രവി .കെ.പിഅസോസിയേറ്റ് പ്രൊഫസര്‍മലയാളവിഭാഗംഗവ.ആര്‍ട്‌സ് & സയന്‍സ് കോളേജ്
കരിക്കോട്ടക്കരി, പുറ്റ് എന്നീ രണ്ട് നോവലുകളിലൂടെയും രാമച്ചി, മുളളരഞ്ഞാണം, എന്നീ രണ്ട് ചെറുകഥാ സമാഹാരങ്ങളിലൂടെയും മലയാളസാഹിത്യവ്യവഹാരത്തിനകത്ത് ആഖ്യാനാത്മകമായും വിഷയപരമായും വിച്ഛേദം സൃഷ്ടിച്ച എഴുത്തുകാരനാണ് വിനോയ്‌തോമസ്. സാഹിത്യവ്യവഹാരത്തിനകത്ത് ഈ എഴുത്തുകാരന്‍ കൊണ്ടുവന്ന ഭാവുകത്വം വരേണ്യമായ ആഖ്യാനപരിസരത്തുനിന്ന് നോവല്‍, ചെറുകഥാരൂപങ്ങളെ ജനകീയ ജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് കൊണ്ടു പോകുന്നു.മലയാളിയുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് റദ്ദുചെയ്യപ്പെട്ടു പോകുന്ന ചരിത്രാനുഭവങ്ങളെയും മത-പീഡാത്മകയാഥാര്‍ത്ഥ്യങ്ങളെയും ജാതീയാടിമത്തത്തിന്റെ സൂക്ഷ്മാനുഭവങ്ങളെയും പാരിസ്ഥിതികാവബോധത്തിന്റെ തീവ്രപരിസരത്തെയും അനായാസം ആഖ്യാനം ചെയ്യുന്നതില്‍ വിനോയ്‌തോമസ് പുലര്‍ത്തുന്ന സാംസ്‌കാരിക-രാഷ്ടീയഭാവുകത്വം മലയാളചെറുകഥയെ വേറിട്ടനുഭവമാക്കിത്തീര്‍ക്കുന്നു. സൂക്ഷ്മവും ഗാഢവുമായ ജൈവപ്രകൃതി-മനുഷ്യബന്ധങ്ങളുടെ സാംസ്‌കാരികവിനിമയത്തിന്റെ ആഴത്തിലുള്ള ആഖ്യാനമായവ മാറുന്നു. വൈവിധ്യമാര്‍ന്ന സാധാരണ ജനജീവിതാധികാരത്തിന്റെ ക്ലാസിക് അനുഭവങ്ങളാണവ. ജനജീവിതാധികാരത്തിന്റെ സവിശേഷമായ ജ്ഞാനവും, വ്യവഹാരവും, പ്രതിരോധവും ഇടകലരുന്നുണ്ടതില്‍.സമകാലികചെറുകഥയുടെ ആഖ്യാനഭൂമിശാസ്ത്രത്തില്‍ വിച്ഛേദമായി ഈ ചെറുകഥകള്‍ പരിണമിക്കുന്നതിന്റെ രാസപ്രക്രിയ ചെന്നെത്തുന്നത് കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കഥനപാരമ്പര്യത്തിലാണ്. കേരളത്തിന്റെ പ്രാദേശിക – സാംസ്‌കാരികജൈവപരിസരം ഇത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള കഥാകൃത്തുകള്‍ നമുക്കധികമില്ല.പ്രാദേശികമായ അറിവും ജ്ഞാനവും ഇടകലര്‍ത്തി സൂക്ഷ്മമായ സാംസ്‌കാരിക വിമര്‍ശനത്തിന്റെ രാഷ്ട്രീയാനുഭവമായി ചെറുകഥ എങ്ങനെ പരിണമിക്കുന്നു എന്ന് മുള്ളരഞ്ഞാണത്തിലെ കഥകളെ വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടും. പ്രാദേശികലോക ബോധങ്ങള്‍, നീതിന്യായ സംഘര്‍ഷങ്ങള്‍, മത-രാഷ്ട്രീയവ്യവസ്ഥയുടെ ആധിപത്യരൂപങ്ങള്‍, പ്രാദേശികതയില്‍ നിന്ന് ആഗോളതലത്തിലേക്കുയരുമ്പോഴും എന്തൊക്കെയോ സ്വത്വനഷ്ടം സംഭവിക്കുന്ന മലയാളിയുടെ ആന്തരികസംഘര്‍ഷങ്ങള്‍, ആഗോളതയുടെ പശ്ചാത്തലത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാംസ്‌കാരിക ജീര്‍ണ്ണതകള്‍, ലിംഗാസമത്വത്തിന്റെ വിചാരങ്ങള്‍, ലൈംഗികതൃഷണകളുടെ സൂക്ഷ്മസമവാക്യങ്ങള്‍, പാരിസ്ഥിതികമായ മുറിവുകള്‍ എന്നിങ്ങനെ നാമെത്തി നില്‍ക്കുന്ന വ്യാവസായികനാഗരികസംസ്‌കാരത്തിന്റെ സത്യാനന്തര സാമൂഹികാവസ്ഥയുടെ ഉപഹാസാഖ്യാനമായും ഈ ചെറുകഥകള്‍ വായിച്ചെടുക്കാനാവും.മനുഷ്യകര്‍മ്മങ്ങളെ അര്‍ത്ഥവത്താക്കുന്ന അനേകം സൂക്ഷ്മഘടകങ്ങളെ ചേര്‍ത്തുവെച്ച് ആഖ്യാനം നിര്‍വഹിക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ ഒരവസ്ഥയിലേക്ക് തെന്നി വീഴാതിരിക്കാന്‍ വേണ്ടുന്ന അതിജാഗ്രത്തായ മൂല്യബോധം വിനോയ്‌തോമസിലുണ്ട്. സകല ജീവജാലങ്ങളുടെയും പാരസ്പര്യത്തിലാണത് നിലയുറപ്പിച്ചിരിക്കുന്നത്. ഭൂമി ജീവനുള്ളവ്യവസ്ഥയായി വിനോയ്‌തോമസിന്റെ കഥകളില്‍ പ്രതിനിധാനപ്പെടുന്നത് നാമറിയുന്നു.പുതുമാനവികതയുടെ മൂല്യബോധം കൂടിയാണത്.ആനന്ദബ്രാന്റണ്‍, ചൂടന്‍ ഇങ്കന്റെ ശവമടക്ക്, കൂട്ടുകുറുക്കത്തി കുര്‍ കുര്‍, മുള്ളരഞ്ഞാണം, നായ്ക്കുരണ, തുഞ്ചന്‍ഡയറ്റ്, കളിഗെമിനാറിലെ കുറ്റവാളികള്‍ എന്നീ കഥകളാണ് മുളളരഞ്ഞാണത്തിലുള്ളത്. മനുഷ്യനിതുവരെ ആര്‍ജ്ജിച്ചെടുത്ത ജൈവസംസ്‌കാരത്തിന്റെ സ്വത്വവും ആത്മാവും ആധുനീകരണത്തോടെ പലരീതിയില്‍ പതുക്കെ പതുക്കെ ഒലിച്ചുപോകുന്നതിന്റെ സാംസ്‌കാരിക തയില്‍ നിന്നുകൊണ്ടാണ് ഈ സമാഹാരത്തിലെ കഥകള്‍ വായിക്കാനാവുക. എഴുത്ത് ഇവിടെ സൂക്ഷ്മാനുഭവത്തിന്റെയും പ്രതിരോധചിന്തയുടെയും ആഖ്യാനമായി മാറുന്നു.

ആധുനികയുവത്വത്തിന്റെ ബ്രാന്റ്മീയത
ആഗോളതയുടെ സാംസ്‌കാരിക-രാഷ്ട്രീയപശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുള്ള കഥയാണ് ആനന്ദബ്രാന്റണ്‍.ആഗോളീകരണത്തോടു കൂടി ദേശരാഷ്ട്രങ്ങള്‍ക്കകത്ത് വ്യക്തികള്‍ ഒതുങ്ങാതെ ദേശാന്തരബോധത്തിലേക്ക് മലയാളി മാറുന്നതിന്റെ സാമൂഹിക പരിസരത്തിലാണ് കഥ വികസിക്കുന്നത്. ചെരുപ്പിന്റെറ്റം മുതല്‍ മുടിത്തുമ്പുവരെ സൂക്ഷ്മമായി ബ്രാന്റിസം പാലിക്കുന്നയാളാണ് ഇക്കഥയിലെ നിജേഷ്. ആഗോളീകരണം എങ്ങനെയെല്ലാം സംസ്‌കാരത്തെയും ജീവിതകാമനകളെയും സ്വാധീനിക്കുന്നു എന്നതിന് പ്രത്യക്ഷമായ പ്രതിനിധാനമായി വേണം നിജേഷിനെ കാണാന്‍. അവന്റെ അച്ഛന്‍ നാരായണന്റെ ആഹ്ലാദക്രമത്തില്‍ സത്യഗ്രഹവും ചക്കയുമാണുള്ളത്.നിജേഷാവട്ടെ ചക്ക സംസ്‌കാരത്തെ വിട്ട് പുറം ലോകത്തേക്ക് യാത്രയാകുന്നു. വളരെ വിപുലമാണ് ആനന്ദബ്രാന്റനിലെ ലാന്‍ഡ്‌സ്‌കേപ്പ്.ഇതിന്റെ മൂലകാരണത്തെക്കുറിച്ച് ആഖ്യാതാവിന്റെ വിചാരമിങ്ങനെയാണ്.നെയ്ത്തു പോലെ ഏകാന്തവും ഉത്തരവാദിത്വപൂര്‍ണ്ണവും സൂക്ഷ്മവുമായ തൊഴിലുകള്‍ ആഹ്ലാദം തരുന്നില്ല എന്ന് ആളുകള്‍ക്ക് തോന്നി തുടങ്ങിയ കാലമായിരുന്നു അത്.തൊഴിലാനന്ദങ്ങളിലേക്ക് തെരൂരുള്ളവര്‍ പോയി തുടങ്ങുന്നു.തെരൂരില്‍ നിന്ന് നിജേഷ് കണ്ണൂര്‍, എറണാകുളം എന്നീ സ്ഥലങ്ങളിലേക്കും സ്വിറ്റ് സ്വര്‍ലാന്റ്,അമേരിക്ക, ന്യൂസൗത്ത് വെയില്‍സ്, ടോക്യോ, ബാലിദ്വീപ്, പോളിനേഷ്യ, ബെര്‍ലിന്‍, ലണ്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യാന്തര ലോകത്തേയ്ക്കും ആനന്ദാന്വേഷണത്തിന്റെ കാമനകളുമായി പോകുന്നു. ആഗോളതയുടെ ഒരു സംസ്‌കാരത്തിനകത്താണ് നിജേഷിന്റെ സാങ്കല്പികലോകം നിലനില്‍ക്കുന്നത്.നിജേഷുമായി പരിചയപ്പെടുന്ന ആന്‍മരിയടോം കേരളത്തില്‍ വന്നപ്പോഴുണ്ടായ ഒരു സന്തോഷത്തിന് മാത്രമാണ് നിജേഷിനെ വിവാഹം കഴിക്കുന്നത്. ജര്‍മ്മന്‍ഭാഷ പഠിച്ച് സ്വിറ്റ്‌സര്‍ലാന്റിലെ ലുസാന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോഴാണ് നിജേഷിനത് മനസ്സിലാകുന്നത്.ആന്‍മരിയടോമാകട്ടെ മിക്ക ദിവസങ്ങളിലും തന്റെ പങ്കാളിയായ ഒരു കന്യാമാതാവിന്റെ കൂടെയാണ് കിടപ്പ്. അതിലവന് വിഷമമൊന്നും തോന്നുന്നില്ല. അവിടെയുള്ള മലയാളി കുടുംബത്തിനോടൊപ്പമുള്ള ജീവിതത്തിലും തെറിപറച്ചിലിന്റെ ജീവിതവ്യവഹാരത്തിലും അധികം സുഖം കണ്ടെത്താന്‍ നിജേഷിനാകുന്നില്ല. കേരളത്തില്‍ നിന്നു സ്വിറ്റ്‌സര്‍ലന്റിലെത്തിയ പള്ളിലച്ഛന്‍ ഫാ.സഖറിയാസ് ചിറക്കുഴിയുമായുള്ള നിജേഷിന്റെ ബന്ധം മനുഷ്യാവംശാരംഭം മുതലുള്ള ആനന്ദരാഹിത്യങ്ങളുടെയും മതഘടനയുടെ അര്‍ത്ഥരാഹിത്യവും അവനെ കീഴ്‌പ്പെടുത്തുന്നു. മറ്റുള്ളവരുണ്ടാക്കിയ ബ്രാന്റുകളെ കെട്ടിയെഴുന്നള്ളിച്ചോണ്ട് നടക്കാനേ നമ്മക്കറിയത്തുള്ളൂ.ദേ ഈ കുരിശ് ഉള്‍പ്പെടെ എന്ന പള്ളീലച്ഛന്റെ വാക്യം ലോകം അത്രമേല്‍ ദു:ഖസങ്കീര്‍ണ്ണമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവനെ നയിക്കുന്നു. ഇതിനൊക്കെ പ്രതിവിധി അവനവന്‍ത്തന്നെ അന്വേഷിച്ചു കണ്ടു പിടിക്കുവന്നാല്ലാണ്ട് ഞാനെന്നാ കോപ്പെന്നാ പറയുന്നെ എന്ന ചോദ്യ വാക്യം കൂടി കേട്ടതോടു കൂടി ലോകത്ത് എവിടെയും അലയാന്‍ തക്കവിധത്തിലുള്ള സെറ്റപ്പ് ലൂയിസ് വ്യൂട്ടണ്‍ ബാഗില്‍ നിറച്ച് നിജേഷ് യാത്രക്കിറങ്ങി. നിജേഷിന്റെ രാജ്യാന്തരയാത്രയവസാനിക്കുന്നത് ഫ്രഞ്ച്‌പോളിനേഷ്യയിലെ തഹീതിദ്വീപിലുള്ള ബുനേയ് എന്ന ജംഗിള്‍ ഹൈഡ് ഔട്ടിലായിരുന്നു. വംശം തിരിച്ചറിയാനാവാത്ത ഒരു മരത്തിന്റെ ചുവട്ടില്‍ പൂര്‍ണ്ണനഗ്‌നനായി അവന്‍ ചമ്രം പടിഞ്ഞിരുന്നു. ആഖ്യാതാവ് ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അതിലും വലിയ കേസുകളൊക്കെ അവിടെ വന്നു പോയിട്ടുള്ളതുകൊണ്ട് റിസോട്ടിലെ ജീവനക്കാര്‍ നിജേഷിനെ കൂടുതല്‍ ശ്രദ്ധിക്കാനൊന്നും പോയില്ല എന്നാണ്. ലൈംഗിക കാമനകളെയും ആധുനികാനന്തരമനുഷ്യരുടെ തൃഷ്ണകളെയും വിപണിവല്‍ക്കരിച്ചിട്ടുള്ള ഒരിടമാണ് ആ റിസോര്‍ട്ട് എന്ന് പ്രഥമവായനയില്‍ത്തന്നെ മനസ്സിലാക്കാം. അഞ്ചാം ദിവസം ഐപ്പാഡില്‍ താന്‍ ഉള്‍ക്കൊണ്ട ബ്രാന്റ്മീയതയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അവന്‍ എഴുതി വെച്ചു.കഥയവസാനിക്കുമ്പോള്‍ നിജേഷിന്റെ മുന്നിലേക്ക് മുകളില്‍ നിന്നും രാമച്ചിയിലെ മഞ്ഞപ്പൂപോലെ ഒരു ഇല വന്നുവീണു. അത് ഒരു പ്ലാവിന്റെ ഇലയായിരുന്നു എന്നാണ് ആഖ്യാതാവ് പറഞ്ഞു വെയ്ക്കുന്നത്.കടുത്ത ഉപഹാസത്തിന്റെ ആഖ്യാനഭാഷയില്‍ സാംസ്‌കാരിക വിമര്‍ശനത്തിന്റെ സാധ്യതകളെയാണ് ഇക്കഥവിവൃതമാക്കപ്പെടുന്നത് .ആധുനികസമൂഹത്തില്‍ അറിവും ജ്ഞാനവും പുണ്യകര്‍മ്മങ്ങളും കേവലമായൊരു വിപണി സംസ്‌കാരത്തിന്റെ ഉപാധിമാത്രമായി മാറുന്ന പ്രക്രിയയില്‍, ചരിത്രപരമായി നാം ആര്‍ജ്ജിച്ചിട്ടുള്ള മൂല്യവ്യവസ്ഥ തന്നെയെന്തെന്ന വലിയ ചോദ്യം ഈ കഥ വായനക്കാരുടെ മുന്നിലുയര്‍ത്തുന്നുണ്ട്.
ചൂടന്‍ ഇങ്കന്റെ ജ്ഞാനശാസ്ത്രം
കേരളത്തിലെ കീഴാളരെന്ന് വിശേഷിപ്പിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം മതനിഷേധമെന്നത് നിലനില്‍ക്കുന്ന വ്യവസ്ഥാപിതമതാധികാരത്തില്‍ നിന്നും അതിന്റെ പീഡാത്മക ആചാരാനുഷ്ഠാനങ്ങളില്‍ നിന്നുമുള്ള വിച്ഛേദമായിരുന്നു. ഭൗതികവും ശാസ്ത്രീയവുമായ ജ്ഞാനമണ്ഡലമായിരുന്നു അവര്‍ നിലനിര്‍ത്തിയിരുന്നത്.എന്നാല്‍ ജാതിയില്‍ നിന്ന് മതത്തിലേക്കുള്ള അവരുടെ കൂറുമാറ്റം ജ്ഞാനപരമായ സ്വത്വനഷ്ടത്തിന്റേതു കൂടിയായിരുന്നു. ‘ചൂടന്‍ ഇങ്കന്റെ ശവ മടക്ക് ‘എന്ന കഥ ആഖ്യാനപരമായും പ്രമേയപരമായും സവിശേഷമാകുന്നത് പൊതുബോധത്തിനകത്ത് ജ്ഞാനപരവും പ്രവൃത്തിപരവുമായ വിള്ളലുണ്ടാക്കുന്നതുകൊണ്ടാണ്. കേരളത്തിനകത്ത് ആധുനീകരണപ്രക്രിയത്തന്നെ പ്രതിലോമകരമായാണ് പ്രവര്‍ത്തിച്ചത്.സംഘടിതമതഘടനയും രാഷ്ട്രീയഘടനയും വ്യക്തിയുടെ ശാസ്ത്രബോധത്തെയോ ജ്ഞാനമണ്ഡലത്തെയോ ഉള്‍ക്കൊള്ളുന്നതിനുപകരം പൊതുബോധത്തിന്റെ നിശ്ചലാവസ്ഥയെയാണ് ലക്ഷ്യമാക്കിയത്. അതിനുള്ള പ്രധാന ഉപാധിമതഘടനയും അതിന്റെ ആചാരനിഷ്ഠകളുമായിരുന്നു.ഇങ്കന്റെ പ്രവൃത്തികളും ചിന്തകളും സാമാന്യമതവ്യവഹാരത്തെ പിന്‍പറ്റുന്നവയല്ല. സ്വന്തം ശരീരത്തിനു നേരെ കൂപ്പി നില്‍ക്കുന്ന ഇങ്കനെയാണ് ഒരു സന്ദര്‍ഭത്തില്‍ നാം കാണുന്നത്. താന്‍ തന്നെ തന്റെ ദൈവമെന്ന ദര്‍ശനത്തിന് ബുദ്ധനുമായും ശ്രീനാരായണ ഗുരുവുമായാണ് കൂടുതല്‍ അടുപ്പം. ഒരു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ നേരത്ത് പള്ളിയുടെ നേരെ മുമ്പില്‍ മഴമരത്തിന്റെ താഴ്ന്ന നിലം മുട്ടി നില്‍ക്കുന്ന കൊമ്പില്‍ കുനിഞ്ഞ് സ്വയം കുപ്പിനില്‍ക്കുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ട ഇങ്കന്റെ ദിവ്യമായ ആ നില്പു കണ്ട് പലരും ചിരിച്ചു കൊണ്ട് കടന്നു പോയെങ്കിലും ഇടവകയില്‍ പുതുതായി വന്ന ഒരു വൃദ്ധ അവന്റെ നേര്‍ക്ക് വണങ്ങുകയും മടിക്കുത്തില്‍ നിന്ന് ഒരു നാണയമെടുത്ത് ഇങ്കന്റെ കാല്‍ച്ചുവട്ടില്‍ നേര്‍ച്ചയിടുകയും ചെയ്യുന്നുണ്ട്. അതിനോട് ഇങ്കന്‍ പ്രതികരിക്കുന്നത് ‘അമ്മച്ചിക്കമ്മച്ചിതന്നെ ദൈവമെന്നാണ്. വഴിയും സത്യവും ജീവനും ഞാനാകുന്നു. അവനവനിലൂടെയല്ലാതെ ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല’ എന്ന് എല്ലാവരോടുമായി ഇങ്കന്‍ പറയുകയും ചെയ്യുന്നു.ഇക്കഥയിലെ ഏറ്റവും വികാരനിര്‍ഭരമായ ഒരു സന്ദര്‍ഭമെന്നത് ഇങ്കന്‍ തന്റെ ഏക മകനു വേണ്ടി ആദ്യമായി കണ്ണുകള്‍ നിറച്ചതാണ്. എല്ലാവരും ഇങ്കനെ നോക്കി പരിഹസിച്ചപ്പോള്‍, വിശാലമായ ആകാശത്തിനു കീഴില്‍ അപമാനിതനായി നില്ക്കുന്നതു കണ്ട് മകന്‍’ അപ്പച്ചാ’ എന്ന് ശബ്ദമില്ലാതെ വിളിച്ചു. ആ വിളിയുമായുള്ള ആത്മബന്ധത്തിലാണ് ഇങ്കന്റെ കണ്ണുകള്‍ നിറയുന്നത്.ഒരു പക്ഷേ മലയാളി പാതിയില്‍ നിറുത്തിയ നവോത്ഥാനമൂല്യസങ്കല്പത്തിന്റെ തകര്‍ച്ചയുടെ വികാരതളളിച്ച പോലുമാകാം ആ കണ്ണുനീര്‍.പൊയ്കയില്‍ അപ്പച്ചനെ പൊയ്കയില്‍ കൂട്ടം വിളിച്ചത് ‘അപ്പച്ചാ’ എന്നായിരുന്നു. ആധുനികതയിലെത്തുമ്പോള്‍ തനിക്കു താന്‍ തന്നെ വെളിച്ചമാകുക, പ്രത്യക്ഷരക്ഷ എന്നീ ആശയങ്ങളെല്ലാം തകിടം മറിയുകയും വലിയൊരു ആള്‍ക്കൂട്ടമായി കേരളീയര്‍ ആചാരപരമായി, മതപരമായി സ്വത്വനഷ്ടത്തിലേക്കു നിപതിക്കുകയും ചെയ്യുന്നതിന്റെ തിരിച്ചറിവുകൂടിയായി മാറുന്നു ഇങ്കന്റെ കണ്ണുനീര്‍.ഇങ്കന്റെ പ്രാര്‍ത്ഥന മനുഷ്യപുത്രനായ തന്നോടു തന്നെയാണ്. ആചാരനിബന്ധമായ ആധുനിക മതാത്മാകആള്‍ക്കൂട്ട സംസ്‌കാരത്തിനു കുറുകെ ശാസ്ത്രീയതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സാംസ്‌കാരിക ഉണ്‍മയെ തിരിച്ചറിഞ്ഞു കൊണ്ടാണ് ഇങ്കന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ആധുനികമെന്ന് വ്യവഹരിക്കപ്പെടുന്ന സമൂഹം അതിനുപാകത്തിനൊപ്പം വളര്‍ന്നിട്ടില്ലെന്ന സത്യം ഇങ്കന് സ്വജീവിതം കൊണ്ടുത്തന്നെ ബോധ്യമാകുന്നു.ആദ്യമായി ഇങ്കനെ പോലീസ് പിടിക്കുന്നത് എസ്.എന്‍.ഡി.പി കൊടുത്ത പരാതിയിലാണ്. ഗുരുമന്ദിരത്തിന്റെ ചില്ലു പൊട്ടിച്ചു എന്നായിരുന്നു കുറ്റം. അതിന് ഇങ്കന്റെ വ്യാഖ്യാനം, ”ആ കണ്ണാടിയില്‍ തന്നെ കാണാന്‍ പറ്റുന്നില്ല എന്നായിരുന്നു.” കേരളത്തിലെ പൊതുബോധം ശ്രീ നാരായണഗുരുവിന്റെ ആശയത്തെയും പ്രവൃത്തികളെയുമാണ് നവോത്ഥാന പ്രക്രിയയായി പൊതുവെ വ്യാഖ്യാനിച്ചിട്ടുള്ളത്.1888 ലെ അരവിപ്പുറത്തെ ശിവപ്രതിഷ്ഠ, കണ്ണാടിപ്രതിഷ്ഠ, വിളക്ക്പ്രതിഷ്ഠ ഇവയെല്ലാം ആത്മീയതലത്തില്‍ ബ്രാഹ്മണ്യത്തിനെതിരെയുള്ള ശക്തമായ വ്യവഹാര മാതൃകകളായിരുന്നു.എന്നാല്‍ ഇതിന്റെ ദാര്‍ശനികമാനങ്ങള്‍ അതേ ജനസമൂഹം തന്നെ തിരസ്‌കരിച്ചതിന്റെ സാമുദായികചരിത്രം കൂടിയായിരുന്നു എസ്.എന്‍.ഡി.പി യുടേത്.കരിങ്കല്‍ വിഗ്രഹം മോഷ്ടിച്ച കുറ്റത്തിനാണ് ഇങ്കനെ രണ്ടാമത് പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇങ്കനെ സംബന്ധിച്ചിടത്തോളം അത് മോഷണമായിരുന്നില്ല. വിഗ്രഹത്തെ പലരും ആരാധിക്കുന്നു. പഴശ്ശി അണക്കെട്ടില്‍ താഴ്ത്താനാണ് കരിങ്കല്‍ വിഗ്രഹം ഇങ്കന്‍ കൊണ്ടുപോയത്. കേട്ടുനിന്നവര്‍ ഞെട്ടുന്നുണ്ടെങ്കിലും ഇങ്കന് കൂസലുണ്ടായിരുന്നില്ല. ആ വിഗ്രഹത്തെ, പിന്നീട് ഗോപാലന്‍ മാഷ് ഉള്‍പ്പെട്ടവര്‍ ചേര്‍ന്ന് ഒന്‍പതംഗ കമ്മിറ്റിയുണ്ടാക്കി ‘കുടങ്കോട് ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റിയാക്കി ക്ഷേത്രമുണ്ടാക്കുന്നു. ശ്രീ ധര്‍മ്മശാസ്താക്ഷേത്രമായി മാറിയ അത് വലിയൊരു വരുമാനമാര്‍ഗ്ഗം കൂടിയായി വികസിക്കുന്നുണ്ട്. ആ ക്ഷേത്രഭണ്ഡാരത്തിനകത്ത് ഇങ്കന്‍ നിക്ഷേപിക്കുന്നതാകട്ടെ കുറച്ച് കമ്പി കഷണങ്ങളും ബ്ലേഡുമൊക്കെയാണ്.വേറൊരു സന്ദര്‍ഭത്തില്‍ ചൂടന്‍ ഇങ്കനെ പോലീസ് അന്വേഷിച്ചു വരുന്നത് ചാലോട്ടുപള്ളിമഖാമിനു മുകളില്‍ വിരിക്കുന്ന പച്ചക്കമ്പളം എടുത്തു കൊണ്ട് വന്ന് മരക്കൂട്ടത്തിലെ കല്ലില്‍ വിരിച്ചു കിടന്ന കുറ്റത്തിനാണ്. മൂന്ന് മതങ്ങളുടെയും വ്യവസ്ഥാപിതത്വത്തെ തദ്ദേശീയ ജൈവജ്ഞാനപരിസരത്തു നിന്ന് പ്രശ്‌നവല്‍ക്കരിക്കുന്ന ആഖ്യാനമായിട്ടാണ് ഇക്കഥ വികസിക്കുന്നത്. കഥ മുന്നോട്ടു വെക്കുന്ന ജ്ഞാനവ്യവഹാരമെന്നത് കേരളത്തിലെ തദ്ദേശീയമായ ആത്മീയദര്‍ശനത്തെയാണ്. ഭൗതികവും ശാസ്ത്രീയവും ജൈവികവുമായൊരു ചിന്താപാരമ്പര്യവും കര്‍മ്മപാരമ്പര്യവും തദ്ദേശീയജ്ഞാന പരിസരത്തിനുണ്ടെന്നാണ് കഥാകൃത്ത് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ജ്ഞാനമാര്‍ഗ്ഗത്തെ തമസ്‌കരിച്ചുകൊണ്ടാണ് ആധുനികമതവ്യവഹാരങ്ങള്‍ തദ്ദേശീയജനതയ്ക്കു മേല്‍ ആധിപത്യം നേടിയതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വിനോയ്‌തോമസ് പറഞ്ഞു വെയ്ക്കുന്നു. കഥയുടെ അവസാനഭാഗത്തെത്തുമ്പോള്‍ കൂടുതല്‍ തീവ്രമായി ഇക്കാര്യം വായനക്കാര്‍ തിരിച്ചറിയുന്നു. ഇങ്കന്റെ ശവമടക്ക് നടക്കുമ്പോള്‍ ആചാരപരമായി, അമ്മ ചുംബിച്ചതു പോലെ വരുത്തി പിന്‍വാങ്ങി. മകന്റെ അന്ത്യചുംബനത്തിനു വേണ്ടി ആരും കാത്തു നിന്നില്ല. അടക്കിയിരിക്കുന്ന ആളുടെ പേരും മരണദിവസവും എഴുതി വെക്കുന്നില്ല.സെമിത്തേരിയില്‍ അവശേഷിച്ചത് ഇങ്കന്റെ അമ്മയും ഭാര്യയും മകനും സോമച്ചനും മാത്രമാണ്. എങ്ങനെയാണ് മത -ജാതി വ്യവഹാരം കീഴാളരെ മരണാനന്തരം പോലും ചരിത്രപരമായി പരിഗണിക്കുന്നത് എന്നതിന്റെ സാമൂഹിക – സാംസ്‌കാരികവിമര്‍ശനമായി ഇക്കഥ വിപുലപ്പെടുന്നുണ്ട്.മതപ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികരൂപമായ പ്രാര്‍ത്ഥനയെ ജീവിതവ്യവഹാരത്തിന്റെ ഭാഗമാക്കി നായ്ക്കുരണ കൃഷിയിലൂടെ ജീവിതവിജയം കണ്ടെത്തുന്ന കൃഷിക്കാരനായ മാലിക്കന്‍ സാബുവിന്റെ കഥാഖ്യാനം ചൂടന്‍ ഇങ്കന്റെ പ്രതിസ്ഥാനത്തുനില്‍ക്കുന്നു. ‘നായ്ക്കുരണ ‘ഒരേ സമയം പുരുഷകാമനയുടെയും വിപണി സംസ്‌കാരത്തിന്റെയും തുറന്നെഴുത്താണ്.
ഭാഷാസാമൂഹികതയുടെ പ്രത്യയശാസ്ത്രം
സംസ്‌കാരത്തിലേക്കും നാഗരികതയിലേക്കുമുള്ള മനുഷ്യന്റെ വളര്‍ച്ചയിലെ നിര്‍ണായഘട്ടമാണ് ഭാഷയുടെഉപയോഗം. ഭാഷ സാമൂഹികതയുടെ അടിസ്ഥാന ഉപാധിയായി ചരിത്രപരമായി പ്രതിപ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ ഇതു വരെയാര്‍ജ്ജിച്ച എല്ലാ ഉണ്മയുടെയും കേന്ദ്രമായി ഭാഷ നിലക്കൊള്ളുന്നു. ഓരോ സമൂഹവും തങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതു പോലും ഭാഷയിലൂടെയാണെന്നര്‍ത്ഥം. ഭാഷനഷ്ടമാകുന്നതിലൂടെ മനുഷ്യജീവിതാവസ്ഥതന്നെ നിശ്ചലമായിത്തീരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളുടെയെല്ലാം കേന്ദ്രത്തില്‍ ഭാഷയെ അതിന്റെ ഏതെങ്കിലുമൊരു തലത്തില്‍ പ്രതിഷ്ഠക്കപ്പെട്ടതായി കാണാം. ആശയവിനിമയമാതൃക എന്ന നിലയ്ക്കപ്പുറം സംഘടിതമായ ഒരു വ്യവസ്ഥയായി, സാമൂഹിക ജീവിതത്തെ വിളക്കിചേര്‍ക്കുന്ന കണ്ണിയായി അത് പ്രവര്‍ത്തിക്കുന്നു.വ്യവസായനാഗരികതയിലേക്കുള്ള മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത പ്രയാണത്തില്‍ ജൈവിക സ്വത്വനഷ്ടത്തോടൊപ്പം ഭാഷാനഷ്ടംകൂടിയുണ്ടെന്ന ആഴത്തിലുള്ള സാംസ്‌കാരികതിരിച്ചറിവുണ്ടാക്കുന്ന ആഖ്യാനമാണ് കുട്ടു കുറുക്കത്തീ കുര്‍ ..കുര്‍ എന്ന കഥ. ഭാഷതന്നെ തീവ്രമായൊരനുഭവമായി പരിണമിക്കുന്ന രാസപ്രക്രിയ വിനോയ്‌തോമസിന്റെ ഈ കഥയുടെ സവിശേഷതയായി മാറുന്നു. തന്റെ മക്കള്‍ രാജ്യാന്തരന്മാരായി വളരണം എന്നാഗ്രഹിക്കുന്ന ഡിക്രൂസ് മൂന്ന് ആണ്‍ മക്കളെയും അതിനു പാകപ്പെടുന്ന രീതിയിലാണ് വളര്‍ത്തുന്നത്. ഡിക്രൂസിന്റെ ഭാഷയോടുള്ളസമീപനം ജീവിതത്തോടുള്ള നയവ്യതിയാനവുമായി ബന്ധപ്പെട്ടാണ് നാം കാണേണ്ടത്. ‘മലയാളൊക്കെ അങ്ങനെയങ്ങായിക്കോളൂന്ന്. ഫ്രഞ്ചു പഠിക്കാനാണ് ങ്ങള് നോക്കേണ്ടത് ‘. ഫ്രഞ്ചു ഭാഷയോടുള്ള താല്പര്യത്തിനാല്‍ ‘ ലാ മെര്‍വ്യൂവേ ‘ എന്നാണ് ഡിക്രൂസ് തന്റെ വീടിന് പേരിട്ടത്.അതിന്റെ ഫലം അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. മൂന്ന് മക്കളും പല രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ഡി ക്രൂസിന്റെ രണ്ടാമത്തെ മകന്‍, ലിസ്റ്റിന്‍ഡിക്രൂസിന് കാനഡയിലെ മോണ്ട്രിയായിലെ ഏറ്റവും വലിയ വമ്പന്മാരുടെ നിര്‍മ്മാണ കമ്പനിയില്‍ ജോലി കിട്ടിയതും ഫ്രഞ്ചു ഭാഷയിലൂടെയാണ്. ഇവിടെ ഫ്രഞ്ചു ഭാഷ ജോലിക്കുള്ള ഒരുപാധി മാത്രമാണ്.ഡിക്രൂസിന്റെ എതിര്‍ സാംസ്‌കാരികഭൂമിശാസ്ത്രത്തിന്റെ ജൈവികപരിസരത്തിലാണ് കൊച്ചു തെയ്യാവല്ല്യമ്മച്ചി നിലയുറപ്പിച്ചിരിക്കുന്നത്. കാടിനോടും പള്ളയോടും കല്ലിനോടും മണ്ണിനോടും നിരന്തരം സംസാരിച്ചുക്കൊണ്ടു നടക്കുന്ന വല്ല്യമ്മച്ചിയുടെ ലോകമെന്നത് ജൈവികമാണ്. എല്ലാ കടലിലും കറങ്ങി നടക്കുന്ന ഒരു കപ്പലില്‍ ജോലിയുണ്ടായിരുന്ന ഡിക്രൂസിന് ഏതെങ്കിലും കരയില്‍ ഭൂസ്വത്തു വാങ്ങിച്ചിടണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. തന്റെ മക്കള്‍ ആശയും കീശയുമടക്കി കേരളത്തില്‍ കിടന്നു നരകിക്കരുത് എന്ന് വിചാരമുള്ള ഡിക്രൂസിന്റെ നിലപാട് തികച്ചും ആധുനികവും പ്രായോഗികകവുമാണ്. പൊതുമലയാളി എത്തി പിടിക്കാന്‍ വെമ്പുന്ന സാങ്കല്പികമായൊരു സാമൂഹികതലം ഡിക്രൂസിലുണ്ട്. ആനന്ദബ്രാന്റനില്‍ ഈ സാങ്കല്പിക തലം വളരെ പ്രകടമായിത്തന്നെ ആഖ്യാനത്തിനകത്ത് വരുന്നു.ഫ്രഞ്ച് അധിനിവേശ ഭൗതികഭൂമിശാസ്ത്രത്തില്‍ നിലയുറപ്പിച്ചുകൊണ്ടാണ് ഡിക്രൂസിന്റെ സാമ്പത്തികശാസ്ത്രവും ലോകബോധവും വികസിക്കുന്നത്.അപ്പന്റെ സാമ്പത്തികശാസ്ത്രചരിത്രവഴി പിന്‍പറ്റുന്ന മക്കള്‍ അതേ സമയം പിടിത്തമറ്റവരാണ്. ഡിക്രൂസിന് തന്റെ മക്കള്‍ എങ്ങനെയായിത്തീരണമെന്ന ഒരു കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഡിക്രൂസിന്റെ മകനായ ലിസ്റ്റിന് ആ ബോധം ഒരു ഘട്ടം വരെ നഷ്ടപ്പെടുന്നുണ്ട്.തികച്ചും ഗ്രാമീണമായജൈവിക പരിസരത്തില്‍ ജനിച്ചു വളര്‍ന്ന കൊച്ചുതെയ്യവല്യമ്മച്ചിയുടെ മരുമകള്‍ സിനിയെ ലിസ്റ്റിന്‍ വിവാഹം കഴിച്ചപ്പോള്‍ ഒരു മാസം മാത്രമേ അവന്‍ വെള്ളറയിലും മാഹിയിലുമായി നിന്നുള്ളൂ. കാനഡയാണവന്റെ സാങ്കല്പികദേശം. തനിക്കൊരു മകനുണ്ടായതറിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഡിക്രൂസ് കാനഡയില്‍ നിന്നും നാട്ടിലെത്തുന്നത്.സിനി ഗര്‍ഭിണിയായ സന്ദര്‍ഭം മുതല്‍ കൊച്ചുതെയ്യാവല്യമ്മച്ചി ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരിക്കുമെന്ന് നിനച്ച് അവനോട് നിരന്തരം സംസാരിക്കുന്നുണ്ട്. കൊച്ചു തെയ്യാവല്യമ്മച്ചിയും ഗര്‍ഭസ്ഥ ശിശുവും തമ്മിലുള്ള വൈകാരികമായബന്ധവും അടുപ്പവും ആധുനിക ലോകബോധത്തിനകത്ത് ജീവിക്കുന്നവര്‍ക്ക് അത്ര പരിചയമാവില്ല. സിനി പത്തും തികഞ്ഞ് പ്രസവിക്കുന്ന ദിവസം വരെ കാത്തിരുന്നാല്‍ കുഞ്ഞിനെ കാണാന്‍ താനുണ്ടാവില്ലെന്ന ഉള്‍വിളിയാല്‍ ഒരു സന്ധ്യയ്ക്ക് സിനിയുടെ വയറ്റില്‍ കൈവച്ച് കൊച്ചു തെയ്യാവല്യമ്മച്ചി എന്തൊക്കെയോ കുശുകുശുത്തു. അന്നു രാത്രിത്തന്നെ സിനിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സിനിയുടെ പ്രസവത്തിനു ശേഷം രണ്ടാഴ്ച ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വന്നു. കുഞ്ഞിനെ എല്ലാവര്‍ക്കും എടുക്കാനും പിടിക്കാനും പറ്റുന്ന രീതിയിലായതിനു ശേഷമാണ് അവര്‍ ആശുപത്രി വിട്ടത്. അപ്പോഴേക്കും വല്യമ്മച്ചി കിടപ്പിലായിരുന്നു. എങ്കിലും കട്ടിലില്‍ താങ്ങിപ്പിടിച്ചിരുത്തിയ വല്ല്യമ്മച്ചിയുടെ വിറയ്ക്കുന്ന കൈകളിലേക്ക് സിനി കൊച്ചിനെ കൊടുത്തു. തനിക്ക് നേരത്തെ പരിചയമുള്ള ആളാണ് കട്ടിലില്‍ കൂഞ്ഞിക്കൂടിയിരിക്കുന്നത് എന്നു മനസ്സിലായതോടെ അവന്‍ വല്യമ്മച്ചിയെ നോക്കി ചിരിച്ചു.അതു കണ്ടപ്പോള്‍ ജനിക്കുന്നതിനു മുമ്പേ അവനുണ്ടായിരുന്ന പേര് ‘കുട്ടൂസേ’ എന്ന് വല്യമ്മച്ചി നീട്ടി വിളിച്ചു. പിന്നെയെന്തെല്ലാമോ പറയണമെന്ന് വിചാരിച്ചുവെങ്കിലും ഒന്നും പുറത്തു വന്നില്ല. മൂന്നാം ദിവസം വല്ല്യമ്മച്ചി മരണപ്പെട്ടു. അമ്മച്ചി അവസാനമായി വിളിച്ചത് കൂട്ടൂസിനെയാണ്. വല്ല്യമ്മച്ചിയുടെ മരണം ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. മരങ്ങള്‍ മരങ്ങളും മനുഷ്യര്‍ മനുഷ്യരുമായി. ഒരു വിശേഷവും ആരും പരസ്പരം പറയാതെയായി. മനുഷ്യബന്ധങ്ങളുടെയും, മനുഷ്യപ്രകൃതി-ബന്ധങ്ങളുടെയും ജൈവികതയുടെ കണ്ണിയാണിക്കഥയിലെ വല്ല്യമ്മച്ചി.കുട്ടൂസിന്റെ ജനനത്തിനു ശേഷം രണ്ടുമാസക്കാലം മാഹിയിലും തുടര്‍ന്ന് കാനഡയിലേക്കുമുള്ള അവരുടെ കുടിയേറ്റം ഏറെയും ബാധിച്ചത് കുട്ടൂസിനെയാണ്. ആരുടെയെങ്കിലുമൊക്കെ പറച്ചിലു കേള്‍ക്കാന്‍ കൊതിച്ചു തൊട്ടിലില്‍ കിടന്ന കൂട്ടൂസിനോട് സംസാരിക്കാന്‍ വന്നവര്‍ക്കെല്ലാം ഓരോരോ ഭാഷകളായിരുന്നു. പകലത്തെ തിരക്കൊക്കെ ഒഴിഞ്ഞു രാത്രിയില്‍ തൊട്ടിലിനു മുമ്പില്‍ വന്നു നിന്ന അപ്പയും അമ്മയും പരസ്പരം സംസാരിക്കുമ്പോള്‍ കുട്ടൂസ് കേള്‍ക്കുന്നത് പൂച്ചയുടെ മാവ്യൂ പോലെയോ ചീവീടിന്റെ റ്റീ…പോലെയോ അര്‍ത്ഥമില്ലാത്ത വെറും ശബദങ്ങള്‍ മാത്രമായിരുന്നു.കൂട്ടൂസിനോട് എന്തെങ്കിലും ചോദിക്കാനുള്ള സാവകാശം രണ്ടു പേര്‍ക്കും കിട്ടാറില്ല .ഒന്നും ചോദിക്കാതെ തന്നെ അവന്റെ എല്ലാ ആവശ്യങ്ങളും അവര്‍ മനസ്സിലാക്കി ചെയ്തു കൊടുത്തു.ജൈവവൈവിധ്യവും ഭാഷാവൈവിധ്യവും ഇടകലരുന്ന ഒരു പ്രക്രിയക്കകത്താണ് ഈ കഥ നിലകൊള്ളുന്നത്. വല്യമ്മച്ചിയുടെ മരണത്തോടെ ഭാഷയുമായും ജൈവലോകവുമായും ഉള്ള ബന്ധം ഇല്ലാതെയാകുന്നു .ഇത് തിരിച്ചറിയാന്‍ വ്യവസായാധുനികതയില്‍ ജീവിക്കുന്ന കുട്ടൂസിന്റെ അച്ഛനും അമ്മയ്ക്കും കഴിയുന്നില്ല. ഇതിനിടയില്‍ ഒരു ഭാഷാവ്യവസ്ഥയിലേക്കും പ്രവേശിക്കാനാവാതെ കൂട്ടൂസിന്റെ ജീവിതം മാറുന്നു.ഓരോ ഭാഷണ സമൂഹവും അതിന്റെ ഭാഷയോടോ ഭാഷാഭേദങ്ങളോടോ പുലര്‍ത്തുന്ന ജൈവികബന്ധത്തിനു നിദാനം ഭാഷയുടെ പാരിസ്ഥിതികതയാണ്. ഭാഷയിലെ ഈ പാരിസ്ഥിതികാംശമാണ് മാനുഷികേതരമായ അസ്തിത്വത്തിലേക്ക് മനുഷ്യരെ ചലിപ്പിക്കുന്നത്. കഥയിലുടനീളം കൂട്ടുസ് നടത്തുന്ന വിനിമയം അതിന് തെളിവാണ്. മനുഷ്യസംസ്‌കാരത്തിന്റെ നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്ന നിര്‍മ്മിതികളെല്ലാം ക്ഷണികവും നിരര്‍ത്ഥകവുമായി തീര്‍ന്നെന്ന് ഈ കഥയിലെ കൂട്ടൂസെന്ന കുട്ടിയുടെ ഭാഷാനഷ്ടം വെളിവാക്കുന്നു. മൂന്നര വര്‍ഷമായിട്ട് തന്റെ മകന്‍ തന്നോട് ഒന്നും സംസാരിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ലിസ്റ്റിന് മകന്റെ നേര്‍ക്ക് നോക്കാന്‍ പോലും കഴിയുന്നില്ല. കൂട്ടുസിന്റെ ഭാഷാ നഷ്ടത്തിനു മുന്നില്‍ ലിസ്റ്റിന്‍ ഡിക്രൂസിന്റെ എല്ലാ മോഹങ്ങളും തകര്‍ന്നു തരിപ്പണമാകുന്നു. ഒടുവില്‍ കൂട്ടൂസിനുവേണ്ടി കൊച്ചുതെയ്യാ വല്ല്യമ്മച്ചിയുടെ സാകല്യദര്‍ശനത്തിലേക്ക്, ആനുഭവികവ്യവഹാരത്തിലേക്ക് ലിസ്റ്റിനും സിനിയും തിരിച്ചു പോകുന്നു. കഥയവസാനിക്കുന്നത് അവന്റെ ആ ഇളക്കത്തില്‍ പച്ചയുടുപ്പിലെ പക്ഷികള്‍ പറന്നുയരാന്‍ തുടങ്ങി എന്നിടത്താണ്.ഒരു പ്രദേശത്തെ ഭാഷ ആ പരിസരത്തെ ജീവികളെയും സാഹചര്യങ്ങളെയും പ്രതിഫലിപ്പിക്കുക മാത്രമല്ല, ആ ഭാഷകസമൂഹത്തിനു തങ്ങളുടെ പരിസ്ഥിതിയുടെ സമീപനമെന്തെന്നു കൂടി വ്യക്തമാക്കുന്നുണ്ട്. സംസ്‌കാരവും ഭാഷയും പരിസ്ഥിതിയുമായുള്ള ബന്ധം ഋജുവോ ലളിതമോ അല്ലെന്ന വലിയ സത്യത്തെ അടിവരയിടുന്ന ആഖ്യാനമായി ഈ കഥ രൂപാന്തരപ്പെടുന്നു. ഒരേ സമയം വൈയക്തികവും സാമൂഹികവും ജൈവികവുമായ മാനങ്ങളിലേക്ക് വിനോയ്‌തോമസ് വായനക്കാരെക്കൊണ്ടു പോകുന്നു. പ്രകൃതിക്കുമേലുള്ള മുതലാളിത്തത്തിന്റെയും നവ നാഗരികതയുടെയുടെയും അനിയന്ത്രിതമായ ഇടപെടലുകളെ ഭാഷാലോകവ്യൂഹത്തിന്റെ തനതു സംവിധാനങ്ങളെ പുന:രുജ്ജീവിപ്പിച്ച് കൊണ്ട് ചെറുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കഥയുടെ ആന്തരികതലം പ്രവര്‍ത്തിക്കുന്നത്. അതേ സമയം ജീവന്റെ നിലനില്‍പ്പിനു വേണ്ടി ഒരു ഗ്രഹം പുലര്‍ത്തുന്ന നിദാന്ത ജാഗ്രതയും വാത്സല്യവും മനുഷ്യന്റെ ഇടപെടല്‍ മൂലം എങ്ങനെ അപകടത്തിലാകുന്നുവെന്ന മുന്നറിയിപ്പുകൂടിയായി ഈ കഥ പരിണമിക്കുന്നു. യന്ത്രങ്ങള്‍ മനുഷ്യരെ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് സാമൂഹികത ചോര്‍ന്നു പോകുന്നു എന്ന തിരിച്ചറിവിനോടൊപ്പം, സാങ്കേതികതയും യാന്ത്രികതയും സൃഷ്ടിക്കുന്ന അമ്പരപ്പിനെ മറിക്കടക്കാനുള്ള ശേഷിയന്വേഷിക്കുക എന്നതു തന്നെയാണ് എഴുത്തിന്റെ സാംസ്‌കാരികധര്‍മ്മമാകേണ്ടത്. ആ അര്‍ത്ഥത്തില്‍ നവസാമൂഹികതയെ വിഭാവനം ചെയ്യുന്ന ആഖ്യാനമായി വിനോയ്‌തോമസിന്റെ എഴുത്ത് രൂപാന്തരപ്പെടുന്നു. പ്രതിരോധചിന്തയുടെയും സംസ്‌കാരത്തിന്റെയും സൂക്ഷമമായ രാഷട്രീയഉള്ളടക്കത്തിന്റെ ആഖ്യാനം കൂടിയാണിത്.
പ്രതീകാത്മകഹിംസാവ്യവഹാരങ്ങള്‍
വ്യക്തികളെയും വ്യക്തിയുള്‍ക്കൊള്ളുന്ന കുടുംബഘടനയെയും മെരുക്കിയൊതുക്കുന്ന സാംസ്‌കാരികവ്യവസ്ഥയാണ് എല്ലാ മതഘടനയും അനുവര്‍ത്തിച്ചു പോരുന്നത്. കീഴാളരെയും പ്രത്യേകിച്ച് സ്ത്രീകളെയും ദൈനംദിനജീവിത രീതികളിലൂടെ, അനുശീലന പ്രക്രിയകളിലൂടെ പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കുന്ന അധീശഘടനയായി മതവ്യവഹാരം പ്രവര്‍ത്തിക്കുന്നു. സഹനം, സ്വയംപീഡനം ഇവയെല്ലാം സാമാന്യബോധത്തിനു മേല്‍ അവര്‍ക്ക് കൂടി സമ്മതമാകുന്ന വിധത്തിലാണതിന്റെ പ്രതിപ്രവര്‍ത്തനം. ലിംഗാസമത്വങ്ങളെ വ്യവസ്ഥീകരിച്ചും പരിചരിച്ചുക്കൊണ്ടു മാണതിന്റെ നിലനില്‍പ്പ്. ഹിംസാത്മകമായ അധികാരപ്രയോഗങ്ങളും സാംസ്‌കാരികമായ പ്രത്യയശാസ്ത്രരൂപങ്ങളും അതിന്റെ ഭാഗമാണ്.കുടുംബഘടനയും സമൂഹഘടനയും രാഷ്ട്രീയഘടനയും മതപ്രത്യയശാസ്ത്രങ്ങളെ സ്വാംശീകരിക്കുമ്പോള്‍ വ്യക്തിയുടെ സ്വാതന്ത്ര്യസങ്കല്പനങ്ങള്‍ തന്നെ റദ്ദായിപ്പോകുന്നു.സ്ത്രീധര്‍മ്മം കുലമഹിമയ്ക്കു വേണ്ടി നിര്‍വചിച്ചു കൊണ്ടാണ് മതഘടന അതിന്റെ പ്രത്യയശാസ്ത്ര നിര്‍മ്മിതി സാധ്യമാക്കുന്നത്. സഹനം,ശുദ്ധി, പീഡ, ഇവയെല്ലാം സ്ത്രീകേന്ദ്രീകൃതമായി നിര്‍വചിക്കുമ്പോള്‍ മതവ്യവഹാരങ്ങള്‍ അടിസ്ഥാനപരമായി വ്യക്തിസ്വാതന്ത്ര്യത്തിനെതിരാകുന്നു.. കുലധര്‍മ്മങ്ങള്‍ ആചാരപരവും അനുഷ്ഠാനാത്മകവും മതാത്മകം കൂടിയാണ്. ആയതിനാല്‍ ഈ ധര്‍മ്മങ്ങള്‍ സംരക്ഷിക്കേണ്ട അധികഭാരം സ്ത്രീയില്‍ വന്നു ചേരുന്നു. അല്ലെങ്കില്‍ അതവരുടെ ബാധ്യതയായി മാറുന്നു. ലൈംഗികത ,പ്രജനനം എന്നിവയ്ക്ക് വിലക്കുകള്‍ നിര്‍മ്മിച്ചുക്കൊണ്ടാണ് മതവ്യവഹാരം കടുംബത്തിനകത്ത് പ്രവര്‍ത്തിക്കുന്നത്. രക്ഷാകര്‍ത്താക്കള്‍ അതിന്റെ വാഹകരായി രൂപാന്തരപ്പെടുന്നു.മതഘടനയുടെ അനുശീലന പ്രക്രിയക്ക് വഴങ്ങാത്തവര്‍ ഹീനരും, അധമരുമായി ചിത്രീകരിക്കപ്പെടുന്നു. അതിനാല്‍ സെമിറ്റിക് മതങ്ങള്‍ പൊതുവേയും ലൈംഗികതയുടെയും ശരീരത്തിന്റെയും മുകളില്‍ നിയന്ത്രണങ്ങള്‍ നിയമവല്‍ക്കരിക്കുന്നതില്‍ ചരിത്രപരമായിത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ലൈംഗികതയെ പാപമായെണ്ണുന്ന ക്രിസ്തുമതം അതില്‍ ഏറെ മുന്നിലാണ്.ഇങ്ങനെ വരുമ്പോള്‍ ലിംഗവിവേചനം അനുശീലനത്തിന്റെ ഭാഗമായിത്തീരുന്നു.ലിംഗവിവേചനം അസമത്വമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൊതുസമ്മതി നേടുന്നു. വലിയ അസമത്വങ്ങള്‍ സമൂഹത്തിന്റെ വ്യവസ്ഥാപിതഘടനയായി സ്ഥിരപ്പെടുന്നു. വ്യവസ്ഥാപിതമതഘടനയ്ക്കുള്ളില്‍ സ്ത്രീ, വംശം നിലനിര്‍ത്താനുള്ള പുരുഷന്റെ ലൈംഗികപങ്കാളി മാത്രമായി ഒതുക്കപ്പെടുന്നു.അങ്ങനെ കുടുംബ ഘടനയും രാഷ്ട്രീയഘടനയും മതവ്യവസ്ഥയുടെ അനുശീലന പ്രക്രിയയുടെ ഉപാധിയായി മാറുമ്പോള്‍ ഏറ്റവുമധികം അസ്വാതന്ത്ര്യം അനുഭവിക്കുന്ന വിഭാഗമായി സ്ത്രീകള്‍ സ്ഥാനപ്പെടുന്നു.സ്ത്രീ ശരീരമെന്നത് അദൃശ്യമായ നിരവധി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാവുന്ന, വസ്തുവല്‍ക്കരിക്കപ്പെട്ട ഒന്നായി മാറ്റപ്പെടുന്ന അനുശീലനപ്രക്രിയക്കകത്ത് വച്ച് വിശകലനം ചെയ്യാവുന്ന കഥയാണ് മുള്ളരഞ്ഞാണം. പ്രധാനസെമിറ്റിക് മതവ്യവഹാരമെന്ന നിലയില്‍ ക്രിസ്തുമതത്തിനകത്തെ ചലനാത്മകതയെയും നിശ്ചലാവസ്ഥയെയും ആഖ്യാനം ചെയ്യാനാണ് വിനോയ്‌തോമസ് ശ്രമിക്കുന്നത്.പീഡനമേറ്റ ക്രിസ്തുവിന്റെ ശരീരത്തെത്തന്നെ പ്രതീകമായെടുത്ത്, പീഡാനുഭവത്തിന്റെ അനന്യതയിലും അതിന്റെ സൂക്ഷ്മ സന്ദര്‍ഭത്തിലുമാണ് കഥാകൃത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ആറാം ക്ലാസ്സുകാരിയായ കവിതയെന്ന പെണ്‍കുട്ടിയുടെ അനുഭവത്തിലൂടെയും സര്‍ഗാത്മക പ്രവൃത്തിയിലൂടെയുമാണ് മുള്ളരഞ്ഞാണം എന്ന കഥ വികസിക്കുന്നത്. സ്വച്ഛവും സ്വതന്ത്രവുമാണ് കവിതയുടെ ക്രിയകള്‍. അത് ഏറെ സര്‍ഗ്ഗാത്മകവും സക്രിയവുമാണ്. അവളുടെ വിചാരവികാരങ്ങള്‍ക്ക് സ്വച്ഛതയുണ്ട്.ക്രിയകള്‍ക്ക് അവളുടെതായ ബോധ്യങ്ങളുണ്ട്.പൊതുബോധങ്ങള്‍ക്ക് ദഹിക്കുന്നവയല്ല അവളുടെ ക്രിയകള്‍. നിലനില്‍ക്കുന്ന ലിംഗാധികാരത്തിന്റെ വ്യവഹാരങ്ങളെ അനായാസം കുടഞ്ഞെറിയാന്‍ കവിതയ്ക്കാവുന്ന ഘട്ടം ആഖ്യാനത്തിന്റെ പ്രധാനതലമാണ്. ആണ്‍ – പെണ്‍ വിവേചനങ്ങളെ ജീവിതവ്യവഹാരത്തില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്ന ഒരു കാലമെന്നത് പെണ്‍ജീവിതത്തില്‍ അനുഭവപ്പെടുന്നത് അണ്ഠരൂപീകരണത്തിന് തൊട്ടുമുമ്പുള്ള കാലമാണ്.കവിതയുടെ ജീവിതത്തിലെ പ്രധാനവും സവിശേഷവുമായ കാലമാണത്. അവളുടെ ഇച്ഛകള്‍ക്കും തൃഷ്ണകള്‍ക്കും അനുസരിച്ച് ജീവിക്കുന്ന കാലം. സ്വയം നിര്‍ണയവകാശത്തിന്റെ സ്വച്ഛമായ കാലം കൂടിയാണത്. ആണ്‍ കുട്ടികളോടൊപ്പമോ അതിനേക്കാളുപരിയായോ അനായാസമായി അല്‍ഫോന്‍സാമാവിന്റെ തുഞ്ചിലേക്കു കയറിപ്പോകുന്ന കവിതയുടെ ചെയ്തികള്‍ ആണ്‍-പെണ്‍ ലിംഗവിവേചനത്തിന്റെ പ്രത്യയശാസ്ത്രത്തെ പ്രായോഗികമായിത്തന്നെ നിരാകരിക്കുന്നുണ്ട്. ലിംഗവിവേചനത്തിന്റെ ശാരീരികചോദനകളെ നിഷ്പ്രഭമാക്കുന്ന ഒരു രംഗമുണ്ട് ഈ കഥയില്‍. അല്‍ഫോന്‍സാമാവില്‍ കയറി ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുത്രമൊഴിക്കുന്ന മത്സരം അവര്‍ സംഘടിപ്പിക്കുന്നു. ആണ്‍ കുട്ടികള്‍ അവരുടെ ജനനേന്ദ്രിയത്തില്‍ പിടിച്ച് മൂത്രമൊഴിച്ചാല്‍ തീര്‍ച്ചയായും ജയിക്കുമെന്ന് കവിതക്കറിയാം. അതിന്റെ അഭാവം തിരിച്ചറിയുന്ന കവിതയുടെ മൊഴിയമ്പ് ആണ്‍ പെണ്‍ശരീരവ്യവസ്ഥയുടെ അസമീകരണത്തെ ഉല്ലംഘിക്കുന്നു. ജനനേന്ദ്രിയത്തില്‍ തൊട്ടു കൊണ്ട് മൂത്രമൊഴിക്കാന്‍ പാടില്ലെന്ന നിയമം അവള്‍ക്ക് മുന്നോട്ടു വെക്കേണ്ടി വരുന്നു. നിവര്‍ന്നു നിന്ന് മാവിന്റെ കൊമ്പത്തു നിന്നുമുള്ളി മത്സരത്തില്‍ കവിത ജയിക്കുന്നു. ഇവിടെ ജയിക്കുന്നതാരെന്നതിനേക്കാള്‍ ഒരു വ്യവസ്ഥ ചിലര്‍ക്ക് കൂടുതല്‍ ജയിക്കാനുള്ള സാധ്യതയും മറ്റു ചിലര്‍ക്ക് തോല്‍ക്കാനുള്ള സാധ്യതയും ഒരുക്കി വെയ്ക്കുന്നുവെന്നതാണ് പ്രധാനം.എടീ പെമ്പിള്ളേര്‍ ഇരുന്നല്ലേ മുള്ളുന്നത് എന്ന ആണ്‍പിള്ളേരുടെ ചോദ്യത്തിന് കവിതയുടെ മറുപടി ഇങ്ങനെയാണ്.’ പോടാ അവിടന്ന്. നിങ്ങളുമുള്ളുന്നതു പോലെ എനിക്ക് കൈയില്‍ പിടിച്ച് മുള്ളാന്‍ പറ്റിയേലല്ലോ…. അതു കൊണ്ട് എല്ലാവരും കൈപിടിക്കാതെ മുള്ളിയാല്‍ മതി. എന്നാലേ ഇത് മത്സരമായിട്ട് ഞാന്‍ കൂട്ടത്തുള്ളൂ. ലിംഗനീതിയുടെ പുതിയൊരു ശരീരഭാഷയും അതിനസരിച്ചുള്ള നിയമവും നിര്‍മ്മിക്കേണ്ടതിലേക്കാണ് കവിതയുടെ ശാസ്ത്രീയബോധം വികസിക്കുന്നത്. പുണ്യാളത്തികളെ മാതൃകയാക്കി വേണം പെമ്പിള്ളേര്‍ ജീവിക്കാന്‍ എന്ന മേരിയമ്മയുടെ താക്കീതിനെ കവിത നേരിടുന്നത് വേദപാഠക്ലാസ്സില്‍ പറയുന്ന കൂട്ട് പുണ്ണാളത്തിയാകാനൊന്നും തന്നെ കൊണ്ട് പറ്റിയേല എന്നാണ്.മതം, അതിന്റെ പീഡനാത്മകത, പാപപുണ്യപ്രവൃത്തി ,സഹനം ഇവയെല്ലാം കവിതയുടെ സ്വച്ഛതയെ നിയന്ത്രിക്കുന്ന പ്രയോഗവല്‍ക്കരണരൂപങ്ങളാണ്. അവയെല്ലാം അസംബന്ധമോ അസഹനീയമോ ആണ് .’സ്‌നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്ന് എന്നെ വിമുക്തമാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കണമേ. ലൗകികാശ്വാസങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമേ എന്നിങ്ങനെയുള്ള പ്രാര്‍ത്ഥനകളൊന്നും കവിതയെ പ്രചാദിപ്പിക്കുന്നില്ല.കുര്‍ബ്ബാനയ്ക്കു ശേഷമുള്ള തിരുബാലസഖ്യത്തിന്റെ പരിപാടിയില്‍ കവിത പ്രസംഗിക്കുന്നതിങ്ങനെയാണ് ‘ഈശോ വല്ലാത്ത സാധനമാ.പുള്ളിക്കാരന്‍ സ്വന്തം മണവാട്ടിയായ വിശുദ്ധ അല്‍ഫോന്‍സാമ്മേനെ കണ്ടമാനം ഉപദ്രവിച്ചാരുന്നല്ലോ. പക്ഷേ, പുണ്യാളത്തി അതെല്ലാം സഹിച്ചു. പ്രാര്‍ത്ഥിച്ചു.അങ്ങനെ പുണ്യാളത്തിയായി. എനിക്കങ്ങനെത്തെ പുണ്യാളത്തിയാകണ്ട എന്ന കവിതയുടെ വാക്കുകള്‍ക്ക് മതപ്രത്യയശാസ്ത്രത്തെ സൂക്ഷമാര്‍ത്ഥത്തില്‍ത്തന്നെ മറിക്കടക്കാനുള്ള സര്‍ഗ്ഗാത്മക ശേഷിയുണ്ട്. യേശുക്രിസ്തുവിനോട് കവിതയ്ക്കു സഹതാപം തോന്നുന്നത് സ്വാഭാവികം മാത്രം. പുരുഷാധിഷ്ഠിത പൗരോഹിത്യമതപ്രത്യയശാസ്ത്രത്തെ സ്ത്രീകര്‍ത്തൃത്വത്തിന്റെ വിചാരമാതൃകയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമമാണ് കവിത നടത്തുന്നത്.കാലുമുത്തല്‍ക്രിയപെസഹവ്യാഴാഴ്ച പളളിയില്‍ നടക്കുന്ന പ്രധാന ചടങ്ങാണ് വികാരിയച്ഛന്‍ ആണുങ്ങളുടെ കാലു കഴുകിമുത്തുന്നത്. റോമാകത്തോലിക്ക സഭ ആഗോളടിസ്ഥാനത്തില്‍ പെണ്ണുങ്ങളുടെയും കാലു കഴുകി മുത്തുക എന്ന ചടങ്ങ് നടത്തി മതത്തിനകത്ത് ലിംഗനീതി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.കേരളത്തിലെ പള്ളികളില്‍ ഈ ആധുനികയുഗത്തിലും നടപ്പിലാവാത്ത ഒന്നാണിത്.ഈയൊരു സാഹചര്യത്തില്‍ കഥയ്ക്കകത്ത് ആണ്‍പിള്ളേരുടെ കാലു മുത്താന്‍ വികാരിയച്ഛന്‍ തീരുമാനിച്ചപ്പോള്‍ അതിന് തെരഞ്ഞെടുക്കുന്നത് കവിതയോടൊപ്പം അല്‍ഫോന്‍സാമാവില്‍ കയറി കളിക്കാന്‍ വരുന്ന സുഹൃത്ത് റോഷനെയാണ്. അവനാകട്ടെ തന്റെ കാലാണ് ഇന്ന് വികാരിയച്ഛന്‍ കഴുകി മുത്തുക എന്നത് കവിതയില്‍ നിന്ന് മറച്ചു വെയ്ക്കുന്നു .അന്ന് ഉച്ചയ്ക്ക് ശേഷം അല്‍ഫോന്‍സാമാവിന്‍ ചുവട്ടില്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ കവിത അവളുടെ പരിഭവം റോഷനെ അറിയിച്ചു.ആണുങ്ങളാരെങ്കിലും പെണ്ണുങ്ങളുടെ കാലു കഴുകി മുത്തുവോ? എന്ന റോഷന്റെ ചോദ്യത്തിന് എന്താ മുത്തിയാല്?എന്ന മറുചോദ്യമാണ് കവിത ഉന്നയിക്കുന്നത്.കുറെ നേരത്തെ രണ്ടു പേരുടെയും ആലോചനക്കൊടുവില്‍ കവിതയുടെ കാലു കഴുകി മുത്താന്‍ റോഷന്‍ തീരുമാനിക്കുകയും ചെയ്തു. പള്ളിയില്‍ അച്ഛന്‍ ചെയ്തതുപോലെ തന്നെ ചെയ്യണമെന്ന കവിതയുടെ നിര്‍ബന്ധത്തിനു മുന്നില്‍, ഒടുവില്‍ റോഷന്‍ മടിച്ചു മടിച്ച് ഉടുത്തതോര്‍ത്തഴിച്ച് അച്ഛന്‍ കെട്ടിയ പോലെ അരയ്ക്കു മുകളില്‍ ചുറ്റിക്കെട്ടി പൂര്‍ണ്ണ നഗ്‌നനായി കവിതയുടെ കാലു കഴുകി മുത്തല്‍ കര്‍മ്മം നടത്തി. ഒരു പക്ഷേ, ലോക ക്രിസ്ത്യന്‍ മതബോധം സ്ത്രീ പുരുഷലിംഗസമത്വാധിഷ്ഠിതമായി പരിണമിക്കുമ്പോഴും മാറാന്‍ കൂട്ടാക്കാത്ത വിധം അത്രയും ദൃഢവും സൂക്ഷ്മവുമാണ് കേരളത്തിലെ മതാധികാരഘടനയെന്ന് വെളിപ്പെടുത്തുകയാണ് ഈയൊരു സന്ദര്‍ഭത്തിലൂടെ കഥാകൃത്ത്.പുഴയ്ക്കു സമീപമുള്ള അല്‍ഫോന്‍സാമാവ് കവിതയുടെ എല്ലാ ഇച്ഛകളുടെയും തൃഷ്ണകളുടെയും സാക്ഷിയായി ചെറുകഥയിലുടനീളം ആഖ്യാനം ചെയ്യപ്പെടുന്നു. ആ അര്‍ത്ഥത്തില്‍ അല്‍ഫോന്‍സാമാവും വിനോയ്‌തോമസിന്റെ മറ്റു കഥകളിലെന്നപോലെ ജൈവ കഥാപാത്രം തന്നെ. കഥാന്ത്യത്തില്‍ കുട്ടികള്‍ മാവില്‍ കയറാതിരിക്കാന്‍ വേണ്ടി മത്തനപ്പച്ചന്‍ അല്‍ഫോന്‍സാമാവിന്റെ തായ്ത്തടിയിലും താഴത്തെ കൊമ്പിലും മുള്ളുകമ്പിചുറ്റിച്ചുറ്റിമുറുക്കി കെട്ടുന്നുണ്ട്. ഇങ്ങനെ ചുറ്റിക്കെട്ടിയ കൊമ്പില്‍ തൂങ്ങിയാണ് അവസാനദിവസം കവിത മാവിലേക്ക് കയറാന്‍ ശ്രമിക്കുന്നത്. മുകളിലേക്ക് നോക്കിയ റോഷന്‍ മൂന്നാമത്തെ കൊമ്പിന്റെ ചില്ലയില്‍ മൂടു ചുവന്നിരിക്കുന്ന അല്‍ഫോന്‍സാമാങ്ങ കാണുന്നു. അല്‍ഫോന്‍സമാങ്ങ പഴുത്തു എന്ന് പറഞ്ഞു കൊണ്ട് അവനും മാവില്‍ കയറാന്‍ ശ്രമിച്ചെങ്കിലും കവിത അടിവയറ്റില്‍ നിന്നു വരുന്ന വേദനയെ മറന്ന് അവന്റെ മുതുകില്‍ ചവുട്ടി വേഗത്തില്‍ മുള്ളൊന്നും ശ്രദ്ധിക്കാതെ മാവിന്റെ മൂന്നാം കൊമ്പിലെത്തി മാങ്ങ പറിച്ചെടുത്തു. അടിവയറ്റിലെ വേദന ഓര്‍ക്കാതിരിക്കാന്‍ മാങ്ങയുടെ ചുവന്ന മൂട്ടില്‍ ഉമ്മ വെച്ച് ചാറ് ഊമ്പിയിറക്കി.ഇനിയും പഴുത്ത മാങ്ങയുണ്ടോ എന്നറിയാന്‍ മുകളിലേക്ക് നോക്കിയ റോഷന്‍ കണ്ടത് കവിതയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് ചോര വരുന്നതാണ്. അവനത് വിളിച്ചു പറഞ്ഞപ്പോള്‍ കവിത കുനിഞ്ഞ് മാങ്ങാച്ചാറുള്ള കൈകൊണ്ട് തപ്പി നോക്കിയപ്പോള്‍ ചോര നിറം കണ്ടു.കവിത തല താഴ്ത്തി മാവിന്റെ കൈകൂട്ടില്‍ നിന്നു ചാടി പുഴയിലേക്ക് മുങ്ങി. അവള്‍ മുങ്ങിപ്പോയിടത്ത് പതുക്കെ പതുക്കെ ചുവപ്പ് പടര്‍ന്നു.കവിതയുടെ പെരുമാറ്റത്തില്‍ പന്തിക്കേടു തോന്നിയ മേരിമമ്മി പ്രസവത്തിനു ശേഷം അല്‍ഫോന്‍സ ധരിച്ചിരുന്ന വെള്ളിയരഞ്ഞാണം തേടിപ്പിടിച്ച് കൈയിലെടുത്ത് കവിത പൊങ്ങി വരുന്നതും നോക്കി കുളിക്കടവില്‍ നിന്നു. പെണ്ണിന്റെ ഇച്ഛകളും തൃഷ്ണകളും സ്വാതന്ത്ര്യ സങ്കല്പനങ്ങളും വിലക്കപ്പെടാന്‍ പോകുന്നതിന്റെ പ്രതീകമാണ് മേരിമമ്മിയുടെ കൈയിലുള്ള മുള്ളരഞ്ഞാണം. ഋതുമതിയാകുന്നതോടെ അനുഷ്ഠാനപരമായിത്തന്നെ സ്ത്രീ അവളുടെ എല്ലാസര്‍ഗ്ഗാത്മകതയും സക്രിയതയും ഒളിപ്പിച്ചുവെയ്ക്കാനോ നിയന്ത്രിക്കപ്പെടാനോ ബാധ്യതപ്പെട്ടവരാണെന്ന മതപരമായ യാഥാര്‍ത്ഥ്യം കേരളീയപരിസരത്തില്‍ നിന്നുകൊണ്ട് തുറന്നു കാണിക്കുന്ന ശ്രദ്ധേയമായ ആഖ്യാനമായി മുള്ളരഞ്ഞാണം വായിക്കപ്പെടുംമുള്ളരഞ്ഞാണം പേരു സൂചിപ്പിക്കുന്നതുപ്പോലെ മതാധികാരത്തിന്റെ പ്രത്യയശാസ്ത്രധര്‍മ്മം കുടുംബത്തിലും വ്യക്തിബോധത്തിലും എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആഖ്യാനം കൂടിയാണ്. ലിംഗപദവികള്‍ക്ക് പിറകില്‍ സ്ഥായിയായസത്തയില്ലയെങ്കിലും ആവര്‍ത്തിച്ചുള്ള അനശീലനപ്രക്രിയയിലൂടെ ലിംഗാസമത്വംസ്ഥാപിക്കുന്നതില്‍ മതാനുഷ്ഠാനങ്ങള്‍ക്കുള്ള പങ്ക് നിര്‍ണ്ണായകമാണെന്ന് കഥാന്ത്യം വെളിപ്പെടുന്നു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്ത്രീസ്വത്വത്തെ അസ്ഥിരമാക്കുന്ന ഹിംസാത്മകപ്രത്യയശാസ്ത്രപ്രതീകമായി മതഘടന മാറുന്നതെങ്ങനെയെന്ന വിചാരമാണ് മുള്ളരഞ്ഞാണം തുറന്നിടുന്നത്.
കുഴമറിയുന്നനീതിബോധം
ആന്റണിയെന്നും ഷാജീവന്‍ എന്നും മാറ്റപ്പേരു സ്വീകരിച്ചുകൊണ്ട് കളിഗെമിനാറിലെ കുറ്റവാളിയെ പിടികൂടാന്‍ പോകുന്ന എ.എസ്.ഐയും കൂടെയുള്ള പോലീസുകാരനെയും മുന്‍നിര്‍ത്തി കൊണ്ടാണ് ഈ കഥ മുന്നോട്ടു പോകുന്നത്. കളിഗമിനാറെന്നസാങ്കല്പിക വനമേഖലാപ്രദേശത്തെന്നുതോടെ അവര്‍ അവിടത്തെ ആചാരാനുഷ്ഠാനജീവിതത്തിന്റെ ഭാഗമായി മാറുന്നു. തങ്കന്‍ചേട്ടന്റെ പറമ്പില്‍ റബ്ബര്‍ കുഴിവെട്ടാനെന്ന വ്യാജേന അവിടത്തെ കള്ളുഷാപ്പില്‍ താമസമാരംഭിക്കുന്ന രണ്ട് പോലീസുകാരുടെയും അതുവരെ ഒതുക്കി വെച്ച കാമനകള്‍ ഉണരുന്നുണ്ട്. രണ്ടു ദിവസത്തിനകം ഷാപ്പിലെ കറിക്കാരനുമായുള്ള ബന്ധം വളര്‍ന്ന് രാത്രി കാട്ടില്‍ വെടിക്കുപോകുമ്പോള്‍ സഹായിയായി ആന്റണിയെ കൂടെ കൂട്ടുന്ന അവസ്ഥ വരെയെത്തി. നാല്‍പ്പത്തൊമ്പതുവര്‍ഷത്തെ ജീവിതത്തില്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ഇരയെ വെടിവെച്ചു വീഴിക്കുക എന്നതാണെന്ന ചിന്ത ആന്റണിയില്‍ തികട്ടിവരുന്നുണ്ട്. ആ ആഗ്രഹം നിറവേറ്റുക എന്ന ചിന്തയുമായാണ് അന്ന് അന്തിയില്‍ ആന്റണി വെടിക്കാരന്റെയൊപ്പം കാടുകയറുന്നത്. പക്ഷേ മൂന്ന് ദിവസം കാട്ടില്‍ കഴിഞ്ഞിട്ടും ഒരിരയെപ്പോലും കിട്ടാതെയാണ് അവര്‍ തിരിച്ചു വന്നത്. വേട്ടക്കാരന്റെ മുഴുത്ത തെറിയഭിഷേകമാണ് ആന്റണിക്ക് ലഭിച്ചത്.അന്ന് രാത്രി കിടന്നുറങ്ങുമ്പോള്‍ ആന്റണിയെ ഷാജീവന്‍ സമാധാനിപ്പിച്ചു.ഒരു ചാക്കു വെടിയിറച്ചിയെങ്കിലും ഇവന്മാരുടെ മുമ്പില്‍ കൊണ്ടിട്ടു കൊടുത്തിട്ടേ പോകൂവെന്ന് ഷാജീവന്‍ ആന്റണിക്ക് ഉറപ്പുകൊടുത്തു .അന്നത്തെ രാത്രി ആന്റണിയും ഷാജീവനും വേട്ടക്കാരനോടൊപ്പം കാടുകയറുന്നു. കാടിനെ നന്നായറിയുന്ന പോലെയായിരുന്നു ഷാജീവന്‍ ഇടപ്പെട്ടത്. അതുകൊണ്ട്ത്തന്നെ അന്ന് തോക്ക് കൈകാര്യം ചെയ്തതും ഷാജീവനായിരുന്നു. കാട്ടാടിനെ വെടിവെച്ച് വീഴ്ത്തിയ നിമിഷത്തില്‍ അതിനെ വെടിവെച്ചത് താനായിരുന്നു എന്ന രീതിയിലാണ് ആന്റണി പെരുമാറുന്നത്. അയാള്‍ ആവേശത്താല്‍ അരക്വിന്റലോളം വരുന്ന കാട്ടാടിനെ ഒറ്റക്കെടുത്ത് തോളിലേക്കിടാന്‍ ശ്രമിച്ചെങ്കിലും അതേനിമിഷത്തിത്തില്‍ നിലംപൊത്തി.കറിക്കാരനും ഷാജീവനും ചേര്‍ന്ന് കാട്ടാടിനെ ആന്റണിയുടെ മുകളില്‍ നിന്നും എടുത്തുമാറ്റി. വീഴ്ചയില്‍ ആന്റണിയുടെ നടുവുളുക്കിയിരുന്നു. നടുവേദനിച്ചിരുന്നുവെങ്കിലും ഷാജീവനും കറിക്കാരനും കാട്ടാടിന്റെ തോലുപൊളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെ ഒരു വിധത്തില്‍ എഴുന്നേറ്റ് അയാള്‍ ഇറച്ചിയില്‍ കയ്യിട്ടുവാരാന്‍ തുടങ്ങി. അയാള്‍ ചോരയിലേക്ക് മുഖമടിച്ചു വീണു.കടുത്തവേദനയുണ്ടെങ്കിലും ആ ചോര അയാള്‍ക്ക് സന്തോഷം നല്‍കി.ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ കാട്ടാടിറച്ചിയുമായി അവര്‍ കാടിറങ്ങി. ആന്റണിയുടെ നടുവേദനയ്ക്കുള്ള നാടന്‍ ചികിത്സയ്ക്കായി അവര്‍ പോകുന്നത് തങ്കന്‍ ചേട്ടന്റെ പെങ്ങളുടെ വീട്ടിലാണ് .രണ്ടു ദിവസം വീട്ടില്‍ തങ്ങിയുള്ള പെങ്ങളുതങ്കയുടെ തിരുമ്മല്‍ ചികിത്സകൊണ്ട് ആന്റണിയുടെ നടുവേദന മാറി. അത് മനസ്സിലാകുന്നത് പെങ്ങളുതങ്കമ്മയുമായുള്ള ആന്റണിയുടെ സ്വാഭാവികമായലൈംഗിക ബന്ധത്തിലൂടെയാണ് .പെങ്ങളു തങ്കമ്മയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് സാമ്പത്തികമാണെങ്കില്‍ പോലീസുകാരന്റേത് അത് കേവല സുഖം മാത്രമാകുന്നു.എന്നാല്‍ കഥയുടെ ട്വിസ്റ്റ് അതല്ല. രണ്ടു പേരും കൂടി പെങ്ങളുതങ്കയുടെ വീട്ടില്‍ നിന്നിറങ്ങി ഒരു വളവു കഴിഞ്ഞപ്പോള്‍ പൂരത്തെറിയുമായി തങ്കമ്മ ഇറങ്ങി വരുന്നതാണ് അവര്‍ കണ്ടത്.പെങ്ങള്‍തങ്ക ഷാജീവന്റെ മുണ്ടും മറ്റുള്ളതുമെല്ലാം കൂടി കൂട്ടി പിടിച്ച് ഇങ്ങനെ പറഞ്ഞു ‘എടാ രണ്ടും കെട്ട ഇനത്തില്‍പ്പെട്ടതാണോടാ നിന്റെ കാലിനെടയ്ക്കുള്ളത്? പള്ളിക്കൂടത്തി പോകാന്‍ കൊടോം ബാഗും മേടിക്കാന്‍ വേണ്ടിട്ടാ എന്റെ ചെറുക്കന്‍ ഇന്നലെ നിന്റെ കൂടെ കെടന്നത്. അവനെ നീ ചെയ്യാത്തതൊന്നുമില്ലല്ലോ? എന്നിട്ട് രാവിലെ ഏറ്റ് നീ പൊടിം തട്ടി അങ്ങ് പോകുവാ അല്ലേ? ഇതു കേട്ടതോടെ ഷാജീവന്‍ ആയിരം രൂപയെടുത്ത് പെങ്ങളുതങ്കയ്ക്ക് കൊടുത്തു.ഈ പോക്‌സോപണിയെക്കുറിച്ച് ആന്റണി പറയുന്നത് ഇവിടെയായതുകൊണ്ട് കൊഴപ്പമില്ല. ആയിരം കൊണ്ട് ഒതുങ്ങിയെന്നാണ്.അപനിര്‍മ്മിക്കാനാവാത്ത ഒന്നേയുള്ളൂ അത് നീതിയാണെന്ന വലിയ സത്യത്തെയാണ് ഈ കഥ മുന്നോട്ടുവയ്ക്കുന്നത്.മുള്ളരഞ്ഞാണത്തില്‍ നിന്ന് കളിഗെമിനാറിലെ കുറ്റവാളികളിലെത്തുമ്പോള്‍ മതഘടനയുടെ സ്ഥാനം നിയമവ്യവസ്ഥ കൈക്കലാക്കുന്നു. നിയമപാലകര്‍ തന്നെ നിയമലംഘകരാകുന്ന വൈരുധ്യത്തെ വെളിപ്പെടുത്തുന്ന ആഖ്യാനമാണിത്. പോലീസ്ഘടന ഭരണകൂടത്തിന്റെ ശക്തമായ മര്‍ദ്ദന ഉപാധികളില്‍ ഒന്നാണെന്ന് നിരീക്ഷിച്ചിട്ടുള്ളത് ഇറ്റാലിയന്‍ ചിന്തകനായഗ്രാംഷിയാണ് .വ്യവസ്ഥയെ നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ഉപകരണമാക്കുന്ന പോലീസില്‍ നിന്ന് നീതിപ്രതീക്ഷിക്കാമോ? മൈലാടുംകുറ്റിയെന്ന സാങ്കല്പിക വനപ്രദേശത്തെ ഉള്‍ഗ്രാമത്തില്‍ പോക്‌സോകേസില്‍ പെട്ട ജോയിയെന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റുചെയ്യാന്‍ സാധാരണ വേഷത്തില്‍ പോകുന്ന രണ്ടു പോലീസുകാരും നിയമപാലകരാണ് .രണ്ട് കേസാണ് ജോയിയുടെ പേരിലുള്ളത് . ഒന്ന്, പ്രായപൂര്‍ത്തിയാകാത്ത ഒരു പയ്യനെ അബ്യൂസ് ചെയ്തത്. രണ്ടാമത്തേത് റിസര്‍വുവനത്തില്‍ കയറി മ്ലാവിനെ വെടിവെച്ചു കൊന്നത്. കളിഗെ മിനാറിലെത്തുന്ന പോലീസുകാര്‍ ഈ രണ്ട് കുറ്റങ്ങളും ചെയ്യുന്നുവെന്നതാണ് വൈരുധ്യം.എന്നാല്‍ ഏതോ കാലത്ത് കുറ്റം ചെയ്ത് ജീവച്ഛവമായി കിടക്കുന്ന ജോയിയോട് ഒരു കാരുണ്യവും ഈ പോലീസുകാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല. പ്രാകൃതമായ മനുഷ്യകാമനകളെ അതിന്റെ സ്വാഭാവികസത്തയോടു കൂടി ആഖ്യാനം ചെയ്യുന്നതില്‍ വിനോയ്‌തോമസിന്റെ ശ്രദ്ധ എത്രമാത്രം സൂക്ഷമത പുലര്‍ത്തുന്നു എന്നതിന് ഏറ്റവും നല്ല തെളിവാണ് കളിഗെമിനാറിലെ കുറ്റവാളികള്‍. തെറിഭാഷയിലൂടെ സാധാരമനുഷ്യരുടെ മറുലോകവ്യവഹാരം അനാവൃതമാക്കപ്പെടുന്നതോടൊപ്പം നീതിന്യായവ്യവസ്ഥയുടെ അമ്പരിപ്പിക്കുന്ന ഐറണി കൂടിയായി കഥമാറുന്നു.പത്താം ക്ലാസ് മലയാള പാഠപുസ്തകം തയ്യാറാക്കാന്‍ പാഠ്യപദ്ധതീരൂപീകരണ ശില്പശാലക്കെത്തുന്ന അധ്യാപകരുടെ കഥാഖ്യാനം നിര്‍വ്വഹിക്കുന്ന ‘ തുഞ്ചന്‍ ഡയറ്റ്’ വരേണ്യഭാ വുകത്വത്തിന്റെ ഇടമായി കരിക്കുലം പരിണമിക്കുന്നതിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്തുക്കൊണ്ടു വരുന്നു. സംവാദത്തിലൂടെ ആഖ്യാനം ചെയ്യപ്പെടുന്ന ഈ കഥ മാറുന്ന ജനാധിപത്യസങ്കല്പങ്ങളുടെ സംഘര്‍ഷത്തിന്റെതു കൂടിയാണ്.
ഉപസംഹാരം
കേരളീയകഥനപാരമ്പര്യത്തിന്റെ വൈവിധ്യങ്ങളിലേക്കാണ് സമകാലികമലയാളചെറുകഥയെ വിനോയ്‌തോമസ് അനായാസം നയിക്കുന്നത്. പ്രതിജനഭിന്നമായ സാംസ്‌കാരികാന്തരീക്ഷത്തിലേക്ക് ചാട്ടുളിപ്പോലെ തുളച്ചുക്കയറുന്ന ആഖ്യാനഭാഷ ഒരേ സമയം പ്രതിരോധാത്മകവും വിചാരാത്മകവുമായി രൂപാന്തരപ്പെടുന്നു. നാമെത്തി നില്‍ക്കുന്ന കാലത്തിന്റെ നിഗൂഢാത്മകതയിലേക്ക് സഞ്ചരിച്ചുക്കൊണ്ട് അനന്യമായൊരു മറുലോകത്തെ ഉപഹാസരൂപേണ ആഖ്യാനം ചെയ്യുന്നിടത്താണ് വിനോയ്‌തോമസിന്റെ ഓരോ കഥയും ചെന്നുനില്‍ക്കുന്നത്. മുള്ളരഞ്ഞാണത്തിലെ ഏഴു കഥകളും വായനക്കാരില്‍ ജിജ്ഞാസയും വിസ്മയവും സൃഷ്ടിക്കുന്നതോടൊപ്പം പ്രതിരോധ സംസ്‌കാരത്തിന്റെ രാഷ്ട്രീയപാഠം കൂടി ഉല്പാദിപ്പിക്കുന്നുണ്ട്. ജൈവികമായപ്രകൃതി ദര്‍ശനമായി,മതാധികാരത്തിന്റെ അപനിര്‍മ്മാണമായവ മാറുന്നു. സംഘടിതമതഘടനയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന വ്യക്തിയുടെ സ്വാതന്ത്ര്യ മോഹവും ഇച്ഛാഭംഗവും തുറന്നു കാണിക്കുന്നു. ലൈംഗികത, നീതിബോധം ഇവയെ പ്രശ്‌നവല്‍ക്കരിക്കുന്നു. വിനോയ് തോമസിന്റെ ജിജ്ഞാസയാര്‍ന്ന ആഖ്യാനത്തിലൂടെ കഥയുടെ പ്രശ്‌നമണ്ഡലം ഓരോ വ്യക്തിയുടെയും സൂക്ഷ്മാനുഭവത്തിന്റെ രാഷ്ട്രീയമായി രൂപാന്തരപ്പെടുകയാണ്.
റഫറന്‍സ്1. അലക്‌സ് എല്‍ (ഡോ) പച്ചയുടെ ദേശങ്ങള്‍, ലോഗോസ് ബുക്‌സ്, 2020.2. കാഞ്ച ഐലയ്യ, ഹിന്ദു അനന്തര ഇന്ത്യ, പ്രോഗ്രസ്സ് ബുക്‌സ്, 2019.3. ജോര്‍ജ് കെ.അലക്‌സ്, ഹരിത രാഷ്ട്രീയം, ഡി സി ബുക്‌സ്, 2003.4. മാര്‍ക്‌സ് എംഗല്‍സ്, മതത്തെപ്പറ്റി, ചിന്തപബ്ലിഷേഴ്‌സ്, 2017.5. രാമകൃഷ്ണന്‍ എ.കെ, വേണുഗോപാലന്‍ കെ.എം, സ്ത്രീ വിമോചനം, 2016.6. രാമകൃഷ്ണന്‍ ഇ.വി, അനുഭവങ്ങളെ ആര്‍ക്കാണ് പേടി, ഡി.സി ബുക്‌സ്, 2012.7. വിനോയ്‌തോമസ്,മുള്ളരഞ്ഞാണം, ഡി.സി.ബുക്‌സ് കോട്ടയം, 2019.8. ശ്രീകുമാര്‍ ടി.ടി, നവസാമൂഹികത, പ്രതീക്ഷ ബുക്‌സ്, 2011.9. ശ്രീവത്സന്‍ ടി. ഹരിതഭാഷാ വിചാരം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്, 2013.10. സച്ചിദാനന്ദന്‍, സാഹിത്യവും പ്രതിരോധവും, പ്രതീക്ഷ ബുക്‌സ്, 2013.
