ഇമ്പം
അച്ഛന്റെ രണ്ടാനമ്മക്ക് ഭ്രാന്തായി
പതിവുകളെല്ലാം തെറ്റിച്ച് അവർ അടക്ക ചോദിച്ച് വീടകം കേറിയിറങ്ങി
ഒടുക്കമവർ കിടന്നു
കണ്ണുകളുടെ ചലനം പോലും അപതാളം തേടി
ഞാനവിടെ പണ്ടേ പോവാത്തതാണ്
ഒരുകുറി കയറി
തട്ടടിക്കാൻ പോയി വരുന്ന വഴിക്കായിരുന്നു
അവരുടെ എണ്ണിയെടുക്കാവുന്ന എല്ലുകളിൽ ഞാൻ തൊട്ടുനോക്കി
അച്ഛന്റെ അമ്മയുടെ പേരെന്താണ്?
വീട്ടിലെത്തിയപാടേ അച്ഛനോട് ചോദിച്ചു
അച്ഛനെന്തോ പേരു പറഞ്ഞു.
തട്ടടിക്കുക – വഴിയോരക്കടയിൽ നിന്നും ഭക്ഷണം കഴിക്കുക
പ്രാന്താശുപത്രിയിൽ പോയതിന്റെയന്ന് വൈകീട്ട് ചത്താമതിയെന്നു തോന്നി
ഒരു ബക്കാർഡി ബ്ലാക്കിന്റെ പിൻതുണയോടെ പഴയ മെമ്പറെ തെറി പറഞ്ഞാൽ ഭ്രാന്തനാവുകയോ?
മഞ്ഞ നിറമുള്ള സെല്ലിൽ മൂവന്തിയോളം പൂട്ടിയിടുകയോ?
എനിക്ക് ചത്താമതിയെന്നു തോന്നി
ഞാൻ മേലുടുപ്പില്ലാതെ റോഡിലിറങ്ങി നടന്നു
സഞ്ജു കടയിൽ പോണത് കണ്ടപ്പൊ ഇരുവതിന്റെ ഒരു സ്പ്രൈറ്റ് വാങ്ങാൻ പറഞ്ഞു
ഗേറ്റിന്റെ ഓരത്തിരുന്നത് കുടിക്കേ പിതാശ്രീ എഴുന്നള്ളി, ഒപ്പം തള്ളയും
“അയ്യ്യേ.. എന്തായീ കാണിക്കണേ.. ഈശ്വരാ..”
അവരുടെ അപകർഷത നിന്നു കത്തി
“മോസ്കോ കോളനീലെ പിള്ളേര് റോഡിലിരിക്കൂലോ, പിന്നെന്താ ഇനിക്ക്”
ഉന്മാദകാലങ്ങൾ പതിവായി തികട്ടിത്തള്ളാറുള്ള എന്റെ സ്വത്വ നഷ്ടത്തിന് ശൈത്യമേറി
