കണക്കുകൂട്ടൽ
പള്ളിക്കൂടത്തിൽ
പഠിക്കുമ്പോൾ
കണക്ക്ക്ലാസ്സായിരുന്നു
എനിക്കേറെയിഷ്ടം.
കണക്കിലെ
ഹോംവർക്കുകൾ
രാത്രിയിലോ രാവിലെയോ
പലപ്പോഴും വീട്ടിൽവെച്ച്
ചെയ്യാൻ കഴിയാറില്ല.
ക്ലാസ്സിൽ വെച്ച്
കണക്കുകൂട്ടാനാണെനിക്കിഷ്ടം.
രാവിലെ സ്കൂളിലെത്തിയാൽ
കണക്ക്ക്ലാസ്സ് കാത്തിരിക്കും.
കണക്കുകൂട്ടാൻ കണക്കുകൂട്ടി
കാത്തിരിക്കും കാരണം
കണക്കുക്ലാസ്സാണ് എനിക്കേറെയിഷ്ടം.
ഉച്ചയ്ക്ക് ഒരു മണിക്ക്
ചോറു കൊണ്ടുവരാത്തവർ
വരാന്തയിൽ ഒരുമിച്ചിരിക്കുന്ന
കണക്കു ക്ലാസ്സ്
പിഞ്ഞാണത്തിൽ രണ്ട്തവികഞ്ഞീം
ഒരുപിടിപയറും മുനകുത്തിയ
പ്ലാവിലകൊണ്ടെഴുതി
നാവിൽ തൊട്ട് കൂട്ടുന്ന
കണക്കു ക്ലാസ്സ് ….
അവസാനലോഡ്
മൂന്നാം ദിവസവും
മഴകനക്കേപെയ്തു കൊണ്ടിരുന്നു.
മണ്ണുമാന്തികൾ വിശ്രമമേതുമില്ലാതെ
പണിയുന്നിരവുംപകലും
യന്ത്രമായതുനന്നായി മുൻകാലുകൾ
മണ്ണിൽപ്പുതഞ്ഞാലു-
മൂരിയെടുക്കാംവേദനയില്ലാതെ
മരങ്ങൾവേരോടെ പിഴുതെറിയുന്നു.
മണ്ണടർത്തിനിറയ്ക്കുന്നു,
ഉരുളൻകല്ലുകളത്രയും ഉടച്ചുപൊടിച്ചുകോരുന്നു
ടിപ്പറുകൾവരിവരിയായ്
വരുന്നുനിൽക്കുന്നുപോകുന്നു.
നീരുറവകളുടെ കണ്ണുകൾ
നിറയുന്നതെങ്ങോ നിലവിളിക്കുന്നുനിലങ്ങൾ .
മണ്ണുമാന്തികൾ വിശ്രമമതുമില്ലാതെ
പണിയുന്നിരവുംപകലും
യന്ത്രകൈകൾവാരിയെടുത്ത
അവസാനലോഡുമായ്
ടിപ്പറുകളൊതുക്കിയവഴിയിലൂടെ രക്തനേത്രനായ്
നിലവിളിച്ചോടുന്നു ആംബുലൻസുകൾ
പുരകൾക്കുമീതേ മലപെയ്തൊഴുകിയ
വഴിയിൽനിന്ന് ……
തിരിച്ചറിയൽ കാർഡ്
പേരുകൾ പ്രതിബിംബങ്ങളാണ്
പേരുകൾ പലപ്പോഴും പ്രതിഫലിതമാക്കുന്നത്
പ്രതിനിധീകരിക്കുന്നത് പ്രതീകാത്മകമായി
മതത്തെയാണ്
ഹരിയെന്നു ചോദിക്കുമ്പോൾ
ഹിന്ദുവിനെയും മുഹമ്മദെന്നു പറയുമ്പോൾ
മുഹമ്മദീയനെയും ക്രിസ്റ്റിയെന്നു കേൾക്കുമ്പോൾ
കിസ്ത്യനിയേയും മനസ്സിൽ വകയിരുത്തും.
മതമറിയിച്ചാൽ മതിയാവില്ല
ജാതിയുമുപജാതിയുമറിയണം
പേരിനു പിന്നിൽ ‘ജാതി’ത്തണ്ടുകൾ
കൊണ്ട് പതിവെയ്ക്കുന്നു പലരും.
പരിചയ വേളയിൽ പേരാരായുമ്പോൾ
പേരറിയലല്ല പകരം തെരയലാണ് ,
മതം തിരിച്ചറിയലാണ് നടപ്പിലാകുന്നത്.
പരിചയ നേരങ്ങളിൽ പേരു ചോദിച്ചില്ലെങ്കിൽ
പരിഭവമരുതേ പ്രിയ കൂട്ടുകാരാ പേരു പറയുമ്പോൾ
പേരുകാരന്റെ മതം മനസ്സിലെത്തുന്ന
മദം എന്നിലുമുണ്ട്.