ഈർക്കിൽപ്രസ്സ്
ജിമ്മി ആലാനിക്കൽ
ഒരു പ്രസാധകൻ്റെയും കാലു പിടിച്ചിട്ടുമില്ല,
ഒരാളും തിരിച്ചയച്ചിട്ടുമില്ല,
രണ്ടീർക്കിൽ കുത്തനെ
നാട്ടി, ഇടയിൽ, മറ്റൊന്ന്
രണ്ടറ്റം വളച്ച് കുത്തിയ എൻ്റെ മച്ചിങ്ങാപ്രസ്സ്.
ഈർക്കിലിടയിൽ ഇലത്താൾ വച്ച്,
വിലങ്ങനെ, മറ്റൊരീർക്കിൽ കോർത്ത്,
അച്ചു കൂടം തലയ്ക്ക് മുകളിൽ ചുഴറ്റി,
ഞാനെൻ്റെ ആദ്യ കവിത,
പച്ചിലത്താളിൽ മഷിപുരട്ടി,
ആരും തിരിച്ചയക്കാത്ത കവിത…
ചുണ്ണാമ്പ് തേക്കുമ്പോലെ
, താഴോട്ടും മേലോട്ടും വിരൽ തെറ്റിച്ച് ,
ഇന്നും , ഞാൻ തന്നെ പ്രസാധകൻ.
മീനിനെയറിഞ്ഞിട്ടുണ്ടോ ?
പ്രിൻസ് ഓവേലിൽ
പെടയ്ക്കണ മീനിനെ
വലിച്ചെറിഞ്ഞിട്ടു ഷാപ്പിലേയ്ക്കോടും
ധൃതിയിൽ കെട്ട്യോൻ
നീരിൽനിന്നു കരയിലെത്തിയ
മീനിൻ്റെ പെടപ്പറിഞ്ഞവൾ
നിസംഗമായ് നോക്കിനിൽക്കും
പെടപ്പ് തീരണവരെ
മിഴിച്ചുതള്ളിയ കണ്ണിലേയ്ക്കൊന്നു
നോക്കാതെ ചെതുമ്പൽമാറ്റിചെകിളവെട്ടി
കുടൽമാറ്റിത്തലമാറ്റി വെള്ളത്തിലിടുമ്പോൾ
മീൻ വേറൊരു ജീവിപോലെ
പുഴയിൽനിന്നും ചട്ടിയിലേയ്ക്കുള്ള
യാത്രയ്ക്കിടയിൽ അഴിഞ്ഞുമാറിയയലങ്കാരങ്ങൾ
കുഴികുത്തിമൂടിയിടും
മുളകുപൊടിയുള്ളിയിഞ്ചി
എല്ലാമെരുവുള്ളവതന്നെ അവയിൽ
വീണുതിളയ്ക്കുമ്പോൾ പുഴയുടെയോളങ്ങളെയോർക്കും
ഓരോ കോശങ്ങളും രാവേറെച്ചെല്ലുമ്പോൾ
ഒരു കള്ളുപാട്ടുകേൾക്കുമ്പോൾ ചട്ടിയിലെ
മീനിനെയൊന്നുകൂടി ചൂടാക്കിവയ്ക്കുമവൾ
മീൻകറിയൊന്നു തൊട്ടുനോക്കാതെ
കെട്ട്യോൻ കിടന്നുറങ്ങുമ്പോൾ വിയർപ്പുണങ്ങിയ
ചുണ്ടിലൊരു ചെതുമ്പൽ വിറച്ചുനിൽക്കും
മ്യൂച്ചൽ ഫ്രണ്ട്സ്
ജോസിൽ സെബാസ്റ്റ്യൻ തേക്കിന്കാട്ടിൽ
മ്യൂച്ചൽ ഫ്രണ്ട്സ് ഇല്ലാത്ത
ഭൂമിയുടെ ഏതോ കോണിലുള്ള
ഒരു വട്ടം പോലും നേരിൽ കാണാത്ത
എന്റെ പ്രിയ സൗഹൃദമേ..
ഞാൻ മരിച്ചാൽ നീയെങ്ങനെ
മരണ വാർത്തയറിയും അനുശോചനമറിയിച്ച്
സുഹൃത്തുക്കൾ ടാഗ് ചെയ്തിടുന്ന
പോസ്റ്റുകൾ ടാഗ് ഓപ്ഷൻ ഓഫായതിനാൽ
നിന്നിലേക്കെത്താതെ വന്ധ്യംകരിക്കപ്പെട്ട്
അവരിൽ തന്നെ ഒടുങ്ങും …
മഞ്ഞുതുള്ളി വീണ് കൂടുതൽ മനോഹരിയായ
പനിനീർ പുഷ്പം പോലെ കണ്ണീർ തുള്ളി തിളങ്ങുന്ന
നിന്റെ മുഖമാണ് ശവക്കച്ചകൊണ്ട്
എന്റെ മുഖം മൂടുമ്പോഴും
ഇപ്പോഴെന്നപോലെ ഞാൻ തേടുക …