ഉത്തരാധുനികത ഉയര്‍ത്തിയ പ്രശ്നപരിസരത്തു നിന്നുകൊണ്ട് മാത്രമേ പി എ ഉത്തമന്റെ ചാവൊലി എന്ന നോവലിനെ പരിശോധിക്കാന്‍ കഴിയു. സവിശേഷമായ ദേശ കാല അവസ്ഥകളെയാണ് നോവല്‍ പരിചയപ്പെടുത്തുന്നത്. ചാവൊലി തെക്കന്‍കേരളത്തിലെ കീഴാള സമൂഹങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പ്രദേശത്തെ കീഴാള മനുഷ്യരുടെ(കുറവര്‍) ജീവിതത്തെയാണ് ചാവൊലിയിലൂടെ ആവിഷ്കരിക്കുന്നത്. അവരുടെ ഭാഷയും ജീവിതവും എഴുതപ്പെട്ടിരിക്കുന്നു. ദലിത് സാഹിത്യത്തെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നതിന് മുമ്പാണ് ഈ നോവല്‍ വരുന്നത്. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന സമൂഹമെന്ന നിലയില്‍ ജൈവികമായ ഭാഷയാണ് നോവലിന്റെ ഭാഗമായ സമൂഹത്തിനുള്ളത്. കൊച്ചേമ്പി, വെളുത്ത, നീലമ്പി, ആതിച്ചന്‍, തേയി, കുറുമ്പന് എന്നീ പേരുകള്‍ പൊതുബോധത്തിലേക്ക് പ്രവേശിക്കാത്തതും കാലത്തില്‍ നിശ്ചലമായതുമാണ്.ദലിതരുടെ ജീവിതത്തെ ആവിഷ്കരിക്കുമ്പോള്‍ പാരമ്പര്യത്തില്‍ സ്തംഭിച്ചു നില്ക്കുന്നതിനു പകരം അതില്‍നിന്നും കുതറുകയും ആഖ്യാനത്തില്‍ ആധുനികാനന്തരതയുടെ പരിസരത്തോട് ചേര്‍ന്ന് നില്ക്കാനുമുള്ള ശ്രമം ചാവൊലിയിലുണ്ട്. അതായത് സമകാലികതയോട് നോവല്‍ സംവദിക്കുന്നു എന്നര്‍ത്ഥം. മണ്ണിലാണ്ടമരങ്ങളായ്, അമരവാഴ്വുകളിങ്ങനെ എന്നീ രണ്ട് ഭാഗങ്ങളായാണ് നോവല്‍ എഴുതിയിരിക്കുന്നത്. ദലിത് എഴുത്തില്‍ എഴുത്തുകാരന്റെ ആത്മാംശം കടന്നു വരാമെങ്കിലും അതില്‍ മാത്രമായി നോവല്‍ ഒതുങ്ങി നില്ക്കുന്നില്ല. വംശസ്മൃതിയിലൂടെ കടന്ന് പോകുന്ന നോവല്‍ ഒരു സവിഷേഷ സമുദായത്തിന്റെ സ്വത്വ സംഘര്‍ഷങ്ങളെയാണ് ആവിഷ്കരിക്കുന്നത്. കീഴാള സമൂഹത്തിന്റെ വംശാവലിയുടെ ചരിത്രത്തിനൊപ്പം സംഘര്‍ഷങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും അനുഭവങ്ങള്‍ നോവലിന്റെ ഭാഗമാകുന്നു. ഒന്നാം ഭാഗത്തില്‍ പെരുമാളും ചങ്കരന്മുത്തപ്പനുമാണ് വംശാവലി ചരിത്രത്തിലെ പ്രധാന കണ്ണികള്‍. ഇവരുടെ ചരിത്രമന്വേഷിച്ച് എത്തുന്ന രഘൂത്തമനാണ് രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രം. ചരിത്രത്തിലെ സവിശേഷമായ ചില സന്ദര്‍ഭങ്ങളെയും നോവലില്‍ അടയാളപ്പെടുന്നുണ്ട്.മണ്ണിന്റെയും പ്രകൃതിയുടെയും ഭാഗമായിരുന്ന കീഴാള സമൂഹങ്ങള്‍ക്ക് എങ്ങനെയാണ് അവയെല്ലാം അന്യമായത് എന്നാണ് നോവല്‍ ഉന്നയിക്കുന്ന ചോദ്യം. കൊച്ചേമ്പിയില്നിന്നും രഘൂത്തമനിലേക്കുള്ള നീണ്ട കാലം ഫ്യൂഡലിസത്തില്‍നിന്നും ജനാധിപത്യത്തിലേക്ക് സമൂഹം വികസിക്കുന്ന പതിറ്റാണ്ടിന്റെ ചരിത്രമാണ്. നോവല്‍ ചരിത്രത്തിലൂടെ വര്‍ത്തമാനത്തിലേക്ക് നടക്കുകയാണ്. ജാതി ഹിംസയുടെയും ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെയും അതിന്റെ നഷ്ടപ്പെടലുകളുടെയും അതിജീവനത്തിന്റെ കഥയാണ് ചാവോലി.
