പുസ്തക പരിചയം പിന്നെയും ചുവക്കുന്ന കബനി
റഹ്മാൻ കിടങ്ങയം
മജീദ് മൂത്തേടത്തിന്റെ ‘പിന്നെയും ചുവക്കുന്ന കബനി ‘ ജീവിതത്തിന്റെ വൈവിധ്യമാർന്ന അവസ്ഥകളും പ്രതിസന്ധികളും മനുഷ്യനെ കൊണ്ടെത്തിക്കുന്ന യാദൃച്ഛികതകളെക്കുറിച്ച് നൊമ്പരത്തോടെ സംസാരിക്കുന്ന നോവലാണ്.
മജീദിന്റെ നോവൽ ഒരു രാഷ്ട്രീയ നോവലാണോ എന്ന് ചോദിച്ചാൽ അതെ എന്നു തന്നെ ഉത്തരം. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും ചർച്ച ചെയ്തു കൊണ്ടിരുന്ന ‘വസന്തത്തിന്റെ ഇടിമുഴക്കത്തെ’ പുനർവിചാരത്തിന് വിധേയമാക്കുന്ന നോവൽ. തീവ്ര ഇടതുപക്ഷ – നക്സൽ പ്രസ്ഥാനങ്ങളുടെ വേരും വളർച്ചയും പ്രവർത്തന രീതിയും ഒക്കെ നോവൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഇതു വെറും ഒരു രാഷ്ട്രീയ നോവൽ അല്ല താനും. ഗതകാലത്ത് നിലനിന്നിരുന്ന ഒരു പ്രത്യേക പ്രദേശത്തിന്റെ ജൈവികവും പ്രകൃതിപരവും ആയ നിരവധി സവിശേഷതകളിലൂടെ ഒരു ചരിത്രകാരന്റെ അവധാനതയോടെ സഞ്ചരിക്കുന്ന ഒരു നോവലിസ്റ്റിനെ ഇതിൽ നിന്ന് വായിച്ചെടുക്കാം. മൺമറഞ്ഞു പോയ നിരവധി ആചാരങ്ങളെയും വസ്തുതകളെയും പദങ്ങളെയും ഭാഷാഭേദങ്ങളെയും ഖനനം ചെയ്തെടുത്ത് പ്രദർശിപ്പിച്ച് നോവലിസ്റ്റ് നമ്മെ അതിശയിപ്പിക്കുന്നുണ്ട് ഈ കൃതിയിൽ. ഇന്ന് നിലവിലില്ലാത്ത ഗ്രാമ്യമായ പലതരം പദാവലികളും ബിംബങ്ങളും കൊണ്ട് സമൃദ്ധമായ ഈ നോവൽ അക്കാര്യം കൊണ്ടു തന്നെ വടക്കേമലബാറിന്റെ ഒരു ചരിത്ര പുസ്തകമാണ്.
നോവലിന്റെ ആദ്യഭാഗം ഇത്തരം ജൈവിക ബിംബങ്ങളുടെ വിന്യാസം കൊണ്ടും കഥ പറച്ചിലിന്റെ ലാളിത്യം കൊണ്ടും തെളിഞ്ഞൊഴുകുന്ന ഒരു നദി പോലെയാണെങ്കിൽ അവസാന ഭാഗം രാഷ്ട്രീയമായ പ്രത്യയശാസ്ത്ര സംഘർഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഉഷ്ണ ഭൂമിയായി മാറുന്നു. നക്സൽ കലാപങ്ങളെ ഭയപ്പെട്ടിരുന്ന അധികാരിവർഗ്ഗം നിരപരാധികളെപ്പോലും വേട്ടയാടി മദിച്ചിരുന്ന ഒരു കാലത്തിന്റെ കറുത്ത പുള്ളികളെ ചൂണ്ടിക്കാണിച്ചു തന്ന് പ്രത്യയശാസ്ത്രങ്ങൾ നിലവിലിരിക്കുന്ന സാമുഹ്യ തിന്മകൾക്കെതിരെ എങ്ങനെ പ്രതിരോധിച്ചു എന്നും വേരുറയ്ക്കുന്നതിന് മുമ്പ് പൂക്കാൻ കാണിച്ച വ്യഗ്രതയുടെ ഫലമായി അതെങ്ങനെ അതിന്റെ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി എന്നും നോവൽ പറയുന്നുണ്ട്. കബനി എന്നത് നോവലിന്റെ പേരും രൂപകവുമായി മാറുന്നിടത്ത് ഈ കൃതിയുടെ ഇതിവൃത്തം വിന്യാസപ്പെട്ടു കിടക്കുന്നതായിക്കാണാം. പൂർണ – ഉറൂബ് നോവൽ അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 12 കൃതികളിലൊന്നാണ് ഈ നോവൽ എന്ന സവിശേഷത കൂടി ഇതിനുണ്ട്.