അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് , അരിക്ഷിതത്വത്തിന്റെ മുൾമുനയിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ,
തന്റെ ആകാശവും ഭൂമിയും ഇരുൾ മൂടിയ ആ ദിവസം……..
ക്യാൻസർ രോഗബാധിതനായ പ്രിയപ്പെട്ടവൻ തന്നേയും കുഞ്ഞുങ്ങളേയും ഒറ്റക്കാക്കി വിണ്ണിലേക്ക് പറന്നുപോയ ആ 35 വർഷങ്ങൾക്കു മുമ്പുള്ള ദിവസത്തിലേക്ക് അവളുടെ ഓർമകളിന്ന് പിൻനടന്നു….
സ്വന്തമായൊരു വീടോ വസ്തുവകകളോ ഒന്നും ബാക്കി വക്കാതെയാണ് അദ്ദേഹം യാത്രയായത്.
ശവടക്കു കഴിഞ്ഞ് ബന്ധുക്കൾ ആവോളം തന്നെ സാന്ത്വന വാക്കുകളുടെ കൂമ്പാരങ്ങളേകി യാത്രയായി..
ബാല്യം വിടാത്ത രണ്ട് മക്കൾക്കും തങ്ങളുടെ പിതാവിന്റെ വിയോഗം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റി അറിവായിരിന്നില്ല എന്തോ സംഭവിച്ചിട്ടുണ്ടെന്നു മാത്രം അവർക്കറിയാമായിരിന്നു.
ക്ഷീണം കൊണ്ട് മറ്റോ അവർ നേരെത്തെ അവർ ഉറക്കമായി. രാത്രി കൂടുതൽ ശക്തമായി എങ്ങും ഇരുൾ പരന്നു..
ശിരസും ശിഖരങ്ങളും ആടിയുലയുന്ന വ്യക്ഷങ്ങൾ അവളോടെന്തോ പറയുന്നതു പോലെ തോന്നി.
തോട്ടിൽ കുത്തിയൊഴുകുന്ന വെള്ളവും അങ്ങിങ്ങായി കരയുന്ന തവളകളും ചീവീടുകളുടെ ശബ്ദവും അവളുടെ ഒറ്റപ്പെടലിനു ആക്കം കൂട്ടി.
മക്കൾ ഭാവി … ഉത്തരമില്ലാത്ത ചിന്തകൾ ആർത്തു പെയ്യുന്ന മഴക്കും കാറ്റിനുമൊപ്പം ആടിയുലഞ്ഞു.
ക്ഷീണിതയായ അവളും രാത്രിയുടെ യാമങ്ങളിലെപ്പഴോ ഉറങ്ങിപ്പോയി..
നേരം വെളുത്തു.
കുടിലിന്റെ തട്ടിക വിടവുകളിലൂടെ സൂര്യൻ അകത്തേക്കെത്തി.
പ്രിയതമന്റെ വിരഹത്തേയോ വേർപ്പാടിനേയോ ഒന്നോർത്തു സങ്കടപ്പെടാൻ പോലുമാവുന്നില്ല.
നിസംഗതയുടെ നിഴലുകളെങ്ങും മുഴച്ചു നിന്നു. .
കുഞ്ഞുങ്ങൾ എണീറ്റു.
വിശപ്പിന്റെ വിഹ്വലതകളവരെ അലട്ടുവാൻ തുടങ്ങി.
പാതി തീർന്ന വ്യഞ്ജന ചെപ്പുകളും , ഒഴിഞ്ഞ അരിപാത്രവും…. പിന്നേയും അവളുടെ ആധികൾക്കു മേൽ തീ പുകഞ്ഞുകൊണ്ടിരിന്നു.
അടുക്കള മേൽക്കൂരയിലെ അന്തേവാസികളായ എലികളും സമയാസമയങ്ങളിൽ ആഹാരം കഴിക്കാനെത്തിയിരിന്ന വെള്ളപൂച്ചയും വിട്ടൊഴിഞ്ഞുയെങ്ങോ പോയി.
ഒരു പക്ഷേ യജമാനന്റെ വിയോഗമാവാം അല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ മണം അവർക്കു ലഭിച്ചതുകൊണ്ടുമാവാം മറ്റൊരിടം തേടി അവർ പോകുവാനിടയായത്.
മനുഷ്യരുടെ തന്ത്രങ്ങൾ അവരിലും എത്തിക്കാണുമായിരിക്കുകയും ആവാം… പിന്നേയും മഴ ആർത്തു തിമിർത്തു പെയ്തു. വിരസമായ ഒരു രാത്രി കൂടി കഴിഞ്ഞുപോയി.
കാലിയായ കഴിഞ്ഞിരിക്കുന്ന ശൂന്യമായ അടുക്കള…. മുന്നോട്ടുള്ള ദിവസങ്ങളെ ഓർത്തവൾ അന്തം വിട്ടു നിൽക്കുകയാണ്. അന്ന് വൈകുന്നേരം ചില ബന്ധുക്കൾ വീട്ടിലെത്തി.
എല്ലാവരും സാന്ത്വന വാക്കുകൾ കൊണ്ട് മത്സരിച്ചു.
വന്നവരുടെ ചിലരുടെ കണ്ണുകൾ അവളുടെ ശരീരത്തെ മൃഗീയമായി ചൂഴുന്നത് ഭയത്തോടെ അവൾ തിരിച്ചറിഞ്ഞു.
മുപ്പതു ദിവസങ്ങൾ പുറത്തിറങ്ങരുതെന്ന കാരണവത്തിയുടെ വിലക്കുകൾ ഒരു വശത്തും വിശക്കുന്ന കുട്ടികളുടെ ദൈന്യമാർന്ന മുഖം അകത്തും, മനസാകെ സംഘർഷഭരിതമായി മാറി.
തീക്തമായ അനുഭവങ്ങളാൽ വെറുക്കപ്പെട്ട ഒരു പകൽ കൂടി തീരാറായി..
ചുറ്റുപാടിലും ഇരുൾ പരന്നു.
തെരുവു നായ്ക്കളുടെ ഓരിയിടൽ കേൾക്കാമായിരിന്നു.
അവളുടെ ഹൃദയത്തിൽ ഇടി മുഴങ്ങി. …. രാത്രിക്കു പിന്നേയും കനം കൂടി , കുരക്കു പുറത്തുള്ള വിജനതയിൽ അസാധാരണമായ ആൾ പെരുമാറ്റങ്ങൾ, കാലനക്കങ്ങൾ …. തട്ടികയിൽ ആരോ തട്ടുന്ന ശബ്ദം.
യുവത്വത്തിന്റെ പ്രസരിപ്പുകൾ തുടിക്കുന്ന അവളുടെ അനാഥ ശരീരത്തിന് വേണ്ടിയുള്ള കാമ ഭ്രാന്തരുടെ ദുസൂചനകളായിരിന്നു….
അവളുടെ ഹൃദയമിടിപ്പു കൂടി .. വല്ലാത്ത ദാഹം.
അലുമിനിയം കുടത്തിൽ നിറച്ചു വച്ചിരിന്ന ജലം കുടത്തോടെ കുടിച്ചു… സ്വയം ധൈര്യം സംഭരിച്ചു.
അവൾക്കും മക്കൾക്കും മറ്റൊരാശ്രയമില്ലെന്ന സ്വയംബോധത്തോടെ മക്കളെ ചേർത്തു പിടിച്ചു അവൾ കിടന്നു.. ഉറക്കത്തിന്റെ യാമങ്ങളിൽ അവൾ കണ്ട സ്വപ്നത്തിൽ ചോര നിറമുള്ള അപൂർവ്വ കഴുകൻമാർ അവൾക്കു നേരെ ആഞ്ഞടുക്കുന്നതും ഭയചകിതയായവൾ വാവിട്ടു കരയുന്നതും അവൾ അകക്കണ്ണിൽ വ്യക്തമായി കണ്ടു.
പിന്നേയും ദു:ഖപ്രഭാതങ്ങളുണ്ടായി.
മറ്റൊരു പ്രഭാതത്തിൽ ആഹാരം കഴിക്കാതെ വിശന്നു കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ പോലുമാവാതെ നിസാഹയയായി കണ്ടു നിൽക്കുകയല്ലാതെ അവൾക്ക് മറ്റു വഴികളുണ്ടായിരിന്നില്ല. അങ്ങിനെയൊരു ദുർദിവസത്തിൽ ബന്ധുവായ ഒരാൾ എത്തി. നിസാഹയതയുടെ പടുകുഴിയിൽ നിലയില്ലാതലയുന്ന ഒരു പാവം സ്ത്രീയുടെ ശരീരത്തിന് വില പറയാനായിരുന്നു അയാൾ എത്തിയത്.
ആ പൊയ്മുഖൻ അടുത്തടുത്തു വന്നു. അവളുടെ രണ്ടു കൈകളും ബന്ധിച്ചു അയോളോട് ചേർത്തു പിടിച്ചു. കാമാർത്തിയുടെ ബലിഷ്ഠമായ കൈ കരുത്തിനു മുന്നിൽ ഈയാം പാറ്റയെ പോലെ ചിറകൊടിഞ്ഞവൾ വീണു.
നിരാശ്രയായ ഒരു സ്ത്രീയുടെ ബലി പിന്നേയും നിർബാധം തുടർന്നു. ക്ഷീണിതയായി തകർന്ന മനസും ഭയവിഹ്വലതകളുമായി ഉറങ്ങിയ ദിവസങ്ങളിലെല്ലാം രാസ്വപ്നങ്ങളിൽ ആ ചുവന്ന കഴുകൻമാർ അവളുടെ നിദ്രയ്ക്ക് ഭംഗം വരുത്തി.
ദിവസങ്ങളങ്ങനെ പലതും കഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കണം, ആഹാരം, വസ്ത്രം … ആധിയുടെ വ്യഥകളുടെ ഭാണ്ഠങ്ങൾ ….
ഒടുവിൽ മാംസദാഹികളുടെ കരാള ഹസ്തങ്ങളിൽ നിന്നും മോചനത്തിനൊരു വഴി തെളിഞ്ഞു.
സമ്പന്നനായ നാട്ടുപ്രമാണിയുടെ വീട്ടിലും തൊടിയിലും പണിക്കു പോയി തുടങ്ങി. അവിടേയും തന്റെ ശരീരമവൾക്ക് ‘വീട്ടുടമസ്ഥന്റയും മകന്റെയും മാംസ മോഹങ്ങൾക്ക് മുൻപിൽ തോറ്റു കൊടുക്കേണ്ടതായി വന്നു.
അരക്ഷിതമായ വീടും ജീവൻ നിലനിൽക്കുന്നുവെന്ന് ഓർമപ്പെടുത്തുന്ന ഉയരുകയും താഴുകയും ചെയ്യുന്ന മറ്റു രണ്ടു ആമാശയങ്ങളും ,.. എല്ലാം സഹിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.
എല്ലാ അഭിമാനവും നഷ്ടപ്പെടുത്തിയും തന്റെ മക്കൾക്കു വേണ്ടി ലോകത്തോടവൾ പടവെട്ടുകയായിരുന്നു..
രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങൾക്കും അതിക്രമങ്ങൾക്കും എതിരേ വലിയ ചൂടേറിയ ചർച്ചകൾ നടക്കുന്ന കാലഘട്ടമായിരുന്നു അത്.
ലിംഗ ഛേദവും പാർലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം ഇത്തരം വാർത്തകളെല്ലാം അവൾ ടെലിവിഷനിലൂടെ നടക്കുമ്പോൾ ദേഷ്യത്തോടെയവൾ മുഖം തിരിച്ചു പിടിച്ചു.
മക്കൾ ഇതിനിടയിൽ വലുതായി. അമ്മയുടെ അദ്ധ്വാനവും ചോരയും നീരും മൂലം അവർ വിദ്യാഭ്യാസം നേടി.
സർക്കാർ വകുപ്പുകളിൽ നല്ല ജോലികൾ നേടി.
അവരുടെ ഭാവിക്കു വേണ്ടി തന്റെയെല്ലാം സമർപ്പിച്ചു , അവർ വിവാഹിതരായി സന്തോഷകരമായ ജീവിതം ആരംഭിക്കുന്നതിനിടയിൽ തന്നെ അവൾ സ്വരുകൂട്ടി നിർമിച്ച വീടും പുരയിടവുമെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു..
ഒരു ജൻമം മുഴുവൻ ഒറ്റപ്പെടലിന്റെയും വേട്ടയാടലിന്റെയും ഇടയിൽ എപ്പഴോ അവളുടെ മനോ നില തെറ്റിയിരുന്നു..
ചില നേരങ്ങളിലെങ്കിലും ഭ്രാന്തിയെ പോലെ മാറുകയും സാധാരണാവസ്ഥയിലേക്ക് തിരിച്ചു വരുകയും ചെയ്തു.
അന്തസും അഭിമാനവും കൊണ്ട് മക്കൾ അമ്മയെ തൂക്കിയപ്പോൾ വേശ്യയുടെ മക്കൾക്ക് അഭിമാനത്തിന് പ്രാധാന്യം കൊടുക്കാനേ സ്വാർത്ഥരായ അവർക്കായുള്ളു.
കരിയിലകൾ കൊഴിയുന്ന പെരുവഴിയിലെ വൻ മരത്തിനു സമീപത്തെ കടത്തിണ്ണയിൽ ചോരയും നീരും വറ്റി ആർക്കും വേണ്ടാത്ത ശരീരവുമായി ആരേയും ഭയപ്പെടാതെ ചിതലരിക്കാത്ത ഭൂതകാലത്തിലെ ഓർമകളിലേക്കവൾ തിരിച്ചു നടക്കുകയാണ്..
പ്രിയപ്പെട്ടവൻ വേർപിരിഞ്ഞ തന്നെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ആ ദിവസത്തിലേക്ക്….
സ്വപ്നങ്ങളിലെ ചുവന്ന കഴുകൻമാരുടെ ഭയപ്പെടുത്തലുകളില്ലാതെ
തന്റെ ശരീരത്തെക്കുറിച്ചുള്ള ചിന്തകളില്ലാതെ
കെട്ടുപാടുകളുടെ ഭാരങ്ങളില്ലാതെ,
ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാതെ
അവൾ സുഖമായി ഉറങ്ങി
അവളായിരിന്നു വേശ്യ ആരുഷി..

