ആഫ്രോ അമേരിക്കൻ കവികൾ -4 ജയിംസ് മാഡിസൺ ബെൽ (1826 – 1902)
വിവർത്തനം, ആമുഖം: എസ്.ജോസഫ്
ആഫ്രിക്കൻ അമേരിക്കൻ കവി , പ്രസംഗകൻ രാഷ്ട്രീയ പ്രവർത്തകൻ . അടിമത്തം ഇല്ലാതാക്കുന്നതിനായി പ്രവർത്തിച്ചു. 1854 ൽ കടുംബ സമേതം കാനഡയിലേക്കു പോയി. അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തി
1860 ൽ സാൻ ഫ്രാൻസിസ് കോയിലേക്കുപോയി. അവിടെ വച്ച് കവിതകൾ എഴുതി. അമേരിക്കയിലെ ഏറെ പ്രസിദ്ധനായ കവിയായി. 1902-ൽ അന്തരിച്ചു.
( ഞാനിവിടെ രേഖപ്പെടുത്തിയ ആഫ്രോ അമേരിക്കൻ കവികൾ എല്ലാവരും തന്നെ ഇംഗ്ലീഷിലെ വൃത്തങ്ങളിലാണ് കവിത എഴുതിയിട്ടുള്ളത് എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൃത്യമായ സിലബിക് ക്രമങ്ങൾ അവയിൽ ഉണ്ടാകുമല്ലോ. അതുപോലെ അവർ അന്ത്യപ്രാസവും പാലിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക ഘടനയുളള ഒരു ഗീതകം ആണിത്.അതിനുള്ളിലാണ് അവർ അടിമ ജീവിതം , വിമോചനാത്മകമായ ദൈവികത ഒക്കെ ആവിഷ്കരിക്കുന്നത്. മലയാളത്തിലെ ദളിത് കവിതയിൽ ആരും തന്നെ വൃത്തമോ പ്രാസമോ കൃത്യമായി ഉപയോഗിക്കുന്നില്ല എന്ന കാര്യം ഓർക്കാവുന്നതാണ്. ഒരു താരതമ്യത്തിനു പറഞ്ഞു എന്നു മാത്രം. )
ഗീതകം
ദൈവം ഉണ്ട് ദൈവത്തെ നാം നോക്കുന്നിടത്തെല്ലാം കാണാം അലറുന്ന സമുദ്രം മുതൽ ശബ്ദമില്ലാത്ത അരുവി വരെ എന്നെന്നേക്കും നിലനിൽക്കുന്ന മഞ്ഞണിഞ്ഞ മല മുതൽ ചിറ്റാറിനടിയിലെ മണലിൽ വരെ
കരിമ്പാറയും പ്രവഹിക്കുന്ന പ്രളയവും ദൈവത്തിന്റെ ജീവിക്കുന്ന കരത്തെ ചിത്രീകരിക്കുന്നു ദിവസകരനായ തിളക്കുന്ന സൂര്യൻ മുതൽ മിന്നാമിനുങ്ങിന്റെ മങ്ങുന്ന വെളിച്ചം വരെ നീലിച്ച ആകാശത്തിന്റെ പ്രശാന്തമായ നിലവറ വരെ
ഉയരങ്ങളിലെ എല്ലാ രാത്രി ലോകങ്ങളിൽ നിന്നും ഭൂമിയിലെ ഏറ്റവും ചെറിയ പ്രാണികളിൽ വരെ
എവിടെയാണോ ആ പ്രാണി കാണപ്പെടുന്നത് അവിടെ ദൈവത്തിന്റെ ഛായയുണ്ട്
പ്രാണികൾ , നക്ഷത്രങ്ങൾ ആകാശം സൂര്യൻ ഇവ അക്കാര്യം പ്രഖ്യാപിക്കുന്നു.