“നിരുപാധികമാം സ്നേഹം
ബലമായിവരും ക്രമാൽ
ഇതാണഴ, കിതേ സത്യം
ഇതുശീലിക്കിൽ ധർമവും
– അക്കിത്തം
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ, ഋഷി കവി അക്കിത്തം വിടവാങ്ങി.കേരളീയ നവോത്ഥനത്തിന്റെ ഭാഗമായി നമ്പൂതിരി സമുഹത്തിലുണ്ടായ ഉണർത്തെഴുന്നേൽപ്പ് സാധ്യമാക്കിയ കാവ്യജീവിതമായിരുന്നു അക്കിത്തത്തിന്റെത്.വി.ടി.ഭട്ടതിരിപ്പാടും ഇ എം.എസ്സും നടത്തിയ പരിഷ്ക്കരണ ശ്രമങ്ങൾ അക്കിത്തത്തിന്റെ കാവ്യജീവിതത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.നവോത്ഥാനം, ഇടത് പ്രസ്ഥാനം, ദേശീയ വിദ്യാഭ്യാസം എന്നിവ സാധ്യമാക്കിയ കാവ്യജീവിതം കൂടിയായിരുന്നു അക്കിത്തത്തിന്റേത്. അതേ സമയം അദ്ദേഹത്തിന്റെ കാവ്യ കലയുടെ അടിത്തറയായി വർത്തിച്ചത് സംസ്കൃത ഭാഷയിലൂടെ കൈവന്ന ഭാരതീയ സംസ്കാര പാരമ്പര്യവും പൈതൃകവും വൈദിക സംസ്കാരത്തിലധിഷ്ഠിതമായ ധാർമിക മൂല്യങ്ങളുമായിരുന്നുവെന്ന് പറയാതെ വയ്യ. കവിയുടെ പിൽക്കാല ജീവിതത്തിൽ വലിയ വിമർശനങ്ങൾ വാങ്ങി കൊടുത്തത് ഈ പാരമ്പര്യമായിരുന്നുവെന്ന് വിസമരിക്കാൻ വയ്യ. ഒരേ സമയം മാർക്സിയൻ ദർശനവും അതിന്റെ വിമർശനവും അക്കിത്തത്തിന്റെ രചനകളിൽ സമന്വയിക്കുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പോലെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രചനകൾ അതിൽ പെടും.
ഗാന്ധിയും മാർക്സും അരവിന്ദോയും ഇ.എം. എസ്സും എം എൻ റോയിയും വി.ടിയും ഇടശ്ശേരിയും എം.ഗോവിന്ദനും വരെയുള്ളവർ അക്കിത്തത്തിന്റെ കാവ്യജീവിതത്തെ സ്വാധീനിച്ചവരാണ്. ഇവരിൽ നിന്ന് ലഭ്യമായ മാനവിക മൂല്യത്തെ കവിതയിലേക്ക് പടർത്താനാണ് അക്കിത്തം ശ്രമിച്ചത്.മാനവികതയുടെ അണയാത്ത നാളങ്ങളായി മാറി അദ്ദേഹത്തിന്റെ പല കവിതകളും.
”ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി…”
– എന്നിങ്ങനെ അനവധി ഉദാഹരണങ്ങൾ കവിതയിൽ നിന്ന് കണ്ടെത്താം.
പാരമ്പര്യത്തിന്റെ ഭാരം കുടഞ്ഞ് കളയാൻ ഈ കവിക്ക് പലപ്പോഴും സാധിച്ചിരുന്നില്ല. അത് പലപ്പോഴും വിമർശനങ്ങൾ വിളിച്ച് വരുത്തി.
” അപരാധി ജളൻ യുക്തി –
ബോധമേ നിന്റെ മുന്നിൽ ഞാൻ
ശീലം കൊണ്ടി നൂലഴിച്ചു
കളയാനിഷ്ടമില്ല മേ “
– എന്ന മട്ടിൽ പാരമ്പര്യം അക്കിത്തത്തിൽ പിണഞ്ഞ് കിടക്കുന്നു. വേദോപനിഷത്തുകളിൽ തെളിഞ്ഞ് വരുന്ന ആത്മീയ ചൈതന്യത്തെ അദ്ദേഹം കവിതയിലേക്ക് പകർത്തി. വേദാന്തദർശനങ്ങളും നമ്പൂതിരി സംസ്കാരവും ബ്രാഹ്മണ്യത്തിന്റെ മുറിച്ച് മാറ്റാൻ കഴിയാത്ത നൂൽബന്ധങ്ങളും അക്കിത്തം കവിതയിൽ തിണർത്ത് കിടക്കുന്നു .അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, പണ്ടത്തെ മേശാന്തി പോലുള്ള കവിതകളിൽ സമകാലജീവിതത്തിന്റെ സങ്കീർണ്ണതകളും ജീർണതകളും കവി വരച്ചിടുന്നുണ്ട്.
” നിരത്തിൽ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകൾ
മുലചപ്പി വലിക്കുന്നു
നരവർഗ നവാതിഥി”
– എന്ന മട്ടിലുള്ള സർറിയലിസ്റ്റ് ബിംബകൽപ്പനകൾ അവതരിപ്പിക്കുമ്പോൾ തന്നെ
“വെളിച്ചം ദുഃഖമാണുണ്ണി
തമസ്സലോ സുഖപ്രദം” പോലുള്ള വിരുദ്ധോക്തിയുള്ള കാവ്യ ഭാഷയും അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചത്തിൽ നാം കണ്ടുമുട്ടുന്നു.
പ്രണയവും രാഷ്ട്രീയവും മാനവികതയും ഗാർഹിക – ക്ഷേത്ര ജീവിതവും സമഞ്ജസമായി സമ്മേളിക്കുന്നു. അക്കിത്തം കവിതയിൽ. കവിതയോടൊപ്പം വിവർത്തനവും, നാടകവും, കഥയും ഉപന്യാസവും ഉൾപ്പെടെയുള്ള സാഹിത്യത്തിന്റെ വിഭിന്നമണ്ഡലങ്ങളിലേക്ക് തന്റെ സർഗ സപര്യയെ അദ്ദേഹം വ്യാപിപ്പിച്ചു.
ജ്ഞാനപീഠമുൾപ്പെടെ അനവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഈ കവി സാഹിത്യത്തിൽ ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അവസാനത്തെ അഭിമുഖത്തിൽ ‘അനായാസേനയുള്ള മരണ’മാണ് താനിനി ആഗ്രഹിക്കുന്നതെന്ന് കവി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. അക്കിത്തത്തിന്റെ ഗുരു ഇടശ്ശേരി കുറിച്ചിട്ട പോലെ
“എനിയ്ക്കിനി
യൊന്നുമില്ല പിരിഞ്ഞു
കിട്ടാൻ
കൊടുക്കാനോ, കൊടുത്താലും
മുടിയാ മൂല്യം.
ഒരു തിരികൊളുത്തി ക്കൈമലർത്തി
വാതിൽ
മലർക്കവേ തുറന്നിട്ടു
വരികേ വേണ്ടു”….
ആ വാതിൽ തുറന്ന് വന്ന് മരണം അക്കിത്തത്തെ തൊട്ടു.കവിക്ക് പ്രണാമം.
– ആസിഫ് കൂരിയാട്