പുതുമയും ചൈതന്യവുമാർന്ന
രചനാ മാർഗത്തെ ആശ്ലേഷിയ്ക്കുന്ന കവിയാണ് രതീഷ് കൃഷ്ണ
കാലത്തിന്റെ ദുഃഖ,രോഷ ചിന്തകൾ ഈ യുവ പ്രതിഭയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്
അതിന്റെ ജ്വലന രേഖകൾ രതീഷ് കൃഷ്ണയുടെ കവിതകളിൽ
അനുഭവവേദ്യമാണ്..
ആത്മനിഷ്ഠാനുഭവങ്ങളെ കവി സമൂഹ സത്തയുമായി ബന്ധിപ്പിയ്ക്കുന്നു.
സാഹിത്യകാരന്മാരേ, നിങ്ങൾ ഏതു ചേരിയിൽ? എന്ന് ചോദിച്ചത് മാക്സിം ഗോർക്കിയാണ്.
ഇതേ പ്രശ്നം രതീഷ് കൃഷ്ണയുടെ ഞാവൽപ്പഴങ്ങൾ എന്ന കവിതയിൽ ഉന്നയിക്കപ്പെടുന്നു. പശ്ചിമേഷ്യയിൽ ഉരുണ്ടു കൂടിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് മാത്രം
സത്യാന്വേഷണ വഴിയിൽ പക്ഷപാത രാഹിത്യം /impartiality/ ഒരു മൂല്യമാണെന്ന്
നമുക്കറിയാം
അതേ സമയം വർഗ വിഭജിത സമൂഹത്തിൽ നിഷ്പക്ഷത ഒരു മിഥ്യയായി മാറുന്നു.
ചഞ്ചല ചിത്തരും സ്ഥാനമോഹികളുമായ
സ്വർണ മത്സ്യങ്ങൾ -പ്രൊഫ : എം.എൻ.വി ജയന്റെ പ്രയോഗം – പ്രലോഭിത വലയിൽ കൂടുങ്ങിപ്പോകുന്നു
ഇത്തരം എഴുത്തുകാരുടെ നിലപാട് അധീശവർഗത്തിന്റെ താല്പര്യ സംരക്ഷണത്തിന് സഹായകമായിത്തീരുന്നു. റഷ്യൻ സാഹിത്യകാരനും വിശ്വവിഖ്യാതനുമായ മാക്സിം ഗോർക്കിയുടെ ചോദ്യം
പ്രസക്തമാകുന്നതു്
അങ്ങനെയാണ്.
ഞാവൽപ്പഴങ്ങൾ എന്ന കവിതയിൽ കവി മാനവികതയുടെ വക്താവായി സ്വയം വെളിപ്പെടുന്ന സന്ദർഭം സഹൃദയ മനസ്സിൽ
ആർദ്രത ഉളവാക്കും
ആവിഷ്ക്കരണ ചാരുതകൊണ്ട് കാലാന്തരത്തിലേക്ക് കടന്നുപോകുന്ന കവിതയാണിതു്.
കാവ്യകലയുടെ പിതാവ് പീഡിത ജനതയുമായി താദാത്മ്യം / Empathy/
പ്രാപിയ്ക്കുന്നതു്, കവിയച്ഛൻ എന്ന കവിതയിൽ ചിത്രീകരിക്കപ്പെടുന്നു
പണിയാളരുടെ കാലിലെ തുടലുകൾ അയാൾക്ക് കാണാൻ കഴിയുന്നതു അതിനാലാണ്.
നാട്യകലയുടെ ഭാവചടുലത കവിത ഉൾക്കൊള്ളുന്നു.
വീടുമാറ്റം എന്ന കവിതയിൽ സാമാന്യ യുക്തിയ്ക്ക് വഴങ്ങാത്തതും ഇന്ദ്രീയാതീതവുമായ യാഥാർത്ഥ്യങ്ങളെ മാന്ത്രികശക്തിയോടെ പ്രകാശിപ്പിയ്ക്കുന്നു.
മലയാളത്തിലെ അത്യപൂർവ്വമായ അനുഭവമേഖലയെ
ഇക്കവിത സ്പർശിയ്ക്കുന്നു.
ആഴമേറിയ അനുഭവങ്ങളെയാണ് നാം അനുഭൂതി എന്നു പറയുന്നതു്.
അനുഭൂതി സാന്ദ്രവും ആശയ വ്യഞ്ജകവുമാണ് രതീഷ് കൃഷ്ണയുടെ കവിതകൾ.
പരാമൃഷ്ട രചനകൾ ഏറെ ശ്രദ്ധേയം.
പുതുമയെ പുല്കുന്ന ഈ യുവകവിയുടെ നിശിത സൂക്ഷ്മമായ രചനയാണ് ‘ഓണപ്പാട്ട്’
സമൃദ്ധിയുടെയും സമത്വത്തിന്റെയും സങ്കല്പങ്ങളെക്കുറിച്ച് പാടാത്ത കവികളില്ല.
ചിങ്ങപ്പെരുമാളിന്റെ എഴുന്നള്ളത്തും മാലോകരുടെ എതിരേല്പും നമ്മുടെ ഉത്സവക്കാഴ്ച്ചയായിരുന്നു.
ആ മനോഹര ദൃശ്യങ്ങളുടെ നിറം കെടുന്ന അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്.
എത്രയോ ജീവിതങ്ങൾ മറുകര പൂകി.
അടുത്തറിയാവുന്നവരും അറിയപ്പെടുന്ന പ്രതിഭാശാലികളും
അക്കൂട്ടത്തിലുണ്ടായിരുന്നു…
ജീവിതത്തെയാകെ
നിഷ്കരുണം അലട്ടിക്കൊണ്ടിരിയ്ക്കുന്ന മഹാ വിപത്തിനിടയിൽ,
എങ്ങനെ ആനന്ദിയ്ക്കും?
അതുകൊണ്ടാണ് കവിതാരംഭത്തിൽ
പൂക്കളമിട്ടോ
അറിയില്ല
എന്ന് കവി ഉദാസീന ഭാവത്തിൽ കുറിയ്ക്കുന്നത്.
അത്തപ്പൂക്കളമിട്ട് പത്താം നാളാണ് തിരുവോണം. കുടുംബാംഗങ്ങളുടെ
ആരുടെയെങ്കിലും കരവിരുത് മുറ്റമലങ്കരിച്ചതായി അറിയില്ല.
എന്നാൽ ഓണത്തപ്പന്റെ വരവ് സ്ഫുടീകരിയ്ക്കുന്ന
ഒരു ദൃശ്യം കവി കാണുന്നു.
മുറ്റത്തു പൂക്കൾ
വിരിഞ്ഞു നില്ക്കുന്നു.
ഇത് ഓണാഗമന സൂചനയാണ്.
പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം.
ഓണാനുബന്ധിത ആഘോഷങ്ങളോ സമൃദ്ധിയുടെ അടയാളങ്ങളോ അപ്രസക്തങ്ങളായതിനാൽ പ്രതിപാദ്യത്തിലേക്ക് കവി അനുവാചക ശ്രദ്ധ തിരിച്ചുവിടുന്നു.
വ്യാധികൾ ചുറ്റിലും
ആധിയാലെങ്കിലും
ഓണം വിരുന്നെത്തിയല്ലോ.
നമ്മെ നിർദ്ദയം വലയം ചെയ്തിരിയ്ക്കുന്ന സാംക്രമിക രോഗ ഭയത്തിനിടയിലും ആ നല്ല അതിഥിയെ (നല്ലതിഥി നമുക്കിനി യാരി തു പോലെ എന്ന വൈലോപ്പിള്ളിയുടെ വരികൾ ഓർത്തു കൊണ്ട് ) കവി സ്വാഗതം ചെയ്യുന്നു.
കള്ളപ്പറയിലളക്കാ-
ത്തൊരാശംസ-
യിന്നു നിനക്കായ് നൽകാം
കവിയുടെ ആശംസ ഹൃദയംഗമം ആണ്.
ഇതു കവിയുടെ അകളങ്കിത മനസ്സിനെ ദൃഢീകരിയ്ക്കുന്നു
ഒപ്പം ആശംസകളുടെ
പൊതുവായ വ്യാജസ്ഥിതിയും സൂചി തമായിരിയ്ക്കുന്നു
ഓണ സങ്കല്പങ്ങൾ കവി ഹൃദയത്തിൽ ഗാഢമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
കള്ളപ്പറ, പൊളിവചനം,
ചെറു നാഴി എന്നീ പ്രയോഗങ്ങൾ ഇതിനു തെളിവാണ്.
കാവ്യോദ്ദേശ്യത്തിന് അവ പര്യാപ്തവുമാണ്.
മുക്തരായിടട്ടേ
നമ്മൾ പൊളിവച –
നങ്ങളില്ലാത്ത രാഷ്ട്രത്തിൽ
പൊളിവചനമില്ലാത്ത രാഷ്ട്രമെന്നു പ്രയോഗിക്കുമ്പോൾ അതിന് അർത്ഥവ്യാപ്തി കൈവരുന്നു
ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നല്കിയാണ് പിന്തിരപ്പൻ ശക്തികളുടെ / bougeoisie, /അധികാര വരോഹണം.
അവർ കള്ളത്തരങ്ങളുടെ / ഗുഡോദ്ദേശ്യങ്ങളുടെ /
ആണിക്കല്ലിലാണ് ഭരണം ഉറപ്പിച്ചു നിർത്തുക.
എന്നിട്ട് സാമാന്യ ജനങ്ങളുടെ അവകാശാധികാരങ്ങളെ കവർന്നെടുക്കുന്നു.
നഷ്ടപ്പെട്ട സുവർണ യുഗത്തിന്റെയും വർത്തമാന കാല സ്ഥിതിയുടെയും താരതമ്യ വിചിന്തനം ഇവിടെ സംഗതമാണ്.
രാജ്യത്തു സമ്പൽ സമൃദ്ധി വിളയിക്കുന്ന കർഷകരാദി സാധാരണ പൗരന്മാരുടെ കഴുത്തിൽ നിയമ വിരുദ്ധ കുരുക്കുകൾ മുറുകുന്നു.
ഇത്തരം അധാർമ്മികതയിൽ നിന്നു നിർമുക്തമായ രാഷ്ട്രമാണ് കവി കാംക്ഷിയ്ക്കുന്നതു്.
അടുത്താണ്ടിലെ ഓണം ഭയത്തിൻ ചെറു നാഴി അളക്കാത്ത ഓണമായിരിയ്ക്കട്ടെയെന്ന് കവി ആശിയ്ക്കുന്നു.
ഇവിടെ രോഗ ഭയം മാത്രമല്ല സൂചിതം
എതിർ വാക്ക് ഉരിയാടുന്നവരെ ഹനിയ്ക്കുന്ന ഭരണ ഭീതി കൂടി അഭിവ്യഞ്ജിയ്ക്കുന്നു.
രോഗതുരമായ സാമൂഹ്യ ചുറ്റുപാടിൽ കവി മനസ്സിൽ ഉദിച്ചുയർന്ന വൈകാരിക പ്രതികരണങ്ങളാണ്
ഓണപ്പാട്ടിന്റെ പ്രമേയം
ആധിയുടെ സർപ്പോപധാനത്തിൽ തല ചായ്ച്ചിരിയ്ക്കുകയാണ് സകലരും.
അതിനാൽ ഓണദിനങ്ങളിലെ പതിവ് കൂടിച്ചേരലോ ആഹ്ലാദത്തിന്റെ പൂവിളികളോ കവിയ്ക്ക് അനുഭവപ്പെടുന്നില്ല.
എന്നിരുന്നാലും രോഗ ഭയനിർമുക്തവും നീതിനിഷ്ഠവുമായ ഉത്സവനാളുകൾ, ആസന്നഭാവിയിൽ സംഭവിയ്ക്കുമെന്ന പ്രത്യാശയിലാണ് കവിതയുടെ സമാപ്തി
വാച്യാർത്ഥത്തെ അപ്രധാനമാക്കിക്കൊണ്ട് ധ്വനി മേഖലയിൽ സഞ്ചരിയ്ക്കുന്ന കവിതയാണ് ഓണപ്പാട്ട് .
ഓണപ്പാട്ടിനെക്കുറിച്ചുള്ള കവിതകളിൽ കാണുന്ന പരത്തിപ്പറയുന്ന വർണനകളെ രതീഷ് കൃഷ്ണപിന്തുടരുന്നില്ല.
ഭാവ കേന്ദ്രിതമായ രൂപസമൃദ്ധിയിലാണ് കവി ശ്രദ്ധയൂന്നുന്നത്.
അതിനാൽത്തന്നെ
അനുവാചകന്റെ ഭാവമണ്ഡലത്തിൽ കവിത ചലനമുളവാക്കുന്നു
പ്രതിപാദ്യത്തിന്റെ
അപൂർവ്വത കൊണ്ടും
പ്രതിപാദനത്തിന്റെ
സൗന്ദര്യാത്മകത കൊണ്ടും ഭാവിയിൽ ജ്വലിച്ചുയരുന്ന
പുതിയ തലമുറയിലെ
കവികളിലൊരാൾ
രതീഷ് കൃഷ്ണയായിരിയ്ക്കുമെന്ന് നിസ്സംശയം പറയാം.
*
Vijayan Venattussery
