിക്ക് അറിയത്തുമില്ല ചിലർ ഞങ്ങളുടെ വംശത്തെ കുറ്റപ്പെടുത്തുന്ന കണ്ണുമായി നോക്കുന്നു അവരുടെ നിറം ഒരു പൈശാചിക നിറം ഓർക്കുക ക്രിസ്ത്യാനികൾ ,കായേന്നെപ്പോലെ കറുത്ത നീഗ്രോകൾ സംസ്കാരമുള്ളവരാകും ദൈവികമായ പരമ്പരയിൽ ഞങ്ങൾ ഒന്നിക്കും.