പൈനാവ്

ചൂട്ടെടുത്തു തീ കൊളുത്തി
രാകിരാകി മൂർച്ചയേറ്റി
പാതിരാവോ പൂനിലാവ്
കാടുതാണ്ടി ആറ്റിലെത്തി
ഒന്നു വെട്ടി രണ്ടു വെട്ടി
മൂന്ന് നാല് കല്ലേമുട്ടി …
വെള്ളമൊക്കെ തല്ലിത്തല്ലി
മീനൊരുക്കം പിന്നൊരുക്കം
കുറവനല്ല കുറത്തിയല്ല
ഞങ്ങ രണ്ട് വിശപ്പുപക്ഷി.
മിന്നലാട്ടം കണ്ണു വെട്ടം
തീരമൊക്കെ കാലനക്കം
ആനയല്ല മറുതയല്ല
കാടു തിന്നും ഭൂതമാകും !
ചൂട്ടു കെട്ടു വാവു കെട്ടു
കാട്ടുവെള്ളം കാട്ടൊഴുക്ക്
കുറവനല്ല കുറത്തിയല്ല
ഞങ്ങ രണ്ട് കെട്ട തീയ്യ്.
കല്ലുരച്ചു നാരുകൂട്ടി
ഊതിയൂതി വാവു കണ്ടു
ഒന്നു വെട്ടി രണ്ടു വെട്ടി
മൂന്ന് നാല് കൊഞ്ചുവെട്ടി.

ആറ്റിറമ്പിൽ പാറനോക്കി
മീനുരച്ച് ചുട്ടുകൂട്ടി
കാടു തിന്നും ഭൂതമെല്ലാം
മുള്ളു തിന്നാൻ വന്നു മൂളി .
പൂവരശ്ശോ കറുത്തുപോയി
ചെമ്മുരിക്കോ വെളുത്തുപോയി
ഇലയിണങ്ങി ചിതലിണങ്ങി
നാടു കണ്ടു പേരു കണ്ടു.
കുറവനല്ല കുറത്തിയല്ല
ഇന്നു ഞങ്ങ കല്ലുമല
ഡാമു കാക്കും കല്ലുമല
കുറവനല്ല കുറത്തിയല്ല…
റോബിൻ എഴുത്തുപുര
