നിലപാടുകൾ
റോബിൻ എഴുത്തുപുര
തുന്നൽ നടക്കണമെങ്കിൽ
സൂചിയും നൂലും
ഇടപെടണം.
മൂർച്ചയുടേയും
ബലത്തിൻ്റേയും
നിലപാടുകളുണ്ട്
സൂചിക്ക്.
നീളത്തിൻ്റേയും
വഴങ്ങലിൻ്റേയും
നൂലിനും.
നിലപാടുകൾ
മാറ്റമില്ലാതെ
തുടരുകയും
നയതന്ത്രങ്ങൾ
പാളുകയും ചെയ്യുമ്പോൾ
മുറിവിൻ്റേയും
മുറുക്കത്തിൻ്റേയും
അകമ്പടിയോടെ
പിടഞ്ഞ്
മാഞ്ഞുപോകുന്നു;
തുന്നിവാങ്ങാനെത്തിയവരിൽ
ചിലർ.
റോബിൻ എഴുത്തുപുര: ഇടുക്കി, കട്ടപ്പന സ്വദേശി. കവി, നിരുപകൻ.jpm കോളേജ് - ലബ്ബക്കടയിൽ അധ്യാപകൻ.
നാവ്
മഞ്ജുനാഥ് നാരായൺ
ഈറ കീറി പൊളിയടക്കുമ്പോൾ കരിമ്പൊളി മാറ്റിവെച്ചമ്മ പേടിയോടെപറയും. കുട്ടികളെടുക്കരുത് കരിമ്പൊളിയുടെ രണ്ടറ്റവും മൂർച്ചയാണ് കൈമുറിയും ചോരവരും. രാവിലെ ഉണരുമ്പോൾ അമ്മ കൈയ്യിലൊരുപിടി ഉമിക്കരിയും കരിമ്പൊളിയും വെച്ചുതരും പേടിയില്ലാതെ , നാക്ക് നന്നായി വടിക്കണമെന്ന വാക്കും വടിച്ച് വടിച്ച് നാവിന്നൊരു കരിമ്പൊളിയായി രണ്ടറ്റവുംമൂർച്ചയുള്ള കരിമ്പൊളി .
മഞ്ജുനാഥ് നാരായൺ. പത്തനംതിട്ട ജില്ലയിലെ തട്ടയിൽ സ്വദേശി. അമേച്വർ നാടക പ്രവർത്തകനാണ്. കവിതകളും ഗാനങ്ങളുംഎഴുതി വരുന്നു. ഇപ്പോൾ മലപ്പുറം വേങ്ങര ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവ:യുപി സ്കൂൾ അധ്യാപകനാണ്.