
“മനുഷ്യ ചരിത്രത്തിൽ നിന്നും ഒരു ചെറിയ അധ്യായം”എന്ന നോവൽ ഒരു വായന
മുസ്തഫ കമാൽ
ഗസൽ ഗായകനായ കബീർ ഇബ്രാഹിമിന്റെ ആദ്യനോവൽ അതിന്റെ ശീർഷകം സൂചിപ്പിക്കുന്നവിധം അത്ര ചെറുതല്ല.സവിശേഷമായ ഒരു ഭാവുകത്വപരിസരവും സാധാരണ വായനക്ക് തീർത്തും അന്യമായ ഒരു സംവേദനതലവും കൊണ്ട് വായനയുടെ അപനിർമാണം സാധ്യമാക്കുന്ന , ആതമഭാഷണത്തിന്റെ സങ്കേതം പിന്തുടരുന്ന ഈ നോവൽ കുറ്റവിചാരണയും കുമ്പസാരവും കുരിശുമരണവും ഒക്കെ കൂടിക്കലരുന്ന കുഴങ്ങിമറിഞ്ഞ ഒരു അനുഭവപ്രപഞ്ചം സൃഷ്ടിക്കുന്നുണ്ട്. യുക്തിബദ്ധമായ കഥാഘടനയോ, വടിവൊത്ത ഇതിവൃത്തമോ ഒന്നുമില്ലാത്ത ഈ നോവലിന്റെ വ്യതിരിക്തമായ ആഖ്യാനശൈലി നടപ്പുരീതിയിലുള്ള നോവൽ സങ്കൽപത്തെ പാടെ തിരസ്കരിക്കുന്ന ഒന്നാണ്.തീവ്രമായ ദുരന്തബോധവും കറുത്ത ഫലിതവും പരിഹാസകലുഷമായ ഭാഷയും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു .മഹാദുരന്തങ്ങൾ കുറച്ചു വാക്കുകളിലൊതുക്കുന്ന ഒരു ബഷീറിയൻ രീതി നോവലിസ്റ്റ് അവലംബിക്കുന്നതായി കാണാം.(ശബ്ദങ്ങൾ ). എല്ലാ തരം ധാർമികനീതികളും സദാചാരസംഹിതകളും തകർന്നടിയുന്ന ഒരു ലോകത്തെയാണ് ഇവിടെ വിമർശനവിധേയമാക്കുന്നത്.കീഴ്മേൽ മറിഞ്ഞ ഒരു കാലസങ്കൽപ്പം വരച്ചിടുന്ന ഈ നോവൽ സമയത്തെ വലിച്ചു നീട്ടുകയും അഴിച്ചുപിരിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ സമയം ഊതിവീർപ്പിക്കാവുന്ന ഒരു ബലൂണും ഊതിക്കെടുത്താവുന്ന ഒരു മണ്ചിരാതുമായി മാറുന്നു. വർത്തമാനകാലത്തിൽനിന്നും ഭൂതകാലത്തിലേക്കും തിരിച്ചും അതിവേഗം യാത്രചെയ്യുന്ന ആഖ്യാതാവിന്റെ മനസ്സു പലപ്പോഴും ആഴം കാണാത്ത ഇരുട്ടിൽ കൂപ്പുകുത്തുന്നതായി കാണാം.എല്ലാത്തരം എസ്റ്റാബ്ലിഷ്മെന്റിനെതിരെയും കലഹിക്കുന്ന എഴുത്തുകാരൻ എല്ലാം തുറന്നെഴുതി,എഴുത്തിലൂടെ നിസ്സീമമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.ആ ധിപത്യത്തിനും അടിച്ചമർത്തലിനുമെതിരെ എഴുത്ത് സർഗാൽമകമായ കലാപമായി മാറുന്നു.എല്ലാത്തരം വിലക്കുകളിൽ നിന്നും മോചനം തേടി പൂർണമായ സ്വാതന്ത്ര്യം അനുഭവിച്ചൂകൊണ്ട്. എഴുതുന്നവനാണ് യഥാർത്ഥ എഴുത്തുകാരൻ എന്ന ശ്രീ കെ പി അപ്പന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
തികച്ചും ഒരു അസംബന്ധനാടകമായി അനുഭവപ്പെടുന്ന മനുഷ്യജീവിതത്തെ തികഞ്ഞ അരാജകവാദിയുടെ മട്ടിൽ സിനിക്കൽ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു വെങ്കിലും,സത്യത്തിൽ പ്രകടമായ ഒരു രാഷ്ട്രീയ ഉള്ളടക്കം ഈ നോവലിനുണ്ട്.ഗാന്ധിവധവും,ഇന്ത്യവിഭജനവും തുടർന്നുണ്ടായ വർഗീയകലാപങ്ങൾ, ഇന്ദിരാഗാന്ധി വധം,പഞ്ചാബിലെ സിഖ് ജനതയുടെ കൂട്ടക്കുരുതിയും തുടർന്ന് രാഹുൽ ഗാന്ധിയുടെ കൊലപാതകം,.ഹിംസാൽമകമായ വർത്തമാനകാല രാഷ്ട്രീയം സൃഷ്ടിക്കുന്ന അനേകം രക്തസാക്ഷികൾ, അഭയാർഥികളുടെ കൂട്ടപ്പാലായനങ്ങൾ,എല്ലാം ചർച്ചയാവുന്നുണ്ട്.
പട്ടിണിയും പരിവട്ടവുമായി,അരികുവത്കരിക്ക്കപ്പെട്ട നിരാലംബരും നിസ്വരുമായ ജനതയുടെ അതിജീവനശ്രമങ്ങൾ.എല്ലാം പ്രശ്നവത്കരിക്കപ്പെടുന്നു.
“വയസ്സായ അച്ചമ്മ അവന്റെ വീട്ടിൽ വന്നതിനുശേഷം വീടാ കെ ഒരു പ്രാചീനഗന്ധത്താൽ നിറഞ്ഞിരുന്നു”.എന്ന നോവലിന്റെ തുടക്കം തന്നെ,അവന്റെ അച്ഛന്റെ മരണത്തിന്റെ ബാക്കിപത്രമായ ചുവന്ന ബാഗിന്റെയും കറുത്ത സ്യുട് കേസിന്റെയും ഗോൾഫ് പന്തിന്റെയും മനം കവരുന്ന അപൂർവഗന്ധങ്ങളുടെയും ഓർമകളിലൂടെ സർവ വ്യാപിയായ, നിതാന്തമായ മരണത്തിന്റെ സാന്നിദ്ധ്യവും ജീവിതത്തിന്റെ അനാഥത്വവും നമ്മെ അനുഭവിപ്പിക്കുന്നുണ്ട്.അച്ഛമ്മയുടെ നേരം തെറ്റിയ നിസ്കാരത്തെ കാലത്തോടും ലോകത്തോടുമുള്ള പ്രതിഷേധ പ്രകടനമായി കാണുന്ന അവൻ നിസ്കാരനൃത്തം എന്ന പ്രയോഗത്തിലൂടെ കേവലം അനുഷ്ഠാനങ്ങളായി ചുരുങ്ങുന്ന പ്രാർത്ഥനകളുടെ പ്രകടനപരതയെ അഥവാ അർഥശൂന്യതയെ പരിഹസിക്കുന്നു.സ്വപ്നങ്ങളിൽ സർപ്പവും അഗ്നിയുമായി മരണം അവനോടൊപ്പം നിഴൽ പോലെ നടക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ അനന്തശയനത്തെ അനുസ്മരിപ്പിക്കുന്ന വിധം ഉഗ്ര സംഹാരശേഷിയുള്ള ഒരു വിഷ സർപ്പം അവന്റെ സ്വപ്നങ്ങളിൽ എപ്പോഴും മരണ നൃത്തം ചവിട്ടുന്നുണ്ട്.അമ്മയുടെ ഇളയമ്മയുടെ മരണത്തെ പരാമർശിക്കുന്ന വിവരണം ശ്രദ്ധേയമാണ്.”മരണത്തിനുശേഷം ഊന്നുവടികളില്ലാതെ ഒരു മാലാഖയെപ്പോലെ അവർ ആകാശത്തിലൂടെ പറന്നുനടന്നു.പോപ്ഗായികയായ മഡോണയെപ്പോലെ അവർ ശരീരമിളക്കി മദാലസയായി നൃത്തം ചെയ്തു.”.(പുറം 37) മദ്യ ത്തിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും സംഘനൃത്തത്തിന്റെയും ഭ്രാന്തമായ ലഹരിയിൽ ട്രെയിനിലേ ടോയ്‌ലറ്റിൽ ഒളിച്ചിരുന്നു കരഞ്ഞു പ്രാർത്ഥിക്കുന്ന അവനോട് “ഇനി പറയെടാ ദൈവമുണ്ടോ?എന്ന സുഹൃത്തിന്റെ ചോദ്യവും.” ഉണ്ടെടാ ഉണ്ട്.,തീർച്ചയായും ഉണ്ട്,”എന്ന അവന്റെ മറുപടിയും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളായി മാറുന്നു.
“History upto the present time is the history of class struggle.”എന്ന മാർക്സിയൻ കാഴ്ചപ്പാട് തിരുത്തി വായിക്കുന്ന പ്രായോഗികമായ ജീവിത നിരീക്ഷണം രസകരമായി തോന്നി. “ഇന്ന് വരെയുള്ള ലോകത്തിന്റെ ചരിത്രം എന്നു പറയുന്നത് കടം വാങ്ങി ആളുകളെ പറ്റിച്ചതിന്റെ ചരിത്രം കൂടിയാണ്”( പുറം48) മറ്റൊരിടത്ത് പറയുന്നു, “ഈ ലോകം തന്നെ വലിയ ഒരു നുണയാണ്.ആ നുണയെ സത്യമെന്നു തോന്നുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ഇതിഹാസങ്ങൾ ജനിക്കുന്നു.”(പുറം52).സ്വകാര്യസ്വത്തു സമ്പ്രദായത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.സ്വത്തു ഒരു മോഷണവസ്തു വാണ്,പണം ഒരു കുറ്റമാണ്. Behind every accumulation of wealth ,there is a crime.എന്ന സത്യത്തെ സാധൂകരിക്കുന്നുണ്ട് ഈ കണ്ടെത്തലുകൾ.നോവലിന്റെ അവസാനത്തിൽ ആക്രിക്കടയിൽ നിന്നും അച്ഛന്റെ പോർട്രെയിറ്റിനു പറ്റിയ ഫ്രെയിം തപ്പിയെടുക്കുന്ന അവൻ ആധുനികലോകത്തിന്റെ പരിഛേദമാണ് ആക്രിക്കടകൾ എന്ന നിഗമനത്തിൽ എത്തിച്ചേരുകയാണ്. ഇന്നത്തെ മനുഷ്യൻ സർവനാശം വിതക്കുന്ന ഒരു ചരിത്രസന്ധിയിൽ , ആക്രി യുഗത്തിൽ അന്തിമകാഹളത്തിനായി കാതോർക്കുകയാണെന്ന ഒരു ബഷീറിയൻ ദുരന്തപ്രവചനത്തോടെയാണ് നോവൽ അവസാനിക്കുന്നത്.