തുറന്ന ജയിൽ
………………….
ഒരു തെറ്റും ചെയ്യാത്ത
കുറ്റവാളികളായി
മുദ്രകുത്തപ്പെട്ടവരുടെ
ഇടമാണീ മതിലുകളില്ലാത്ത
ഭൂമിയും ആകാശവുമില്ലാത്ത
ജീവപര്യന്തമെന്നോ വധമെന്നോ തിട്ടപ്പെടുത്താത്ത
ശിക്ഷകളും കാത്ത് കഴിയുന്നവരുടെ
തുറസ്സായ തടവറ
അടിച്ചും തുടച്ചും പാത്രം മോറിയും ഇടിച്ചും പൊടിച്ചും അരച്ചും കലക്കിയും വച്ചും
വിളമ്പിയും രാപ്പകൽ
വേതനമില്ലാ വേല ചെയ്യുന്നവർ
സ്വപ്നം കാണാൻ
നേരം കിട്ടാറില്ല
ആവർത്തനങ്ങളുടെ
നില്പിനാൽ മുട്ടുതേഞ്ഞവർ
സന്ദർശകരൊന്നും
കടന്നുവരാറില്ല
വരുന്നവർ ഉമ്മറത്തോ
തീൻ മുറിയിലോയിരുന്ന്
മാഹാത്മ്യം പുലമ്പിപ്പോകും
പിന്നീട് ഉപ്പോ എരിവോ പുളിയോ മധുരമോ
കൂടിയതിനോ കുറഞ്ഞതിനോ
ആതിഥേയൻ പരിദേവനങ്ങൾ എയ്യും
അനുമോദനങ്ങൾക്ക്
പ്രോത്സാഹനങ്ങൾക്ക്
ക-മ അക്ഷരമുണ്ടാവില്ല
പരോളോ ജാമ്യമോ
പ്രതീക്ഷിക്കേണ്ട
ഒരിക്കൽ അകപ്പെട്ടാൽ
ഒരു പബ്ലിക് പ്രോസിക്യൂട്ടർക്കും
രക്ഷപ്പെടുത്താനാവില്ല
ചാടിപ്പോകാനോ ഓടിപ്പോകാനോ
ആവാത്തവിധം കാണാച്ചങ്ങലയാൽ
ബന്ധിതം
….

ബാബുരാജൻ നല്ലൂരങ്ങാടി