
ഗാന്ധി:ഗാന്ധിയെക്കുറിച്ച് ശക്തമായ വിയോജിപ്പിന്റേതായിരുന്നു എന്റെ യുവത്വം. അത് രാഷ്ട്രീയമായിരുന്നു.പ്രത്യേകിച്ചും അംബേദ്കർ രചിച്ച “What Congress and Gandhi have done to the Untouchables ” എന്ന കൃതി വായിച്ചാൽ നമുക്കു മനസ്സിലാവുന്ന ചില യഥാർത്ഥ്യങ്ങളുണ്ട്. പിൽക്കാലത്ത് സുഹൃത്ത് ഒ.കെ.സന്തോഷുമൊത്ത് ,ശ്രീ.എൻ.കെ.ജോസുമായി സംസാരിച്ചപ്പോഴും ഗാന്ധിയുടെ സബർമതി,ആശ്രമത്തിന്റെ വർണാശ്രമബോധം വ്യക്തമാവുകയും ചെയ്തു. ഡി.ആർ.നാഗരാജിന്റെ കൃതികൾ മറ്റുചില സംവാദ ഇടങ്ങൾ തുറന്നിടുകയുണ്ടായി.അതേ സമയം അരുന്ധതി റോയിയുടെ ഗാന്ധിവിമർശനങ്ങൾ പരിമിതമായിത്തീർന്നത് ,( Doctor and Saint),അത് സമകാല ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തെ കാണാതെ പോയി എന്നതുമായി ബന്ധപ്പെട്ടാണ്. എന്നാൽ,ഇന്ന് ഗാന്ധിയെ കുറിച്ചു പറയുമ്പോൾ മറ്റു ചലതു കൂടി താരതമ്യ സ്വഭാവത്തിൽ കടന്നു വരുന്നു. ഒന്ന് : ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് സ്വാതന്ത്ര്യനന്തര ഇന്ത്യയിൽ സംഭവിച്ച വരേണ്യാധികാര പരിണാമം ആണെങ്കിൽ, മറ്റൊന്ന് : ഹിന്ദുത്വയുടെ ഫാഷിസ്റ്റ് കാഴ്ചപ്പാടുകളാണ്. പൂനാകരാർ കാലത്തെ ഗാന്ധിയുടെ തെറ്റായ നിലപാട് ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന ജനതകളുടെ മോചനത്തെ തകർക്കുകയായിരുന്നു ചെയ്തത്.അതേസമയം ,ഒരു സംവാദ മണ്ഡലം തുറന്നിടുവാൻ ഗാന്ധി -അംബേദ്കർ -ചർച്ചകൾക്കു സാധിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദലിതർ നടത്തിയ പരിമിത ശബ്ദങ്ങൾ ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു. പുതിയ കാലത്തും അതിന്റെ തുടർ ചർച്ച ആവശ്യമായി വരുന്നു എന്നതാണ് രാഷ്ട്രം ആവശ്യപ്പെടുന്ന ഭാവി.മറ്റൊന്ന് ,മുസ്ലിം ന്യൂനപക്ഷവുമായുള്ള സഹോദരത്വമാണ് അങ്ങനെ ഒരു ചർച്ച മുന്നോട്ടുവയ്ക്കുന്നതിനും സമകാലസാഹചര്യത്തിൽ സാധിക്കേണ്ടതുണ്ട്. എന്നാൽ, അത്രകണ്ടു സുതാര്യമല്ല ഇന്ത്യൻ കമ്യൂണിസ്റ്റുകളുമായുള്ള സംവാദം.കാരണം അവർ ഇന്ത്യൻ അടരുകളെ ഒരു സമൂഹമായിക്കൂടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഹിന്ദുത്വയാകട്ടെ ചരിത്രപരമായിത്തന്നെ പരിഷ്കരിക്കാനാവാത്തവിധം അന്ധതയിലാണ്. അതുകൊണ്ടു തന്നെ “പുതുക്കിപ്പണിത ഒരു ഗാന്ധി – അംബേദ്കർ – ന്യൂനപക്ഷ-ജനായത്ത സംവാദമണ്ഡലം “പ്രത്യാശ നൽകുന്നു. NSU – BAPSA, NSU – ASA, സഖ്യങ്ങൾ ഭാവിയിൽ രുപപ്പെടേണ്ടതായുണ്ട്. എന്തെന്നാൽ ഗാന്ധിയുടെ നിലപാട് തെറ്റോ ശരിയോ, ആയിക്കാക്കൊള്ളട്ടെ, അതേസമയം അതിന് എതിർ നിലയിൽ നിൽക്കാനുള്ള പരിമിത അവകാശവും കൂടിയുള്ളതായിരുന്നു [ഉറക്കെ ശബ്ദിച്ചു നേടിയെടുത്തതായിരുന്നു] അടിസ്ഥാനസമൂഹം കൂടി ഉൾപ്പെടുന്ന -1920- മുതൽ 1950-കൾ വരെയുള്ള ദേശീയ ഇന്ത്യ. മറിച്ച് മാർക്സിയൻ , ഹിന്ദുത്വ മണ്ഡലമാകട്ടെ ഒരു പ്രതിപക്ഷത്തെപ്പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് ചരിത്രാനുഭവം. അതു കൊണ്ടുതന്നെ ഭാവി ഇന്ത്യയിൽ രൂപപ്പെടേണ്ട ,”വിശാല – ബഹുജന സഖ്യങ്ങൾക്ക് “മാത്രമേ രാജ്യത്ത് ജനായത്ത നവയാനങ്ങൾക്കു സാധിക്കു.