” റെയിൽപ്പാളങ്ങളിൽ വെയിൽ വീഴുമ്പോഴുള്ള ആ അറുമുഷിപ്പൻ മണത്തിനെ കൊതിപിടിച്ചോർക്കുന്നു ;
ചുണ്ടു പൊള്ളിയത് നക്കിയാറ്റുമ്പോഴും പച്ചക്കശുവണ്ടിയോടു തോന്നിയിരുന്നതു പോലെ –
നീട്ടിയാലെത്താത്ത വിരൽത്തുമ്പത്ത് നിന്നെക്കൊതിക്കുന്ന പോലെ “
ചിത്തിര കുസുമൻ ഫേസ് ബുക്ക് സ്റ്റാറ്റസ് ആയി ഇട്ട മേൽക്കൊടുത്ത വരികളിലെ അറുമുഷിപ്പൻ ഗന്ധസന്ദർഭത്തിലാണ് അവരുടെ കവിതയിലേക്ക് (എനിക്ക് ) ഒരു വാതിൽ തുറന്നു കിട്ടിയത്. പിന്നെ ആ കവിതകൾ അന്വേഷിച്ചു. എന്നാൽ വളരെ വൈകിയാണ് പ്രഭോ പരാജിത നിലയിൽ , തൃപ്പൂത്ത് എന്നീ രണ്ടു പുസ്തകങ്ങളും കിട്ടിയത്.
സ്ത്രീ എന്ന വിഷയിയും വിഷയവും ഇത്ര മാത്രം ആവിഷ്കാരം കൊണ്ട ഒരു കാവ്യലോകം (ഞാൻ) മുൻപ് കണ്ടിട്ടേയില്ല. വി.എം ഗിരിജയുടെ കവിതകളിലും അനിത തമ്പിയുടെ കവിതകളിലും കണ്ടിട്ടുണ്ട്. എന്നാൽ
അതിന്റെ മറ്റൊരു പാരമ്യം എഴുതിയ പുതുമുറക്കവിയാണ് ചിത്തിര.
സ്ത്രീ പ്രകൃതിയുടെ ഭിന്നഭിന്നമായ ഇമേജറികൾ കൂടിച്ചേർന്ന് ഒരു ബൃഹദ് പ്രമേയമായി ഈ കവിതകളിൽ വളരുന്നു. (മലയാളത്തിലെ ) സ്ത്രീ രചനകളിൽ ഞാൻ / നീ എന്ന ദ്വന്ദ്വം പൊതുവിലുണ്ട്. ഇതിലും അതുണ്ട്. എല്ലാം ഞാൻമയം ആണ്. ഞാൻ കാണുന്ന അനുഭവിക്കുന്ന , ഭാവനയിലേക്ക് രൂപാന്തരപ്പെടുത്തുന്ന ലോകമാണത്.
ഈ കവിതകളിൽ നീ ആണ് മാത്രമല്ല പെണ്ണും കൂടിയാണ്.
ഈ കവിതയിലെ കേന്ദ്ര കഥാപാത്രം ഞാൻ എന്ന കവി തന്നെ. എന്നാൽ അത് കാല്പനിക കവിതയിലെ persona പോലെയല്ല. Persona എന്നത് കവിതയിലെ ഞാൻ ആണ്. കാല്പനികകവിതയിലെ ഞാൻ എല്ലാ വായനക്കാർക്കും പകരം നില്ക്കുന്ന ഒരു കഥാപാത്രമാണ് . എന്നാൽ ഈ കവിതകളിലെ ഞാൻ വായനക്കാരന് / വായനക്കാരിക്ക് പകരം നില്ക്കുകയില്ല.
അത് സാർവ്വലൗകികമാനം പുലർത്തുന്ന കാല്പനികതയിലെ ഞാൻ അല്ല. അത് സവിശേഷമായ ഞാൻ ആകുന്നു. വിഷയി ഇവിടെ കവിതയിൽ സ്വയം വിശദീകരിക്കുകയാണ്. ഇതാണ് കാല്പനികതയുടേയും ഇക്കാലത്തെ സ്ത്രീയെഴുത്തിന്റേയും ഭിന്നത.
ഉർവരമായ ഭാഷ
” തൃക്കാർത്തിക ദീപം പോലെ തെളിഞ്ഞ നിന്റെ
നഗ്നതയ്ക്കു മേൽ
ഒരിക്കലുമണഞ്ഞു പോകരുതെന്ന്
പൊതിഞ്ഞു പിടിച്ച കൈപ്പത്തിയുടെ
നിഴൽ പോലുള്ള ആ മുടിയിഴകളിലൊന്നിന്റെ
തുമ്പിൽ നിന്ന് നീ
നനഞ്ഞ ഏതെങ്കിലുമൊരു മഴയുടെ
ഒരൊറ്റത്തുള്ളിയിൽ ചുണ്ടൊന്നു നനഞ്ഞാൽ മതി,
പ്രിയപ്പെട്ട പെൺകുട്ടീ
ഈ ജീവിതം സമ്പൂർണമാകാൻ ” (അക്കയ്ക്ക്)
ഞാൻ ഒരു മുഴുവൻ കാട്
(വന്നു വീഴുന്നൊരു തീപ്പൊരിക്കും
ആളിക്കത്തിക്കാനിടമില്ലാതിരിക്കരുത്.)
( ഞാൻ , വസന്തത്തിന്റെ ചുമട്ടുകാരി )
ഓടപ്പൂക്കൾ മാത്രം കീഴ്ക്കാംതൂക്കായി
വിരിഞ്ഞു കിടക്കുന്ന ഒരു കിടപ്പുമുറിത്തോട്ടത്തെക്കുറിച്ച്
എന്തു പറയുന്നു.
ഇന്നവിടെ ഉറങ്ങിയാലോ ?
(നമുക്കെന്ന് ഒരു കിടപ്പിടം )
അടിവയറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുളെളാരു കാവുണ്ട്
(ഉടൽ പുത്തുമലർന്ന നാൾ)
മുമ്പേ പോയ മീനുകളത്രയും പിറകേ വരാനിരിക്കുന്ന
വലിയ മീനിനെക്കുറിച്ച് അവളോട് പറഞ്ഞിരുന്നു.
(ചരിത്രത്തോടും അവനവനോടുതന്നെയും
ചെയ്യാതിരിക്കാൻ നിവൃത്തിയില്ലാത്ത ചില നീതികേടുകൾ )
ഭാവനകളുടെ ഇത്തരം സഞ്ചാരങ്ങൾ അപൂർവമായ ഒരു പ്രകൃതി ദർശനം ഒളിപ്പിക്കുന്നുണ്ട്. സ്ത്രീയേയും പ്രകൃതിയേയും ഇവിടെ ഘടിപ്പിച്ചിരിക്കുന്നു. പെൺഭാവനയുടെ ധീരമായ സഞ്ചാരങ്ങളിൽ നിന്നേ ഇത്തരം ഭാഷാകല്പനകൾ ഉണ്ടാകുകയുള്ളു.
അപരിചിതം ഈ സഞ്ചാരങ്ങൾ
ഫെമിനിസം ഞാൻ വേണ്ടവണ്ണം പഠിച്ചിട്ടില്ല. സ്ത്രീ ജീവിതത്തിന്റെ / ചിന്താലോകങ്ങളുടെ പുത്തൻ
മേഖലകൾ എനിക്ക് അപരിചിതമാകുന്നു. എങ്കിലും എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത ഒരു വിഷയിയും വിഷയവും ആണതെന്ന് പറയാൻ തോന്നുന്നു. നിരന്തരം പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും സാധ്യതകളും ഉള്ള രാഷ്ട്രീയമതിലുണ്ട്.
ഇക്കവിതകളിലെഞാൻഎന്നസ്ത്രീഅതിശക്തയാണ്. എല്ലാറ്റിനേയുംജൈവബോധത്തോടുംസ്വാഭാവികചിന്തയോടുംകൂടിഅത്തിരിച്ചറിയുന്നു. നിരീക്ഷണം, കേൾവി , മണം , മനസ്എല്ലാംതുറന്നുവയ്ക്കുന്നഒരുവൾആണീകവി. ലോകത്തിലെസ്ത്രീസ്വാതന്ത്രൃപ്രസ്ഥാനങ്ങളുടെയുംവിദ്യാഭ്യാസത്തിന്റേയുംമാറ്റങ്ങളുടേയുംആകെഫലങ്ങൾസ്വായത്തമാക്കിയപുതിയസ്ത്രീമാതൃകയാണ്ഇതിലെ
ചിന്തിക്കുന്ന , സ്വപ്നം കാണുന്ന കവിസത്ത. സിനിമ, ചിത്രകല, നൃത്തം, സംഗീതം , ജീവിതം, സൗഹൃദം, ഭാഷ എന്നിവയെല്ലാം ഈ പുതിയ സ്ത്രീയിലുണ്ട്. തന്നെ കണ്ടെത്തുന്ന സ്ത്രീയാണത്.
സ്ത്രീ ആണിൽ നിന്ന് എന്നേ വഴി പിരിഞ്ഞിരിയുന്നു. രണ്ട് വഴികളിലൂടെ സഞ്ചരിക്കുന്നവരായി അവർ മാറിയിരിക്കുന്നു. ” നമ്മൾ ഒരേ നീളത്തിൽ കീറിപ്പോയ രണ്ടരി കുകളാണ്. ” സവിശേഷതകൾ നീണ്ട തലക്കെട്ടുകൾ പല കവിതകൾക്കുമുണ്ട്. ഗദ്യരൂപമാർന്ന ഈ കവിതയ്ക്ക് ഫ്രെഷ്നസ് ഉണ്ട്. ഗദ്യത്തെ ചില കവിതകളിൽ ക്രമീകരിച്ചിട്ടുണ്ട്. സ്വയം കണ്ടെത്തിയ അടക്കങ്ങളും അടക്കമില്ലായ്മകളും ഉണ്ട്. ശരീരം മാത്രമല്ല ശരീരനിരാസവും ഉണ്ട്. വായനയുടെ നിശബ്ദമായ മാതൃകകളെ തള്ളുന്നുണ്ട്. ഓർമ്മകൾ ഉണ്ട് കവിതകളിൽ. ശരീരത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു രീതി സ്ത്രീയെഴുത്തിൽ പൊതുവേ കണ്ടു പോരുന്നു. ശരീരമെന്നത് ശരീരമല്ല. അത് അതിന്റെ അതിർത്തികളും ആരംഭങ്ങളുമാണ്. ശരീരം അതിന്റെ ഇമേജറികൾ ആണ്. സ്ത്രീയെഴുത്ത് എന്നൊരു ഴാനർ ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നത് 90 കൾ ആദ്യം കവി ആശാലത നടത്തിയ ഒരു സംസാരത്തിൽ (Speech)നിന്നാണ്. പിന്നീട് കുട്ടി രേവതി , മീന കന്ദസാമി, സൽമ, അരുന്ധതീ സുബ്രഹ്മണ്യം , വിജയലക്ഷ്മി, സാവിത്രി രാജീവൻ എന്നിവരുടെ കവിതകൾ ഞാൻ വായിച്ചു. അവരിൽ നിന്ന് കുറേ വ്യത്യസ്തയായി എനിക്ക് ഈ എഴുത്തുകാരിയെ തോന്നി. അപ്രതീക്ഷിതം അപ്രതീക്ഷിതമായി വികസിക്കുന്ന കവിതകളാണ് പലതും. അതാണ് കവിതയിലും സംഗീതത്തിലും ഉള്ളത്. സാമാന്യമായി ലളിതമാക്കി പറഞ്ഞാൽ നിശ്ചലമായ കാലമാണ് ശില്പകലയിലും ചിത്രകലയിലുമെങ്കിൽ ചലിക്കുന്ന കാലമാണ് കവിതയിലും സംഗീതത്തിലും . ഇവിടെ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മറ്റൊരു കവിതയുമായും ബന്ധമില്ലാതെ കവിത സഞ്ചരിക്കുന്നു. ” മുമ്പേ പോയ മീനുകളത്രയും പിറകേ വരാനിരിക്കുന്ന വലിയ മീനുകളെക്കുറിച്ച് അവളോട് പറഞ്ഞിരുന്നു. ” ” ചിറ്റയപ്പോൾ തീർത്തും അവാസ്തവികമായൊരു ചിരി ചിരിച്ചു : അതിനെയുപമിക്കാൻ പറ്റിയതായി ഈ ലോകത്തിലന്നേരം ഒന്നുമുണ്ടായിരുന്നില്ല. ” ” രാത്രിക്കും പകലിനുമിടയിൽ മഞ്ഞ പൂക്കുന്ന നാടുകളുണ്ടത്രേ!” മറ്റൊരു പ്രത്യേകത അതിശക്തമായ പ്രമേയങ്ങളില്ല എന്നതാണ്. പൊതുവേ രാഷ്ട്രീയമായി ഈ കവിതകൾ open poetry അല്ല . എന്നാൽ ഏകാകിനിയായ , ഉന്മാദിനിയായ , വന്യമായ ഭാവനകളുള്ള ഒരു കവി ആദ്യമായി കണ്ടുമുട്ടുന്ന ഒരു അസാധാരണ സ്ത്രീയെന്ന നിലയിൽ സാന്നിധ്യമാകും. അത് പോസ്റ്റ് മാധവിക്കുട്ടി എഴുത്തുമാണ്. ” ഞാൻ , ശമിക്കാത്ത പ്രണയം, ഒരു കാടൻ വിശപ്പ് ” (ഞാൻ വസന്തത്തിന്റെ ചുമട്ടുകാരി ) എന്നെഴുതുമ്പോൾ അതിൽ വന്യതയുണ്ട്. എങ്കിലും ഉദാരമായി തന്നിൽ വീഴുന്ന ഏതൊരു തീപ്പൊരിക്കും ആളിക്കത്തിക്കാനിടമുണ്ട് എന്നും എഴുതുകയാണ്. ഞാൻ, നീ നീ , ഞാനെന്ന് … വീണ്ടും എന്ന കവിതയിൽ ഇതേ സ്വരമുണ്ട്. ” അവന്റെ യാത്രാവഴികൾക്ക് അവസാനിക്കാനുള്ള ഒരേയൊരിടമായി ഞാനെന്നെ സദാ ഒരുക്കി വച്ചിരിക്കുന്നു. ” ഇവിടെ സമരസപ്പെടുകയാണ്. എങ്കിലും കരുതൽ ഉണ്ട് . ” രണ്ടു പേർ മാത്രം ചായ കുടിക്കുന്ന മേശയിൽ മൂന്നാമത്തെ , ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ എന്റെ കണ്ണുടക്കിക്കിടന്നു. ” ഇവിടെ പുരുഷനോട് പുലർത്തുന്ന ഒരു തത്രപരമായ ഒരു സമീപനമുണ്ട്. അതാണ് ” പരസ്പരം വിദ്വേഷികളായി ഞങ്ങൾ കാണികളില്ലാത്തൊരു നാടകത്തിൽ അഭിനയിക്കുന്നു ” എന്നെഴുതുന്നത്. ഈ കവിതയിൽ മാളം, ഉടൽ (പാമ്പിനെപ്പോലെ ) എന്നീ പ്രതീകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതുപോലെ ആണും പെണ്ണുമുള്ള ലോകം തുടരുന്നുണ്ട്. പെറ്റിട്ടപോലെയെന്റെ വയറിൽ തൊട്ടു കിടക്ക് എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇതു മാതിരി ലൈംഗികമായ കല്പനകൾ കവിതകളിൽ ഉണ്ട്. രണ്ട് അസ്തിത്വങ്ങളായി മാറിയ , പിരിഞ്ഞു കഴിഞ്ഞ സ്ത്രീയും പുരുഷനും ആണ് . സ്നേഹിക്കുക അല്ലെങ്കിൽ പിണങ്ങുക ഇതേ ഇനി അവർക്കു കരണീയമായിട്ടുള്ളു. ചിത്തിരയുടെ കവിതകളിൽ എഴുത്ത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനവും അനുഭവം സമരസപ്പെടലുമാണ്. തന്റെ ലോകം ഏകാന്തമല്ല എന്ന് , ഉടൽ അത്ര സ്വകാര്യമല്ലാത്ത ഒരിടമെന്ന് എഴുതുന്നുണ്ട്. ഇത് ഒരു വിമർശനമായി വരുന്ന കവിതയാണ് ‘ചരിത്രത്തോടും അവനവനോടു തന്നെയും ചെയ്യാതിരിക്കാൻ നിവൃത്തിയില്ലാത്ത ചില നീതികേടുകൾ ‘ എന്ന കവിത. ഈ കവിത ഈ സമാഹാരത്തിൽത്തന്നെ അല്പം വ്യത്യസ്തമാണ്. അച്ഛനും അമ്മയും മകളും പുസ്തകങ്ങൾ വായിച്ച ഒരു കാലം എത്ര ഗഹനമാണെങ്കിലും അത് നിശബ്ദത നിറഞ്ഞ ഒരിടമായിരുന്നു എന്ന് കവി തിരിച്ചറിയുന്നുണ്ട്. അതിനാൽ തന്റെ കുഞ്ഞുങ്ങളോട് ആ നിശബ്ദതയെക്കുറിച്ച് പറയില്ല എന്ന് കവി . ” അവരോട് ഞാൻ വരാനിരിക്കുന്ന വസന്തത്തെക്കുറിച്ച് കള്ളം പറയും ” കവി പണ്ടേ ആ നിശബ്ദതയിൽ നിന്ന് പുറം ചാടിയിരുന്നു. അങ്ങനെ ഒരു യാത്രയിൽ ബസ് യാത്രക്കാരിയെയും ചൂണ്ടക്കാരിയെയും അവൾ കണ്ടുമുട്ടുന്നു. ചൂണ്ടക്കാരി പറയുന്നു. ലോകം സ്നേഹം നിറഞ്ഞ ഒരിടമാണെന്ന്.
ഇവിടെ ചേർത്തു വയ്ക്കാവുന്ന ഒരു കവിത തൃപ്പൂത്തിലുമുണ്ട്. “ജീവിതം പറഞ്ഞു: പൂവായിരിക്ക് ” ചൂണ്ടക്കാരനും മീനും കഥാപാത്രങ്ങളായി വരുന്ന ഒരു കവിതയുണ്ട്. ഇവിടെ പ്രണയം രതി, അസ്വാതന്ത്ര്യം , മരണം എന്നിങ്ങനെ പ്രമേയങ്ങൾ വരുന്നു. ഇത് പല തരത്തിൽ ആവർത്തിക്കുന്നുണ്ട്. മീൻവെട്ടും മലയാളഭാഷയും കവിതകളിൽ വിഷയങ്ങളാകുന്നുണ്ട്. പരസ്പരം കാണാത്തവരുടെ പ്രണയം, വിപ്ലവം, നീതി എന്നിവയും വിഷയങ്ങളാണ്. തൃപ്പൂത്ത് എന്ന രണ്ടാമത്തെ സമാഹാരത്തിലെ ആദ്യ കവിതകൾ ഒരു തരം വചന കവിതകളാണ് ; ചെറിയ കവിതകൾ എന്ന അർത്ഥത്തിൽ . ചെറിയ കവിതകൾ നമ്മുടെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. ” ഇവിടങ്ങളിൽ അതിസാധാരണമായി കാണുന്ന ഒരിനം പുല്ലാണു ഞാൻ വെട്ടിക്കിളയ്ക്കുന്നവരുടെ വസ്ത്രങ്ങളിലൊട്ടി ദൂരദൂരം യാത്ര ചെയ്യുന്നത് സ്വപ്നം കാണുന്ന ഒന്ന് ” ആദ്യ സമാഹാരത്തിൽ നിന്ന് വ്യത്യസ്തമാണ് ഈ സമാഹാരം. മാത്രമല്ല ഇതിൽ കവിതയുടെ കണ്ണാടി പോലെ ചിത്രങ്ങളുണ്ട്. കവിതകളും ചിത്രങ്ങളും സൂക്ഷ്മങ്ങളാണ്. ആദ്യസമാഹാരത്തിന്റെ വിഹ്വലമായ അന്തരീക്ഷം ഈ സമാഹാരത്തിൽ കുറയുന്നു. രണ്ട് സമാഹാരം ഒരേസമയം വ്യത്യസ്തവും തുടർച്ചയുമാകുന്നത് ഒരു നിയോഗമാണ്. ” ഒരമ്മ പെറ്റ മക്കളെല്ലാം ഒരു പോലിരിക്കുന്ന കൂരിരുട്ടിൽ ” ( എ.അയ്യപ്പൻ) എന്ന അവസ്ഥ ഇവിടെയില്ല. ഗദ്യകവിതയുടെ രൂപപരവും ഘടനാപരവുമായ പുതുക്കങ്ങൾ കവി നേടിയെടുത്തിട്ടുണ്ട്. ഗദ്യം കവിതയ്ക്ക് പുതിയൊരു ദൃശ്യത നല്കി.പെട്ടെന്നു മനസിലാക്കാൻ പറ്റുന്ന ഒരു സുതാര്യതയോ ഋജുതയോ അതിലുണ്ടെന്ന് പറയുന്നതിൽ ഒരു തരത്തിൽ അർത്ഥമില്ല. പദ്യം പ്രത്യേകിച്ച് സംസ്കൃത പദ്യം അഴിച്ചെടുക്കാൻ പറ്റാത്തവർക്കുള്ള എളുപ്പത്തിലുള്ള രചനാരീതിയായി അതിനെ കാണുന്നതിൽ കാര്യമില്ല. ഗദ്യം മലയാളത്തിൽ നിരവധി അതാര്യതകൾ സൃഷ്ടിച്ചിട്ടുണ്ട്. അത് അതിന്റേതായ ശൈലി രൂപീകരിച്ചു. അപൂർവ പദങ്ങൾ കണ്ടെത്തി, അങ്ങനെ പദ്യം പോലത് സങ്കീർണമായി മാറി. പുതിയ വ്യാകരണത്തിന്റെ സാധ്യത അതിലുണ്ട്. ഒരു കവിതയും വായനക്കാരൻ ഒറ്റ വായനയിൽ പൂർണമായി മനസിലാക്കുന്നില്ല. കവി പ്രയോഗിക്കുന്ന വാക്കുകളുടെ അർത്ഥവും അന്തരാർത്ഥവും വായനക്കാർക്ക് മനസിലാകാൻ സമയമെടുക്കും. അങ്ങനെ നോക്കുമ്പോൾ പദ്യകവിതയും ഗദ്യകവിതയും സമാനമാണെന്ന് പറയേണ്ടി വരും. ഇന്നത്തെ സ്ത്രീകവികൾ കൂടുതലായും ഗദ്യത്തിലാണ് എഴുതുന്നത്. അവരിൽ പലർക്കും പദ്യം അറിയില്ലെന്ന് തോന്നുന്നു. ഗദ്യം അവരുടെ എഴുത്തിന്റെ ഹൈവേയാണ്. എന്നാൽ ചിത്തിര അതിൽ വിജയിച്ചു. ഉള്ളടക്കം നിർമ്മിക്കുന്ന രൂപവും രൂപം നിർമ്മിക്കുന്ന ഉള്ളടക്കവും തമ്മിൽ ഇവിടെ ബന്ധമുണ്ട്. മൂർച്ചയുള്ളതാണത്. രണ്ടാമത്തെ സമാഹാരത്തിൽ ഒരു ജ്ഞാനിയുടെ പരിവേഷം ചിത്തിരയ്ക്ക് ലഭിക്കുന്നുണ്ട്. വിധിവാക്യങ്ങളാകുന്ന ചെറു കവിതകൾ അതിന് തെളിവാണ്. എന്നാൽ കുറുംകവിതകൾക്കപ്പുറം നീണ്ട , നീണ്ട കവിതകളുണ്ട്. ഉത്തരാധുനികമായ ആ വിഷ്കാരതന്ത്രങ്ങൾ കവി പരീക്ഷിക്കുന്നുണ്ട്. അതിസമർത്ഥമായ താർക്കികതയും നിരത്തുന്നു. യാത്ര ഒരു ബിംബമായി പല കവിതകളിലും സന്നിഹിതമാണ്. അതികവിതയുടെ സ്വഭാവം കവിതകളിലുണ്ട്. ” കടത്തുകാരാ ആഴത്തേക്കുറിച്ച് നിന്നോട് ചോദിക്കാൻ അവൻ പറയുന്നു എന്നോട് അവന്റെ കണ്ണുകളുടെ ആഴത്തേക്കുറിച്ച് പറയുക. മുകൾപ്പരപ്പിൽ നിന്ന് എത്രമാത്രം താഴ്ചയിലേക്കാണ് ഒറ്റനോട്ടത്തിൽ ഞാൻ വീണു പോയതെന്ന് കണക്കുകൂട്ടാൻ നിന്റെ തുഴകൾക്ക് നീളം മതിയാവുമെങ്കിൽ ” ഈ കവിത എത്ര സുന്ദരമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. രണ്ട് പൈൻ മരങ്ങൾ അതിർത്തി കാക്കുന്നൊരു വീട് എന്ന കവിത അപ്രതീതീക്ഷിതമായ വികാസങ്ങളിലൂടെ സഞ്ചരിക്കുകയാണ്. അതി മനോഹരവുമാണത്. ” കൈനിറയെ രാത്രിയുമായി കയറിച്ചെല്ലുന്ന എന്നെക്കാത്ത് അത്ഥമില്ലാത്ത ചില നോട്ടങ്ങളുമായി വീട് നില്പുണ്ട്. ” ഛായാമുഖി എന്ന കവിത സ്ഥലകാലങ്ങളെ മാറ്റിമറിക്കുന്ന കവിതയാണ്. അത് മഹാഭാരത കഥയെ വർത്തമാന കാല സന്ദർഭത്തിലേക്ക് മാറ്റി മറിക്കുന്നു. അവസാനിപ്പിക്കുകയാണ്. ധാരാളം സ്ത്രീകൾ കവിതകൾ എഴുതുന്ന കാലമാണിത്. സ്വാഭാവികതയാണ് സ്ത്രീകളുടെ ഒരു പ്രത്യേകത. എന്നാൽ എഴുത്തിന്റെ കമ്പോണൻസ് അവർക്കുണ്ട്. സ്നേഹം, ദേഷ്യം, പ്രതികരണം , നീതിബോധം , രാഷ്ട്രീയം , സങ്കല്പം, കലാബോധം ആക്ടിവിസം ഇതിലൊക്കെ അവർക്ക് തുറന്ന സമീപനങ്ങൾ ഉണ്ട്. ഇതെല്ലാം ഈ കവിതകളിലുണ്ട്. അത് അത്ഭുതകരവും സ്വയം പൂർണ്ണവുമാണ്.