ചില രഹസ്യങ്ങൾ
മേഘം വേരിനയച്ച
സന്ദേശങ്ങളിലെല്ലാം
ഒരു പുഴയെ
പൊതിഞ്ഞുവച്ചിരുന്നു.
മിന്നാമിനുങ്ങു പറഞ്ഞ
കഥകൾക്കെല്ലാം
ഇരുട്ടിൻ്റെയഴകായിരുന്നു.
കിളി പറന്നിരുന്നപ്പോഴെല്ലാം
ചില്ലയ്ക്കു നൊന്തത്
കൊഴിഞ്ഞയിലയോർത്തല്ല
നനഞ്ഞ തൂവൽത്തണുവോർത്താണ്.
പൂക്കളെല്ലാം സന്തോഷവതികളാണെന്ന
തേനിറ്റുന്ന പെരുംനുണകളാണ്
വണ്ടു മൂളിനടക്കുന്നത്.
കാറ്റോടിനടന്നത്
മഴയുടെ കവിതകളെ
മണ്ണിലൊഴുക്കാനായിരുന്നു.
ഗ്രീഷ്മത്തിൻ്റെ ചുണ്ടുവരണ്ടത്
ശിശിരത്തിൻ്റെ
തണുവോർത്താണ്.
