ഗോത്ര കവികൾ ഗോത്ര കവിതകൾ
ഗോത്രകവികൾ
ഗോത്രകവിതകൾ

മളെ ബൻത്ത്
ബിന്ദു ഇരുളം
മളെ മളെ ബൻത്ത് മളെ ബൻത്ത് കുഞ്ഞിമാളൂ.
ക്ണ്ട്ല്ലേ ക്ണ്ട്ല്ലേ ഹവ്വാ നീ
മളെ ബൻത്ത് മളെ ബൻത്ത് കുഞ്ഞിമാളൂ
ക്ണ്ട്ല്ലേ ക്ണ്ട്ല്ലേ അപ്പനീ
കോല്കഡ്ഡി എത്തോട് ഓകി ദേരെ
കൈക്കോട്ട്, ക്ത്തീന് എത്തി ദേരെ.
ദൊഡ്ഡഗാളിന്ന് മളെന്ന് ബൻത്തല്ലാ
ബന്ത്ല്ലേ ,ബന്ത് ല്ലേ ഈസ്ഗൻട്ടാ
കാട്ക് ഓദയാറാറ് ബന്താറാവാ
ക്ള്യാറ്ക്ള്യാറ് നോട് ന്നാ
തുപ്പാന്ന്, നാറാന്ന്,
ഗള് സെല്ല്
എത്തോട് എത്തോട് ബറാലേ
സ്ടില്ന്ന് മളെന്ന് ബറാദ്
നോട്ന്നാ, നോട്ന്നാ ദാരികണേ..
ഗഞ്ചീന്ന് കാണ്യാല്ലായാന്ന് കാണീ
എ ശിയേവെ,
എ ശിയേവെ
കുഞ്ഞിമാളൂ.
ഇര്ട്ടാത്ത്, ഇര്ട്ടാത്ത് കുഞ്ഞിമാളൂ..
ക്ണ്ട്ല്ലേ, ക്ണ്ട്ല്ലേ യാര് നീ .
വിവർത്തനം
മഴ വന്നു
………….
മഴ മഴ വന്നു മഴ വന്നു
കുഞ്ഞിമാളൂ …
കണ്ടില്ല, കണ്ടില്ല അമ്മയെ
മഴ വന്നു മഴ വന്നു കുഞ്ഞിമാളൂ
കണ്ടില്ല കണ്ടില്ല അച്ഛനെ
കോൽക്കമ്പ് എടുത്തോണ്ട് പോയതാണേ…
കൈക്കോട്ടും കത്തിയും എടുത്തിട്ടുണ്ടേ.
വലിയ കാറ്റും മഴയും വന്നല്ലോ
വന്നില്ല വന്നില്ല ഇതുവരെ.
കാട്ടിൽ പോയ ആരേലും വന്നിട്ടുണ്ടോ?
ചോദിച്ചു, ചോദിച്ചു നോക്കാമോ?
തേനും, നാരക്കിഴങ്ങും എടുത്തോണ്ട് വരാനായ് പോയതാണേ.
ഇടിയും മഴയും വരുന്നുണ്ടേ
നോക്കാമോ നോക്കാമോ വഴിയിലെല്ലാം .
കഞ്ഞിയുമില്ലല്ലോ,
ഒന്നുമില്ലല്ലോ വിശക്കുന്നേ,
വിശക്കുന്നേ കുഞ്ഞിമാളൂ.
ഇരുട്ടായ്, ഇരുട്ടായ് കുഞ്ഞിമാളൂ …
കണ്ടില്ല , കണ്ടില്ല ആരെയും.
ബിന്ദു ഇരുളം: വയനാട് ജില്ലയിലെ കാട്ടുനായ്ക്ക ഗോത്രത്തിലെ എഴുത്തുക്കാരിയും പാട്ടുക്കാരി യും. സ്വന്തം സമുദായ ഭാഷയിലും മലയാളത്തിലും കവിതകൾ എഴുതുന്നു.
.
നഞ്ച്
ക്രിസ്റ്റി ഇലക്കണ്ണൻ.
തോട്ടിൽ
നഞ്ചു കലക്കി
ആദ്യം
കല്ലുമുട്ടി ചത്തുപൊങ്ങി
പിന്നെയാരൽ, വരാൽ, പള്ളത്ത്,വാള ,
മുഷി കോല, മുതുക്കില, മുള്ളി…
ഇവയെല്ലാം
ചത്തു പൊങ്ങി
ആവസാനമാ
തോടും
ചത്തുപൊങ്ങി….
(മീനില്ലാതെ തോടുമാത്രമെങ്ങനെ?)
————
കറുപ്പ്
കറുത്ത
നിറമാണ് നല്ല നിറം
രക്തം
കലർന്ന ചുവപ്പ്
നിറത്തോടല്ല
വിശുദ്ധി
നിറഞ്ഞ വെളുത്ത
നിറത്തോടല്ല
ആകാശത്ത്
നിറഞ്ഞ നീല നിറത്തോടല്ല
നീ
അശുദ്ധിയെന്ന്
മുദ്രകുത്തിയ
കറുത്ത നിറത്തോടാണ്
എനിക്കിഷ്ടം.
————-
അമ്മ
കാട്
കരയുന്ന വേളയിൽ
ഇലകൾ കൂട്ടത്തോടെ
മഴപോലെ പെയ്യുന്ന
കാഴ്ചകാണാം
കടല്
കരയുന്ന വേളയിൽ
തിരമാല
കരയിലേക്കടുക്കുന്ന
കാഴ്ചകാണാം
ആരും
കാണാത്ത മറ്റൊരു
കാഴ്ചയുണ്ട്
എന്റെ
അമ്മയുടെ നെഞ്ചുപിടയുന്ന
കാഴ്ച
മാസവസാനം
സ്കൂളിൽ ഫീസടയ്ക്കേണ്ട
ദിവസം
മാഷ് ചൂരലുകൊണ്ട്
ഒരഞ്ചാറു വട്ടം
എന്റെ
ചന്തിയിൽ ആഞ്ഞാഞ്ഞുവീശിയ
ശേഷം
ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ
ക്ലാസ്സിൽ നിന്നും ഇറക്കിവിടുന്ന
കാഴ്‌ച
അപ്പോഴേക്കും
ഒരാറേഴു പേരോട് കെഞ്ചിയശേഷം
കിട്ടിയ കാശുമായി
അമ്മ സ്കൂളിലേക്കോടിയെത്തും
സ്കൂൾ വരാന്തയിൽ
നിറകണ്ണുകളോടെ
നിൽക്കുന്നയെന്നെ വാരിപ്പുണരും…
ക്രിസ്റ്റി ഇലക്കണ്ണൻ. ഇടുക്കി ജില്ലയിലെ മുതുവാൻ ഗോത്ര യുവ കവി .. , കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെന്റ് ആനക്കുളം(പി.ഒ) ഇടുക്കി. ഡിഗ്രി മൂന്നാംവർഷ വിദ്യാർത്ഥിയാണ്
——————
മറവി
ഉഷ പൈനിക്കര.
മറന്നോ നീ..
മറന്നു ഞാൻ..
ഓർക്കാറില്ലേ നീ..
ഓർമ്മിക്കാൻ ഇഷ്ടമല്ലെനിക്ക്..
മറവി
ഭൂമിയിൽ ഏറ്റവും മനോഹരമായ കള്ളം
ആരും ആരെയും മറക്കില്ല
ആർക്കും ആരെയും മറക്കാനുമാവില്ല
മനസ്സാം ഇരുണ്ട മുറിയിലെ
വെട്ടം കാണാ മൂലകളിൽ
മാറാല മൂടിക്കിടപ്പുണ്ട്
പലരും.. പലതും..
ഇടയ്ക്കെപ്പോഴോ ഓർമതൻ ഇളം കാറ്റേറ്റ് മാറാല തെല്ലിളകാറുണ്ടത്രേ
ആ നേരങ്ങളിൽ എപ്പോഴോ
ആരുമറിയാതെ മനസ്സ് അലതല്ലി കരയാറുണ്ടത്രേ
ബന്ധനം
……’……’….
ബന്ധനത്തിലാണ് ഞാൻ
അദൃശ്യമാം ബന്ധനം..
ചങ്ങലയില്ലാ ബന്ധനം.
ബാല്യത്തിൽ കുസൃതിയിൽ
ഞാൻ കേട്ട വാക്കതിലും ബന്ധനം..
കൗമാരമാം വസന്തത്തിലോ..
ആടയിൽ തുടർന്നു ബന്ധനം
യൗവനമടുത്തപ്പോൾ മാംഗല്യം
മറ്റൊരു ബന്ധനം…
കൂട്ടിലകപ്പെട്ട കിളികൾക്ക്
കൂടെന്ന പോൽ പറക്കാൻ കൊതിച്ചൊരെൻ ചിറകുകൾക്കോ താലിയായ് ബന്ധനം…
കാലം പതിപ്പിച്ച വാർദ്ധക്യ ചുളിവിലോ
പൊന്മകൻ തീർത്തൊരു കൂടെനിക് വീടിനകത്തളം തന്നിലായ് ഇന്നോ
മാറ്റാരും കാണാ കുഞ്ഞറയും
സ്ത്രീ എന്ന വാക്കൊരു ബന്ധനമോ..
മഴയും കാറ്റും
…………………….
ആരെ തിരഞ്ഞായിരിക്കും
മഴ കാട്ടിൽ ഉറങ്ങുന്നത്
കാടതിൻ സ്പന്ദനം കാറ്റിനെയോ
തോരാതെ പെയ്തൊരാ രാത്രി തന്നിൽ
കൂട്ടിനായ് എത്തിയ കള്ളനവൻ
കാടിന്റെ മാറിലായി വീണുടഞ്ഞ
പൂമിഴി തന്നിലെ നീരതിലോ
പറയാതെ കാത്ത നിൻ പ്രേമമെന്നും വിരിയാത്ത പൂവായ് കൊഴിഞ്ഞിടട്ടെ
ഉണരുക വീണ്ടുമെൻ മഴമുകിലെ….
തവളയായ്.. പാറ്റയായ്.. ഞണ്ടുകളായ്..
മണ്ണതിൻ മാറിലെ വിത്തുകളായ്…
ആയിരം കാമുകന്മാർ നിനക്കായ്..
കാത്തിരുന്നേകുന്നു ചുടു ചുംബനം…
ഉണരുക പ്രിയതമേ മഴമുകിലെ….
മണ്ണതിൻ മാറിലായ് ചുവടു വെയ്ക്കാൻ….
ഉഷ പൈനിക്കര. കാസർക്കോട് ജില്ലയിലെ മലവേട്ടുവ കവയിത്രി .കവിതകളും ലേഖനവും എഴുതുന്നു .
————————–
ഒറ്റക്കാരി.
ദാമോധരൻ തേവൻ
വന്നാണ്ടി തായരേ വന്നാണ്ടി
തായത്തെ കുടിക്ക് പൂയ്ക്കാണ്ടി
തങ്കിലെ തൊട്ടിക്ക് പൂച്ചാണ്ടി
തന്താലം കാട്ടുടെ പോയ്
തമുത്തിയാര് ഒറ്റക്കാരി
കെച്ചാര് കൂട്ടത്തിലുണ്ടോ
ഒറ്റക്കാരി എന്നപണിയോ
തമുത്തിനാര് കളഞ്ഞിട്ടു പോയ്
തമുത്തിയാര് ഒറ്റക്കാരി
തിമ്പാനോ കുടിപ്പാനുണ്ടോ
തണ്ണിയുണ്ടോ തീയൊണ്ടോ
പോയളുക എപ്പോ വരുമോ
ചക്കയും മാങ്ങയും കിയങ്ങുണ്ടോ
ചൊവട്ടില് കൂരൻ മാനാണോ
തോട്ടിലെ മീനോ തേനാണോ .
***
ഊരിലെ ആൾക്കാരെല്ലാം വേലെയ്ക്ക് പോയനേരം വീടുകളിൽ തനിച്ചായ രണ്ട്
പെൺകുട്ടികൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നതിനെ കുറിച്ച് കവി വർണ്ണിച്ചത് .
മഴക്കാലം പഞ്ഞക്കാലം
……………………………….
കുയ്ങ്ങിണും മയ്ക്കിന്തുനേരം
വെക്കം പോയെൻ്റെ പൊങ്കാല
നെല്ലുപുലത്തില് മാടത്തേൽ
കാവലു പോണം പൊങ്കാല
തായരും കൊച്ചുമ്മാമാരും
എന്നപ്പണിയോ പൊങ്കാല
കമ്മരമാര് വന്ന് കാലു പിടിച്ച് പറഞ്ഞപ്പോ
കുയ്ങ്ങിണ്ണും കണ്ടില്ല,
കോട്ടിയിതിരിക്കാനും മേല പൊങ്കാല
ചാവത് മാലിക്ക് ചെന്ന് കിയങ്ങും മാന്തി
വന്നപ്പോ ആദിച്ചൻ പോയതറിഞ്ഞില്ല
വെക്കം പോയെൻ്റെ പൊങ്കാല
കാട്ടിലെ വറുടനിന്ന് നേരമെത്തന്നെ
ചിലച്ചില്ലേ കാനംകിളി ചിലച്ചില്ലേ
ചുള്ളിയും ചുക്കി പറന്നില്ലേ
തായരും കൊച്ചമ്മമാരും
പഞ്ഞം കടിച്ചു കിടപ്പാണ്
കിട്ടിയ വനകിയങ്ങു
പുഴുങ്ങി കൊടുത്തിട്ടുറക്കേണം .
**
പഞ്ഞകാല സമയത്ത് കാട്ടിലേക്ക്
കാട്ടു കിഴങ്ങ് ശേഖരിക്കുവാൻ പോയ
ചെറുപ്പക്കാർ നേരം വൈകിയ നേരത്ത്
പ്ലാത്തിയോട് ചൊല്ലി പറയുന്ന വരികളാണ് ഇത് .
**
ശ്രീ ദാമോധരൻ തേവൻ. (9847029657) ഇടുക്കി ജില്ലയിലെ ഊരാളി ഗോത്രത്തിലെ മുതിർന്ന കവി., പഴമയുടെ മൂർച്ചയും ,ജീവിത കഥകളും കാര്യമായി കണ്ട് കാവ്യങ്ങ രചിക്കുന്നു.
——————