കട്ടപ്പന ഗവ.കോളേജിലെ
ഹെറിറ്റേജ് മ്യൂസിയം:
ഹെറിറ്റേജ് അഥവാ പാരമ്പര്യം ഇന്ന് കൂടുതൽ പ്രാധാന്യമുള്ള ഒന്നാണ്. ചരിത്രവും സംസ്കാരവും ദൈനംദിന ജീവിതവും കൂടിച്ചേരുന്ന ഒരു ലോകമാണ് ഹെറിറ്റേജിൻ്റേത്. പൈതൃകം ചില സന്ദർഭത്തിൽ ഓർത്തെടുക്കാനുള്ള അവശേഷിപ്പുകളാകുമ്പോൾ, ചില സന്ദർഭത്തിൽ തിരിച്ചുപിടിക്കേണ്ട പ്രാധാന്യങ്ങളായും തീരുന്നു. പൈതൃക പദ്ധതികൾ കൊണ്ട് സമ്പന്നമാണ് കേരളവും. കമ്പോളവും മൂലധനവും പലയളവിൽ പൈതൃക വ്യവസായത്തെക്കൂടിയും പ്രാധാന്യത്തോടെ കാണുന്നു. സമൂഹത്തിലെ ഏതുതുറയിലെ മനുഷ്യർക്കും പൈതൃകമുണ്ട്. ചിലപ്പോളത് ആത്മാഭിമാനത്തിൻ്റെ മുദ്രകളാകാറുണ്ട്. ശേഷിപ്പുകളും വീണ്ടെടുപ്പുകളുമാകാറുണ്ട്. അടയാളങ്ങളാകാറുണ്ട്. പൈതൃകമുള്ളവർ എന്നത് കാലത്തെ അതിവർത്തിച്ചു എന്നതിൻ്റെ സംസാരിക്കുന്ന മാതൃകകൾ കൂടിയായിത്തീരുന്നു.
കട്ടപ്പന ,ഗവ.കോളേജിലെ പൈതൃക മ്യൂസിയം പ്രധാനമാകുന്നത് ആദിവാസി ഗോത്ര ജീവിതത്തിൻ്റെ ശേഷിപ്പുകളെ കണ്ടെടുക്കുവാൻ അതിനു സാധിച്ചു എന്നതിനാലാണ്.പലപ്പോഴും ഉപരി സമൂഹളെ ചുറ്റിത്തിരിഞ്ഞാണ് പൈതൃകാന്വേഷണങ്ങൾ സഞ്ചരിക്കാറ്. ഇത്തരം രീതികൾ ബഹുജനങ്ങളെ അപ്രധാനപ്പെടുത്താറുമുണ്ട്. ആധികാരത്തിൻ്റെ ഏകപക്ഷീയതയുടെ സ്വഭാവം പലപ്പോഴും പൈതൃകാന്വേഷണങ്ങളെ പരിമിതപ്പെടുത്താറുണ്ട്. അത്തരം രീതികളെ മറികടക്കുന്നു ഗവ.കോളേജ് കട്ടപ്പനയിലെ ,ഈ പൈതൃക മ്യൂസിയം.
നമുക്കറിയാവുന്നതു പോലെ ഗോത്ര ജനതയുടെ ഇടങ്ങളായിരുന്നു കുറിഞ്ചി നിലമായ ഇവിടം. ഈ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഗോത്ര ആവാസ പ്രദേശങ്ങളായിരുന്നു. വെള്ളയാൻകുടി, വലിയകണ്ടം, മന്നാക്കുടി പ്രദേശങ്ങളൊക്കെ അതിൻ്റെ തെളിവുകളുമാണ്. വെള്ളയാൻ എന്ന ഗോത്ര മൂപ്പൻ്റെ കുടിയായിരുന്നു വെള്ളയാൻ കുടി.ഗോത്ര സമൂഹങ്ങളുടെ ജീവിതം സവിശേഷമായ പൈതൃകമാക്കി നിലനിർത്തുന്നു എന്നതാണ് ഈ മ്യൂസിയത്തിൻ്റെ പ്രത്യേകത. അതിലൂടെ അവരുടെ ജീവിതവും അതിൻ്റെ മിഡിപ്പുകളും തെളിഞ്ഞു നിൽക്കുന്നു. മാത്രവുമല്ല ഗോത്ര ജനതയുടെ ജീവിതവും സംസ്കാരവും സൂക്ഷിക്കേണ്ടതും പഠിക്കേണ്ടതും അഭിമാനിക്കേണ്ടതുമാണ് എന്ന ശുഭസൂചന ഇതിലുടെ നല്കുവാൻ കഴിഞ്ഞിരിക്കുന്നു. അത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന നിർമ്മാണ സാമഗ്രികളും ഉല്പാദന ഉപകരണങ്ങളും ദൈനംദിനവൃത്തിക്ക് സഹായകമായിരുന്ന വസ്തുക്കളും ഇതിലുണ്ട്. ഇല്ലിയും മുളയും ചുരലും കൊണ്ടുള്ള ഉപകരണങ്ങൾ, വീടും വീട്ടുപകരണങ്ങളും കൃഷിക്കും വേട്ടയ്ക്കും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അടിച്ചിലുകൾ, കെണികൾ, വിളക്കുകൾ, പാത്രങ്ങൾ, കോരികൾ, ധാന്യം പൊടിക്കുന്ന കല്ലുകൾ, വിവിധ തരം കുഴവികൾ,കുടികൾ, ഏറുമാടം, നന്നങ്ങാടി, എന്നിങ്ങനെ നിരവധി ഉപകരണങ്ങളും വസ്തുക്കളും നമുക്ക് ഈ മ്യൂസിയത്തിൽ കാണാം. സാംസ്കാരിക പാരായണങ്ങൾ പോലെ, പാരിസ്ഥിതികമായ ഒരു പാരായണവും അത് മുന്നോട്ടു വയ്ക്കുന്നു. ഒരു പക്ഷെ പലയിടത്തായി സമാഹരിച്ചവ ജില്ലയിൽ ഇനിയുമുണ്ടാവാം.
അതുപോലെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു ശേഖരം , കുടിയേറ്റ മനുഷ്യരുടെ ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ടവയാണ്. ത്രാസുകൾ, തൂക്കങ്ങൾ, കട്ടികൾ, ബീഡിപ്പെട്ടി, വിളക്കുകൾ ,കാളവണ്ടി, ലോഹ ഉപകരണങ്ങൾ, എന്നിങ്ങനെയുള്ള നിരവധി ഉപകരണങ്ങളും വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു താളിയോല ഗ്രന്ഥവും അതിൽപ്പെടുന്നു. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഹെറിറ്റേജ് മ്യൂസിയമാണ് ഇത് എന്നു തീർച്ചയായും പറയാം. കൂടുതൽ വിപുലപ്പെടുത്തുവാനും സജീവമാക്കുവാനും കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.ഇങ്ങനെയൊരു മ്യൂസിയത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത് നിർമ്മിച്ച കട്ടപ്പന ,ഗവൺമെൻറ് കോളേജിലെ അധ്യാപകർക്കും മറ്റു വിശിഷ്ട വ്യക്തികൾക്കും എല്ലാവർക്കും നന്ദി.