അരിപ്പൊടി ആവശ്യമായ് വന്നു
ചന്തയില്‍ പോയ് വാങ്ങണം
പൊടിച്ചതൊക്കെ തീരുമ്പോള്‍
വീടിന്റെ പടുതി മാറുന്നു.
നടവഴിയില്‍ കണ്ടോരുടെ മുഖത്ത്
പലതും പറ്റിയിരുപ്പുണ്ടെന്ന തോന്നല്‍
സ്വയം വളര്‍ന്ന് മുഖം തുടച്ചപ്പോള്‍
കയ്യില്‍ തടഞ്ഞൂ പെരുംഗോളങ്ങള്
കൈവീശി നടന്നു കണ്ടതൊക്കെ
ചെറുതും വലുതുമായ് തീരുന്നു
ചെരുപ്പില്ലാതെ പോകാനുറച്ച
നിമിഷം കുപ്പിച്ചില്ലായ് കിടക്കുന്നു
ചെറിയ മുറിവാണ്, ഉള്ളില്‍
വയല്‍ കിടന്നാടും പോലെ
കതിരുകള്‍ കൊയ്തൊഴിഞ്ഞിടം
പല്‍ചക്രത്തില്‍ കുരുങ്ങുന്നു
നടുവിടുങ്ങിയ ചില്ലുകുപ്പികള്‍
സമയം തൂവും പോലെ
വാ തുറന്ന മില്ലുകള്‍
പൊടിയും നെല്ലിന്റെ ശബ്ദം
ചന്തയില്‍ പോകും വഴിയില്‍
ചെറിയൊരു ചുഴലി വീശുന്നു
വഴിപോക്കര്‍ ചുഴിക്കുത്തില്‍
നോക്കി പൊടിയളന്നു നില്ക്കുന്നു
കാറ്റില്‍ പെട്ട മണ്ണ് ഭൂമിയുടെ
അരിപ്പൊടിയായി എല്ലാരെയും
ഊട്ടാനുള്ള അപ്പത്തിന്റെ
മട്ടില്‍ ചുറ്റും നിറയുന്നു.
കാല്ച്ചുവട്ടില് നിന്ന് ഒരുകിലോ
അളന്നെടുത്ത് വീട്ടിലേക്ക് പോകുന്നു
അന്നന്നത്തെ അന്നം ചുഴലിക്കാറ്റായ്
വീശുന്ന ചന്തയില്‍ നിന്ന്.