നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വളരെ ഇഷ്ടമായിരുന്ന ഒരു വിനോദമായിരുന്നു കുട്ടിയും കോലും കളി .
ഏതാണ്ട് മുക്കാൽ മീറ്ററോളം (ഒരു ‘കോൽ’ നീളം , ഒരു അളവിൻറെ ഏകകം, ഇപ്പോഴും കിണറിൻറെയൊക്കെ ആഴം സൂചിപ്പിക്കുന്നത് കോൽ കണക്കിന് ആണെന്നത് ഓർക്കുമല്ലോ) നീളം വരുന്ന തള്ളവിരലോളം വണ്ണമുള്ള ബലമായ വളവും മുഴയും ഒന്നുമില്ലാത്ത ഒരു കമ്പ് ആണ് ‘കോല് ‘ ആയി എടുക്കുന്നത് . അതുപോലെ തന്നെയുള്ള ഒരു ചാൺ നീളമുള്ള (കൈവിരലുകൾ നിവർത്തി ചൂണ്ടുവിരലും തള്ളവിരലും പരമാവധി എതിർദിശയിൽ അകത്തി നിർത്തുമ്പോൾ രണ്ടുവിരലുകളുടേയുംഅഗ്രഭാഗം തമ്മിലള്ള അകലം) കമ്പ് ആണ് കുട്ടി ആയി ഉപയോഗിക്കുന്നത് . അഞ്ചും ആറും പേർ വീതം ഉള്ള രണ്ടു വിഭാഗം ആയിത്തിരിഞ്ഞ് ആണ് കളി തുടങ്ങുന്നത് . കൂടുതൽ കളിക്കാരുണ്ടെങ്കിൽ അതനുസരിച്ച് ഓരോ ടീമിലും അംഗസംഖ്യ വ്യത്യാസപ്പെടും . ഒരു ടീം കളിയ്ക്കുകയും മറുടീം പ്രതിരോധിക്കുകയുമാണ് ചെയ്യുന്നത് . നല്ല മൈതാനം ആണ് കളിയ്ക്കാൻ ഉചിതം എങ്കിലും കൂടുതലും കളി നടക്കുന്നത് മൺവഴികളിലായിരിക്കും . ആദ്യം ആര് കളിയ്ക്കണമെന്ന് തീരുമാനിയ്ക്കാൻ സമീപത്തുനിന്ന് ഒരു ചെടിയുടെ ഇല പറിച്ച് അകം വേണോ പുറം വേണോ എന്ന് ചോദിച്ചു കൊണ്ട് മുകളിലേക്ക് പൊക്കി ഇടും ഇല താഴെ വീഴുമ്പോൾ അകം പറഞ്ഞവർക്ക് ആദ്യം കളി തുടങ്ങാം . കളി തുടങ്ങാൻ ആദ്യം ഒരു ചെറിയ കുഴി വേണം ,കളിയ്ക്കുന്ന കോലു കൊണ്ടു തന്നെ നിലത്ത് ശക്തിയായി ഉരച്ച് ഒരു ചാൺ നീളത്തിൽ നടുഭാഗത്ത് രണ്ടിഞ്ചോളം ആഴം വരുന്ന കുഴി . ആദ്യം കളിയ്ക്കുന്ന ടീം കുഴിയുടെ സമീപത്തും പ്രതിരോധിക്കുന്ന ടീം അവിടെ നിന്നും പത്ത് ഇരുപത് മീറ്ററോളം അകലത്തിൽ പല സ്ഥാനങ്ങളിലായി നില്ക്കും .ഇനി കുഴിയുടെ മുകളിൽ വിലങ്ങനെ കുട്ടി വയ്ക്കുക , പിന്നെ കോല് കുട്ടിയോട് ചേർത്ത് കുഴിയിലേക്ക് ഇറക്കി കുട്ടിയെ പരമാവധി അകലത്തിലേക്ക് ശക്തിയായി കോലുകൊണ്ട് തോണ്ടി എറിയണം . ഇങ്ങനെ എറിയുമ്പോൾ ഉയർന്നു വരുന്ന കുട്ടി യെ നിലത്ത് വീഴാതെ കൈപ്പിടിയിൽ ഒതുക്കി യാൽ കളിച്ച ആൾ പുറത്ത് ആകും , പിന്നെ അടുത്ത ആളുടെ ഊഴം . കുട്ടിയെ നിലത്ത് വീഴാതെ കൈപ്പിടിയിൽ നിർത്താൻ കഴിഞ്ഞില്ലെങ്കിൽ , നിലത്ത് വീണ കുട്ടിയെ എടുത്ത് കളി തുടങ്ങിയ കുഴിയെ ലക്ഷ്യമാക്കി എറിയും . ഇങ്ങനെ എറിഞ്ഞു വരുന്ന കുട്ടിയെ കുഴിയുടെ സമീപത്ത് തന്നെ നില്ക്കുന്ന കളിച്ച ആൾ കോലുകൊണ്ട് ദൂരേയ്ക്ക് അടിച്ചു മാറ്റും . ഒറ്റ പ്രാവശ്യമേ ഇങ്ങനെ ദൂരേയ്ക്ക് അടിച്ചകറ്റാൻ അവകാശം ഉള്ളു . ഇങ്ങനെ അടിച്ചകറ്റുമ്പോൾ കുട്ടി കിടക്കുന്ന സ്ഥലത്ത് നിന്നും കുഴിയിലേക്ക് എത്ര കോൽ അകലം ഉണ്ടെന്ന് കോലുകൊണ്ട് അളന്ന് നോക്കും . അളക്കുമ്പോൾ കിട്ടുന്ന ഓരോ മുഴുവൻ കോലിനും പ്രത്യേക പേരുകൾ ആണ് . ഒരു കോൽ അകലത്തിന് ‘സ’ എന്നും , രണ്ടുകോൽ അകലത്തിന് ‘മുറി’ എന്നും , മൂന്നിന് ‘നാഴി’ എന്നും , നാലിന് ‘ഐറ്റി’ എന്നും , അഞ്ചിന് ‘ആറേങ്ക’ എന്നും ആറാകുമ്പോൾ പണം ഒന്ന് എന്നും , ഏഴുമുതൽ വീണ്ടും സ , മുറി , നാഴി – – -, പണം രണ്ട് , പണം മൂന്ന് ക്രമത്തിൽ സ്കോറുകൾ (പോയിൻറുകൾ)കിട്ടിക്കൊണ്ടിരിയ്ക്കും അടിയ്ക്കുമ്പോൾ ഒരു കോലിൽ കുറവായ അകലത്തിലാണ് കുട്ടി വീണതെങ്കിൽ കളിച്ച ആൾ പുറത്താകും , തുടർന്ന് അടുത്ത ആളിൻറെ ഊഴം . മുഴുവൻ കോൽദൂരമേ കണക്കിലെടുക്കൂ , ഒരു കോലിൽ കുറഞ്ഞ ദൂരം ഉപേക്ഷിക്കും .അളക്കുമ്പോൾ സ ആണ് കിട്ടിയതെങ്കിൽ കളിച്ച ആൾ കുട്ടിയെ കാല്പാദത്തിന് മുകളിൽ വെച്ചിട്ട് ആ കാലുകൊണ്ടുതന്നെഉയർത്തി താഴേക്ക് ഇടണം . ഇടുമ്പോൾ നിലത്ത് വീഴുന്നതിനുമൻപ് കോലുകൊണ്ട് ദൂരേയ്ക്ക് അടിച്ചു വിടണം , ഇപ്പോഴും നിലത്ത് വീഴാതെ എതിർടീമിലെ ആരെങ്കിലും ക്യാച്ച് എടുത്താൽ കളിച്ച ആൾ പുറത്താകും , ക്യാച്ച് കിട്ടിയില്ലെങ്കിൽ വീണ്ടും കുഴിയെ ലക്ഷ്യമാക്കി കുട്ടിയെ എറിയണം , അപ്പോഴും കളിയ്ക്കുന്ന ആൾ അകലേക്ക് കുട്ടിയെ അടിച്ചു മാറ്റി സ , മുറി , നാഴി , ക്രമത്തിൽ പണം സമ്പാദിക്കണം.അളവിൽ മുറി ആണ് കിട്ടിയതെങ്കിൽ കളിയ്ക്കുന്ന ആളിൻറെ ഇടത് കൈപ്പത്തി കമിഴ്ത്തി പ്പിടിച്ച് ചൂണ്ടുവിരലും അണിവിരലും മാത്രം നിവർത്തി , മറ്റു വിരലുകൾ തള്ളവിരലിൻറെ സഹായത്തോടെ മടക്കി വെച്ച് , മടക്കാത്ത വിരലുകളുടെ മുകളിൽ കുട്ടിയെ വെച്ച് പൊക്കി താഴോട്ട് ഇടുമ്പോൾ കോല് കൊണ്ട് ദൂരേയ്ക്ക് അടിച്ചു മാറ്റി കളി തുടരുക . അളക്കുമ്പോൾ നാഴി ആണ് കിട്ടുന്നത് എങ്കിൽ ഇടത് കൈവിരലുകൾ ചുരുട്ടി പ്പിടിച്ച് തള്ളവിരൽ മുകൾഭാഗത്തായി വരത്തക്ക വിധം , ഉൾവശം ഒരു കുഴലുപോലെ ആക്കി അതിന് മുകളിൽ കുട്ടിയെ വെച്ച് പൊക്കി താഴോട്ട് ഇടുമ്പോൾ കോല് കൊണ്ട് ദൂരേയ്ക്ക് അടിച്ചു വിടണം , അളവ് ഐറ്റി ആണ് കിട്ടിയതെങ്കിൽ കണ്ണിന് മുകൾഭാഗത്ത് നെറ്റിയിൽ കുട്ടിയെ വെച്ച് താഴേയ്ക്കിടുമ്പോൾകോലുകൊണ്ട് കുട്ടിയെ അടിച്ചു വിടണം, അളക്കുമ്പോൾ ആറേങ്ക ആണ് കിട്ടിയതെങ്കിൽ ഇടത് കൈപ്പത്തിയ്ക്കകത്ത് കുട്ടിയെ വെച്ച് പൊക്കി താഴോട്ട് ഇടുമ്പോൾ ദൂരേയ്ക്ക് അടിച്ചു വിടണം . ഈ വിധം പത്ത് പണം ആകുമ്പോൾ എതിർടീമിലെ ഒരംഗത്തെ ഓടിക്കാൻ അവസരം കിട്ടും. ഇതിനായി കുഴിയുടെ മുകളിൽ വെച്ച കുട്ടിയെ കോലുകൊണ്ട് തോണ്ടി ദൂരേയ്ക്ക് വിടണം , അവിടെ നിന്നും കുട്ടിയെ എടുത്ത് , കളിയ്ക്കുന്ന ആളിൻറെ സൗകര്യത്തിന് , ഒരു കയ്യിൽ പിടിച്ച് കോലുകൊണ്ട് ദൂരേയ്ക്ക് അടിച്ചു വിടണം , ഇങ്ങനെ രണ്ട് പ്രാവശ്യം കൂടി കുട്ടിയെ അടിച്ചു വിടണം.അപ്പോഴേയ്ക്കും കുഴിയിൽ നിന്നും വളരെ ദൂരത്തിൽ കുട്ടി എത്തിയിട്ടുണ്ടാവും . ഇപ്പോൾ കുട്ടി കിടക്കുന്ന സ്ഥലത്ത് നിന്നും കുട്ടിയെ എടുത്ത് എതിർ ടീമിലെ ആരെങ്കിലും ഒരാൾ , കൂടുതലും വേഗത്തിൽ ഓടുന്ന ആൾ , കളി തുടങ്ങിയ കുഴിയുടെ അടുത്ത് കൊണ്ടുവെക്കണം . ഒരു നിബന്ധന ഉണ്ട് , കുട്ടിയെ എടുത്തുകഴിഞ്ഞാൽ കുഴിയോട് ചേർത്ത് വെക്കുന്നതുവരെ ശ്വാസം വിടാൻ പാടില്ല .ഇതറിയാനായി “ഒറ്റത്തങ്ങേലൊരുമടലോല വെട്ടീ കുത്തീ വെട്ടീ കുത്തീ- – – ” എന്ന് ഉറക്കെ പാടിക്കൊണ്ട് വേണം ഓടാൻ . നല്ല കളിക്കാർ കുട്ടിയെ വളരെ ദൂരേയ്ക്ക് അടിച്ചു മാറ്റിയാൽ ഓടുന്ന ആളിന് ശ്വാസം വിടുന്നതിനു മുമ്പ് കുഴിയുടെ അടുത്ത് എത്താൻ സാധിക്കില്ല . ശ്വാസം വിടുന്നതിനു മുമ്പ് കുഴിയുടെ അടുത്ത് കുട്ടിയെ കൊണ്ടു വെയ്ക്കുക ആണെങ്കിൽ , ഓടിയ ടീമിന് കളി തുടങ്ങാം . ഇങ്ങനെ ഓടി എത്തിയില്ലെങ്കിൽ ആദ്യം കളിച്ചവർ തന്നെ വീണ്ടും കളി തുടരും . ഞാനൊക്കെ കളിച്ചിരുന്നപ്പോൾ എത്ര അകലത്തിൽ നിന്നാണെങ്കിലും ശ്വാസം വിടുന്നതിനു മുമ്പ് കുഴിയുടെ അടുത്ത് കുട്ടിയെ എത്തിക്കുമായിരുന്നു. കളിയ്ക്കുന്ന ടീമിലെ അംഗങ്ങൾ എല്ലാം പത്ത് പണം കിട്ടുന്നതിന് മുമ്പ് പുറത്തായാൽ എതിർ ടീമിലെ ആൾക്കാർക്ക് കളി തുടങ്ങാം . കൂടുതൽ തവണ എതിർ ടീമിനെ ഓടിക്കുന്ന ടീം വിജയിച്ചതായി കണക്കാക്കും . കാല്പാദത്തിന് മുകളിൽ വെച്ച് കുട്ടിയെ അടിയ്ക്കുമ്പോൾ കോലുകൊണ്ടുള്ള അടി സ്വന്തം കാലിൽ കൊണ്ടും , അടിച്ച് ദൂരേയ്ക്ക് വിടുന്ന കുട്ടിയെ പിടിക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ തലയിലും മുഖത്തും ഒക്കെ കുട്ടി വീണ് പരുക്കേൽക്കുന്നതും സാധാരണമായിരുന്നു . എന്നിരുന്നാലും ചെറുപ്പകാലത്ത് വളരെ വാശിയുള്ള , ചുറുചുറുക്കുള്ള കളിയായിരുന്നു “കുട്ടിയും കോലും” .
രവികുമാർ
കട്ടപ്പന