ഭാഗം 1
വരകൾ വർണങ്ങൾ
എസ് . ജോസഫ്
ഇവയുടെ ഭാഷയാണ് ചിത്രകലയുടേത്. ആളുകളുടേയും വസ്തുക്കളുടേയും രൂപങ്ങൾ ചിത്രണ സങ്കേതമുപയോഗിച്ച് ദൃശ്യപ്പെടുത്തുന്നതാണ് ചിത്രകല .അത് ഒരു ദൃശ്യഭാഷയാണ്. ചിഹ്ന ഭാഷയാണ് . ആ ഭാഷ പ്രതീകാത്മകമാണ്. കണ്ണാടിയിലെ പ്രതിഫലനമാണ്. വസ്തു യാഥാർത്ഥ്യത്തെ അതേപടി ചിത്രകലയ്ക്കെന്നല്ല ഒരു കലയ്ക്കും അനുകരിക്കാൻ കഴിയുകയില്ല. അതിനാൽ
വസ്തു യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ ഓരോ കലയും ചില രീതികൾ / സങ്കേതങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ചിത്രകലയും അതു ചെയ്യുന്നു. ഒരു റിയലിസ്റ്റിക് ചിത്രം ആസ്വദിക്കാൻ അത്ര പ്രയാസമില്ല. പക്ഷേ ശൈലീകൃതമായ ചിത്രമോ പ്രാചീന ചിത്രമോ ആസ്വദിക്കാൻ പ്രയാസം നേരിട്ടേക്കാം.
അതുകൊണ്ട് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു പറയാം. വരകളും വരകളുടെ ഇടഭാഗങ്ങൾ നിറയ്ക്കുന്ന നിറങ്ങളും ആണുള്ളത്.വരകൾ ദൃശ്യമല്ലാത്ത വർണ ചിത്രങ്ങളിലും അവ്യക്തമായ വരകൾ നിറങ്ങളെ വേർതിരിക്കുന്നുണ്ടാകാം. വരകൾ ആധുനികതയോടെ അദൃശ്യമാകാറുണ്ട്.
പക്ഷേ ചിത്രത്തിൽ അതിന്റെ സ്മരണയെങ്കിലും ഇല്ലാതില്ല.
പാശ്ചാത്യ ചിത്രകലയേക്കുറിച്ചു എഴുതിത്തുടങ്ങുകയാണ്. പ്രധാനമായും ഗ്രീസ്, യൂറോപ്പ് , ഓസ്ട്രേലിയ , അമേരിക്ക , റഷ്യ എന്നീ രാജ്യങ്ങളിലെ ചിത്രകലയാണ് ഇവിടെ വിവരിക്കുന്നത്. അതിനായി ആദ്യം പ്രിമിറ്റീവ് ആർട്ടിനെക്കുറിച്ച് പറയേണ്ടതുണ്ട്.
യൂറോപ്പിലെ പ്രാചീന ഗുഹാചിത്രങ്ങൾ :
ചിത്രകല പഴക്കമേറിയ ഒരു കലാരൂപമാണെന്ന് The illustrated story of art എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നു. അതിന്റെ ചരിത്രം മഞ്ഞു യുഗം വരെ പിന്നോട്ടു പോകും.
ആദിമകാല ചിത്രകലയെ നമുക്ക് പ്രാചീന ചിത്രകല (primitive painting)എന്ന് വിളിക്കാം. ഗുഹാചിത്രങ്ങൾ ആണവ.സ്പെയിനിലെ ആൾട്ടാമീറ, ഫ്രാൻസിലെ ലാസ്ക്വേ തുടങ്ങിയ വ പ്രധാനം. ഇവ റിയലിറ്റിക് ശൈലിയിലാണ്. ഓസ്ട്രേലിയയിലെ ഗാബാർൺ മുംഗ് (Gabarnmung ) (31000 BC വർഷങ്ങൾക്ക് മുമ്പ് ചെയ്ത ചിത്രങ്ങൾ ) പ്രാചീന ഗുഹാചിത്രങ്ങളുടെ ഇടമാണ്. ആൾട്ടാമീറയിൽ (35600 വർഷം പഴക്കം )നിന്നു ലഭിച്ച കാട്ടു പോത്തിന്റെ ചിത്രവും ലാസ്ക്വേയിൽ (ഏകദേശം17000 വർഷം പഴക്കം )നിന്നു ലഭിച്ച കുതിരയുടെ ചിത്രവും താഴെക്കൊടുത്തിട്ടുണ്ട്. ഇതുപോലെ വംശനാശം സംഭവിച്ച ആനയെപ്പോലുള്ള ഒരു മൃഗത്തിന്റെയും കലമാനിന്റേയും കാളയുടേയും ചിത്രങ്ങളൊക്കെ കുത്തി വരയ്ക്കുകയോ നിറം കൊടുത്തുവരുകയോ ചെയ്തിട്ടുണ്ട്. നായാടി ജീവിച്ച ഒരു സമൂഹത്തിന്റെ കലാവിഷ്കാരങ്ങളാണിവ. മാന്ത്രികമായ പ്രയോജനം ഇവയ്ക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് The story of Art എന്ന ബൃഹദ് ഗ്രന്ഥത്തിൽ പറയുന്നു. മേൽപ്പറഞ്ഞ ഗുഹകളിലൂടെ പോകുക എന്നത് വിചിത്രമായ ഒരു അനുഭവമായിരിക്കും. ഇടുങ്ങിയ , ഇരുട്ടു നിറഞ്ഞ ഭാഗങ്ങളിലൂടെയൊക്കെ പോകേണ്ടിവരും. ടോർച്ചിന്റെ വെളിച്ചത്തിലായിരിക്കും ഒരു കാളയുടെ ചിത്രം പ്രതൃക്ഷപ്പെടുക. അവിചാരിതമായി കണ്ടെത്തിയ ചിത്രങ്ങളാണിവ. ഈ ചിത്രങ്ങളുടെ ചലനപ്രതീതി പ്രധാനമാണ് . ചില മൃഗവേഗങ്ങൾ നമ്മുടെ കണ്ണിന്റെ പിൻതുടരൽ ശേഷിക്ക് അപ്പുറമായിരിക്കും. അതിവേഗത്തിൽ ചലിക്കുന്ന മൃഗങ്ങളെ ഇന്നത്തെ മനുഷ്യരുടെ കണ്ണുകൾക്ക് ഈ നായാടികളെപ്പോലെ കാണാൻ കഴിയുകയില്ല. ഇപ്പോഴും നമ്മുടെ കാലത്ത് ജീവിക്കുന്ന ആദിമ വാസികൾക്ക് ആ കഴിവുണ്ടാകും.
ആർട്ടാമീറയിലെത്തിയ പിക്കാസോ പറഞ്ഞത് ” ആൾട്ടാമീറയ്യുശേഷം ജീർണതയാണ് ” എന്നാണ്. പികാസോ പറഞ്ഞത് തമാശയാണെന്ന് പറയാൻ ആവില്ല. ലോകത്തിലെ ഏറ്റവും ജനുവൻ ആയ ക്രിയേറ്റിവിറ്റി ഇവയിലുണ്ട്. അത് ആധുനിക / ആധുനികോത്തര ചിത്രകലയോട് കിടപിടിക്കും. നമ്മളിലൊക്കെ ഒരു പ്രകൃതൻ / പ്രാകൃത ജീവിച്ചിരിക്കുന്നു.
Canto 2
ഗ്രീക്കുചിത്രകല
ആമുഖം :
ഗ്രീസ് സ്വതന്ത്രമായ നഗരരാഷ്ട്രങ്ങളായി വികസിച്ചിരുന്നു. ഗ്രീക്ക് ചിത്രകലയുടെ ഒരു ചെറിയ ഭാഗം മാത്രമേ അതിജീവിച്ചുള്ളു. ഈസൽ പെയിന്റിംഗ്സും മ്യൂറൽ ചിത്രങ്ങളും ഗ്രീക്കു ചിത്രകലയുടെ പ്രധാന ഭാഗങ്ങളാണ്. ശവകുടീരങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള പാത്രങ്ങളിൽ ചിത്രങ്ങളുണ്ട്. അമൂർത്തമായ അലങ്കരണങ്ങൾ പാത്രങ്ങളിൽ ഉണ്ട്. പിൽക്കാലത്ത് ഫിഗറേറ്റീവ് ഘടകങ്ങൾ ഉണ്ടായി. കറുത്ത , ചുവന്ന രൂപങ്ങളുള്ള പാത്രങ്ങൾ ഉണ്ട്. പോട്ടറിയിലുള്ള അവരുടെ നേട്ടത്തെ ഇത് വ്യക്തമാകുന്നു. ചിത്രകല ക്ലാസിക്കൽ കാലഘട്ടത്തിൽ വ്യാപകമായിരുന്നു. എങ്കിലും പലതും ലഭ്യമല്ല.
വിപുലനം :
ഏഷ്യാ മൈനറിൽനിന്ന് എത്തിയവരാണ് ആദ്യകാലഗ്രീക്കുകാർ എന്ന് പറയപ്പെടുന്നു. ഗ്രീസിന്റെ ആദിമകാലചരിത്രം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എങ്കിലും ഗ്രീസിന്റെ കല അതിജീവിച്ചു. ഹോമറിനു മുമ്പേയുള്ള അവസ്ഥ ഈ കല വിശദമാക്കുന്നുണ്ട്. ആദിമകാലത്ത് ഈജിപ്ഷ്യൻ, ഏഷ്യാറ്റിക്, ക്രീറ്റ് സ്വാധീനങ്ങൾ അവരുടെ കലയിലുണ്ട്. അവയിൽനിന്ന് വ്യത്യാസവുമുണ്ട്. ബുദ്ധി, മനസ്, ശരീരം എന്നീ തലങ്ങളിലെ പൂർണ്ണത അവർ തേടി. ഏകാധിപത്യമോ പൗരോഹിത്യമോ ഗ്രീക്കു കലാകാരമാരെ അസ്വതന്ത്രരാക്കിയില്ല. പൗരസ്ത്യദേശങ്ങളിലേതുപോലുള്ള ഒരു മൊണാർക്ക് ഗ്രീസിൽ ഉണ്ടായിരുന്നില്ല. അവിടത്തെ ദൈവങ്ങളെല്ലാം ധാർമ്മികവും ഭൗതികവുമായ ഗുണങ്ങളുടെ മൂർത്തികൾ ആയിരുന്നു. ഈ ദൈവങ്ങളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾ പലതും വരയ്ക്കപ്പെട്ടത്. ഹെല്ലനിക് കാഴ്ചപാടായിരുന്നു അവരുടേത്. ഒരു മതപരമായ ഹേതുവായിരുന്നു ആ കാഴ്ചപ്പാടിനു പിന്നിൽ. പക്ഷേ അത് വ്യതിരിക്തവുമാണ്. പിന്നെ ഒന്ന് അലങ്കരണം ആണ്. ഈസൽചിത്രങ്ങളിലും പാനൽ ചിത്രങ്ങളിലും ഈ സ്വഭാവം കാണാം.
പരസരാഗത വിഷയങ്ങളായ സെന്റാവ്ർസും ലാപിത്സും , ആമസോൺ യുദ്ധം, തിസ്യൂസ് അരിയേഡിൻ എന്നിവയും പലപ്പോഴും വരയ്ക്കപ്പെട്ടു. ഒറ്റപ്പെട്ട രൂപങ്ങൾ , നിശ്ചല ജീവിതം (Still Life ) കാരിക്കേച്ചർ ഒക്കെ ഉണ്ടായിരുന്നു. അലക്സാണ്ട്രിയൻ യുഗത്തോട് അടുക്കുമ്പോൾ പകുതി യഥാതഥമായ ആലേഖ്യങ്ങൾ (Portraits) ഉണ്ടാകുന്നുണ്ട്. എന്നാൽ അലങ്കാരപാത്രങ്ങളിലുള്ള ചിത്രങ്ങളേ അവശേഷിച്ചിട്ടുള്ളു. നമ്മെ കുഴപ്പത്തിലാക്കുന്ന ചില വിവരണങ്ങളിലും ചില ഗ്രീക്ക് ഫലകങ്ങളിലും റോമാക്കാർ പിന്നീട് ഗ്രീക്കുകാരെ അനുകരിച്ച് വരച്ച ചിത്രങ്ങളിലുംനിന്നു ലഭിക്കുന്ന ചില പൊതു വിവരങ്ങളേ ലഭ്യമായിട്ടുള്ളു. ആദ്യകാല ചിത്രങ്ങൾ മൺകലങ്ങളിലും ശവകുടീരങ്ങളിലെ അലങ്കരണങ്ങളിലും ഉണ്ട്. അതൊക്കെത്തന്നെ ക്രീറ്റ്, ഫൊനീഷ്യ , ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച മാതൃകകളിൽനിന്ന് ഉണ്ടായവയാണ്. പിന്നീട് കല്ലിലും കളിമൺ സ്ലാബുകളിലും ബാഹ്യരേഖകളായും കാണുന്നുണ്ട്. ഫ്രെസ്ക്കോ രീതിയിലും (നനഞ്ഞ ദിത്തിയിൽ വരയ്ക്കുന്ന ചിത്രം)ദിത്തി ചിത്രങ്ങൾ ഉണ്ട്. ഗ്രീക്കുകാർ കഴിവുറ്റ ക്രാഫ്‌റ്റ്മാൻമാരായിരുന്നു. ലൈറ്റ് ആന്റ് ഷെയിഡ് രീതി ഉണ്ടായിരുന്നു ; ആധുനിക രീതിയിലല്ലെങ്കിലും . പ്രകൃതി ദൃശ്യങ്ങൾ അലങ്കൃത രീതിയിലായിരുന്നു. ഇവരുടെ കോമ്പോസിഷൻ നമുക്ക് അത്ര വ്യക്തമല്ല. എങ്കിലും നല്കപ്പെട്ട പ്രതലം അവർ വേണ്ടവണ്ണം ഉപയോഗിച്ചിരുന്നു. മനുഷ്യ രൂപങ്ങളിൽ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. നിറങ്ങൾ ഉപയോഗിച്ചിരുന്നു. BC അഞ്ചാം നൂറ്റാണ്ടുമുതലുള്ള ചിത്രങ്ങളാവാം ഇവയെല്ലാം.
പ്ലാനി പ്ലൂട്ടാർക്ക്, ക്വിന്റിലിയൻ , സിസെറോ തുടങ്ങിയവർ എഴുതിയ വാക്കുകളിൽ പാത്രചിത്രണങ്ങൾ, കൽച്ചിത്രങ്ങൾ എന്നിവ സൂചിതമാണ്.
പോളിഗ്‌നോട്ടസ് ആണ് ആദ്യ ചിത്രകാരൻ (470-455 BC) ഗ്രീക് ചിത്രകലയുടെ സ്ഥാപകൻ എന്ന് വിളിക്കപ്പെടാറുണ്ട്. ബാഹ്യരേഖകൾ വരയ്ക്കുന്നതിൽ സമർത്ഥൻ. പ്രൊഫൈൽ ഫിഗറുകൾ (ഒരു വശം മാത്രം കാണുന്നവ) രൂപപ്പെടുത്തിയിരുന്നു. ലൈറ്റ് & ഷെയിഡ് ഉപയോഗിച്ചിരുന്നു. സാധാരണമായ പ്രകൃതിക്കു ചേർന്ന നിറങ്ങൾ ഉപയോഗിച്ചിരുന്നു. ഭൂദൃശ്യം, കെട്ടിടം എന്നിവ പ്രതീകാത്മക രീതിയിൽ ആയിരുന്നു. പോളിഗ് നോട്ടസിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങൾ ഭിത്തി ചിത്രങ്ങളാണ്. പിൽക്കാല വിഷയങ്ങൾ ട്രോജൻ യുദ്ധം , യുള്ളി സസിന്റെ സാഹസികതകൾ എന്നിവയായിരുന്നു.
അഗതാർക്കസ് തുടർന്നുവരുന്ന ചിത്രകാരനാണ്. (5 BC) സീൻ പെയിന്ററായി അറിയുന്നു. പ്രകൃതി ദൃശ്യങ്ങളിലേക്കുള്ള സഞ്ചാരം അദ്ദേഹത്തിലുണ്ട്. അപ്പോളോഡോറസ് ( 5 BC ) അഗതാർക്കസിന്റെ പ്രകാശത്തിന്റെ ഏറ്റക്കുറച്ചിൽ , കാഴ്ചയുടെ നിയമങ്ങൾ എന്നിവ ഫിഗറുകളിൽ പ്രയോഗിച്ചു. പ്ലൂട്ടാർക്കു പറയുന്നത് അദ്ദേഹമാണ് വർണ്ണ ഛായയിൽ ഏറ്റക്കുറച്ചിൽ സൃഷ്ടിച്ചത് എന്നാണ്. ഷാഡോ പെയിന്റർ എന്നദ്ദേഹത്തിന് പേരുണ്ടായിരുന്നു.അപ്പൊളോഡോറസിന്റെ പ്രധാന കൃതികൾ ഒഡീസിയൂസ്, പ്രാർത്ഥിക്കുന്ന പുരോഹിതൻ എന്നിവയത്രേ.
അയോണിയൻ സ്കൂൾ
ആറാം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്ന സ്കൂളാണിത്. അപ്പോളോഡോറസിന്റെ രീതികളെ ഇവർ മുന്നോട്ടു നയിച്ചു. സ്യൂക്സിസ് (BC 420 – 390) കലയെ മിഥ്യയുടെ കാര്യമായി കണ്ടു. ഹെലൻ , പെനലോപ്പി പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിനുണ്ട്. ക്വിന്റിലിയൻ പറയുന്നത് ലൈറ്റ് & ഷെയിഡ് ഇദ്ദേഹം ആരംഭിച്ചു എന്നാണ്. എന്നാൽ മുന്നോട്ടു കൊണ്ടുപോയി എന്നു കരുതിയാൽ മതി.
പാർഹസ്യൂസിലെത്തുമ്പോൾ വീണ്ടും മാറ്റമുണ്ട്. സ്യൂക്സിസ് മുന്തിരങ്ങകൾ വരച്ച് കിളികളെ പറ്റിച്ചു എന്ന് പറയാറുണ്ട്. പക്ഷേ പാർഹസ്യൂസ് പെയിന്റു ചെയ്ത കർട്ടൺ കൊണ്ട് സ്യൂക്സിനെ പറ്റിച്ചു.
സിക്യോനിയൻ സ്കൂൾ
യൂപ്പോമ്പസ് എന്ന ചിത്രകാരൻ
പാർഹസ്യൂസിന്റെ കാലത്ത് ജീവിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനായ പാംഫിലസ് ആണ് ഈ സ്കൂളിനെ പക്വതയിലെത്തിച്ചത്. അദ്ദേഹം പഠിപ്പിച്ചത് ഡ്രോയിംഗും രചനയും നിറം കൊടുക്കലുമാണ്. അദ്ദേഹത്തിന്റെ ശിഷ്യൻ പൗസിയാസ് നിശ്ചല ജീവിതം വിഷയമാക്കി. പ്ലിനി പറയുന്നത് സാങ്കേതികമായ കഴിവുകൾ ഉള്ള ചിത്രകാരനായിരുന്നു അദ്ദേഹം എന്നാണ്.
തീബൻ – ആറ്റിക് സ്കൂൾ
നാലാമത്തെ സ്കൂളാണിത്. നികോ മാക്കസ് (360 BC) ആയിരുന്നു ഈ പള്ളിക്കൂടത്തിന്റെ തലവൻ. അദ്ദേഹത്തിന്റെ ശിഷ്യൻ അരിസ്റ്റിഡസ് ദു:ഖദൃശ്യങ്ങൾ ചെയ്തു. മറ്റൊരാൾ യൂഫ്രെണോർ ആയിരുന്നു. ഇദ്ദേഹം ഒളിമ്പിയൻ ദൈവങ്ങളെ ചെയ്യുന്നതിൽ പേരു കേൾപ്പിച്ചു.. നിസിയാസ് (BC 340-300 ) രചനയിലും ( Composition) റിലീഫിലും ലൈറ്റ് & ഷെയിഡിലും മിടുക്കനായിരുന്നു.
പിൽക്കാലചിത്രകാരന്മാർ
സിയൂക്സിസ് : ചിത്രങ്ങളൊന്നും അവശേഷിച്ചിട്ടില്ല എങ്കിലും റിയലിസ്റ്റിക് ചിത്രകാരനാണെന്ന് ചരിത്രരേഖകൾ പറയുന്നു. ലൈറ്റ് & ഷാഡോ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. ചിത്രകലയിൽ നിശ്ചലചിത്രത്തെ (Still life)കൊണ്ടുവന്നത് ഇദേഹമാണ്. കോമ്പോസിഷനിലുള്ള മാതൃകയും അദ്ദേഹം സൃഷ്ടിച്ചിരുന്നു. ന്യൂഡ് എന്ന ധാരണയും കൊണ്ടുവന്നു . ഹെലനെ വരയ്ക്കാൻ ഒരു സ്ത്രീയെ കണ്ടെത്താൻ പറ്റാതിരുന്നതിനാൽ അഞ്ചു സ്ത്രീകളെ മോഡലാക്കിവച്ചാണ് അദ്ദേഹം ഹെലനെ വരച്ചതെന്ന് ഒരു കഥയുണ്ട്.
അപ്പെല്ലസ് BC നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ മറ്റൊരു ചിത്രകാരനാണ്. അദ്ദേഹം നിരവധി ദേവന്മാരെ , ഹീറോകളെ , അലിഗറികളെ വരച്ചു. ലൂസിയൻ വിവരണംവച്ച് പതിനേഴായിരം വർഷങ്ങൾക്കുശേഷം ബോട്ടി സെല്ലി അദ്ദേഹത്തിന്റെ ചിത്രം പുന:സൃഷ്ടിച്ചിട്ടുണ്ട്. അസാധാരണമാം വിധം സാങ്കേതികതയുള്ള ചിത്രകാരനായിരുന്നു അദ്ദേഹം.
( The Story of Art , The illustrated story of art, A textbook of the history of Panting )