The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
August 24, 2021 by maarga editor
Culture & Arts

ശ്രീനാരായണഗുരു: കവിതയും സൗന്ദര്യശാസ്ത്രവും

ശ്രീനാരായണഗുരു: കവിതയും സൗന്ദര്യശാസ്ത്രവും
August 24, 2021 by maarga editor
Culture & Arts
Spread the love

ശ്രീനാരായണഗുരു: കവിതയും സൗന്ദര്യശാസ്ത്രവും

  • ഡോ: മനോജ് കുറൂർ

ശ്രീനാരായണഗുരുവിന്റെ കൃതികളുടെ സൗന്ദര്യശാസ്ത്രത്തെ അവയുടെ ദർശനത്തിൽനിന്നു വേറിട്ടു കാണാനാവില്ല. പക്ഷേ അദ്ദേഹത്തിന്റെ ദർശനത്തെക്കുറിച്ചോ സാമൂഹികപ്രവർത്തനത്തെക്കുറിച്ചോ ഉണ്ടായിട്ടുള്ളതുപോലെ ആഴത്തിലുള്ള അന്വേഷണങ്ങൾ ആ കൃതികളുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റി അധികം നടന്നിട്ടില്ല. പി കെ ബാലകൃഷ്ണൻ, സുകുമാർ അഴീക്കോട്, ടി ഭാസ്കരൻ, എം കെ സാനു, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയർ ഗുരുവിന്റെ ദർശനവുമായും ജീവിതവുമായും ചേർത്തുവച്ചു നടത്തിയ ചില നിരീക്ഷണങ്ങൾ, കെ. പ്രശോഭൻ ഉൾപ്പെടെ ചിലർ നടത്തിയ ഗവേഷണപഠനങ്ങൾ എന്നിവയുണ്ടായിട്ടുണ്ട് എന്നു വിസ്മരിക്കുന്നില്ല. എങ്കിലും ഈ മേഖലയിൽ കൂടുതൽ വിശകലനങ്ങൾ നടക്കേണ്ടതുണ്ട് എന്നുതന്നെ തോന്നുന്നു.

തത്ത്വജ്ഞാനിയും സാമൂഹികപരിഷ്കർത്താവുമാണ് ശ്രീനാരായണഗുരു എന്നു പ്രത്യേകം പറയേണ്ടതില്ല; എന്നു തന്നെയല്ല, ആ നിലകളിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും മിക്കവാറും വിലയിരുത്തിപ്പോരാറുള്ളതും. പക്ഷേ അതിനൊപ്പമോ അതിനപ്പുറമോ കവിയാണ് അദ്ദേഹം എന്നതാണ് ഊന്നിപ്പറയേണ്ട കാര്യം. പ്രമാണങ്ങളെ അടിസ്ഥാനമാക്കി കാര്യകാരണസഹിതം സ്വസിദ്ധാന്തം സ്ഥാപിക്കുന്ന തത്ത്വചിന്തകരുടെ രീതിയെക്കാൾ സ്വാനുഭൂതിയെ ആധാരമാക്കി സ്വാഭാവികമായി ഒരു ദർശനത്തിൽ ചെന്നുചേരുന്ന കവിയുടെ രീതിയാണ് അദ്ദേഹത്തിന്റെ കൃതികളിലുള്ളത്. ഈ മട്ടിൽ വഴികൾ രണ്ടാണെങ്കിലും ചെന്നുചേരുന്ന ഇടം ഒന്നുതന്നെയാവുകയും ചെയ്യുന്നു.

‘കവിസന്തതി സന്തതവും തൊഴുമെൻ-

ഭവനാടകമാടുമരുമ്പൊരുളേ!’ (ശിവപ്രസാദപഞ്ചകം)

എന്നീ വരികളിൽ അദ്ദേഹം കവിക്കു നല്കുന്ന മഹത്തായ സ്ഥാനം നോക്കുക. സംസാരനാടകത്തിന്റെ ശിവനടനം അനുഭവിക്കാനും അരുംപൊരുളറിയാനും ശേഷിയുള്ള ക്രാന്തദർശിയെയാണ് അദ്ദേഹം കവി എന്നു വിളിക്കുന്നത്. ആ അർത്ഥത്തിൽ കവി എന്ന വിശേഷണം മറ്റാർക്കു യോജിച്ചില്ലെങ്കിലും ശ്രീനാരായണഗുരുവിനു ചേരും എന്ന് ഉറപ്പിച്ചു പറയാം. എങ്കിലും ഗുരുവിന്റെ കൃതികൾക്കുള്ള വ്യാഖ്യാനങ്ങളിലേറെയും കാവ്യാത്മകമെന്നതിനെക്കാൾ തത്ത്വചിന്താപരമായ ഉള്ളടക്കം വെളിപ്പെടുത്തുന്നതിനാണു ശ്രമിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിൽ ആധ്യാത്മിക പാരമ്പര്യം പിൻപറ്റുന്നവരാണ് ആ കൃതികളുടെ വ്യാഖ്യാതാക്കൾ എന്നതു മാത്രമല്ല, കാലങ്ങളായി കാവ്യനിരൂപകർ ഗുരുവിന്റെ കൃതികളോടു പുലർത്തുന്ന അലസതയും സൗന്ദര്യശാസ്ത്രപരമായ വിശകലനങ്ങളുടെ അഭാവത്തിനു കാരണമായിട്ടുണ്ട്.

കവിതാരചനയിൽ സ്വാഭാവികമായ അനുഭൂതിയുടെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നു സ്വയം തിരിച്ചറിഞ്ഞ കവിയാണ് ശ്രീനാരായണഗുരു. 1884 കാലത്ത് അദ്ദേഹമെഴുതിയ സ്വാനുഭവഗീതിയിലെ നാല്പതു ശ്ലോകങ്ങൾ നഷ്ടപ്പെട്ടു പോയപ്പോൾ ആ ഭാഗം വീണ്ടും പറഞ്ഞു കൊടുക്കണമെന്ന് കരുവാ കൃഷ്ണനാശാൻ അപേക്ഷിക്കുകയും ‘അതെഴുതിയ ആൾ ഇപ്പോൾ ഇല്ല; മറ്റൊരാൾ അതു പൂർത്തിയാക്കുന്നത് ഉചിതവുമാവില്ല’ എന്നു ഗുരു മറുപടി പറയുകയും ചെയ്തതായി അദ്ദേഹത്തിന്റെ കൃതികളുടെ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നുണ്ട്. കുണ്ഡലിനിപ്പാട്ടിനെപ്പറ്റി, ‘മലയാളത്തിലെ ശുദ്ധ മിസ്റ്റിസിസത്തിന് മിക്കവാറും ആദ്യത്തെ- ഒരുപക്ഷേ അവസാനത്തേയും- മാതൃകയായി ആ കൃതിയെ കണക്കാക്കാം’ (ശ്രീനാരായണ ഗുരുദേവകൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം, അവതാരിക)

എന്നു സുകുമാർ അഴീക്കോട് പറയുന്നതും ഈ ജൈവികമായ ചോദനയെ കവിതാരചനയുടെ അനിവാര്യതയായി മനസ്സിലാക്കുന്നതുകൊണ്ടാണ്. വരൾച്ച മൂലമുള്ള ദുരിതം വിവരിക്കുന്ന അർദ്ധനാരീശ്വരസ്തവം, കൊടുത്ത വസ്തു തിരിച്ചു ചോദിക്കുന്നതിലെ അനീതി പ്രമേയമാക്കിയ ദത്താപഹാരം എന്നിങ്ങനെയുള്ള വിഷയവൈവിധ്യം നാരായണഗുരുവിന്റെ കവിതകള്‍ക്കുണ്ടാകുന്നതിനു കാരണം വ്യക്തമാണ്; സാമൂഹികമായ സാഹചര്യങ്ങളിലും ആന്തരികമായ ചോദനയാണ് അദ്ദേഹത്തിനു കവിതാരചനയ്ക്ക് അടിസ്ഥാനമാകുന്നത്.

എന്നാൽ ഗുരുവിന്റെ മറ്റൊരു നിഷ്കർഷകൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. ‘മന:ഖഗ’ എന്നതിനു പകരം ‘മനോഖഗ’ എന്നു ‘ലീല’യിൽ പ്രയോഗിച്ചത് ചൊല്ലാനുള്ള സുഖംകൊണ്ടാണെന്നു കുമാരനാശാൻ പറഞ്ഞത് ഒരു ശിഷ്യൻ സൂചിപ്പിച്ചപ്പോൾ, ‘അതു ശരിയല്ല; ചൊല്ലാൻ സുഖമുണ്ടെന്നു കരുതി തെറ്റായ പദം സ്വീകരിക്കരുത്. ചൊല്ലാൻ സുഖമുള്ളതു നോക്കി ശരിയായ പദം തിരഞ്ഞെടുക്കണം’ എന്ന് അദ്ദേഹം പറഞ്ഞതായിക്കാണാം. (പി. കെ. ബാലകൃഷ്ണൻ, നാരായണഗുരു, പു. 26) കവിതയുടെ രൂപതലത്തിലുള്ള ഈ ശ്രദ്ധ കൂടി പരിഗണിക്കുമ്പോൾ, സ്വാനുഭൂതി എന്നത് സ്വയം നഷ്ടപ്പെടുന്ന തരത്തിലുള്ള അവസ്ഥയല്ലെന്നും അതിൽ രൂപത്തിന്റെയും പ്രമേയത്തിന്റെയും സ്വാഭാവികതയ്ക്കൊപ്പം രചനാപരമായ സമഗ്രതയ്ക്കും സ്ഥാനമുണ്ടെന്നും വരുന്നു. അതായത്,

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-

ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;

ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും

നേരാ, മുണർന്നളവുണർന്നവനാമശേഷം. (അദ്വൈതദീപിക)

എന്നതിലെ വിവിധ വസ്തുനാമങ്ങളും (പേരായിരം) ചിത്തത്തിനുണ്ടാകുന്ന വികാരങ്ങളും (പ്രതിഭ) ചേർന്ന ഭാഷയുടെയും പ്രപഞ്ചത്തിന്റെയും കിനാവ്, പ്രാതിഭാസികമാണെങ്കിൽപ്പോലും സമഗ്രമാണെന്നും അതിൽനിന്നുള്ള ഉണർവാണു നേരെങ്കിൽപ്പോലും അതു പൂർവാവസ്ഥയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ലെന്നും കാണാം. കിനാവ്, നേര് എന്നിവയിൽ ഒന്നു മറ്റൊന്നിന്റെ നിഷേധമല്ല; അവ പരസ്പരപൂരകമാണ് എന്നതാണ് ഇവിടുത്തെ അദ്വൈതം.

അറിയപ്പെടുമിതു വേറ-

ല്ലറിവായീടും തിരഞ്ഞിടും നേരം;

അറിവിതിലൊന്നായതുകൊ-

ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും (അറിവ്)

എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹം മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുമുണ്ടല്ലോ.

ഇത്തരം വരികളിലുള്ളതുപോലെ പലതിനെ ഒന്നായിക്കാണുന്ന സാമാന്യവത്കരണവും ഒന്നിനെ പലതായി കാണുന്ന വിശേഷവത്കരണവും ചേർന്നൊരുക്കുന്ന പ്രപഞ്ചമാണ് ഗുരുവിന്റെ കവിതകളിലൂടെ പൂർണ്ണവികാസം പ്രാപിക്കുന്നത്. അനേകത്തിൽനിന്ന് ഏകത്വത്തിലേക്ക് എന്നതാണ് പൊതുവേ അദ്ദേഹത്തിന്റെ ദർശനം.

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-

ട്ടെണ്ണും പൊരുളൊടുങ്ങിയാൽ

നിന്നിടും ദൃക്കുപോലുള്ളം

നിന്നിലസ്‌പന്ദമാകണം (ദൈവദശകം)

എന്നും

ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-

ളെല്ലയിലേറിനിന്നാടു പാമ്പേ (കുണ്ഡലിനിപ്പാട്ട്)

എന്നും പല തരത്തിൽ ഈ ആശയം അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിക്കുന്നുണ്ട്.

ഒരു യോഗാത്മക മിസ്റ്റിക് കവിയുടെ വ്യക്തിനിഷ്ഠമായ ഇത്തരം അതീന്ദ്രിയാനുഭവങ്ങൾക്കപ്പുറം ശ്രീനാരായണഗുരുവിന്റെ ദർശനത്തെ സവിശേഷമാക്കുന്ന ചിലതു കൂടിയുണ്ട്. സാധനയിലൂടെ എത്തിച്ചേരുന്ന ആത്മസുഖത്തിൽ മുഴുകുന്നതിനൊപ്പം,

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവ, യപരന്നു സുഖത്തിനായ് വരേണം (ആത്മോപദേശശതകം)

എന്നു മറ്റുള്ളവരെക്കൂടി ആ സുഖാനുഭവത്തിൽ പങ്കാളികളാക്കുക എന്ന കരുതൽ അതിലുണ്ട്. ‘അരുളിനും അൻപിനും അനുകമ്പയ്ക്കും പൊരുളൊന്നാ’ണെന്ന അനുകമ്പാദശകത്തിലെ ദർശനം അപ്പോഴാണല്ലോ സാർത്ഥകമാകുന്നത്. ഇതിനു തുടർച്ചയാകുന്ന ഗുരുവിന്റെ സൗന്ദര്യദർശനം സ്വാനുഭവഗീതിയിൽ കാണാം:

വെളിയാമതു വന്നെൻ മുൻ-

വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്

വെളി മുതലഞ്ചിലുമൊന്നായ്

വിളയാടിടുന്നതാണു തിരുനടനം.

(പ്രകാശരൂപത്തിൽ അതു വന്ന് മുമ്പ് വെളിവായിരുന്നതിനെയെല്ലാം വിഴുങ്ങി സ്വയം പ്രകാശിക്കുന്ന കേവലബോധമാക്കി മാറ്റി. ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളിലും ഒന്നായി വിളയാടുന്നതാണ് തിരുനടനം)

നടനം ദർശനമായാ-

ലുടനേതാനങ്ങിരുന്നു നടുനിലയാം,

നടുനില തന്നിലിരിക്കും

നെടുനാളൊന്നായവന്നു സൗഖ്യം താൻ.

(ആ നടനം കാണാനായാൽ അതുമായി അഭിന്നമായിത്തീരുന്ന ആത്മാവ് സാക്ഷിയായി- നടുനിലയായി- മാറും. ആ നിലയിലിരിക്കുന്നവനാണു സൗഖ്യം)

സൗഖ്യം തന്നെയിതെല്ലാ-

മോർക്കുന്തോറും നിറഞ്ഞ സൗന്ദര്യം

പാർക്കിൽ പാരടിപറ്റി-

പ്പാർക്കുന്നോനിൽ പകർന്ന പഞ്ജരമാം.

(ഇതെല്ലാം സൗഖ്യം തന്നെ. ഓർക്കുന്തോറും നിറഞ്ഞ സൗന്ദര്യവും ഇതുതന്നെ. പാരെല്ലാം അടിപറ്റിപ്പാർക്കുന്നോനിൽ രൂപംകൊണ്ട വാസസ്ഥാനമാണിത്)

ഇത്തരത്തിൽ സൗന്ദര്യാനുഭവത്തിന്റെ ഒരു അലൗകികസ്വഭാവത്തിലാണ് ഗുരു ഊന്നുന്നതെങ്കിലും അദ്ദേഹത്തിന്റെ കവിത മുന്നോട്ടു വയ്ക്കുന്ന സൗന്ദര്യദർശനത്തിൽ ലൗകികപ്രത്യക്ഷങ്ങളുടെ വൈവിധ്യവുമുണ്ട്. ആദ്യം അദ്ദേഹത്തിന്റെ ഭാഷതന്നെയെടുക്കാം. സംസ്കൃതം, മലയാളം, തമിഴ് എന്നിങ്ങനെ മൂന്നു ഭാഷകൾ വേറിട്ടും ചിലപ്പോൾ കലർന്നും ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ചില കവിതകൾ പച്ചമലയാളത്തിൽത്തന്നെയാവുന്നതും കാണാം. ഭാഷയുടെ കാര്യത്തിൽ ഇത്തരമൊരു സാമാന്യവത്കരണം സാധ്യമാകുമെങ്കിലും അതിനു ചില അപകടങ്ങളുമുണ്ട്. കാരണം ഗുരുവിന്റെ കൃതികൾക്കുള്ള സൗന്ദര്യശാസ്ത്രപരമായ സവിശേഷതകളെ കുറച്ചെങ്കിലും സംബോധന ചെയ്യണമെങ്കിൽ അവയെ വേറിട്ടുതന്നെ കാണണം. കവിതാചരിത്രത്തിൽത്തന്നെ അനനുകരണീയവും മൗലികവുമായ ഒരു നിലയാണ് അവയ്ക്കുള്ളത്. ഭാഷയിലും കാവ്യസങ്കേതങ്ങളുടെ വിനിയോഗത്തിലുമുള്ള അപൂർവ്വതയാണ് ഗുരുദേവകൃതികളുടെ പ്രത്യേകത. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ മലയാളകവിതയുടെ പൊതുരീതിയിൽനിന്ന് അവ അകലം സൂക്ഷിക്കുന്നതു കാണാതിരുന്നുകൂടാ. എങ്കിലും അവയിലേക്കെത്തുന്ന ചില തുടർച്ചകളുമുണ്ട്. ഈ വിടർച്ചകളെയും തുടർച്ചകളെയും അഭിമുഖീകരിക്കാൻ പാകത്തിനു ചില ധാരണകൾ സ്വരൂപിക്കുക മാത്രമാണ് ഇവിടുത്തെ ഉദ്ദേശ്യം.

വേറിട്ട മൊഴിയും പൊരുളും: ഗുരുവിന്റെ സ്വന്തം പദകോശം


മലയാളമായാലും പച്ചമലയാളമായാലും അക്കാലത്ത് പ്രചാരം നേടിയ വെണ്മണി പ്രസ്ഥാനത്തിന്റെയും മറ്റും രീതിയിൽനിന്നു പ്രകടമായിത്തന്നെ വ്യത്യസ്തമാണ് ശ്രീനാരായണഗുരുവിന്റെ ഭാഷാശൈലി. തമിഴും മലയാളവും പങ്കിടുന്ന വാക്കുകൾ വിളക്കിച്ചേർത്ത ഭാഷയാണത്. ഉദാഹരണത്തിന് ഈ സംബോധനകൾ ശ്രദ്ധിക്കുക:

അരുളേ, തിരുമേനിയണഞ്ഞിടുമീ-

യിരുളേ, വെളിയേ,യിടയേ, പൊതുവേ,

കരളേ, കരളിങ്കലിരിക്കുമരും-

പൊരുളേ, പുരി മൂന്നുമെരിച്ചവനേ!

ചിലയിടങ്ങളിൽ സംസ്കൃതവും ഈ ഭാഷയോടു കലരുന്നു:

പുതുമാങ്കനി പുത്തമൃതേ, ഗുളമേ,

മധുവേ, മധുരക്കനിയേ, രസമേ,

വിധിമാധവരാദി തിരഞ്ഞിടുമെൻ

പതിയേ, പദപങ്കജമേ, ഗതിയേ! (ചിജ്ജഡചിന്തനം)

ഇത്തരത്തിലുള്ള സംബോധനകളിലൂടെ, നാമരൂപങ്ങളിലൂടെ, അവയിലെല്ലാം വ്യാപിച്ചിരിക്കെത്തന്നെ അവയ്ക്കും അതീതമായി പുലരുന്ന ഒരു പരംപൊരുളിനെ വെളിപ്പെടുത്തുന്ന രീതി പല കവിതകളിലുമുണ്ട്:

അരുളേ! നിൻകളിയരുളാ-

ലരുളീടുന്നീയെനിക്കൊരരുമറയേ!

ഇരുളേ! വെളിയേ! നടുവാ-

മരുളേ! കരളിൽ കളിക്കുമൊരു പൊരുളേ!

എന്നും,

പുകയേ! പൊടിയേ! പുറമേ!

യകമേ! വെളിയേ! നിറഞ്ഞ പുതുമഴയേ!

ഇഹമേ! പരമേ! ഇടയേ!

സുഖമേകണമേ കനിഞ്ഞു നീയകമേ (സ്വാനുഭവഗീതി)

എന്നുമൊക്കെ അകംപുറം പൊരുളുകളൊന്നാകുന്ന മൊഴിപ്പെരുക്കത്തിന്റെ ഒരു പ്രപഞ്ചംതന്നെ സൃഷ്ടിക്കുന്നുണ്ട് അദ്ദേഹം.

ഈ വാക്കുകളുടെ പൊരുളിലുമുണ്ട് തനതായ നില. പല വാക്കുകൾക്കും ഈ കൃതികളിൽ സവിശേഷമായ അർത്ഥമാണുള്ളത്. ഇങ്ങനെ എടുത്തണിയുന്ന പൊരുളുകൾ ഗുരുവിന്റെ ദർശനവുമായിത്തന്നെ ചേർന്നു നില്ക്കുന്നു. പല

പൊരുളുകളിലൂടെ വെവ്വേറെയാണെന്നു തോന്നിക്കുന്ന മൊഴികൾക്ക് ഒറ്റപ്പൊരുൾ നല്കുന്നത് അനുകമ്പാദശകത്തിൽ കാണാം:

അരുളൻപനുകമ്പ മൂന്നിനും

പൊരുളൊന്നാണിതു ജീവതാരകം

“അരുളുള്ളവനാണു ജീവി”യെ-

ന്നുരുവിട്ടീടുകയീ നവാക്ഷരി

ജ്ഞാനം, സ്നേഹം, കാരുണ്യം

അരുളിനും അൻപിനും അനുകമ്പയ്ക്കും ഇവിടെ പൊരുൾ ഒന്നുതന്നെയാണ്. ജ്ഞാനം, അനുഗ്രഹം എന്നിവയെ കുറിക്കുന്ന അരുളിനും സ്നേഹം എന്നർത്ഥമുള്ള അൻപിനും ദയയെ സൂചിപ്പിക്കുന്ന അനുകമ്പയ്ക്കും ഒരേ അർത്ഥമാണ്. ജീവതാരകം (ജീവനെ സംസാരദു:ഖങ്ങളുടെ മറുകരെ എത്തിക്കുന്നത്) പോലും അതാണ്. ഇവയിൽ അരുളിനെ ഒരു സന്ദർഭത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു:

മലർമണമെന്നകണക്കു മൂന്നു ലോക-

ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി

കലശജലപ്രതിബിംബനഭസ്സുപോൽ

പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ (ശിവശതകം)

മലർമണം പോലെ മൂന്നു ലോകത്തിലും പൊങ്ങി വ്യാപിച്ചുനില്ക്കുമ്പോൾത്തന്നെ കുടത്തിലെ വെള്ളത്തിൽ ആകാശമെന്നപോലെ പ്രതിബിംബിക്കുന്ന, പലതിലും നിറഞ്ഞതാണ് അരുൾ. ഇത്തരത്തിൽ സ്വയം അർത്ഥങ്ങൾ വികസിപ്പിച്ചെടുത്ത ഒരു പദകോശംതന്നെ ഗുരു കവിതയിലൂടെ സൃഷ്ടിക്കുന്നുണ്ട്.

അറിവ് എന്ന വാക്ക് നോക്കൂ. ഒരു പച്ചമലയാളകൃതിയുടെ പേരുതന്നെ അറിവ് എന്നാണ്. ബോധം, ജ്ഞാനം, ദൈവം എന്നിങ്ങനെ പല അർത്ഥങ്ങളിലാണ് ഈ വാക്കിന്റെ ഉപയോഗം.രൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവ് ദൈവം എന്നിങ്ങനെ പലതിനെ ഒന്നാക്കുന്നതും കാണാം. അറിവ് എന്ന പച്ചമലയാളകൃതിയിൽ ഈ വാക്കിന്റെ അർത്ഥവ്യാപ്തി അനുഭവിച്ചറിയാം.

അർത്ഥം, പരമാർത്ഥജ്ഞാനം, ആധാരം എന്നിങ്ങനെ പല പൊരുളുകളാണ് പൊരുൾ എന്ന വാക്കിന്. ഇമ്പം എന്ന വാക്ക് ഗുരു സുഖം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതു കാണാം. പുരുഷാർത്ഥങ്ങളായ ധർമ്മാർത്ഥകാമമോക്ഷങ്ങൾ തമിഴിൽ യഥാക്രമം അറം, പൊരുൾ, ഇമ്പം, വീട് എന്നിങ്ങനെയാണ് വ്യവഹരിക്കപ്പെടുന്നത് എന്നുകൂടി ഓർക്കാവുന്നതാണ്. ഇരപ്പോട്, ഇരക്കുന്നതിനുള്ള ഓട് അഥവാ ഭിക്ഷാപാത്രമാണ്.

എച്ചിൽച്ചോറുണ്ട പുള്ളിക്കിനിയൊരു മകനാം

നീയിരപ്പാളി, ഞാനോ

പിച്ചക്കാരൻ, പിഴയ്ക്കും പിഴകളഖിലവും

നീ പൊറുക്കെന്നു ഞായം

എന്ന് സുബ്രഹ്മണ്യകീർത്തനത്തിൽ ഭഗവാൻ ഇരപ്പാളിയും ഭക്തൻ പിച്ചക്കാരനും ആകുന്നതു കാണാം. പ്രത്യക്ഷത്തിലുള്ള നർമ്മത്തിനപ്പുറം, തമിഴ് ശൈവ-വൈഷ്ണവഭക്തിപ്രസ്ഥാനങ്ങളിൽ ഭക്തർ സ്വയം അടിയാരും തൊണ്ടരുമായി കരുതുന്ന പാരമ്പര്യത്തിന്റെ തുടർച്ച കൂടി ഇവിടെയുണ്ട്. ശരീരം എന്ന അർത്ഥത്തിൽ ഉരു, കരു എന്നീ വാക്കുകൾ അദ്ദേഹം ഉപയോഗിക്കുന്നു. കാരണം, വസ്തുസ്വരൂപമായ ബോധം, രൂപം എന്നിങ്ങനെ വ്യാഖ്യാനങ്ങളിൽ പല അർത്ഥങ്ങളും കരുവിനു നല്കുന്നുണ്ട്. മുൻപിറപ്പുകളിലെ കർമ്മം/ലോകവാസന എന്ന അർത്ഥത്തിൽ വരുന്ന പഴവിന എന്ന പദം, വിതറുക, നിർമ്മിക്കുക എന്നീ അർത്ഥങ്ങളുള്ള വിതറ്റുക എന്ന ക്രിയാപദം, വെളിവ്, ബോധം, ആകാശം എന്നിവയെ കുറിക്കുന്ന വെളി, നിർവികല്പജ്ഞാനത്തെ സൂചിപ്പിക്കുന്ന പരവെളി, കേവലബോധത്തിനെ കുറിക്കുന്ന വെറുവെളി, ശരീരം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നവൻ എന്നതിനു തുരുമ്പൻ എന്നിങ്ങനെ നിരവധി വാക്കുകളാണ് സവിശേഷമായ പൊരുളടക്കത്തോടെ അദ്ദേഹത്തിന്റെ കൃതികളിൽ വരുന്നത്. പ്രാതിഭാസികവും പാരമാർത്ഥികവുമായ അർത്ഥങ്ങളെ കുറിക്കാൻ ഒരേ വാക്കുതന്നെ ഉപയോഗിച്ചുകൊണ്ട് ഭാഷാപ്രയോഗത്തിലും അദ്ദേഹം ദാർശനികമായ മാനങ്ങൾ നിലനിർത്തുന്നു.

പദങ്ങൾ നൃത്തം ചെയ്യുന്നതുപോലെയോ ജലപ്രവാഹത്തിൽ ഓളംതള്ളുന്നതു പോലെയോ ചലനാത്മകമായിത്തീരുന്നത് ഗുരുവിന്റെ കവിതയിൽ ഒരു സാധാരണകാര്യം മാത്രമാണ്.

ആഴിയും തിരയും കാറ്റും

ആഴവും പോലെ ഞങ്ങളും (ദൈവദശകം)

നങ്കും മങ്കും നടിച്ചും (സുബ്രഹ്മണ്യകീർത്തനം)

കാടും വീടും സമം നിന്തിരുവടിയരുൾ പൊ-

ങ്ങീടുവോളം പൊറുപ്പാൻ

നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-

ത്താറുമുണ്ടോതുവാനും (സുബ്രഹ്മണ്യകീർത്തനം)

എന്നിങ്ങനെ ഇത്തരം മൊഴിയടുക്കുകൾക്ക് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

ആവിവൻതോണി (ദൈവദശകം), ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര,

പാതിപ്പെൺമെയ്മകൻ (സുബ്രഹ്മണ്യകീർത്തനം) എന്നതുപോലെ സ്വന്തമായ മൊഴിച്ചേർപ്പുകളാണ് അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്ന മറ്റൊരു ജൈവഘടകം.

കവിതയിലെ ഭാഷാപരമായ പ്രയോഗങ്ങളുടെ സവിശേതകൾ ഇനിയുമുണ്ട്. അന്തിപ്പൂന്തിങ്കളുന്തി (സുബ്രഹ്മണ്യകീർത്തനം) എന്നതിൽ, പുറത്തുകാട്ടി എന്ന അർത്ഥത്തിൽ ഉന്തി എന്നു പ്രയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ത്രിമാനഭംഗി നോക്കുക. മൂടറ്റിടും മുൻ (സുബ്രഹ്മണ്യകീർത്തനം), കള്ളം കണ്ടുപിടിച്ചാ-

ലുള്ളം കൈകണ്ട നെല്ലിതൻ കനിയാം (സ്വാനുഭവഗീതി) എന്നിങ്ങനെ

നാട്ടുമൊഴിയുടെ ചൂരുള്ള പ്രയോഗങ്ങളും അനേകം. അന്തം, മധ്യം, ആദി എന്നിവ പോയി മൂന്നും ഒന്നായി എന്നതിന് മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ് (ശിവശതകം) എന്നും അപാനൻ താഴേയ്ക്കും പ്രാണൻ മുകളിലേക്കും സഞ്ചരിക്കുന്നതിനെ കുറിക്കാൻ അടിക്കു പന്നിപോയി നിന്മുടിക്കൊരന്നവും പറന്നടുത്തു (ശിവശതകം) എന്നും ഒഴിഞ്ഞു പോകാവുന്നതെല്ലാം ഒടുങ്ങിക്കഴിഞ്ഞ് ഉദിക്കുന്ന അർക്കബിംബം എന്ന അർത്ഥത്തിൽ ഒഴുവിലൊടുക്കമുദിക്കുമർക്കബിംബം (ശിവശതകം) എന്നും കാമകേളികളിലേർപ്പെട്ട് രജോഗുണപ്രധാനമായ കാമവാസനകൾ വളർത്തി വിരണ്ട് ജീവിതം നശിപ്പിക്കാൻ എന്ന ആശയം കുറിക്കാൻ

കടിയിടയിങ്കലൊളിച്ചിരുന്നു കൂടും

പൊടിയിലുരുണ്ടു വിരണ്ടു പോക്കടിപ്പാൻ (ശിവശതകം)

എന്നുമെഴുതുന്ന ശ്രീനാരായണഗുരു സാമാന്യവ്യവഹാരഭാഷയിൽനിന്ന് സവിശേഷമായ ഒരു കാവ്യഭാഷ രൂപപ്പെടുത്തുകയാണ്.

ഒന്നിനെ ചൂണ്ടി മറ്റൊന്നിലേക്ക്


അലങ്കാരകല്പനകളെക്കാൾ സമഗ്രമായ കാവ്യാനുഭൂതിക്കാണ് പ്രാധാന്യം നല്കേണ്ടത് എന്നു ശ്രീനാരായണഗുരു കരുതുന്നതായി തോന്നും. എങ്കിലും ആവിഷ്കരിക്കുന്ന ആശയങ്ങൾക്ക് ഇന്ദ്രിയത്വം നല്കുവാനുതകുന്ന ചില കല്പനകൾ അദ്ദേഹത്തിന്റെ കവിതകളിൽ ആവർത്തിക്കുന്നുണ്ട്. മഹസ്സ്, ദൈവം, ജ്യോതിസ്സ്, ജ്ഞാനം, ആനന്ദം എന്നിങ്ങനെയുള്ള അമൂർത്തമായ ആശയങ്ങളെയും അവയുടെ അപാരതയെയും പ്രത്യക്ഷവത്കരിക്കുവാൻ അദ്ദേഹം ചിലപ്പോൾ സ്വീകരിക്കുന്നത് കടൽ എന്ന ഉപമാനമാണ്:

ആഴമേറും നിൻ മഹസ്സാ-

മാഴിയിൽ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം (ദൈവദശകം)

തിരയടിച്ചുയർന്നു പരക്കുന്ന കടൽ കാവ്യബിംബമാകുന്ന മറ്റൊരു സന്ദർഭം:

ആനന്ദക്കടൽ പൊങ്ങി-

ത്താനേ പായുന്നിതാ പരന്നൊരു പോൽ,

ജ്ഞാനം കൊണ്ടിതിലേറി-

പ്പാനം ചെയ്യുന്നു പരമഹംസജനം (സ്വാനുഭവഗീതി)

ചിലപ്പോൾ ഒരു കോടി സൂര്യന്മാർ ഒരുമിച്ചുയരുന്ന പ്രകാശമാണ് ഇങ്ങനെയൊരനുഭവമാകുന്നത്:

ഒരുകോടി ദിവാകരരൊത്തുയരും-

പടി പാരൊടു നീരനലാദികളും

കെടുമാറു കിളർന്നു വരുന്നൊരു നിൻ

വടിവെന്നുമിരുന്നു വിളങ്ങിടണം (ചിജ്ജഡചിന്തനം)

പ്രപഞ്ചമാകെ നിറയുന്ന ശക്തിയുടെ നിഗൂഢവും ഒപ്പം അനുഭവത്തിൽ ചലനാത്മകവുമായ ചൈതന്യത്തെ ആവാഹിക്കുന്ന കല്പനകൾ സംയോജിപ്പിച്ചൊരുക്കിയ സുന്ദരമായ കവിതയാണ് ജനനീനവരത്നമഞ്ജരി. ഉദാഹരണം:

മേലായ മൂലമതിയാലാവൃതം ജനനി

നീ, ലാസ്യമാടിവിടുമീ-

കീലാലവായ്വനലകോലാഹലം ഭുവന-

മാലാപമാത്രമഖിലം,

കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു

ലീലാപടം ഭവതി മെയ്-

മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-

വീലാഗമാന്തനിലയേ

മത്തേഭം എന്ന വൃത്തത്തിന്റെ താളം ഈ കവിതയ്ക്കു നല്കുന്ന ചടുലതയും അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.

പഞ്ചേന്ദ്രിയങ്ങൾക്ക് ശ്രീനാരായണഗുരു പല കൃതികളിൽ പല കല്പനകളാണൊരുക്കുന്നത്. ‘കരുവിനു കണ്ണുകളഞ്ച്’ എന്ന് ആത്മോപദേശശതകത്തിൽ. ഇന്ദ്രിയങ്ങൾ കിളികളും ഇന്ദ്രിയാനുഭവങ്ങൾ അവ ഭക്ഷിക്കുന്ന പഴങ്ങളുമാകും.

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും

വെളിവുരുവേന്തിയകം വിളങ്ങീടേണം (ആത്മോപദേശശതകം)

പിണ്ഡനന്ദിയിൽ ഇന്ദ്രിയങ്ങൾ വാതിലുകളാണ്:

അന്നുള്ള വേദന മറന്നതു നന്നുണർന്നാ-

ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!

പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു

തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

‘പൊന്നപ്പനായ അവിടുന്ന് ഈ കുഞ്ഞിന് വെളിച്ചം കയറാൻ അഞ്ച് ചെറുവാതിലുകൾ നിർമ്മിച്ചു തന്ന’ ഇന്ദ്രിയങ്ങൾകൊണ്ടാണ് താൻ പ്രപഞ്ചത്തെ അറിയുന്നത്. ഇന്ദ്രിയവൈരാഗ്യത്തിൽ ഇന്ദ്രിയങ്ങളെ പുലയർ എന്നാണു വിളിക്കുന്നത്:

അയ്യോ ! കിടന്നലയുമിപ്പുലയർക്കു നീയെൻ-

മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലിൽ

കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-

പ്പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്!

മനനാതീതത്തിൽ മദനപ്പുലയൻ എന്നൊരു രൂപകവും കാണാം.

അവിടെ പുലയശബ്ദത്തിനു കാട്ടാളൻ എന്ന് വ്യാഖ്യാതാക്കൾ അർത്ഥം പറയുന്നു. വേറിട്ട പൊരുളുകളുള്ള ഒരു നിഘണ്ടുവിൽ ഈ വാക്കിന് പൊതുവേയുള്ള അർത്ഥമാവുകവയ്യല്ലോ. അത് ഒരു ജാതിനാമമാവില്ല എന്നു സന്ദർഭത്തിൽനിന്നു വ്യക്തമാണ്. പുലയ്ക്ക് പൊയ്യ്, അശുദ്ധി തുടങ്ങിയ അർത്ഥങ്ങളുണ്ട്. അത്തരത്തിൽ പുലയുള്ളവൻ എന്ന പൊരുളാണ് അവിടെയുള്ളതെന്നു ഗ്രഹിക്കാനാവും. തന്നെ വേട്ടയാടുന്ന കാമക്രോധാദി വികാരങ്ങളെ കുറിക്കാൻ അങ്കം വെട്ടുന്ന വേടപ്പരിഷയെ (സുബ്രഹ്മണ്യകീർത്തനം) എന്ന് പ്രയോഗിക്കുന്നിടത്തും ജാതിസൂചനയല്ല ഉള്ളത്.

അറിവാം കരുവാൻ ചെയ്ത

കരുവാണിനമോർക്കുകിൽ (ജാതിലക്ഷണം)

എന്നിടത്ത് അറിവിനെ കരുവാൻ ആക്കിയിരിക്കുന്നതുകൂടി നോക്കിയാൽ ജാതിയുടെ വലിപ്പച്ചെറുപ്പങ്ങളല്ല, നിഷ്പത്തിപരമായ അർത്ഥമാണ് ഗുരു ഉദ്ദേശിക്കുന്നത് എന്നു തിരിച്ചറിയാമല്ലോ.

അരുളില്ലയതെങ്കിലസ്ഥി തോൽ

സിര നാറുന്നൊരുടമ്പു താനവൻ;

മരുവിൽ പ്രവഹിക്കുമംബുവ-

പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം (അനുകമ്പാദശകം)

ഇവിടെ അരുൾ ഇല്ലാത്തവൻ മരുഭൂമിയിലെ വെള്ളമാണ്;

നിഷ്ഫലഗന്ധപുഷ്പമാണ് എന്നിങ്ങനെയുള്ള സമീകരണങ്ങൾ കാണാം. അപരനു സുഖത്തിനായി വന്നില്ലെങ്കിൽ ഫലമില്ല എന്ന കാഴ്ചപ്പാട് ഉറപ്പിക്കുന്നതിനാണ് ഈ ഉല്ലേഖങ്ങൾ കവിതയിൽ പ്രയോജനപ്പെടുന്നത്.

എൺചാൺ റോട്ടൂടെയുള്ളശ്ശകടമതു വലി-

ച്ചോണ്ടു മേലീഴ്ത്തു കീഴും

സഞ്ചാരം താവി മേവും തുരഗമിണയൊടേ

പൂട്ടിയോടിച്ചിറങ്ങി

അഞ്ചാറെട്ടും കടന്നായരമനയകമേ-

റിസ്സുഖിച്ചങ്ങിരുന്നെൻ-

നെഞ്ചാറിപ്പാൽ കുടിപ്പാനൊരു വരമരുളീ-

ടേണമേ തമ്പുരാനേ! (സുബ്രഹ്മണ്യകീർത്തനം)

എന്ന ശ്ലോകത്തിലെ എട്ടു ചാൺ അളവുള്ള ശരീരാന്തർഭാഗത്തെ റോഡിലൂടെ ഓടുന്ന ശകടം (ജീവനാകുന്ന വണ്ടി) എന്ന രൂപകാതിശയോക്തി കൗതുകകരമാണ്. സമകാലികമായ ചുറ്റുപാടിൽനിന്നു കണ്ടെടുക്കുന്ന ഇത്തരം കാവ്യകല്പനകൾ വേറെയുമുണ്ട്.

റെയ്‌ലിൻ വേഗം ജയിക്കും ജരനര മുതലാം

മൂഢരും ഞാനുമായി-

ജ്ജെയ്‌ലിൽ പാർപ്പാൻ ഞെരുക്കം ജവമയി! പരമൻ

ചിത്സുഖം നല്കിടേണം (സുബ്രഹ്മണ്യകീർത്തനം)

എന്നിടത്തെ റെയിലും ജയിലും ഉദാഹരണങ്ങൾ.

കവിത പലപ്പോഴും ഗൂഢാർത്ഥങ്ങളിലേക്കു സംക്രമിക്കുന്നത് ഗുരുവിന്റെ കവിതകളിൽ ആവർത്തിക്കുന്ന സവിശേഷതയാണ്. ശിവശതകത്തിലെ,

മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും

പുലിയുമതിന്നിരുപാടുമുണ്ടു കാവൽ

പുലയനെടുത്തു ഭുജിച്ചു പാതിയിന്നും

വിലസതി നീയുമെടുത്തുകൊൾക നെഞ്ചേ!

എന്ന ശ്ലോകത്തിന്റെ അർത്ഥം ഒരു ശിഷ്യൻ ചോദിച്ചപ്പോൾ, ‘മരുത്വാമലയിൽവച്ചു ലോകോപകാരാർത്ഥം നാം രചിച്ചതാണ് ശിവശതകം’ എന്നു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്. (നാരായണഗുരു സമ്പൂർണ്ണ കൃതികൾ, വ്യാഖ്യാ. മുനി നാരായണപ്രസാദ്, പു. 24) മരുന്നുകൾക്ക് കേളികേട്ട മരുത്വാമലയുടെ പശ്ചാത്തലവും ലോകോപകാരം എന്ന ലക്ഷ്യവും ഇതിലെ സൂചനകളാണെങ്കിലും സ്വതന്ത്രമായ വായനയ്ക്കുള്ള ബാധ്യതയാണ് ഇവിടെ ഏറെയുള്ളത്.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-

ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും

തരുവിനടിക്കു തപസ്സുചെയ്തു വാഴും

നരനു വരാ നരകം നിനച്ചിടേണം (ആത്മോപദേശശതകം)

എന്ന ഒരു ശ്ലോകത്തിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങൾ നോക്കിയാൽ ആശയത്തിന്റെ എത്ര അടരുകളാണ് ഇതിൽ അടുക്കിവച്ചിരിക്കുന്നതെന്നു വ്യക്തമാകും. ഇവിടുത്തെ പ്രത്യക്ഷാർത്ഥം ഇങ്ങനെ: ഇരുപുറം ഉണ്ടായിരിക്കുക എന്ന (ആറ്) അവസ്ഥയെ ഉണ്ടാക്കിക്കൊണ്ട് (പൂത്ത്) ഒരു വള്ളി പടർന്നുയർന്നു നില്ക്കുന്ന ഒരു മരത്തിനു താഴെ തപസ്സു ചെയ്യുന്ന മനുഷ്യനു നരകമുണ്ടാവില്ല എന്നോർക്കണം.

ഇതിനുള്ള പല വ്യാഖ്യാനങ്ങൾ:

  1. യോഗശാസ്ത്രപരമായ വായനയിൽ ഇവിടെ തരു സുഷുമ്നാനാഡിയും

ഇരുപുറവുമുള്ളത് ചെറുനാഡികളുമാണ്. കൊടി സുഷുമ്നയിൽ പടർന്നു കയറുന്ന കുണ്ഡലിനിയാകുന്നു. ആറ് സൂചിപ്പിക്കുന്നത്

കുണ്ഡലിനി കടന്നു പോകുന്ന ആറു സ്ഥാനങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാകുന്നു.

  1. തരുവിനെ പ്രപഞ്ചവൃക്ഷമായി കാണുന്ന വായനയാണ് മറ്റൊന്ന്.

ഇരുപുറവും സൃഷ്ടിയും പ്രളയവും. കൊടി മായയാണ്.

ആറ് അവസ്ഥകൾ ജനനം,സ്ഥിതി, വർദ്ധനം, പരിണാമം, ക്ഷയം, നാശം എന്നീ വികാരങ്ങൾ അഥവാ പരിണാമാവസ്ഥകളാണ്.

  1. തരുവിനെ വേദമായി കരുതുന്ന വ്യാഖ്യാനമാണ് അടുത്തത്. അവിടെ ഇരുപുറവും കർമ്മകാണ്ഡവും ജ്ഞാനകാണ്ഡവും.

കൊടി ബ്രഹ്മവിദ്യയാണ്. ആറ് അവസ്ഥകൾ ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം എന്നീ ഷഡംഗങ്ങളാകുന്നു.

ഇത്തരത്തിലുള്ള രൂപകങ്ങളും രൂപകാതിശയോക്തികളും കൊണ്ടു സമൃദ്ധമാണ് ഗുരുദേവകൃതികൾ.

തുടർച്ചയും വിടർച്ചയും


ശ്രീനാരായണഗുരുവിന്റെ കവിതകളിലെ ചില ആശയങ്ങളിലും കല്പനകളിലും ചില മുന്‍കാലകൃതികളുടെ സ്വാധീനം കാണാം.

  1. നാവികൻ നീ, ഭവാബ്ധിക്കൊ‌-

രാവിവൻതോണി നിൻപദം (ദൈവദശകം)

എന്നീ വരികള്‍,

‘ഗുരുവാക്യസമാഭിന്നേ ബ്രഹ്മജ്ഞാനം സ്ഫുടീഭവേത്

കർണ്ണധാരം ഗുരും പ്രാപ്യ കൃത്വാ സൂക്ഷ്മം തരന്തി ച’ (യോഗകുണ്ഡല്യുപനിഷത്ത് 3. 17)

എന്ന കല്പനയെ ഓർമ്മിപ്പിക്കുന്നു. ഇവിടെ യോഗവിദ്യയിലൂടെ സംസാരസമുദ്രം കടന്നു ബ്രഹ്മജ്ഞാനം നേടാന്‍ ഗുരു എന്ന നാവികനെ ( കർണ്ണധാരനെ)ആശ്രയിക്കണം എന്ന ആശയം കാണാം. എന്നാല്‍ ആവിവന്‍തോണി എന്ന കല്പന ശ്രീനാരായണഗുരു സമകാലികസാഹചര്യത്തില്‍നിന്നു കണ്ടെടുത്തതാണ്.

  1. ആടു പാമ്പേ പുനം തേടു പാമ്പേ അരു-

ളാനന്ദക്കൂത്തുകണ്ടാടു പാമ്പേ (കുണ്ഡലിനിപ്പാട്ട്)

എന്നു തുടങ്ങുന്ന വരികൾക്ക് പാമ്പാട്ടിച്ചിന്തിന്റെ താളവും അതിനിണങ്ങുന്ന ഉള്ളടക്കവുമാണ്. ശൈവസിദ്ധപാരമ്പര്യത്തിലുൾപ്പെടുന്ന പാമ്പാട്ടി സിദ്ധർ,

തെളിന്തു തെളിന്തു തെളിർന്താടു പാമ്പേ – ചിവൻ

ചീർപാതം കണ്ടു തെളിന്താടു പാമ്പേ

ആടു പാമ്പേ തെളിന്താടു പാമ്പേ- ചിവൻ

അടിയിനൈക്കണ്ടോമെൻറാടു പാമ്പേ

എന്നിങ്ങനെ ഈ മട്ടിലുള്ള ധാരാളം പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവും ഈ മാതൃക പിന്തുടരുന്നു. കുണ്ഡലിനി സർപ്പത്തിന്റെ പുന(മാളം)മാണ് സുഷുമ്ന എന്നൊരു കല്പന യോഗകുണ്ഡല്യുപനിഷത്തിലുണ്ട്. അവിടെ കുണ്ഡലിനീയോഗത്തിന്റെ പ്രക്രിയ ഇങ്ങനെ വിവരിക്കുന്നു:

‘തേന കുണ്ഡലിനീ സുപ്താ സംതപ്താ സംപ്രബുദ്ധ്യതേ

ദണ്ഡാഹതു ഭുജംഗീവ നി:ശ്വസ്യ ഋജുതാം പ്രജേത്’ (യോഗകുണ്ഡല്യുപനിഷത്ത് 45.)

(അതോടെ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ഉണരും. വടികൊണ്ട് അടിയേറ്റ പെൺസർപ്പത്തെപ്പോലെ ഫൂത്കാരത്തോടെ അത് ഋജുവാകുന്നു.)

ബിലപ്രദേശതോ യത്ര ബ്രഹ്മനാഡ്യന്തരം പ്രജേത് (46.)

(അതോടെ അത് മാളത്തിൽ പ്രവേശിക്കുന്നതും പോലെ സുഷുമ്നയിൽ പ്രവേശിക്കുന്നു).

ഇതിന്റെ തുടർച്ചയായി യോഗശാസ്ത്രകൃതികളില്‍ കാണുന്ന ആശയങ്ങളാണ് പാമ്പാട്ടിച്ചിന്തിനെ കുണ്ഡലിനിപ്പാട്ടാക്കി വിശദീകരിക്കാന്‍ വ്യാഖ്യാതാക്കള്‍ക്കു പ്രേരകമാകുന്നത്. പക്ഷേ കുണ്ഡലിനീയോഗത്തിന്റെ നേരവതരണമല്ല കുണ്ഡലിനിപ്പാട്ടിലുള്ളത്. രൂപതലത്തിൽ അതു പാമ്പാട്ടിച്ചിന്തിന്റെ താളം സ്വീകരിക്കുന്നു. പ്രമേയതലത്തിലാവട്ടെ, അതു മറ്റു പല കവിതകളിലുമുള്ളതുപോലെ സ്വാനുഭവത്തിലൂടെ ഒരു അതീന്ദ്രിയാനുഭൂതിയിൽ എത്തിച്ചേരുന്നു.

ആത്മാഭിമാനം (സ്വയംമരിയാദ/Self respect) നിലനിർത്തുന്ന തരത്തിലാണ് പാമ്പിന്റെ ആട്ടം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ആയിരം കോടി അനന്തൻ നീ ആനന്ദ-

മായിരവും തുറന്നാടു പാമ്പേ!

ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ

നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

എന്നീ വരികളില്‍ ആനന്ദത്തിനൊപ്പമുള്ള തിരിച്ചറിവുകള്‍കൂടി നോക്കിയാല്‍ അതു കൂടുതല്‍ തെളിഞ്ഞുകിട്ടും.

3.മീനായതും ഭവതി മാനായതും ജനനി,

നീ നാഗവും നഗഖഗം-

താനായതും ധര നദീ നാരിയും നരനു-

മാ നാകവും നരകവും,

നീ നാമരൂപമതിൽ നാനാവിധപ്രകൃതി-

മാനായി നിന്നറിയുമീ-

ഞാനായതും ഭവതി, ഹേ നാദരൂപിണിയ-

ഹോ! നാടകം നിഖിലവും (ജനനീനവരത്നമഞ്ജരി)

പ്രപഞ്ചനാടകം എന്ന കല്പനയ്ക്കു പണ്ടേ വലിയ പ്രചാരമുണ്ട്. മത്തവിലാസം പ്രഹസനത്തിലെ ആശിസ്സ് ഉദാഹരണം. ‘വാചികം, ആഹാര്യം, ആംഗികം, സാത്വികം എന്നീ അഭിനയങ്ങളാലും സത്വരജസ്തമോഗുണങ്ങളാലും ലോകത്തിന്റെ ഭാവങ്ങളുൾക്കൊണ്ട് നടനത്തിലൂടെ നാനാരസങ്ങളാവിഷ്കരിക്കുകയും സ്വയം അതു കണ്ടു രസിക്കുകയും ചെയ്യുന്ന ദിവ്യനായ ആ നടൻ, അഖണ്ഡജ്ഞാനി, കപാലീശ്വരൻ നിങ്ങൾക്ക് ഭൂമിയാകുന്ന പാത്രം നിറയെ യശസ്സു നല്കട്ടെ’ എന്നതില്‍ നടനും കാണിയും ഒന്നാകുന്ന വിധത്തിലുള്ള കല്പനയുണ്ട്. മേല്പ്പത്തൂരിന്റെ ʻʻയഃ കൃത്വാ വിശ്വരംഗം” എന്നു തുടങ്ങുന്ന ഒരു മുക്തകത്തില്‍ ഇങ്ങനെ നൃത്തം ചെയ്യുന്നത് മുകുന്ദനാണ്. ഷേക്സ്പിയറുടെ As You Like Itലെ “All the world’s a stage” എന്ന ഭാഗവും പ്രസിദ്ധമാണല്ലോ. എന്നാല്‍ ഗുരുവിന്റെ കവിതയില്‍ വിശദാംശങ്ങളിലുള്ള വ്യത്യാസം ശ്രദ്ധേയം. പ്രപഞ്ചത്തിലെ ചരാചരങ്ങളും ഭാഷയുമാണ് ജനനീനവരത്നമഞ്ജരിയിലെ നാടകത്തില്‍ പങ്കാളികളാകുന്നത്.

  1. ഒരു ജാതി ഒരു മതം

ഒരു ദൈവം മനുഷ്യന്

ഒരു യോനിയൊരാകാര

മൊരു ഭേദവുമില്ലതിൽ

(ജാതിനിർണയം)

തിരുമൂലരുടെ തിരുമന്ത്രം മുതലുള്ള ആശയമാണിത് എന്നു പറയാറുണ്ട്.

“ഒൻറേ കുലവും ഒരുവനേ തേവനും

നൻറേ നിനൈമിൻ നമനില്ലൈ നാണാമേ” (തിരുമൂലർ, തിരുമന്ത്രം, തന്ത്രം 7, 2104)

എന്ന് ആ കൃതിയില്‍ കാണാം.

“ഒന്റേ ജാതി, ഒന്റേ മതം, ഒന്റേ ദൈവം, ഒന്റേ കുലം, ഒന്റേ ഉലകം, ഒന്റേ അരശ്, ഒന്റേ മൊഴി, ഒന്റേ നീതി” എന്ന് സാമൂഹികപരിഷ്കരണശ്രമങ്ങളില്‍ ഗുരുവിന്റെ മുന്‍ഗാമിയായ അയ്യാ വൈകുണ്ഠരുടെ അഖിലത്തിരട്ട് അമ്മാനെയിലും കാണാം. ഇവിടെയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തമിഴ് ശൈവ-വൈഷ്ണവപാരമ്പര്യങ്ങളിലുള്ള ഈ പ്രഖ്യാപനങ്ങളില്‍നിന്നു ഭിന്നമായി പൂര്‍ണ്ണമായും മതേതരമായ ഒരു പരിസരത്തിലാണ് ഗുരുവിന്റെ ജാതിനിർണ്ണയം എന്ന കൃതിയുണ്ടാവുന്നത്. 1914 ലാണ് ഈ കൃതിയുടെ രചനയെന്നു കാണുന്നു. ‘നമുക്കു ജാതിയില്ല’ എന്ന നാരായണഗുരുവിന്റെ വിളംബരം വരുന്നത് 1916 ലാണ്. “നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു” എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ടല്ലോ. ജാതിനിർണ്ണയത്തിലെ,

മനുഷ്യാണാം മനുഷ്യത്വം

ജാതിർ ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസ്യൈവം

ഹാ! തത്ത്വം വേത്തി കോƒപി ന

എന്ന ആദ്യഖണ്ഡംകൂടി പരിഗണിക്കുമ്പോഴാവും ഈ ആശയത്തിനടിസ്ഥാനമായ യുക്തിചിന്തയെപ്പറ്റി വ്യക്തമായ ധാരണ വരിക. ഗോവിനു ഗോത്വം എന്നപോലെയാണ് മനുഷ്യർക്ക് മനുഷ്യത്വം എന്ന ജാതിയെന്നും ജന്മംകൊണ്ടുള്ള ബ്രാഹ്മണത്വത്തിന് യുക്തിയൊന്നുമില്ല എന്നും അദ്ദേഹം തെളിച്ചുപറയുന്നു. ജാതിവ്യവസ്ഥയിലെ ജാതിയെ തര്‍ക്കശാസ്ത്രത്തിലെ ജാതി എന്ന സങ്കല്പനമുപയോഗിച്ചു തിരസ്കരിക്കുകയാണിവിടെ. തര്‍ക്കശാസ്ത്രനുസരിച്ച് ദ്രവ്യം, ഗുണം, കര്‍മ്മം എന്നിവയില്‍ സ്ഥിതി ചെയ്യുന്ന പദാർത്ഥമാണ് ജാതി അഥവാ സാമാന്യം.മൂന്നിലുംകൂടി വരുന്ന സാമാന്യമാണ് സത്ത. ഗോവർഗ്ഗത്തിനുള്ള സാമാന്യഭാവത്തെ ഗോത്വം എന്നും എല്ലാ പുഷ്പങ്ങളിലുമുള്ള സാമാന്യഭാവത്തെ പുഷ്പത്വം എന്നും പറയുന്നതുപോലെ എല്ലാ മനുഷ്യരിലുമുള്ള സാമാന്യഭാവത്തെ മനുഷ്യത്വം എന്ന ജാതിയായി നിർണ്ണയിക്കുകയാണിവിടെ. അതായത് ജാതിമതവ്യവസ്ഥയ്ക്കു പൂർണ്ണമായും പുറത്തുനിന്നുകൊണ്ട്, യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ സാമാന്യവ്യവഹാരത്തിലെ പ്രസിദ്ധമായ അര്‍ത്ഥത്തെ തിരസ്കരിച്ചുകൊണ്ട്, മനുഷ്യസാകല്യത്തിന്റെ സാമാന്യഭാവം എന്ന അർത്ഥത്തിലേക്കു ജാതിയെ മോചിപ്പിക്കുകയാണ് ഈ തത്ത്വജ്ഞാനി. ശ്രീനാരായണഗുരുവിന്റെ പദകോശത്തിലുള്ള വാക്കുകള്‍ പലപ്പോഴും ഇങ്ങനെയാണല്ലോ പ്രവർത്തിക്കുന്നത്!

താളത്തിന്റെ ഇഴകള്‍


നാരായണഗുരുവിന്റെ കവിതകളിലേറെയും സംസ്കൃതവൃത്തങ്ങളിലാണ്. ദൈവദശകം, ദർശനമാല, നിർവൃതിപഞ്ചകം, ജാതിനിർണ്ണയം, ജാതിലക്ഷണം, ആശ്രമം, ധർമ്മഃ, ദത്താപഹാരം, സദാചാരം, അഹിംസ എന്നീ കൃതികള്‍ അനുഷ്ടുപ്പ് വൃത്തത്തിലാണ്. ഇന്ദ്രിയവൈരാഗ്യം, പിണ്ഡനന്ദി, ശ്രീവാസുദേവാഷ്ടകം, അദ്വൈതദീപിക എന്നിവ വസന്തതിലകത്തിലും അർദ്ധനാരീശ്വരസ്തവം, ശ്രീകൃഷ്ണദർശനം മുക്തകം, ബ്രഹ്മവിദ്യാപഞ്ചകം, മണ്ണന്തലദേവിസ്തവം 4, ഭദ്രകാള്യഷ്ടകം എന്നിവ ശാർദ്ദൂലവിക്രീഡിതത്തിലും സുബ്രഹ്മണ്യകീർത്തനം, ബാഹുലേയാഷ്ടകം, ഷണ്മുഖദശകം എന്നിവ സ്രഗ്ദ്ധരയിലുമാണ്. അക്ഷരക്രമത്തിനു പ്രാധാന്യമുള്ള, വളരെ പ്രചാരമുള്ള സംസ്കൃതവൃത്തങ്ങളാണിവ. അധികം പ്രചാരമില്ലാത്ത പത്ഥ്യാ (ദേവീസ്തവം), മദനാർത്ത ( കോലതീരേശസ്തവം), നർക്കുടകം (പ്രപഞ്ചസൃഷ്ടി), പൃത്ഥ്വീ ( മുനിചര്യാപഞ്ചകം) എന്നീ സംസ്കൃതസമവൃത്തങ്ങളും ഗുരുവിന്റെ കൃതികളില്‍ കാണാം. അക്ഷരക്രമത്തിനൊപ്പം താളഗതിക്കും പ്രാധാന്യമുള്ള ഭുജംഗപ്രയാതം ( വിനായകാഷ്ടകം, മണ്ണന്തലദേവിസ്തവം 3), ദോധകം (ചിദംബരാഷ്ടകം), തോടകം ( ശിവപ്രസാദപഞ്ചകം, ചിജ്ജഡചിന്തനം), പഞ്ചചാമരം (സദാശിവദർശനം), മല്ലിക (ഷണ്മുഖസ്തോത്രം), കുസുമമഞ്ജരി ( മണ്ണന്തലദേവിസ്തവം 2, ദേവീപ്രണാമദേവ്യഷ്ടകം, ഒഴുവിലൊടുക്കം ഭാഷ), മത്തേഭം (ഷാണ്മാതുരസ്തവം, നവമഞ്ജരി, ജനനീനവരത്നമഞ്ജരി, വിശാഖഷഷ്ടി) എന്നീ വൃത്തങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ചിദംബരാഷ്ടകത്തിന് വൃത്തത്തിലും പദഘനയിലും ശങ്കരാചാര്യരുടെ ലിംഗാഷ്ടകവുമായി സാദൃശ്യം കാണാം. അത്ര പ്രചാരമില്ലാത്ത മത്തേഭവൃത്തത്തിന് ഇത്ര പ്രാധാന്യം കൊടുത്ത കവികള്‍ വേറെയുണ്ടാവാന്‍ വഴിയില്ല. ഘടനാസാദൃശ്യമുള്ള വൃത്തങ്ങൾ ഇടകലർത്തി പ്രയോഗിക്കുന്ന ഉപജാതിയിലാണ് വിഷ്ണ്വഷ്ടകം. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങൾ തമ്മിലോ വംശസ്ഥം, ഇന്ദ്രവംശ എന്നിവ തമ്മിലോ ഇടകലർത്തുന്ന ഉപജാതികൾക്കാണ് പ്രചാരമുള്ളത്. എന്നാൽ വിഷ്ണ്വഷ്ടകത്തിൽ ഇന്ദ്രവജ്ര, വംശസ്ഥം, ഉപേന്ദ്രവജ്ര എന്നിങ്ങനെ മൂന്നു വൃത്തങ്ങൾ നാലു വരികളിലായി വരുന്ന ശ്ലോകങ്ങളുമുണ്ട്. അർദ്ധസമവൃത്തമായ വിയോഗിനി (അനുകമ്പാദശകം), മാത്രാവൃത്തമായ ഗീതി (സ്വാനുഭവഗീതി, അറിവ്) എന്നിങ്ങനെ പ്രസിദ്ധവും അപ്രസിദ്ധവുമായ പലതരം വൃത്തങ്ങളുടെ സാധ്യതകൾ ഗുരു സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്.

സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും

മുദാ സംഹരിച്ചും രസിച്ചും രമിച്ചും

കളിച്ചും പുളച്ചും മഹാഘോരഘോരം

വിളിച്ചും മമാനന്ദദേശേ വസിച്ചും

തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം

തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും

എന്നിങ്ങനെ താളത്തിന്റെ ചടുലനൃത്തമൊരുക്കുന്ന കാളിനാടകം എന്ന കവിത സിംഹവിക്രാന്തം എന്ന ദണ്ഡകത്തിന്റെ രൂപത്തിലാണ്. ‘തധിംധിം’ എന്ന് അഞ്ചു മാത്ര വീതം വരുന്ന ഗണവിന്യാസമാണ് ഇതിനുള്ളത്.

ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം

ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം

എന്നിങ്ങനെ താളത്തിനു സവിശേഷമായ വർണാവർത്തനത്തിലൂടെ മിഴിവു നല്കുന്ന ഗുഹാഷ്ടകം എന്ന കവിതയ്ക്ക്,

സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം

എന്ന ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകത്തിന്റെ ഘടനയാണ്. ഇതിന്റെ വൃത്തം ഗീതിയാണെന്നു ചിലർ. എന്നാല്‍ ഗീതി വൃത്തത്തിന് ആറാം ഗണം ജഗണമോ ലഘുമയമോ ആകണമെന്ന നിയമം ഇതില്‍ പാലിച്ചിട്ടില്ല. പകരം താളഗതിയനുസരിച്ച് അനർഗ്ഗളം പാടാവുന്ന രൂപമാണിതിന്.

എല്ലാവരുമാത്മസഹോദരരെ-

ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം

കൊല്ലുന്നതുമെങ്ങനെ ജീവികളെ-

ത്തെല്ലും കൃപയറ്റു ഭുജിക്കയതും? (ജീവകാരുണ്യപഞ്ചകം)

തോടകവൃത്തത്തിന്റെ പാദാദ്യത്തിലുള്ള ആദ്യരണ്ടു ലഘുക്കള്‍ ഒരു ഗുരുവാക്കിയാല്‍ ഈ താളരൂപമാകും. താളഗതി തോടകത്തിന്റേതുതന്നെ. ഇത് ഉപസ്ഥിത എന്ന വൃത്തമാണെന്നു ചിലർ പറയുന്നു. എന്നാല്‍ ഉപസ്ഥിതയുടെ തജജഗഗ എന്ന ഗണവ്യവസ്ഥയില്‍ പാദാന്ത്യത്തിലെ രണ്ടു ഗുരുക്കള്‍ക്കു പകരം ഒരു ലഘുവും ഒരു ഗുരുവുമായാണ് ഇവിടുത്തെ ഘടന. സംസ്കൃതവൃത്തങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് അത്യപൂർവ്വമാണ്; പക്ഷേ ഗുരുദേവകൃതികളില്‍ അതു സമൃദ്ധവുമാണ്. ദ്രുതവിളംബിതത്തിന്റെ ആദ്യം ഒരു ലഘു കൂടി ചേര്ർത്താല്‍ ലഭിക്കുന്ന താളഘടനയിലാണ് ശിവശതകത്തിലെ ചില ശ്ലോകങ്ങള്‍. ഉദാഹരണം:

ജയ ജയ ചന്ദ്രകലാധര! ദൈവമേ!

ജയ ജയ ജന്മവിനാശന! ശങ്കര!

ജയ ജയ ശൈലനിവാസ! സതാം പതേ!

ജയ ജയ പാലയ മാമഖിലേശ്വര!

ഇന്ദുവദന എന്ന വൃത്തത്തി്റെ ആദ്യം ഒരു ലഘു കൂടിചേർത്ത ഘടനയിലാണ് മനനാതീതം എന്ന കവിത. ഈ വൃത്തരൂപത്തിന് മയൂരലളിതം എന്നു ചിലർ പേരു പറയുന്നു. മണ്ണന്തല ദേവീസ്തവത്തിന്റെ ആരംഭത്തിലും ഈ മട്ടിലുള്ള വരികളുണ്ട്. ഗുരുവിന്റെ ആത്മോപദേശശതകം മൃഗേന്ദ്രമുഖം എന്ന അത്യപൂർവ്വവൃത്തത്തിലാണ്. പുഷ്പിതാഗ്ര എന്ന അർദ്ധസമവൃത്തത്തിന്റെ സമപാദങ്ങളുടെ ഘടനതന്നെ നാലു വരിിലും വന്നാല്‍ ഈ വൃത്തമായി. ഉദാഹരണം:

അവനിവനെന്നറിയുന്നതൊക്കെയോർത്താ-

ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം

ശിവശതകത്തിന്റെ ആദ്യപകുതിയും ഈ വൃത്തത്തിലാണ്. സംസ്കൃതത്തിലോ മലയാളത്തിലോ ഇങ്ങനെ ഒരു വൃത്തം ആരും പ്രയോഗിച്ചു കണ്ടിട്ടില്ല എന്നു ടി. ഭാസ്കരന്‍ പറയുന്നു. (ബ്രഹ്മർഷി ശ്രീനാരായണഗുരു, പു. 61)

പാമ്പാട്ടിച്ചിന്തൊഴികെ ഭാഷാവൃത്തങ്ങളൊന്നും ശ്രീനാരായണഗുരു ഉപയോഗിച്ചിട്ടില്ല എന്നത് ഒരദ്ഭുതമായിത്തോന്നാം.എന്നാല്‍ ഗദ്യരൂപത്തിലുള്ള ചില കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അല്പാക്ഷരവും അസന്ദിഗ്ദ്ധവും സാരവത്തുമായ സൂത്രരൂപത്തിലാണ് വേദാന്തസൂത്രം എന്ന കൃതി. ഗദ്യപ്രാർത്ഥന, ദൈവചിന്തനം 1എന്നിവ അവയുടെ തലക്കെട്ടു കുറിക്കുന്ന മട്ടിലുള്ള ഗദ്യരൂപത്തിലാണ്. എന്നാല്‍ ദൈവചിന്തനം 2, ആത്മവിലാസം എന്നിവ അക്കാലത്തു പ്രചാരം നേടിത്തുടങ്ങിയ ഗദ്യകവിത എന്ന കാവ്യരൂപത്തില്‍ത്തന്നെയാണ്.

ദ്വിതീയാക്ഷരപ്രാസം, അനുപ്രാസം എന്നിങ്ങനെയുള്ള വർണ്ണാവർത്തനങ്ങള്‍ ഗുരുവിന്റെ കൃതികളില്‍ സുലഭമാണ്. ശിവപ്രസാദപഞ്ചകം തുടങ്ങി പല കൃതികളിലും അന്താദിപ്രാസവുമുണ്ട്. ശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങളെ അക്ഷരമാലാക്രമത്തില്‍ അടുക്കുന്നത് ഷണ്മുഖസ്തോത്രത്തില്‍ കാണാം. മന്ത്രത്തിലെ ബീജാക്ഷരങ്ങളുടെ ആവർത്തനമാണ് ബാഹുലേയാഷ്ടകത്തിലുള്ളത്. നവമഞ്ജരി എന്ന കൃതിയില്‍ നാമമുദ്രയുമുണ്ട്. അതായത് അതിലെ ശ്ലോകങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താൽ “നാരായണകൃതമഞ്ജരി” എന്നുകിട്ടും. ഇത്തരത്തില്‍ കാവ്യരൂപത്തില്‍ സാധ്യമായ വൈവിധ്യങ്ങള്‍കൊണ്ടു സമൃദ്ധമാണു ശ്രീനാരായണകവിത.

നീയല്ലോ മായയും മായാ-

വിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി –

സ്സായുജ്യം നൽകുമാര്യനും

എന്നീ വരികള്‍ ശ്രീനാരായണഗുരുവിന്റെ കവിതയ്ക്കും ബാധകം. കാവ്യനിർമ്മാണപ്രക്രിയയും കവിയും കവിതകളും കാവ്യസങ്കേതങ്ങളും ഒന്നിനൊന്നിണങ്ങിനില്ക്കുന്ന നിലയാണവിടെ. കാവ്യകാരണവും (മായ) കവിയും (മായാവി) അനുവാചകനും (മായാവിനോദൻ) കാവ്യവിനിമയത്തിലെ ധ്വനനശേഷിയിലേക്കു നയിക്കുന്ന തത്ത്വബോധവും (മായയെ നീക്കി സായുജ്യം നല്കുന്ന ആര്യൻ -ഗുരു) ഇവിടെ ഒരുമിക്കുന്നു.

ഡോ: മനോജ് കുറൂർ

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleവേട്ട:അഭിജിത്ത് കോമ്പയാർNext article കവിത:ഒച്ചുകൾ, രാജീവ് തൊടുപുഴ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos