2.4.കാശി
ഞാൻ കാശിയുടെ
പ്രാന്തപ്രദേശങ്ങൾക്ക് സമമാണ്.
അതാണ് എന്റെ വിലയെന്നു നിശ്ചയിക്കുമ്പോൾ
ആ നഗരത്തിൽ എനിക്കൊരു വിലയുമില്ല
ശരീരത്തോടുള്ള എന്റെ ആകർഷണം ഇല്ലാതായിരിക്കുന്നു.
അനാസക്തയായി… നിർമമയായി
ജനിമൃതികളിലൂടെയുള്ള അലച്ചിലിൽ ഞാനിനി എന്നെ നഷ്ടപ്പെടുത്തുകയില്ല.
ഞാൻ മൂന്ന് ജ്ഞാനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു
ബുദ്ധന്റെ വിളികേട്ടിരിക്കുന്നു
3.2.ഉത്തമ
നാലഞ്ചുതവണ
ഞാൻ എന്റെ പാർപ്പിടത്തിൽ നിന്നും ഓടി.
സമാധാനത്തിന്റെ അവബോധം എവിടെനിന്നും ലഭിച്ചില്ല.
എന്റെ ചിന്തകൾ നിയന്ത്രണം വിട്ടു.
അങ്ങനെ ഞാൻ വിശ്വസിക്കാവുന്ന ഒരു സന്യാസിനിയുടെ അടുത്തെത്തി,
അവർ എന്നെ ധർമ്മം പഠിപ്പിച്ചു,
ബോധവും മനസും ഗുണങ്ങളും ഒന്നുചേർത്തു,
ഏഴു ദിവസത്തേക്ക് ഞാനൊരെയിരിപ്പിരുന്നു,
പരമാനന്ദവും നിർവൃതിയും ആഗിരണം ചെയ്തു.
എട്ടാംദിനം
കാലുകൾ നിവർത്തി ഇരുട്ടിന്റെ ഭാരത്തെ ഞാൻ
പൊട്ടിച്ചുകളഞ്ഞു .
3.4.ദന്തികയും ആനയും
ദിനംപ്രതിയുള്ള ഉള്ള കഴുകൻ മലയിലെ എന്റെ ധ്യാനത്തിൽ നിന്നും പുറത്തു വന്നപ്പോൾ
പുഴക്കരയിൽ ഞാനൊരാനയെ കണ്ടു.
സാഹസികത ഉപേക്ഷിച്ച ഒന്നിനെ ,
ഒരാൾ ഒരു തോട്ടി പിടിച്ച് അതിനോട് പറയുന്നു
നിന്റെ കാൽ എനിക്ക് തരിക.
ആന കാലുനീട്ടുന്നു
ഞാൻ ആനപ്പുറത്ത് കയറുന്നു
ഇണങ്ങാത്തതിനെ ഞാനിപ്പോൾ ഇണക്കി
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.
ഇത്തരത്തിൽ മനസ് കേന്ദ്രീകരിച്ചുകൊണ്ടാണ് ഞാൻ ഒരു വനവാസിയായി മാറിയത്.
3.5.ഉബ്ബിരി
(ഉബ്ബിരി ബുദ്ധന്റെ വാക്കുകൾ ഓർക്കുന്നു )
‘ജീവ’ എന്റെ മകളെ
നീ വനാന്തരങ്ങളിൽ ഏങ്ങലടിക്കുന്നു
ഉബ്ബിരി.. നീ നിന്റെ ബോധത്തിലേക്ക് തിരിച്ചുവരിക
ജീവ എന്നുപേരായ എൺപത്തിനാലായിരംപേർ
ഈ ചുടുകാട്ടിൽ ചുട്ടെരിക്കപ്പെട്ടിട്ടുണ്ട്
അവരിൽ ആർക്ക് വേണ്ടിയാണ് നീ ദുഃഖിക്കുന്നത്
എന്റെ ഹൃദയത്തിൽ ആഴ്ന്നിങ്ങിയ കാണാനാവാത്ത ആ അമ്പ് വലിച്ചെടുത്ത് എന്റെ ദുഃഖത്തെ അവൻ പിഴുതെടുത്തു.
മക്കളെ ഓർത്തുള്ള എന്റെ ദുഃഖം നീക്കപ്പെട്ടു.
5.2.വിമല – ഒരു പൂർവ്വകാലഗണിക
എന്റെ നിറത്തിൽ രൂപഭംഗിയിൽ സൗന്ദര്യത്തിൽ പ്രശസ്തിയിൽ
ഉന്മത്തയായി,
യൗവനത്തിൽ ധിക്കാരിയായി
മറ്റു സ്ത്രീകളെ ഞാൻ നിന്ദിച്ചു.
ശരീരം അലങ്കരിച്ച്
പുരുഷരെ വേശ്യാലയത്തിലെ വാതിലിൽ പറ്റിച്ച് കെണിഒരുക്കി വേട്ടക്കാരിയെപോലെ ഞാൻ നിന്നു .
ആഭരണങ്ങളും ശരീരഭാഗങ്ങളും കാണിച്ച് എന്റെ ജാലവിദ്യയുമായി ആൾക്കൂട്ടത്തെ രസിപ്പിച്ച് ഞാൻ നിന്നു .
ഇന്ന് ഇരട്ട കുപ്പായത്താൽ മൂടി
തലവടിച്ച്
ഭിക്ഷക്കായി അലഞ്ഞ് ഞാനൊരു മരത്തിന് ചുവട്ടിൽ ഇരിക്കുന്നു.
ചിന്താരഹിതയായി മാനുഷികവും ദൈവികവുമായ എല്ലാ ബന്ധനങ്ങളും അറുത്തുമാറ്റി എല്ലാ മാലിന്യങ്ങളും ഉപേക്ഷിച്ച് തണുത്ത് കെട്ടുപാടുകൾ അഴിഞ്ഞവളായി.