കവിത വരിക്കപ്പാട്ട്
വിമീഷ് മണിയൂർ
എൻ്റാടെ പെറ്റ് കിടന്നു പോയി
എമ്മാതിരിയുള്ളോരു തേൻവരിക്ക
കണ്ടോരു കണ്ടോരു കണ്ണോറന്നു
കൈത്തണ്ട കൂട്ടി തിരുമ്മിപ്പോയി
ഏതാണ്ട് ബന്ന് ബിളിച്ചും പാത്തും
നാലാളറിഞ്ഞ് കുറച്ചിലായി
കണ്ടത്തിലോടി പരക്കം പാഞ്ഞു
പണ്ടാരണ്ടങ്ങാൻ പറഞ്ഞ പോലെ
പറ്റിയ പറ്റ് തെഴച്ച് പൊന്തി
പത്തറുനൂറാളടക്കം പാടി
നേരം വെളുത്തപ്പം കൊള്ളിൽ കേറി
കൈ പള്ളേൽ വെച്ചൊരു കൂറ്റ് പൊന്തി
കേട്ടോര് കേട്ടോര് ചന്തികുത്തി
ആടെയിരുന്ന് മുറം മറച്ചു
പാഞ്ഞങ്ങു പോയീ പലയാണുങ്ങൾ
എടങ്ങേറു വന്നു തരിച്ചും പോയി
നാട്ടാരം വെയില് കിതച്ച് വന്ന്
ഓലച്ചീന്തിട്ട് ചടഞ്ഞിരുന്നു
അയിമ്മല് ചുറ്റിത്തിരിഞ്ഞു കാറ്റ്
കണ്ടം മുഴുക്കെ കറങ്ങി പാട്ട്
അധികാര്യെ ചെല്യൂടാൻ നേരം പോയോ
നെലോളിച്ചിട്ടെന്ത് കാര്യം പൊക്കാ
ഓളോട് കാര്യം പറഞ്ഞോടത്ത്
ഓളേങ്ങ് കൂട്ടിറ്റ്കൊള്ള് കീഞ്ഞോ
ഇന്നത്തെ പത്തലടുപ്പും കല്ലിൽ
മട്ടലുപോലെ കിടന്നു ചത്തോ
നേരത്തും കാലത്തും കണ്ടില്ലാഞ്ഞാൽ
കട്ടക്കരിക്കല്ലായ് കോട്ട കെട്ടും
വന്നോര് വന്നോര് നേരം പോവാ-
തങ്ങട്ടേക്കെങ്ങാനും കേറിപ്പോയീ
പൊക്കനതു കേട്ട് കണ്ണടച്ചു
തേരട്ട പോലെ മലർന്ന് മോങ്ങി
നെഞ്ഞത്തടിച്ച് കിടന്നുരുണ്ട്
ചേറിൽ പെരണ്ട് പെരണ്ടുരുണ്ടു
കൈപ്പലം വെച്ച് നിലത്തടിച്ച്
മണ്ണ് ചെരണ്ടിയലറിക്കൂവി
കീയാനിരുന്നോര് പാഞ്ഞും വന്ന്
കട്ടില് പൊന്തിച്ചെടുക്കുമ്പോലെ
ഏട്ടാള് പിന്നാലെ കാത്തു നിന്നു
കാഞ്ഞിരക്കുറ്റി തറച്ച പോലെ
പൊട്ടനെ കീഞ്ഞ് തപ്പും പോലെ
മുട്ടുമ്മത്താങ്ങി നിവർത്തി വെച്ചു
കണ്ണ് തിരുമ്മി കരഞ്ഞു പൊക്കൻ
പച്ച മടലായ് പുകഞ്ഞു കത്തി
കാറ്റൊന്നെണീറ്റ് കുടഞ്ഞ് തട്ടി
വായൊന്ന് കൊക്കിച്ച് വീശിത്തുപ്പി
കത്തിക്കരിഞ്ഞോരു പത്തലപ്പോൾ
കേട്ടു പതിഞ്ഞ തെറി വിളിച്ചു
കാര്യമറിഞ്ഞിട്ടോ കാക്ക വന്ന്
തിരിഞ്ഞും മറിഞ്ഞും തല തിരിച്ചു
വെയില് തടിച്ചൊരു തിണ്ട് പൊങ്ങി-
യതിണ്ണേലിരുന്നു കരഞ്ഞു പൊക്കൻ
കൊള്ളതാ കീഞ്ഞ് വരുന്നു ജാനു
കൈച്ചില് പോലെ വഴുവഴുത്ത്
കണ്ണീച്ച പോലെ അരിശം മൂത്ത്
ഇണുങ്ങ് കണക്കെ പറന്നു ചെന്നു
പച്ചരി പോലെ പരത്തി വെച്ച
കൈപ്പലം കൊണ്ടൊന്ന് മീട്ടത്തിട്ടു
എന്താണ് പൊക്കാ കരഞ്ഞ് ചാവാൻ
ഞാനങ്ങാൻ ഉടുത്തഴിച്ചാടുന്നുണ്ടോ?
വെണ്ണീറു പോലെ നനഞ്ഞു പോയി
നട്ടെല്ലിൻ്റുള്ളിലനക്കം വെച്ചു
കണ്ടോരു കണ്ടോരു ജാനുപ്പെണ്ണേ
അങ്ങനെ തന്നെന്ന് ചുട്ടെടുക്ക്
ആണുങ്ങളായാലുളുപ്പ് വേണ്ടേ
പെണ്ണുങ്ങളായാൽ ഉശിര് വേണ്ടേ
ആറാള് കൂടുമ്പം ഞായം വേണ്ടേ
അങ്ങട്ടേലുള്ളോർക്ക് സൊയിര്യം വേണ്ടേ
ജാനുപ്പെണ്ണോടി പിടിച്ചുപൊത്തി
പൊക്കനെപ്പാതിയുയർത്തി വെച്ചു
കാര്യം പറഞ്ഞാലാളു പോവും
ആങ്ങളമാരുടെ എണ്ണം വേണ്ട
കയ്യാലപ്പൊറത്തുള്ള തേങ്ങ പോലെ
ആളിക്കൊണ്ടങ്ങനെ ആർത്തു പോയി
മേലാലീ പ്ലാവിന് കഞ്ഞി വെള്ളം
മറിച്ചു കളഞ്ഞാലും പാരുകേല
വെട്ടിത്തടം വെച്ച് ഇട്ടോടുത്ത
തുപ്പുകളൊക്കെ തിരിച്ചെടുക്കും
കെട്ടി വരിഞ്ഞിട്ട ഊഞ്ഞാലെല്ലാം
പൊട്ടിച്ചെടുത്ത് അടുപ്പിലിടും
ഏടുന്നെല്ലാണെൻ്റെ കുത്തലുകൾ
ഓല തുളച്ച് മറിഞ്ഞിടുന്നു
എത്തും പിടിയുല്ലാതെങ്ങനക്യോ
ഒപ്പിച്ചു പോവാം തണുക്കു ജാനു
ആണുങ്ങക്കുള്ളോരു ചാട്ടം പോലെ
പ്ലാവൊന്നു ചാടി തിരിഞ്ഞതാവും
പെണ്ണുങ്ങക്കുള്ളോരു പുത്തിപോലെ
വേണ്ടാന്ന് കാട്ടി നടക്കയാവും
രാത്രി വരവ് വരുമ്പം കണ്ട്
നിക്കുന്ന നിപ്പങ്ങ് നിന്നതാവാം
എന്നാലുമെൻ്റെ വരിക്കച്ചക്കേ
ഇല്ലാത്ത പൈതലായി കണ്ടതല്ലേ
അയിനുള്ള വെള്ളവും പാർന്നതല്ലേ
അങ്ങിട്ടേക്കാരും കറുവിച്ചില്ലേ
വെയിലത്ത് മൂത്ത് പഴുക്കുമ്പോള്
ആടുന്നും ഈടുന്നുമാളു കൂടി
അണ്ണാനൊരാളങ്ങ് മൂക്ക് മുട്ടി
മറ്റേ മരത്തിമ്മൽ കാത്തിരിക്കും
കൊക്ക വെച്ചങ്ങ് പറിക്കുന്നേരം
പേറാത്ത ഞാനങ്ങ് പെറ്റ് പോവും

വിമീഷ് മണിയൂർ
മണിയൂർ പി.ഒ
കോഴിക്കോട് 673523
9349658538