സിനിമ :ചവർപ്പു കിനിയുന്ന മധുരം : എം .ബി .മനോജ്

നന്മയുടെ ഒരു സിനിമ എന്ന നിലയിലാണ് ” മധുരം ” എന്ന സിനിമ ആകർഷകമാവുന്നത്.ഏതൊരു സിനിമയുടെയും അവതരണത്തിന്റെ സവിശേഷതയാണ് പ്രസ്തുത സിനിമയെ ആകർഷകമാക്കുന്നത്. ഇവിടെ മധുരം എന്ന സിനിമയിൽ ഏതൊരു സഹജീവിയും ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള ഒരു അനുഭവലോകം സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നു .മലയാള സിനിമ അത്രകണ്ട് കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു മേഖലയെ ഏറ്റവും ഭംഗിയാംവിധം ആവിഷ്കരിച്ചു എന്നതു തന്നെയാണ് സിനിമയുടെ വിജയവും.അദൃശ്യതകൊണ്ട് അഥവാ അഭാവംകൊണ്ട് സാന്നിധ്യം തീർക്കുക എന്ന ഒരു കാഴ്ചാനുഭവം ഈ സിനിമയിലുണ്ട്. പിറവി ഉൾപ്പെടെ യുള്ള സിനിമയിൽ നാമിത് കണ്ടതാണ്. എങ്കിലും മധുരം സിനിമ പ്രസ്തുത അഭാവത്തെ ആകർഷകമാം വിധം പുതുമയാക്കിയിട്ടുണ്ട്. സിനിമയിലെ ഒരു യുവാവിന് തന്റെ പിതാവിനെയും ചെറിയ കുട്ടിയുമായി കൂട്ടിരിക്കുന്ന പെൺകുട്ടിക്ക് അവളുടെ അമ്മയെയും കെവിൻ എന്ന യുവാവിന് അവന്റെ മാതാവിനെയും രവി എന്ന മധ്യവയസ്കന് അയാൾ പറയുമ്പോലെ നാല്പതുവർഷമായി കൂടെയുള്ള ഭാര്യയെയും മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആക്കിയിട്ട് സഹായികളായി കാത്തിരിക്കേണ്ടിവരുന്നു. എന്നാൽ ഈ രോഗികൾ ഓരോരുത്തരും സിനിമയിൽ ദൃശ്യതയിൽ വരുന്നില്ല. അവരെ നാം സിനിമയിൽ കാണുന്നില്ല.

ഈ അദൃശ്യത ഉണ്ടാക്കുന്ന ഒരു തോന്നൽ സാബുവിന്റെ ഭാര്യയും ഒരു അദൃശ്യ സാന്നിധ്യമാണൊ എന്നാണ്. ഒരു പക്ഷെ സാബുവിന്റെ തോന്നലുകൾ മാത്രമോ അദ്ദേഹത്തിന്റെ ഭാര്യ എന്ന് കാണികൾ തീരുമാനമെടുക്കുന്നുണ്ട്. എന്നാൽ അത് തിരുത്തപ്പെടുന്നത് സിനിമയുടെ ഒടുക്കമാണ്.സിനിമയുടെ അവതരണ രീതി തികച്ചും വ്യതിരിക്തമാണ്. സാബുവിന്റെയും ഭാര്യയുടെയും ഓർമയും അഥവാ ഭൂതകാലവും കെവിന്റെയും ഭാര്യയുടെയും വർത്തമാനകാലവും ഒന്നൊന്നായി തുടർച്ചയാവുന്ന കാഴ്ച ആകാംഷയുടെ ഒരു ലോകം തുറക്കുന്നു. ഇത് പുതുമയും ആകർഷകത്വവും സമ്മാനിക്കുന്നു.മധുരം കിനിയുന്ന ഓർമ്മകൾ അഭാവങ്ങളുടെ കയ്പ്പും ചവർപ്പുമാവുന്നു. രോഗവും രോഗാതുരതയും , വിഷാദവും സാന്നിധ്യവും , വേദനയും മോചനവും, മനുഷ്യരിൽ തീർക്കുന്ന അഗാധ ഇടങ്ങളെ കണ്ടെത്താൻ സിനിമ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നു. പ്രണയം വിജയിക്കുകയും രോഗം പരാജയപ്പെടുകയും ചെയ്യുന്നു. അഥവാ ചവർപ്പു കിനിയുന്ന മധുരമാകുന്നു ജീവിതം . മധുരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് സലാം, താങ്ക്സ് .
