അവസാനത്തെ നോട്ടം
എം.ആര്. രേണുകുമാര്‍
ക്ലാസുമുറി
വിട്ടിറങ്ങിയ
അവസാനത്തെ കുട്ടി
ആളനക്കമില്ലാത്ത മുറിയിലേക്ക്
തിരിഞ്ഞുനോക്കുന്നതുപോലെ
ഏറ്റവും ഒടുക്കം
അടര്‍ന്ന ഇല
ഭൂമിതൊടും മുമ്പ്
അതുവരെയത് കഴിഞ്ഞിരുന്ന ചില്ലയിലേക്ക് നോക്കുന്നതുപോലെ
കാട്ടുതീയില്‍നിന്ന്
പാതിവെന്ത് പുറത്തുവന്ന
ഏകമൃഗം അതിന്റെ വീടിരുന്നിടത്ത്
കത്തിയാളുന്ന തീയിലേക്ക്
നോക്കുന്നതുപോലെ
മറഞ്ഞിരിക്കാന്‍
പടര്പ്പില്ലാതെപോയ
പഴയഭിത്തിയിലെ
അവസാനത്തെ
ക്രയോണ്‍ പക്ഷി
നിറമടിച്ചുവരുന്ന
റോളര്‍ ബ്രഷിലേക്ക്
നോക്കുന്നതുപോലെ
തുപ്പടവറ്റിയ കുളത്തില്‍നിന്ന്
കരയിലേക്ക് എറിയപ്പെട്ട
അവസാനത്തെ മീന്‍
ആകാശയാത്രക്കിടയില്‍
കുഴിമാത്രമായി മാറിയ
കുളത്തെ നോക്കുന്നതുപോലെ.
അവസാനത്തെ ചോരത്തുള്ളി
എന്റെ ഉടലിലേക്ക് നോക്കുന്നു.