ശലഭജന്മങ്ങള്‍-ലിറ്റില്‍/സമാന്തര മാഗസിനുകളുടെ ജീവചരിത്രംശലഭജന്മങ്ങള് എന്ന പുസ്തകം കേരളത്തിലെ ലിറ്റില്‍/സമാന്തര മാഗസിനുകളുടെ(സമഗ്രത എന്ന അവകാശമില്ലാത്ത) ജീവചരിത്രമാണ്. സമാന്തരമെന്നത് നിരന്തരം മുഖ്യധാരയോട് കലഹിക്കുന്നതോ നിലവിലെ വഴിയില്‍നിന്നും മാറി നടക്കുന്നതോ ആയിരിക്കും. മലയാളത്തിലെ സമാന്തര മാസികകളെക്കുറിച്ച് ഇതിന് മുമ്പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്/നടക്കുന്നുണ്ട്. അതും പലപ്പോഴും ‘സമാന്തരതയിലെ മുഖ്യധാരയെ’ അവതരിപ്പിക്കുന്നതായാണ് കാണാനാകുന്നത്. അതില്‍നിന്നും കുറച്ചു കൂടി വികസിക്കുന്ന അന്വേഷണങ്ങള്‍ക്ക് ഈ പുസ്തകം ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് അപ്രത്യക്ഷമായതോ കണ്ടെത്തേണ്ടതോ ആയിട്ടുള്ള മാഗസിനുകളെ ഉള്‍പ്പെടുത്തിയുള്ള ചരിത്രത്തെ രേഖപ്പെടുത്താനുള്ള ശ്രമം. സ്ത്രീകള്‍, ദലിതര്‍, അപര സമൂഹങ്ങള്‍ ഉള്‍പ്പെടെ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് രേഖപ്പെടുത്താന്‍ മുഖ്യധാരാ ചരിത്രം തയാറായിട്ടില്ല. അതിനുള്ള തുടക്കമായി ഈ പുസ്തകത്തെ കാണാവുന്നതാണ്. ഒരു വ്യക്തി എന്നതിനപ്പുറം സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്. മലപ്പുറത്തു പ്രവര്‍ത്തിക്കുന്ന സാക്ഷി ബുക്സാണ് പ്രസാധകര്. ഈ പുസ്തകത്തില്‍ ദലിത്-സ്ത്രീ മാസികളും അത് നിര്‍വഹിച്ച സാംസ്കാരിക ഇടപെടലുകളും അന്വേഷിക്കുന്ന എന്റെ പഠനവുമുണ്ട്.
