പൂച്ചയും ജാരനും ഒരുപോലെയാണ്,
അകത്തു കയറുന്നത് അറിയുകയേയില്ല.
കതകുകൾ അടച്ച് സാക്ഷയിട്ട്
അടിയുടുപ്പുകൾ വരെ അഴിച്ചുമാറ്റുമ്പോഴാകും
പൂച്ച കാലുകളെ ഉമ്മ വെച്ച് നടന്നു പോകുക,
ജാരന്റെ കണ്ണുകൾ തുറിച്ച് നോക്കുക.
അപ്പോൾ കീഴടങ്ങുക
തോൽക്കുക.
ജാരനും പൂച്ചയും ഒരുപോലെയാണ്,
പുറത്ത് പോകുന്നത് അറിയുകയേയില്ല.
കതകുകൾ തുറന്ന്
പുറത്തേക്ക് വെളിച്ചം വിതറി
അയയിൽ വിരിച്ച തുണികൾ എടുക്കുമ്പോഴാകും
ഇടവഴിയിൽ നിഴൽ കാണുക,
മ്യാവു എന്ന വിളി കേൾക്കുക.
അപ്പോൾ തിരിച്ചു നടക്കുക
ഉടയടകൾ അണിയുക
മറക്കുക.
വെറുതെയാവില്ല ദൈവം പൂച്ചക്ക് മാർജ്ജാരൻ എന്ന പേര് നൽകിയത്.
…

എം സുരേഷ് ബാബു