പുസ്തക പരിചയം
കെണി’ ‘അല്ല’ ‘വിത്ത്’ ‘വിലമതിക്കാനാവത്തത്’
സന്തോഷ് .എസ്.ചെറുമൂട്
ചില കവിതകൾ വായിക്കുമ്പോഴാണ് മറ്റു ചില കവിതകൾ കൊള്ളാമെന്നു തോന്നുന്നതും പ്രസക്തമാവുന്നതും.സാമൂഹികത പ്രകടമാക്കുന്ന പുതു കവിതകളെ കാര്യമാത്ര പ്രസക്തമായി നോക്കിക്കണ്ടാൽ ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.കാലത്തിൻ്റെ കണ്ണാടിയാണ് സാഹിത്യമെന്നു പറഞ്ഞ പഴയ കാലത്തിൻ്റെ കണക്കു പുസ്തകത്താളിൽ സമൂഹത്തെച്ചേർത്തു നിർത്തിപ്പറഞ്ഞ പലകാര്യങ്ങളും യഥാർത്ഥത്തിൽ ഇന്നത്തെ സാഹിത്യത്തിലും അന്യമല്ല.കവിതയുടെ കനൽ വഴികൾ പ്രഭ കെടാതെ നിൽക്കുന്ന ഒരു കാഴ്ച ഇന്ന് പ്രത്യക്ഷമാണ്.പുറം പൂച്ചുകളോട് താല്പര്യമില്ലാത്ത പുതിയ കവികൾ തങ്ങളുടെ ലക്ഷ്യത്തെ ബോധപൂർവ്വമായിത്തന്നെ സ്വാഭാവികതയുടെ ഭാഷയിലാണ് വെളിവാക്കുന്നത്.നിറം പിടിപ്പിച്ച കല്പനകളെയോ പാരമ്പര്യ വാദികളുടെ പദാഢംബര സങ്കലന തത്വങ്ങളെയോ ഒക്കെത്തന്നെ ഇവർ പടിക്കു പുറത്തു നിർത്തുന്നു.പുതു കവിതയുടെ ഭൂപടത്തിൽ ഭാഷ ഒരു സ്വതന്ത്ര മേഖലയാണ്.അത് കവിതപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേകിച്ചൊരു നിയമത്തെയും ഇന്നത്തെ കവി കൂട്ടു പിടിക്കുന്നില്ല.പുതു കവിതയിലെ സ്ത്രീ പക്ഷ ചിന്താ പദ്ധതി പ്രതിലോമകരമല്ലാത്ത ഒരു ഭാവത്തിലാണ് പ്രകടമാകുന്നത്.ഈ പ്രകടമായ ഭാവുകത്വം അതർഹിക്കുന്ന തരത്തിൽ വിലയിരുത്തപ്പെടുന്നുണ്ടോ എന്നത് ഏറെ കാലിക പ്രസക്തമായൊരു ചോദ്യമാണ്.കാലത്തിനെ,പ്രകൃതിയെ,പരിസ്ഥിതിയെ,സാമൂഹികതയെ ഒക്കെത്തന്നെ കവിതയിലടയാളപ്പെടുത്തുമ്പോൾ പൂർണ്ണമായ ഒരു ‘സ്ത്രീത്വ’പ്പെടൽ അതിൽ അന്തർലീനമാവുന്നു എന്നുള്ളതാണ് പുതു കവിതയിലെ സ്ത്രീപക്ഷ ചിന്താ പദ്ധതിയുടെ മൂലക്കല്ല്.ഇത്തരമൊരു കവിതയുണ്ടാവാൻ അത് ഒരു സ്ത്രീ തന്നെ എഴുതണമെന്ന് നിർബന്ധമില്ലെന്നുള്ള തീർത്തും വ്യക്തിപരമായ അഭിപ്രായം കൂടി ഇവിടെക്കുറിക്കുന്നു.എങ്കിലും ഇതിലെ സ്ത്രീ സാന്നിദ്ധ്യം,ഇടപെടലുകൾ എന്നിവ അങ്ങനെ തന്നെ രേഖപ്പെടുത്തേണ്ടുന്നത് കാലത്തിൻ്റെ അനിവാര്യതയാണ്.ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ പുതു കവിതയുടെ ചലന ഗതികളിൽ തനതായ സ്ഥാനമുള്ള സ്ത്രീകളുടെ കവിതകൾ പൊതു കവിതാ ശ്രേണിയിൽ തന്നെ ഇടം പിടിച്ചിരിക്കുന്നു എന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാതെ പറയാൻ കഴിയുമെന്ന് തെളിയിക്കുന്ന കവിതാ സമാഹാരമാണ് ഡോ.അശ്വതി.എ.വി.യുടെ ‘ഹാഷ് ടാഗ് ‘
പെണ്ണകങ്ങളല്ല പെണ്ണിടങ്ങളാണ് ‘ഹാഷ്ടാഗി’ൽ പൂത്തു നിൽക്കുന്നത്.പെൺകാമനകളല്ല പെൺകാര്യങ്ങളാണ് ഡോ.അശ്വതി എ.വി.പറയുന്നത്.പരിസര വൃത്താന്തങ്ങളുടെ പാരസ്പര്യം ‘ഹാഷ് ടാഗി’ൽ ഒരു പ്രത്യേക ശബ്ദത്തിൽ അലയടിക്കുന്നത് കേൾക്കാം. ഈ സമാഹാരത്തിലെ പ്രാരംഭ കവിതയായ ‘വിത്ത്’ കർക്കശതയുടെ ഘനം പേറുന്ന ഒന്നാണ്.പെണ്ണ് എന്ന പെരുമയ്ക്ക് കാലത്തിൻ്റെ പേരേടുകളിൽ എഴുതിച്ചേർക്കപ്പെട്ട ഉപഭോഗ വസ്തു എന്നോ, ഇന്നിൻ്റെ ഭാഷയിൽ ഇര എന്നോ ഉള്ള പര്യായ പദങ്ങളെ തിരസ്കരിച്ച് പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കവിതയാണത്. സ്ത്രീ സമൂഹത്തിൻ്റെ സ്വാതന്ത്ര്യ പാതയല്ല ‘വിത്ത്’. അതതിൻ്റെ സ്വാതന്ത്ര്യ ബോധമാണ്.
”അറിയുക,
ഞാൻ ഇരയായിരുന്നില്ല
വിത്തായിരുന്നുവെന്ന്
നിന്നാൽ കുഴിച്ചുമൂടപ്പെട്ട ഒന്ന്”
എന്നു പറയുന്ന ‘വിത്ത്’ സ്ത്രീയെ പൊതു ഇടത്തിൽ നിർത്തി ഉറച്ചു സംസാരിപ്പിക്കുകയാണ് ചെയ്യുന്നത്.
”താങ്ങാനാൾ
ഒരാവശ്യകതയല്ലാത്തതിനാൽ
തളർച്ചയുടെ ഇറക്കങ്ങളിലേക്ക്
ഞാൻ ആണ്ടു പോകുന്നുമില്ല”
എന്ന്, ‘അല്ല’ എന്ന കവിതയിൽ വായിക്കുമ്പോഴാണ് സ്ത്രീ പക്ഷ ചിന്താ പദ്ധതിയെന്നൊക്കെയുള്ള സാങ്കേതികത്വത്തെയൊക്കെ മാറ്റി നിർത്തി സാധാരണ സ്ത്രീ മനസ്സിന് സ്വാതന്ത്ര്യത്തെക്കുറിച്ച്,അതിൻ്റെ വിശാലമായ സാധ്യതകളെക്കുറിച്ചുള്ള ധാരണ തൻ്റെ മനസ്സിലൂടെത്തന്നെ ഡോ.അശ്വതി.എ.വി. വ്യക്തമാക്കുന്നു എന്ന് മനസ്സിലാവുന്നത്.ചിന്തയിലും ജീവിത പന്ഥാവിലും കേരളീയ സ്ത്രീ സമൂഹത്തിനുണ്ടായ പൊതുവായ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണങ്ങളുടെ പിൻ ബലത്തോടെ സ്വാനുഭവങ്ങൾ കൂടിച്ചേർത്ത് കവി നേരിട്ടവതരിപ്പിക്കുമ്പോൾ,പുതു കവിതയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായ സൂക്ഷ്മ രാഷ്ട്രീയ വിശകലനം സാധ്യമാവുകയാണ് ചെയ്യുന്നത്. ‘ഹാഷ്ടാഗി’ൽ ഇത് ഒരെടുത്തായി കേന്ദ്രീകരിക്കുന്ന സ്വഭാവം കാണിക്കുന്നില്ല.ഏതെങ്കിലുമൊരു കവിത അത്തരമൊരു പ്രത്യക്ഷ രൂപം കൈക്കൊള്ളുന്നതായിത്തോന്നുന്നുമില്ല.പക്ഷേ,ഈ കവിതാ സമാഹാരത്തിലെ ഭൂരിഭാഗം കവിതകളിലും രാഷ്ട്രീയം അതിൻ്റെ സൂക്ഷ്മ രൂപത്തിൽ ചിതറിക്കിടപ്പുണ്ട്.അതിനൊരിക്കലും ഈ സമാഹാരത്തിലെ കവിതകളിൽ നിന്നു മാറി നിൽക്കാനാവില്ല.കാരണം; അത്തരമൊരു കാലഘട്ടത്തിലുള്ള കവിതകളാണ് ഇതിലുള്ളത് മുഴുവൻ.അതുകൊണ്ടു തന്നെയാണ് പുതു കവിതയുടെ രാഷ്ട്രീയം കവിത തന്നെ പറയുമെന്നു പറയുന്നതും.പുതു കവിതയുടെ വഴികളിൽ സാമൂഹ്യമായ കാഴ്ചപ്പാടുകളോട് കൂടി ഇടപെടുന്ന കൊള്ളാവുന്ന ഏതു കവിയുടെ കവിതകളിലും ഇത് സ്പർശിച്ചറിയാവുന്ന സത്യമാണ്.ഡോ.അശ്വതി.എ.വി. ‘ഹാഷ്ടാഗി’ലൂടെ ഈ വിഷയത്തിൽ സ്വന്തം നിലപാടുറപ്പിക്കുകയാണ് ചെയ്യുന്നത്. ‘വിത്ത്’ , ‘പൊള്ള’ , ‘വിലമതിക്കാനാവാത്തത്’ , ‘പുറം’ , ‘തുറവി’ , ‘സൈബർ പ്രണയകാലം’ തുടങ്ങിയ കവിതകൾ ഇത് സത്യസന്ധമായി ബോദ്ധ്യപ്പെടുത്തുന്നു.
പെണ്ണിടപെടലിൻ്റെ ഇടങ്ങളാണ് ഒരു തരത്തിൽ അവരുടെ ആത്മാംശങ്ങൾക്ക് ഇരിപ്പിടം നൽകുന്നത്.ആവശ്യങ്ങളെ ആവേശങ്ങളാക്കാത്ത ഉൾപ്രവർത്തനം യഥാർത്ഥത്തിൽ സംഭവിക്കുന്നത് അത്തരം മേഖലകളിലാണ്.
”വെയിൽ
വെളിച്ചത്തിൻ്റെ
മഞ്ഞപ്പാടങ്ങൾ
തീർക്കുന്നുണ്ട്,
കണ്ണുകളടച്ചു ഞാൻ
ഇരുളായി” (സുഷുപ്തി )
എന്ന്, ഡോ.അശ്വതി പറയുന്നിടത്തു നിന്നും പുസ്തകപ്പുറങ്ങളുടെ മുന്നിലേയ്ക്കും പിന്നിലേയ്ക്കും വായനയെ വഴി നടത്തിയാൽ ‘ഹാഷ്ടാഗ്’ എന്ന കവിതാ സമാഹാരം വായനക്കാരനെ സമകാലിക ലോകത്തിൻ്റെ വഴിയോരങ്ങളിൽ തന്നെയെത്തിക്കും.അത് കൃത്യമായ അടുക്കി വയ്ക്കലിൻ്റെ രൂപത്തിലൊന്നുമല്ല.അതുകൊണ്ടാണ്, ‘പൗരത്വം’ , ‘സൈബർപ്രണയകാലം’ , ‘ഹാഷ്ടാഗ്’ തുടങ്ങിയ കവിതകൾ പുതിയ കാലത്തിൻ്റെ ചില അഭിനവ അഭിനിവേശങ്ങളോട് പരസ്യമായി കലഹിക്കുന്നത്.പ്രത്യേകിച്ചും ‘പൗരത്വം’ എന്ന കവിത ഇടം വലം നോക്കാത്ത പ്രകൃതമാണ് പ്രകടിപ്പിക്കുന്നത്.ഒരു വ്യവസ്ഥിതിയിൽ നില നിന്നിരുന്ന ‘പൗരൻ’ എന്ന വാക്കിൻ്റെ മുകളിലേയ്ക്ക് ലംഘിക്കപ്പെടുമ്പോൾ മാത്രം സാർത്ഥകമാകുന്ന ‘നിയമം’ എന്ന ലിഖിതത്തെ, ‘അധികാരം’ അവകാശമാക്കുന്ന അംഗുലീ പരിമിതത്വങ്ങൾ മനുഷ്യൻ എന്നാൽ വേർതിരിക്കപ്പെടേണ്ടവനാണെന്ന് വിളിച്ചു പറഞ്ഞപ്പോൾ,
”ഇടം മേലും
പക്ഷം ഭൂരിഭാഗവുമെന്ന
അഹന്ത”
എന്നാണ്,കവി പ്രതികരിച്ചത്.സ്പഷ്ടമാണിവിടെ കാര്യങ്ങൾ.വ്യാഖ്യാനങ്ങളുടേയോ വിശദീകരണങ്ങളുടേയോ യാതൊരാവശ്യവുമില്ല.എങ്ങനെയാണ് ഇങ്ങനെയായതെന്ന് ? അല്ലെങ്കിൽ എന്തു കൊണ്ടാണിങ്ങനെയായത് ? എന്നൊക്കെയുള്ള ചോദ്യങ്ങളുടെ കൃത്യമായ ഉത്തരമാണത്. ” ഇടം മേലും” എന്നു പറഞ്ഞുകൊണ്ട് സവർണ്ണതയെ എടുത്ത് നിർത്തി വർണ്ണ വെറിയുടെ രാഷ്ട്രീയത്തെ വല്ലാതെ പൊള്ളിക്കുകയാണ് കവി.ഇങ്ങനെയുള്ള സ്വാഭാവികവും ശരിയായ സാമൂഹ്യ വീക്ഷണം കാണിക്കുന്നതും സമൂഹവുമായി ഏറ്റവും കൂടുതൽ ഇടപഴകുന്നതുമായ ഭാഷയാൽ രൂപപ്പെടുന്നതാണെന്നതാണ് പുതു കവിതയുടെ ഏറ്റവും വലിയ സവിശേഷത.ഡോ.അശ്വതിക്ക് മാത്രമുള്ള പ്രത്യേകതയല്ലിത്.മറിച്ച്, പുതു കവിക്കൂട്ടത്തിനുമൊത്തത്തിലുള്ള സ്വഭാവമാണിത്.വരേണ്യത കാണിക്കുന്ന വർക്കത്തുകേടുകളോട് ഒരുതരത്തിലുള്ള ഒത്തു തീർപ്പിനും അവരാരും ഒരുക്കമല്ല.മനുഷ്യരുടെ കൂട്ടത്തിനെ സമൂഹം എന്ന ഒറ്റ വാക്കിൽ വിളിക്കാനോ അതിന്, ‘നമ്മൾ’ എന്ന പര്യായമെഴുതാനോ ആണ് അവർ പരിശ്രമിക്കുന്നത്. ‘സൈബർപ്രണയകാലം’ , ‘ഹാഷ്ടാഗ്’ എന്നീ കവിതകൾ കാലത്തിൻ്റെ ഏറ്റവും പുതിയ കാര്യം പറച്ചിലുകളാണ്.പ്രണയമെന്ന നിത്യ വസന്തത്തിൻ്റെ അവസ്ഥാന്തരങ്ങളെ ഭാഷയുടെ ചാക്രിക സഞ്ചാരത്തിനു തീറെഴുതാതെ ഇപ്പോൾ നിലനിൽക്കുന്നതും ഉറപ്പായും മാറ്റം വന്നേക്കാവുന്നതുമായ ഒരു സംവേദന സാധ്യതയാണ് ഡോ.അശ്വതി.എ.വി.മേൽപ്പറഞ്ഞ കവിതകളിലുപയോഗിക്കുന്നത്.
”നിന്നിലെ വസന്തത്തെ
ശ്വസിക്കാൻ
ഒരു പൂവുമാത്രം ചോദിച്ച
എനിക്കു നേരെ
ഫേസ് ബുക്ക് ലൈവിൽ നീ
കോൺക്രീറ്റ് ചട്ടികളിൽ
വളർച്ച മുരടിച്ച
അസ്ഥിശേഷരെ
കാട്ടിത്തന്നു”
(സൈബർപ്രണയകാലം)
എന്നും,
”ഇനി കാത്തിരിപ്പാണ്.
എൻ്റെ കഥ,
ഞങ്ങളുടെ കഥയായി
പരിണമിക്കുന്നതും
കാത്ത്” (ഹാഷ്ടാഗ്)
എന്നും വായിക്കുന്നിടത്ത് ഇന്നലെകളെ എടുത്തെറിയുന്ന ഒരു സങ്കല്പമുണ്ട്. ഇനി വരുന്നതിനെ അപ്പോൾ കാണാം എന്ന പറച്ചിലും.
അടുക്കള ഒരു വിഷയമാണ്,ഡോ.അശ്വതി എ.വി.യുടെ കവിതകളിൽ.എന്നാൽ ഇവയൊന്നും തന്നെ വെറും അടുക്കളക്കവിതകളല്ല.അകന്നു നിൽക്കാനാവാത്ത ഇടം എന്നാണ് ഇവിടെ അതിന് നിർവചനം.പുതിയ ജീവിതത്തിൻ്റെ പുറം മോടികളോട് ആക്ഷേപ ഹാസ്യാത്മകമായി സൗന്ദര്യപ്പിണക്കം നടത്തുന്ന ‘തുറവി’ എന്ന കവിത ഇതിലെ അടുക്കള സാമീപ്യമുള്ള ഇതര കവിതകളിൽ നിന്നും വിഭിന്നമാണ് വീട് എന്ന മൂർത്ത രൂപത്തിൻ്റെ അത്യന്താധുനിക സങ്കല്പങ്ങളാണ് ‘തുറവി’യിലെ പ്രധാന വിഷയം.സൂക്ഷ്മമായി അതിലൊരു രാഷ്ട്രീയവുമുണ്ട്.സമ്പന്നതയുടെ ദൃശ്യവൽക്കരണമാണ് ആ രാഷ്ട്രീയം.ഉണ്ടാകേണ്ടുന്ന ഒരു വീടാണ് ‘തുറവി’യിൽ കാണുന്നത്.അതിൽ ഒടുവിൽ, ഒടുവിൽ മാത്രമായൊരടുക്കള! അമ്മയ്ക്കുവേണ്ടി,അമ്മയുള്ളതുകൊണ്ട് മാത്രം! ‘പുറം’ എന്ന കവിത ആരംഭിക്കുന്നതു തന്നെ,
”അടുക്കള,
പുറംവാക്കുകളിൽ നിന്ന്
കൊട്ടിയടക്കപ്പെടുന്നു”
എന്നു പറഞ്ഞുകൊണ്ടാണ്,ഉറുമ്പും പല്ലിക്കുഞ്ഞും പാറ്റയും എലിക്കുഞ്ഞുമൊന്നും ഇവിടെ നോവപ്പെടുന്നില്ല.സ്വതന്ത്രമാവുന്ന അവരിൽ നിന്നുമാണ് കവിത കുഞ്ഞുങ്ങളിലേയ്ക്കെത്തുന്നത്.അങ്ങനെ വരുമ്പോൾ ഈ അടുക്കള കരുതലിൻ്റെ ഇടമാണ്.വാക്കുകളുടെ അടുക്കളയാവുന്നതാണ് ഇതിൻ്റെ ഒരു സൗന്ദര്യം.ഈ വാക്കുകൾ സമയ സൂചകങ്ങൾ കൂടിയാണ്,
”രാവിലത്തേത്, ഉച്ചയ്ക്കത്തേത്
നാലുമണിയ്ക്കത്തേത്
രാത്രിയിലേത്, ”
എന്നിങ്ങനെ എഴുതിയിരിക്കുന്നതിനാൽ അടുക്കളയുടെ തനതായ സജീവത അനുഭവിച്ചറിയാൻ കഴിയുന്നു.മാലിന്യമേശാത്ത ഗദ്യം എന്നതാണ് ‘പുറം’ എന്ന കവിതയുടെ മറ്റൊരു സൗന്ദര്യം. ‘ഹാഷ്ടാഗി’ലെ കവിതകളിലെ പൊതു ഗുണങ്ങളിലൊന്നും ഇതു തന്നെയാണ്. ‘കെണി’ എന്ന കവിതയുടെ പൊതു സ്വഭാവം ആകുലതയാണ്.തനിപ്പെണ്ണിൻ്റെ നിറമാണ് ‘കെണി’ക്കുള്ളത്. ‘വിലമതിക്കാനാവാത്തത്’ എന്ന കവിത വിശാലമായ ഒരു സ്വാതന്ത്ര്യ ചിന്തയാണ്.സ്വാശ്രയത്വ ബോധവും അതി ജീവന ചിന്തയും അതിന് കുട പിടിക്കുന്നു. ‘ഒന്ന്’ എന്ന കവിത ഓർമ്മപേറുന്ന സ്നേഹമാണ്. ‘മോഹം’ എന്ന കവിത ക്ലിഷേ മണം പരത്തുന്നുണ്ടെങ്കിലും പുതു കവിതയോട് പൂർണ്ണമായും നീതി പുലർത്തുന്നു.ചുരുക്കത്തിൽ ,മുപ്പതിൽപരം കവിതകളുള്ള ‘ഹാഷ്ടാഗ്’ പുതു കവിതാ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുന്നത് മികച്ച കവിതകൾ അടങ്ങിയിരിക്കുന്നു എന്നുള്ളതുകൊണ്ടു തന്നെയാവും.
സവിനയം സന്തോഷ്.എസ്.ചെറുമൂട്. Mob: 8281641953 . 'ഹാഷ്ടാഗ്' (കവിതാ സമാഹാരം) കവി : ഡോ. അശ്വതി.എ.വി. … പ്രസാധകർ #ഐവറിബുക്സ്തൃശ്ശൂർ #ivorybooksThrissur വില : 80 രൂപ. … Mob: 9567157711