ശവാസനം
………..
‘മാ’ എന്ന അക്ഷരവും
‘ വോ’ എന്ന അക്ഷരവും
മായ്ച്ചു കളഞ്ഞ പുസ്തകങ്ങൾ
വായിക്കുന്നതാണ് സുരക്ഷിതം
പേടിച്ചിട്ടൊന്നുമല്ല
ചരിത്രം പരിശോധിച്ചാൽ
നമ്മളാരാണെന്ന്
മനസ്സിലാകും
പഴയ പോലല്ല
ഒരു തൊട്ടാവാടി മുള്ളു കൊണ്ടാൽ
വ്രണപ്പെടുന്ന
ദേഹമാണ് രാജ്യത്തിന്
കണ്ടില്ലേ…
പുതിയ ഉത്തരവ്
ഓർമ്മയും
തൊണ്ടിമുതലാണെന്ന്
വളരെ ശ്രദ്ധിച്ചാണ്
ഇപ്പോൾ അയവിറക്കുന്നത്
പല്ലിനും നാവിനും
പഞ്ചദിന പരിശീലനം ലഭിച്ചതിനാൽ
ശരീരത്തിനും മനസ്സിനും
പോറലേൽക്കാതെ
കേന്ദ്രത്തിൻ്റെ വിചാരധാരയിൽ
എഡിറ്റിംങ് നടന്നോളും
ചോര തെറിക്കുന്ന ചെറുപ്പങ്ങളെ
ജയിൽ മരങ്ങളുടെ കുരിശിൽ
തറച്ചിട്ടാൽ എളുപ്പമായി
കാൽവിരൽ മുതൽ നെറുകവരെ
പറഞ്ഞു പറഞ്ഞ്
ഉറക്കി കിടത്തിയാൽ
ഒരു നാടിൻ്റെ
ശവാസനം പൂർത്തിയാകും.
………
2
മന:സാക്ഷി
………………..
ആ മനുഷ്യനെ കൊന്നത്
ഞാനല്ല
പിന്നാരാ …?
പട്ടികൾ കൂട്ടത്തോടെ വന്ന്
കടിച്ച് കുടഞ്ഞതാ ..
ആ മനുഷ്യൻ
നിൻ്റെ വീടിനകത്തേക്ക്
കയറാൻ ശ്രമിച്ചപ്പോൾ
നീയെന്താ ചെയ്തത് ?
വാതിലടയ്ക്കാതെ
ജനലടയ്ക്കാതെ
എനിക്കുറങ്ങാനാവില്ലല്ലോ.
ഒരിക്കൽ
പട്ടികളിൽ നിന്ന് രക്ഷപ്പെട്ട്
ആ മനുഷ്യൻ
മരത്തിൽ കയറിയിരിക്കുന്നത്
നീ കണ്ടതല്ലേ ?
അതെ
പട്ടികളെ
കല്ലെറിഞ്ഞോടിക്കാമായിരുന്നില്ലേ ?
പട്ടികൾ സംഘടിതരാണ്.
ശക്തരുമാണ് …
ഞാനെന്തിന് ശത്രുവാകണം.
മനസ്സ്
സാക്ഷി പറഞ്ഞാൽ
എന്തു ചെയ്യും ?
ജീവനില്ലാത്തതിൻ്റെ മൊഴി
കോടതി പരിഗണിക്കില്ല.
പ്രദീപ് രാമനാട്ടുകര:
രാമനാട്ടുകര സ്വദേശി. കവി, അധ്യാപകൻ, മനുഷ്യാവകാശ പ്രവർത്തകൻ.”k രാമായണം ” ശ്രദ്ധേയ കവിതാ സമാഹാരം .


