പുസ്തകപരിചയം
സ്ത്രീകള്‍ കര്‍തൃത്വപരമായി സ്വയം അടയാളപ്പെടുകയും/അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്ന സമകാലിക സന്ദര്‍ഭത്തില്‍തന്നെയാണ് താരാബായ് ശിന്ദെ എഴുതിയ ‘സ്ത്രീപുരുഷ തുലനം’ എന്ന പുസ്തകം വായിക്കേണ്ടത്. ലോകത്തെല്ലായിടത്തും സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയാണ് ഫെമിനിസ്റ്റു പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത്. അത് വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് റാഡിക്കല്‍ ഫെമിനിസം വരെ എത്തി നില്ക്കുകയാണിപ്പോള്. ലോകത്തെ ഫെമിനിസ്റ്റു ചിന്തകരെക്കുറിച്ച് പറയുമ്പോള്‍ ക്ലാര സെറ്റ്കിന്‍, റോസ ലക്സംബര്‍ഗ്, സിമോങ് ദ് ബുവ്വര്‍, വെര്‍ജീനിയ വുള്‍ഫ്, ബെറ്റി ഫീഡാന് തുടങ്ങി നിരവധി പേരുകള്‍ പ്രഥമ പരിഗണനയില്‍ വരും. ഇന്ത്യയില്‍നിന്ന് അത്തരത്തിലൊരു ചിന്താധാര ഉയര്‍ന്നു വന്നത് സംബന്ധിച്ച് അടുത്തകാലം വരെ കാര്യമായ പഠനങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ സമീപകാലത്ത് സ്ത്രീ പഠനങ്ങള്‍ സജീവമായതോടെയാണ് താരാബായ് ശിന്ദെയെപ്പോലുള്ള എഴുത്തുകാര്‍ പുരുഷാധിപത്യ നിലപാടുകള്‍ക്കെതിരെ ആശയപരമായ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം തിരിച്ചറിയുന്നത്. ഇന്ത്യയില്‍ സവിശേഷമായി നിലനില്‍ക്കുന്ന സവര്‍ണ പുരുഷാധിപത്യ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരിയായിരുന്നു താരാബായ്. അധീശത്വ വ്യവഹാരങ്ങള്‍ക്കുള്ളില്‍ തളിച്ചിട്ടിരുന്ന ഇന്ത്യന്‍ സ്ത്രീ അവസ്ഥയെ അതില്‍നിന്നും വിമോചിപ്പിക്കുക എന്ന ലക്ഷ്യമാണ് അവര്‍ മുന്നോട്ടുവെച്ചത്. ഇത്തരത്തിലുള്ള സ്ത്രീ വിമോചനാശയത്തെയാണ് താരാബായ് തന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. 1882ല്‍ മറാഠി ഭാഷയിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകം എഴുതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് അച്ചടിക്കാന്‍ കഴിഞ്ഞത്. അതിന് മലയാളത്തില്‍ ഒരു പരിഭാഷ ഉണ്ടാകാന്‍ വീണ്ടും നൂറ്റാണ്ടുകള്‍ വേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നവജാത ശിശു കൊല്ലപ്പെടുന്നതും അതുമായി ബന്ധപ്പെട്ട് കോടതിയില്‍ വന്ന കേസുമാണ് ഈ പുസ്തകം എഴുതാന്‍ പ്രേരണയായത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന സ്ത്രീകളുടെ അവസ്ഥ പലതരം ബന്ധങ്ങളാല്‍ അസ്വസ്ഥമായിരുന്നു. വിദ്യാഭ്യാസത്തിനുള്ള അവകാശമില്ല, പൊതു ഇടങ്ങളില്‍ പ്രവേശനമില്ല. എപ്പോഴും വീടിനുള്ളില്‍ തളയ്ക്കപ്പെടുകയായിരുന്നു അവരുടെ ജീവിതം. വീടിനുള്ളില്പോലും അഭിപ്രായസ്വാതന്ത്ര്യത്തിനോ മറ്റ് വ്യവഹാരങ്ങള്‍ക്കോ അവകാശമുണ്ടാന്നില്ല. ഭക്തി പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ ജാതിക്കെതിരായും ആണ്കോയ്മക്കെതിരായും നിരവധി സ്ത്രീ എഴുത്തുകള്‍ ഉണ്ടാകുന്നുണ്ട് എന്നത് പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പുസ്തകത്തിന് താരാബായ് എഴുതിയ ആമുഖം വായിച്ചാല്‍ ഒരു കാര്യം മനസിലാകും, എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് അവര്‍ സ്ത്രീ വിമോചനം സ്വപ്നം കണ്ടിരുന്നതെന്ന്. ഇന്ത്യയില്‍ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു നിലപാട് താരാബായിക്ക് മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞത് എന്നതാണ് അവരുടെ ചിന്തകളെ പ്രോജ്വലമാക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ഒമ്പത് അപവാദങ്ങളെ നിശിതമായ വിമര്‍ശന സ്വരത്തില്‍ താരാബായ് പുസ്തകത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തെ പ്രതിരോധിക്കുന്നതിനുള്ള ആശയങ്ങളെ രൂപപ്പെടുത്താന്‍ പുരാണ കഥാപാത്രങ്ങളെ ആദ്യമായി ഉപയോഗിച്ചത് ജ്യോതി റാവു ഫുലെയാണ്. തുടര്‍ന്ന് താരാബായിയും ഇത്തരമൊരു ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 വയസായിരുന്ന സമയത്താണ് താരാബായ് തന്റെ സമരോത്സുഹനിലപാടുമായി രംഗത്തുവരുന്നത്. സ്ത്രീയുടെ വിലാപ സ്വരത്തിനു പകരം കലാപത്തിന്റേതായ ആഹ്വാനമായിരുന്നു താരാബായിയുടേത്. ജാതി വ്യവസ്ഥയിലധിഷ്ഠിതമായ പാരമ്പര്യവാദത്തെ തകര്‍ക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ അധികവും. സ്ത്രീ അബലയല്ലെന്നും അവള്‍ക്ക് അവളുടേതായ ഇടം ഉണ്ടെന്നുമുള്ള ആഹ്വാനം അക്കാലത്ത് ഒരു സ്ത്രീയും ഉയര്‍ത്താന്‍ ധൈര്യപ്പെട്ടിരുന്നില്ല. ബ്രിട്ടീഷ് അധിനിവേശം അതിന്റെ വ്യത്യസ്തങ്ങളായ ദൗത്യം നിറവേറ്റുന്ന സന്ദര്‍ഭങ്ങളിലാണ് താരാബായ് തന്റെ സ്ത്രീവിമോചന നിലപാടുകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. സ്ത്രീകള്‍ പല കാലങ്ങള്‍ അടിമത്വത്തിന്റെ അവസ്ഥയില്‍ ജീവിക്കണമെന്ന നിലപാടിനെതിരായ ശബ്ദമായിരുന്നു താരാബായിയുടേത്. പുരുഷനുമായുള്ള തുല്യതയ്ക്കും ചെറുപ്പത്തിലെ ഉണ്ടാകുന്ന വൈവിധ്യത്തിനും പുനര്‍ വിവാഹത്തിനുള്ള അവകാശവും എല്ലാ തരത്തിലുമുള്ള ലിംഗ വിവേചനത്തിനും എതിരായിരന്നു അവര്‍. പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട സാമൂഹിക മാറ്റ പ്രക്രിയയിലെ അസമത്വത്തെക്കുറിച്ചാണ് പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ സ്ത്രീ വാദത്തിന്റെ ആധികാരിക ഗ്രന്ഥമാണിത്. ജ്യോതിറാവു ഫുലൈയുടെ സത്യശോധക് സമാജവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം വലിയ ഊര്‍ജമാണ് താരാബായിക്ക് നല്‍കിയത്. അവിടെനിന്നു ലഭിച്ച കാഴ്ചപ്പാടുകള്‍ ഈ പുസ്തകത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് പുസ്തകം എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഈ പുസ്തകം വലിയൊരു രാഷ്ട്രീയം മുന്നോട്ട് വെച്ചെങ്കിലും എഴുതിയ കാലത്തും അതിനു ശേഷവും താരാബായ് വളരെ ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത്തരം അന്വേഷണങ്ങള്‍ ഈ പുസ്തകത്തെയും വീണ്ടെടുത്തിരിക്കുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പുരുഷന്മാര് പോലും സ്ത്രീകളുടെ വിഷയം വരുമ്പോള്‍ യാഥാസ്ഥിതിക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് താരാബായ് പറയുന്നത്. ആധുനികാനന്തരം കാലത്തെ സ്ത്രീവാദികളെപ്പോലെയല്ല താരാബായ്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നാണ് അവരുടെ ചിന്തകള്‍ രൂപപ്പെട്ടത്. പുസ്തകം കണ്ടെത്തുന്നതും മലയാളത്തിലേയ്ക്ക് പരിഭാഷ നിര്‍വഹിച്ചതും സംബന്ധിച്ച് എഴുത്തുകാരി മാനസി പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുബന്ധമായി മുക്താബായിയുടെ മാംഗ് മഹാര്‍ ജാതിയില്‍പ്പെട്ടവരുടെ ദുരിതങ്ങളെക്കുറിച്ചുള്ള രണ്ട് പ്രബന്ധങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്