പപ്പായെന്ന്
നീട്ടി വിളിച്ചിരുന്ന
എൻ്റപ്പനെ
എനിക്ക് വല്ലാത്ത
പേടിയാരുന്നു …
വീട്ടിലന്ന്
രണ്ടു കട്ടിലേയുള്ളൂ
ഒന്നിൽ
അമ്മയും അനിയനും
മറ്റേതിൽ
ഞാനും അപ്പനും
അപ്പനും
ഉറക്കവും
വരും മുമ്പേ
അരികുപറ്റി
ഞാനതിൽ
ഉറക്കം നടിക്കും
അപ്പൻ വന്നാൽ
കടുപ്പത്തിലൊരു
കട്ടൻകാപ്പിക്കൊപ്പം
ആ തലേലോട്ട്
മക്കടെ കുരുത്തക്കേടിൻ്റെ
ചുമടു കേറ്റി വയ്ക്കും
അമ്മ
വിളിച്ചേൽപ്പിച്ച്
ഇപ്പോ കിട്ടും
തല്ലെന്നോർത്ത്
വിറച്ച് കിടക്കും ..
കുറേ കേട്ടിരുന്നിട്ട്
നിർത്തടീ മയിരേന്ന്
അപ്പൻ വിറകൊള്ളും
ആണ്ടിലൊരിക്കൽ മാത്രം
ഒരു ചടങ്ങു പോലെ
അപ്പൻ മയിലാഞ്ചിക്കൊമ്പിരിയും
അത് കാണുമ്പോഴെ
നിക്കറുനനയും
തുടയിൽ
രണ്ട് മയിലാഞ്ചി വര വീഴും
ആ ചടങ്ങിനു വേണ്ടിയുള്ള
കാത്തിരിപ്പും പേടിയുമാണ്
ഒരു വർഷം മുഴുവൻ …
✍️ Josil Sebastian Thekkumkattil
