വസന്തം തന്നെ
നീയുള്ള കാലം,
നീ പിരിഞ്ഞുപോയ
അന്ന് പ്രളയവും,
നോക്കൂ
ഋതുക്കൾ..
എത്ര കൃത്യമായി
അവരെന്നെ
വായിക്കുന്നു.
2. നീ പോയ ശേഷവും
ഞാനാ മരച്ചുവട്ടിൽ
തന്നെയിരുന്നു,
ഈ ചീവീടുകളുടെ
കരച്ചിൽ
എന്തൊരു
അലോസരമാണ്,
ഇതിനെക്കുറിച്ചാണോ
തൊട്ടുമുമ്പ്
സംഗീതമെന്ന്
ഞാൻ പറഞ്ഞത്..,
വിശ്വസിക്കാനാവുന്നില്ല !
3.കനത്ത
ഒരു മഴക്ക് മുമ്പ്
കാലാവസ്ഥാ നിരീക്ഷകർ
പുറപ്പെടുവിക്കും പോലെ,
പിരിയും മുമ്പ്
ചില മുന്നറിയിപ്പുകൾ
നീ തരുന്നുണ്ട്,
എന്നിട്ടും
വേണ്ട മുൻകരുതലുകൾ
സ്വീകരിക്കാനാവുന്നില്ല,
ഈ
പ്ര(ണ)ളയത്തിൽ
ഞാൻ
പെട്ടുപോയത് തന്നെ.
4)കിളിയെ
വരയ്ക്കാൻ
എന്തെളുപ്പം,
രണ്ട് വീതം
ചിറക്
കാല്
കണ്ണ്,
ആയില്ല,
ഞാനാദ്യം
ഒരു ചുണ്ട്
വരയട്ടെ അതിന്,
നിത്യവും
നിന്നെക്കുറിച്ചു
പാടാൻ.
5)ഇനിയും
എന്റെ പൂവുകളെ
തിരസ്കരിക്കൂ,
ശിഖരങ്ങളെ
വെട്ടിയൊതുക്കൂ,
പക്ഷെ,
ആഴങ്ങളിൽ..
ആഴങ്ങളിൽ..
എന്റെ
വേരുകൾ
നിന്നെ
തൊടും.
ഹബീബ് റഹ്മാൻ
എം.എ.പൊളിറ്റിക്കൽ സയൻസ്,
ജാമിഅ മില്ലിയ ,ഡൽഹി