ഒരാൾ മരിച്ചവിവരം അവിടെയാരും അറിഞ്ഞില്ല
സലിം ചേനം
ഏഴു നിലകളുള്ള
ആ വലിയ ഫ്ലാറ്റിലെ ഏഴാമത്തെ നിലയിൽ
ശിൽപ്പിയായ യാനക് കളിമണ്ണ് കൊണ്ട്
യേശുവിനെ ഉണ്ടാക്കുകയാണ്.
വസ്ത്രങ്ങൾക്കുള്ള മണ്ണ് കുഴച്ചതിനുശേഷം
യേശുവിന്റെ ശൂന്യമായ ലിംഗസ്ഥാനം കണ്ട്
വിഭ്രാന്തിയിലായ ശിൽപ്പി അലമാരയിൽ നിന്ന്
ഒരു ബോട്ടിൽ മദ്യമെടുത്ത് കുടിക്കാൻ തുടങ്ങി.
അന്ന് രാത്രി യേശുവിനെ പ്രണയിച്ച പെൺകുട്ടിയെ
അയാൾ സ്വപ്നം കണ്ടു.
അവളുടെ ആത്മകഥയിലേക്ക് ഉണർന്ന ശിൽപ്പി
സ്വന്തം ലിംഗം മുറിച്ചെടുത്ത്
യേശുവിന്റെ ലിംഗസ്ഥാനത്ത് തുന്നിവച്ചു.
കാലത്ത് അവൾ വന്ന് ആഘോഷങ്ങളോടെ
യേശുവിനെ കൂട്ടിക്കൊണ്ടുപോയി.
പിറ്റേദിവസം ഏഴുനിലകളുള്ള ആ ഫ്ലാറ്റിന്റെ മുന്നിലൂടെ
ഒച്ചയില്ലാതെ ഒരാംബുലൻസ് കടന്നു പോകുന്നു.
ഒഴിഞ്ഞ ഒരു കൂട്
എം പി പ്രതീഷ്
മരത്തിന്റെ പലകയിലിടിക്കുന്ന
ശബ്ദം ആദ്യമുണ്ടായി
തുടരെത്തുടരെ, ഊക്കോടെ
പിന്നെയനക്കമില്ലാതായി
ആ പെട്ടി തുറക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു, ഇത്രയും കാലം കഴിഞ്ഞ്
തുരുമ്പിച്ച താക്കോൽ തിരിച്ചു
പൊടി തിങ്ങിയ ചെറിയ കള്ളിയിൽ നിന്ന്
അത് പുറത്തിറങ്ങി
തറയിലൂടെ പതുക്കെ അടിവെച്ചടിവെച്ച് വാതിൽ കടന്ന് പോയി
ചിറകും ചുണ്ടും നഖങ്ങളുമുരഞ്ഞ മുറിവുകൾ
പെട്ടിയുടെ ഉള്ളിൽ ഉണ്ടായിരുന്നു