വായനയ്ക്കിടയില്‍
ബക്കര്‍ മേത്തല
ഒരു സംസ്കൃതിയുടെ ഭാഷണം
അശാന്തന് എന്ന പ്രസിദ്ധനായ ചിത്രകാരന്റെ ആനമയിലൊട്ടകം എന്ന കൃതി ഒരു സംസ്കൃതിയുടെ ഭാഷണമാണ്. ആധുനികതയുടെ ആസുരമായ അധിനിവേശങ്ങളില്‍ ഒരുപാട് ദേശ സംസ്കൃതികള്‍ അപ്രത്യക്ഷമാവുമ്പോള്‍ അവയെ ഓര്‍മകളില്‍ നിന്നു പകര്‍ത്തി ഒരു അടയാളപ്പെടുത്തല്‍ നടത്തുക എന്നത് ഒരു മനുഷ്യന് വരും തലമുറയോടും തന്നോടു തന്നെയും ചെയ്യുന്ന വലിയ നീതിയാണ്. അശാന്തന് പിറന്നുവീണ ഇടപ്പള്ളിയിലെ പോണേക്കര എന്ന പ്രദേശത്തിന്റെ മണ്ണില്‍ വേരൂന്നി ചിത്രകലയുടെ വര്‍ണ പ്രപഞ്ചത്തിലേക്കു ചില്ലകള്‍ വിടര്‍ത്തി പൂവിരിയിച്ചു നിന്ന ഒരു സര്‍ഗാത്മകതയുടെ ആന്തര ജീവിതത്തെയാണ് ആനമയിലൊട്ടകം എന്ന കൃതി ആവിഷ്കരിക്കുന്നത്. ഈ ആവിഷ്കാരമാകട്ടെ വളരെ സൂക്ഷ്മതലത്തിലാണ് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.
അശാന്തന്റെ ആനമയിലൊട്ടകം മണ്ണില്‍ മുളച്ചൊരു കൃതിയാണ്. അത് ഭൂമിയിലാകെ പച്ചപ്പ് പടര്‍ത്തിക്കൊണ്ടാണ് നില്‍ക്കുന്നത്. അശാന്തന് ഈ കൃതിയിലെ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ മണ്ണിലേക്കു ആഴ്ന്നിറങ്ങുന്നുമുണ്ട്. കുളത്തിലേക്കും തോട്ടിലേക്കും നോക്കുന്നുണ്ട്. ചട്ടിയിലേക്കും കലത്തിലേക്കും നോക്കുന്നുണ്ട്. ഭൂതത്തിലേക്കും ഭാവിയിലേക്കും നോക്കുന്നുണ്ട്. മണ്ണിലും വിണ്ണിലും നോക്കുന്നുണ്ട്. ചിത്രകലയുടെ വര്‍ണാഭമായ ലോകത്ത് ജീവിക്കുമ്പോഴും കറുപ്പ് എന്ന നിറം ഒരു സത്യമായി സ്വത്വമായി മാനംമുട്ടെ വളരുന്നതും നോക്കിക്കാണുന്നുണ്ട്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ തന്റെ ഭൂതകാലം ആവിഷ്കരിച്ചുകൊണ്ടെഴുതിയ ഗൃഹാതുരതയാര്‍ന്ന കുറിപ്പുകളാണിത്. ഈ വിധം എഴുതുമ്പോള്‍ത്തന്നെ അതിനനുസൃതമായ വരയും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ഹൃദയത്തില്‍ പതിയുംവിധമുള്ള രേഖാ ചിത്രങ്ങളാണവ. വാക്കുകളും വരകളുംകൊണ്ട് തീര്‍ത്ത ഈ സൃഷ്ടികള്‍ അശാന്തന്റെ മരണശേഷം സുഹൃത്തും ചിത്രകാരനുമായ ഹരിദാസ് നരീക്കലാണ് ‘ആനമയിലൊട്ടകം’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം ഒരു പച്ചമരത്തിന്റെ വിരല്‍ ആകാശത്തിലെഴുതിയ ചിത്രങ്ങള്‍പോലെയാണ്. അശാന്തന്റെ ചിത്രങ്ങളും കുറിപ്പുകളും ഉള്‍ക്കൊള്ളുന്ന ‘ആനമയിലൊട്ടകം’ വല്ലാത്തൊരു അനുഭവമാണ് നല്‍കുന്നത്.
ആരായിരുന്നു അശാന്തന്?
അശാന്തന് ചിത്രകാരനായിരുന്നു. ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു. അക്രലിക്കും എണ്ണച്ചായവും മാത്രമായിരുന്നില്ല അശാന്തന്റെ മാധ്യമങ്ങള്‍. കരിയും മണ്ണും ചാണകവും ഇലച്ചാറും കല്ലുകളും അദ്ദേഹം മാധ്യമമാക്കി. മൂര്‍ത്തവും കാല്പനികവുമായ രചനാരീതിയെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. കാര്‍ഷിക ജീവിതവും പരിസരവും തന്റെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം പ്രമേയമാക്കി.
അശാന്തന്റെ യഥാര്‍ഥ പേര് മഹേഷ് എന്നാണ്. നിലവിലുള്ള സാമൂഹ്യ യാഥാര്‍ഥ്യങ്ങളോടു ഒരു ചിത്രകാരന്റെ-വിശേഷിച്ചും ഒരു ദലിത് ചിത്രകാരന്റെ പ്രത്യക്ഷ പ്രതികരണമായിട്ടാണ് അശാന്തന് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.
ചിത്രകലയില്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് അശാന്തന് പരിചിതനായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ അശാന്തന് എന്ന ചിത്രകാരനെക്കുറിച്ച് അറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്. അശാന്തന്റെ മൃതശരീരം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിനു വച്ചതിനെതിരേ തൊട്ടടുത്തുള്ള എറണാകുളത്തപ്പന് ക്ഷേത്രത്തിന്റെ ഭാരവാഹികളും ചില ഭക്തരും ചേര്‍ന്ന് പ്രതിഷേധിച്ചതും തുടര്‍ന്ന് ആര്‍ട്ട് ഗ്യാലറിയുടെ പ്രധാന കവാടം അടച്ച്, അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയവരെ മറ്റൊരു വഴിയിലൂടെ അകത്തു കടത്തിവിടുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്കിട നല്കുകയുണ്ടായി. കേരള ലളിതകലാ അക്കാദമി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ ചില അംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തു.
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചിത്രം പോലെയായിരുന്നു അശാന്തന്റെ ജീവിതം. ജീവിതംകൊണ്ടും മരണംകൊണ്ടും വര്‍ത്തമാനകാലത്തിന്റെ വര്ണവ്യവസ്ഥകളോടു കലഹിച്ച ഒരു ചിത്രകാരനായിരുന്നു അശാന്തന്. അങ്ങിനെയുള്ളൊരു കലാകാരനോടു കാണിച്ച അനാദരം, അറുപത് വര്‍ഷം കേരളം നടന്നുവെന്ന് നമ്മള് അഭിമാനിക്കുന്ന ദൂരങ്ങളെ റദ്ദ് ചെയ്യുന്ന ഒന്നായിരുന്നു.
എത്രമേല്‍ സൂക്ഷ്മ ദൃഷ്ടിയായിരുന്നു
ഒരു ചിത്രകാരന് ഭൂമിയിലെ സര്‍വചരാചരങ്ങളേയും നോക്കിക്കാണുന്നത് അതിനെ വരയിലൂടെ, വര്‍ണങ്ങളിലൂടെ എങ്ങിനെ ആവിഷ്കരിക്കാന്‍ കഴിയും എന്ന ഒരു കാഴ്ചപ്പാടിലൂടെ ആയിരിക്കും. അശാന്തന് എന്ന ചിത്രകാരനും ഇങ്ങിനെയൊക്കെയാണ് പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളേയുമൊക്കെ നോക്കിക്കണ്ടിട്ടുള്ളത്. പക്ഷേ, അത് എത്രമേല്‍ സൂക്ഷ്മമായിട്ടായിരുന്നു എന്ന് ഈ കൃതിയിലെ ചിത്രങ്ങളും വാക്കുകളെക്കൊണ്ട് വരച്ച ചിത്രങ്ങളും നമ്മെ ബോധ്യപ്പെടുത്തും.
ആനമയിലൊട്ടകത്തെ, അശാന്തന്റെ വരകളേയും എഴുത്തിനേയും ഒമ്പത് ഖണ്ഡങ്ങളായി ഹരിദാസ് നരീക്കല്‍ വിഭജിച്ചിരിക്കുകയാണ്. എന്നുവച്ചാല്‍ അശാന്തന്റെ ജീവിതത്തെത്തന്നെയാണ് ഇവിടെ ഒമ്പതായി വിഭജിച്ചിരിക്കുന്നത്. പാടം, ജീവനം, കിളികള്‍, മണ്ണ്, സംസ്കൃതി, ഓരം, ഓര്‍മകള്‍, പാചകം, വര എന്നീ ശീര്ഷകങ്ങൡലായി വകതിരിച്ചിട്ടുള്ള ചിത്രങ്ങളും കുറിപ്പുകളും ജീവിതത്തില്‍ തനിക്കു ഒന്നും അന്യമല്ലെന്നും ഒരു വ്യക്തിയെ ഗതകാലം, വിശേഷിച്ചും തന്നെ രൂപപ്പെടുത്തുന്ന ബാല്യത്തിന്റെ, കൗമാരത്തിന്റെ ഘട്ടത്തില്‍ അനുഭവിച്ച മണ്ണും വിണ്ണും എങ്ങിനെയെന്ന് അശാന്തന് പച്ചയായിത്തന്നെ ആവിഷ്കരിച്ചിരിക്കുന്നു.
പാടം എന്ന ആദ്യഭാഗം തുടങ്ങുന്നത് ശ്രദ്ധിക്കുക. ”ഇടവിട്ട് ഓരോ നെല്ലായിട്ടോ രണ്ടു നെല്ലായിട്ടോ ആണ് കതിര് പൊട്ടുന്നത്. അത് ആസ്വാദനമുള്ള ആനന്ദകരമായ കാഴ്ചയാണ്. പാടം ഓരോ ദിവസവും കരിതുകളുടെ നിറംമാറ്റംകൊണ്ട് വലിയ ചിത്രങ്ങള്‍ രചിക്കുന്നത് കാണുമ്പോള്‍ കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും സന്തോഷമാര്‍ന്ന മുഖം ഓര്‍മവരും.”
ഇത്തരം അനുഭവങ്ങള്‍ അന്യമായ ഒരു തലമുറയ്ക്ക് വായിച്ചറിയാനെങ്കിലുമായി ഈവിധമുള്ള രേഖപ്പെടുത്തലുകള്‍ ഏറെയുള്ളൊരു രചനയാണ് ‘ആമനയിലൊട്ടകം’.
ഞാറില്‍ നെല്ലുണ്ടായിവരുമ്പോള് അതിനു നല്ല മധുരമായിരിക്കുമെന്നും കുട്ടികള്‍ ഈ കതിരുകള്‍ കടിച്ചു തിന്നാറുണ്ടെന്നും കൂടി അശാന്തന് കുറിക്കുന്നുണ്ട്.
മണ്ണ് എന്ന അധ്യായം മണ്ണിന്റെ ഓരോ അടരുകളേയും അതിലെ സൂക്ഷ്മജീവികളടക്കമുള്ള ജന്തുജാലങ്ങളേയും നമ്മുടെ ഓര്‍മയിലേക്കു കൊണ്ടുവന്ന് നമ്മെ വിസ്മയിപ്പിക്കുന്നു. ഭൂമിയുടെ ഒരവകാശികളേയും ഒഴിവാക്കാതെതന്നെയാണ് അശാന്തനിതു ചെയ്യുന്നത്. മിന്നാമിന്നി, എട്ടുകാലി, കാരംപാറ്റ, ചാണാന്‍ ഉരുട്ടി, ചെയിപ്പാമ്പ് തുടങ്ങി നാല്‍പ്പത്തി രണ്ട് കൊച്ചു ജീവികള്‍… കോഴി, താറാവ്, കുളക്കോഴി, നീര്‍കാക്ക, ചാരമുങ്ങി ചൂതന്‍ തുടങ്ങി നാല്പത് പക്ഷികള്‍… അതുപോലെ മൃഗങ്ങള്‍, പാമ്പുകള്‍, വൃക്ഷങ്ങള്‍ എല്ലാം അശാന്തന് ഓര്‍മയില്‍ നിന്നു വീണ്ടെടുക്കുന്നുണ്ട്. ജീവനം എന്ന അധ്യായത്തില്‍ തൊഴിലും തൊഴിലിടങ്ങളും തൊഴിലുപകരണങ്ങളുമാണ് രചനാവിഷയം. കളികളിലാകട്ടെ താന്‍ കളിച്ചുവളര്‍ന്ന വൈവിധ്യമാര്‍ന്ന നാടന്‍ കളികളെക്കുറിച്ചാണ്.
അശാന്തന്റെ ആനമയിലൊട്ടകം ഒരു കേരളീയ ഗ്രാമത്തിന്റെ മാഞ്ഞുപോയ ചിത്രത്തിന്റെ പുനരാവിഷ്കാരമാണ്. ഭാവനയുടെ നിറക്കൂട്ടുകളില്ലാതെ കറുത്ത ചായത്തില്‍ മുക്കി വരച്ച യഥാര്‍ഥ ചിത്രങ്ങളാണിത്. അതുകൊണ്ടുതന്നെ ഇതില്‍ കറുപ്പ് കൂടുതല്‍ കലര്‍ന്നിട്ടുണ്ട്. മറ്റു വര്‍ണങ്ങള്‍ കൊണ്ട് കറുപ്പിനെ ഒളിപ്പിച്ചുവയ്ക്കാനുള്ള വൃഥാശ്രമങ്ങളില്ല. ജീവിതത്തെ വളരെ ഋജുവായി സത്യസന്ധമായി അശാന്തന് ഈ കൃതിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. സംസ്കാര പഠനത്തിന്റെ ചരിത്രത്തില്‍ ഈ കൃതി ഒരു നാഴികക്കല്ലായി മാറും എന്ന് ഞാന്‍ കരുതുന്നു.
ആനമയിലൊട്ടകം
അശാന്തന്
- എഡിറ്റര്‍: ഹരിദാസ് നരീക്കല്‍ പ്രസാധനം: തമ്പ്, പോണേക്കര വില: 150 രൂപ