രാമായണം സീരിയൽ
കഴിഞ്ഞാൽ
ഒന്ന് കണ്ണ് തുറന്ന് നോക്കണം സർ
പുറത്ത്,
നിഴലുകൾ പോലുമില്ലാത്തവർ
നിരന്നു നീങ്ങുന്നതു കാണാം.
രാവണപ്പെരുമാളെ
മുച്ചൂടും മുടിച്ച്
ലങ്ക തൂത്തുവാരാൻ പോകുന്ന
രാമസൈന്യമല്ല സർ.
അവർ,
വരിഞ്ഞു വേലിചുറ്റിയ തൊഴിലിടത്തിൽ നിന്ന്
പട്ടിണി തെറുത്തു കയറ്റി,
കാക്കയ്ക്കിരിക്കാനായി പോലും
ഒരു സർവ്വേക്കല്ലു തെളിയാത്ത
ഊരിലേക്ക്
പലായനം ചെയ്യുന്നവർ.
പറ്റുമെങ്കിൽ
ഒന്ന് നിവർന്നു നിൽക്കണം സർ,
ഒത്ത നടുക്ക് വയറുണ്ടെന്ന്
സ്വയം പരിശോധിക്കണം.
എന്നിട്ടും ബോധ്യപ്പെടുന്നില്ലെങ്കിൽ
വീണ്ടും കൂപ്പുകുത്തി വീഴണം സർ
രാമായണത്തിലേക്ക്
മഹാഭാരതത്തിലെ അടിവാരത്തിലേക്ക്.
കണ്ടെടുക്കാനാവില്ല സാർ,
കണ്ണട മാറ്റാതെ
വെളിപ്പെടില്ല സർ,
ഒരു വിശപ്പും.
ഞങ്ങൾ,
നിവരാനാകാത്ത
ചതിക്കയത്തിലേക്ക്
സ്വയമമർന്ന
കറയാർന്ന വിശപ്പ്.
