ഫുട്ബോൾ ജ്യാമിതി /എൽ.തോമസ്കുട്ടി
ഗുരുവിനും ശിഷ്യനുമിടയിൽ
എപ്പോഴും
ഒരു ഫുട്ബോളിനു സ്ഥാനമുണ്ട്.
ആകയാൽ ഗുരുവേ
നീ എന്തു ചെയ്തു?
വിശ്വാസത്തേക്കാൾ
മുറിവാണുത്തമമെന്ന്
ലോകത്തോട് പറഞ്ഞു
അതികഠിനം
ഉള്ളംകൈയുടെ
ശൂന്യവൃത്താകാരമെന്ന്
ചൂണ്ടുവിരലാലറിഞ്ഞു.
ബോളാൽ തകർന്ന വലപോലെ
സിരകളിറ്റ് നിന്നy കൈപ്പത്തി
ദൃഷ്ടാന്തമായി….
അതിനാൽ തോമാ,
ശിഷ്യാ നീ എന്തു ചെയ്തു?
കോർണർകിക്കിൽ ചീറിപ്പോയ
ഒരു വിരൽ ദ്വോരം
അടർന്ന
അരിമ്പാറ പോലെ
എപ്പോഴും
തൊട്ടറിയാൻ
ഗോളിക്കു വിധി !
അതിനാൽ ശ്ലീഹാ,
ശിഷ്യാ, നീ എന്തു ചെയ്തു?
ഫുട്ബോൾ ഒരു കളിയല്ലെന്നും
അടിയേറ്റു ഗോളായ് മാറിയ
ഷഡ്ഭുജമാണതെന്നും
ഭുജങ്ങളാറും കാലങ്ങളായി,
രാഗങ്ങളായി,
പദങ്ങളും കീർത്തനങ്ങളുമായി
മലമുകളിലെ
മുറിവിൽ നിന്നും
അഭാവത്തിന്റെ
ഈയലുകൾ
തൃഷ്ണകളായി
ഗോൾവലയത്തിലാകെ
നിറഞ്ഞുകവിയവേ
ഒരു ചൂണ്ടുവിരൽ
മലയിടുക്കിറങ്ങി
ഏഴരപ്പള്ളികളുടെ
അവസാനമുറിവിൽ
ആശയറ്റ്…..
ഉത്ഥാനം കഴിഞ്ഞ് തെളിഞ്ഞവനേ
ഗുരുവേ,
നക്ഷത്രങ്ങളെരിയും കളമേത്
ഉന്മാദത്തിന്റെ തുടയെല്ലുകൾ
കൂട്ടിയിടിക്കുന്ന ഓളങ്ങളിൽ
പെലെയുടെ
ബൂട്ട്സിൽ നിന്നും
ആനന്ദ് ഉയിരെടുക്കുന്നു
കാർപോവിനെ
ചെക്മേറ്റാക്കുന്നു
ചെസ്സിൽ ചതുരങ്ങളിൽ
കാലാളും കാവലാളും
കറുത്തും വെളുത്തും
വൃഥാ എതിർവേഷമണിയും…
പകലുറക്കത്തിൻ മാലാഖമാർ
ഗൂഢo സ്മിതിച്ചു ;
നീ ഏതു ചേരിയിൽ
ഹെഡ്ഡോ ടെയിലോ???
മരുഭൂവും മണൽക്കണ്ണും
ചക്രവാളച്ചതുപ്പും
ഹുങ്കാരത്തോടലറും ഉഷ്ണാർത്തികളും
തിരകളുടെ കോമ്പല്ലും
ഗ്യാലറികളെന്നുറച്ച്
സന്ദേഹപ്പകിടയിൽ
സ്വയമുന്തും ഫുട്ബോളായി
മരങ്ങളുടെ മൗനത്തിലേയ്ക്കും
നിപാതങ്ങളുടെ
ദുരന്വയങ്ങളിലേയ്ക്കും
ഭൂമിയുടെ അതിരുകളോളം
അരസികപദങ്ങൾ നീട്ടി
ജീവനും ഋതുവും
മൈതാനം വിലങ്ങിപ്പാഞ്ഞു…
അതിനാൾ പ്രിയനേ
പിതാവിനും പുത്രനും തമ്മിലെന്ത്???
വറുതിയുടെ നട്ടുച്ച
പത്താം നമ്പർ
സ്ട്രൈക്കറെ
ചവിട്ടി വീഴ്ത്തുമ്പോൾ
ഫുട്ബോൾ ഒരു
ചെപ്പും പന്തും കളിയാകും
ആശങ്കകളുടെ വെടിയുണ്ടകൾ
എസ്കോബാറിന്
മറുപടിയാകുമ്പോൾ
മറഡോണയും സിദാനും ഫിഗോയും
റൊണാൾഡീഞ്ഞോയും
ബക്കാമും നാനിയും മെസ്സിയും
ദ്രോഗ്ബയും
ബൂട്ടിയയും അഞ്ചേരിയും
മോഹിതരാകുന്നില്ല….
ആയുസ്സിനുമേൽ വന്നുപതിക്കുന്ന
ചുവപ്പുകാർഡുകൾ
ആരേയും മോചിപ്പിക്കുന്നുമില്ല
അതിനാൽ തോമാ,
നീ എന്തു ചെയ്തു?
നിയമവും നീതിയും
ചെറ്റയും ചേട്ടയും പോലെ
എരിയുന്ന നാവുകളിൽ
മറുഭാഷ കേൾക്കുമ്പോൾ
നാല് നാല് രണ്ട്
വിന്യാസമുത്തമം.
നിഴലുകളുടെ കുരിശും പേറി
കളിക്കാരൻ പായുമ്പോൾ
എല്ലാ കണ്ണുകളും
ബോളിലാണ്
ബോൾ തന്നെ
ഒരു കണ്ണാണ്
കറുപ്പും വെളുപ്പും ചേർന്ന
വിധിക്കണ്ണ്