ആറ് ദാർശനികർ ചേർന്ന്
നാടകത്തിൽ നിന്നും
അമാവാസിയെ ഒഴിവാക്കുന്നു.
അവർ സന്ധ്യയായ
ഒരു ഓലപ്പുരയുടെ
മുറ്റത്തിരിക്കുന്നു,
ദൂരെ നിന്ന് നോക്കിയാൽ
പുരയുടെ മുന്നിൽ
നനഞ്ഞ് ചെമ്പിച്ച മണ്ണിൽ
അഞ്ച് നീലക്കസേരകളിലാണിരിപ്പ്
ഒരാൾ
അടുക്കള വാതിലിൽ നിന്ന്
വീട്ടമ്മയോട് സംസാരിക്കുന്നുണ്ട്.
മറ്റൊരാൾ മരഉരല്
ഉരുട്ടിക്കൊണ്ടുവന്ന്
അവർക്കൊപ്പമിരിക്കുന്നു.
കറുത്ത് ഉയരം കുറഞ്ഞയാൾ
ഉത്തരാധുനികൻ (കണ്ടത്തിൽവിനോദ്)
ആ നാടകത്തിൽ
നടൻമാർ വേണ്ടെന്ന് തീരുമാനിക്കുന്നു !!
നമ്മൾക്ക്
അയാളുടെ യുക്തിയിൽ
സംശയം തോന്നുന്നു.
രണ്ടാമനായ എക്സ്പ്രഷനിസ്റ്റ്
(തുണ്ടത്തിൽ രാജപ്പൻ)
രംഗപടം സ്വയം
വരച്ചോളാമെന്ന് ഏൽക്കുന്നു.
ആറു പേരുടേയും മുഖത്ത്
നമ്മൾ സമ്മതഭാവം
കാണുന്നു.
സോഷ്യൽ റിയലിസ്റ്റും
ആറാം വാർഡ് മെമ്പർ കൂടിയായ
(പുതുവലിൽ കുമാരൻ )
താരാട്ടിൽ കമ്പമുള്ളതിനാൽ
സംഗീതം
തരളമായിരിക്കണമെന്ന്
അഭിപ്രായപ്പെടുന്നു.
ഒപ്പം എക്സ്പ്രഷനിസ്റ്റിനോട്
പിറകിൽ കാണുന്ന
കുടിലിൻ്റെ ചെറ്റയിൽ
തിരുകിയിരിക്കുന്ന
അരിവാൾ കാണിച്ച് കൊടുക്കുന്നു.
ഇപ്പോൾ
അവർക്ക് മുന്നിലെ
പുഞ്ചയിറമ്പിലൂടെ നീർക്കോലി
ഒരു തവളയെ പാതി വിഴുങ്ങിക്കൊണ്ട്
ആമ്പൽ വളളിയിൽ കുരുങ്ങുന്നു.
നാലാമനും സ്വന്തമായി
തെറ്റാലിയുമുള്ള
സറിയലിസ്റ്റ്
(ദാവീദ്, കൺവെർട്ട്ഡ്)
ആദൃശ്യത്തിൽ നിന്നും
ഒരു അലിഗറി
നാടകത്തിലേക്ക്
കരുതിവക്കുന്നു.
ഉത്തരാധുനികൻ
എഴുന്നേറ്റ് നിന്ന്
അതുവരെ
നിശബ്ദനായിരുന്ന
പോസ്റ്റ് ഇംപ്രഷനിസ്റ്റ്
(ചിറയിൽ രവീന്ദ്രൻ)
രംഗ സജ്ജീകരണത്തിന്
തയ്യാറാക്കുന്നു.
യഥാക്രമം അവർ അഞ്ചുപേർ
നാടക ചർച്ചയിൽ
സജീവമാണ്
ഇത്രയുമായപ്പോൾ
അടുക്കള വാതിൽക്കൽ നിന്ന് നെടുനീളം കുറി വരച്ച-
നിയൊ ക്ലാസ്സിക്,
(തിരുവഞ്ചൻ, ലക്ഷംവീട് )
തഴമ്പുള്ള വലത്ത് കയ്യിലേക്ക്
പഞ്ചാംഗം ഒതുക്കിപ്പിടിച്ച്
കൂട്ടത്തിലേക്ക് വന്നിരിക്കുന്നു.
ഏഴാമനും അവസാനത്തെ
തലമുറയിലെ അംഗവുമായ
അമാവാസി എന്ന ബാലൻ
തെല്ലു ബഹുമാനത്തോട്
കസേരയിൽ നിന്നും
എഴുന്നേൽക്കുന്നു.
പൊടുന്നനെ
അമാവാസി മുന്നിലേക്ക് വന്ന്
ഇടത്തേ കൈമടക്കി
ചെവി പൊത്തിപ്പിടിച്ച്
മറ്റേക്കെ അകലേക്ക് നീട്ടി
ദൂരേക്ക് നോക്കി
തല ചെരിച്ചുപിടിച്ച്
അവർക്കിഷ്ടമുള്ള
സിനിമയിലെ വള്ളക്കാരൻ്റെ
പാട്ടു പോലെ ഈണത്തിൽ,
“സ്നാതമശ്വം ഗജം മത്തം
ഋഷഭം കാമ മോഹിതം..”
എന്ന സംസ്കൃത ശ്ലോകം
ഗംഭീരമായ് പാടുന്നു.
ഈ ബാഗ്രൗണ്ടിൽ
ഏഴു കെട്ട് കച്ചിയുമായി
ഏഴ് സ്ത്രീകൾ
അരക്കെട്ട് താളത്തിൽ ചലിപ്പിച്ച്
നടന്നു പോവണമെന്ന്
മെമ്പർ അവകാശപ്പെടുന്നു.
അനന്തരം നമ്മൾ
സംസ്കൃതിയുടെ
നാടകത്തിൽ നിന്ന്
എഴുന്നേറ്റമില്ലാതെ വായ പൊത്തി
അതിശയിക്കുന്നു.
കൃതൃമമായ ഒരാധികാരികത
അവിടമാകെ പരക്കുന്നു.
ആ തക്കം നോക്കി
അമാവാസി
കണ്ണിൽ പ്രകാശം വരുത്തി
ഒരു ലാപ് ടോപ്പിനേപ്പറ്റി
പറഞ്ഞ് തുടങ്ങുന്നു.
നമുക്കിടയിൽ നിന്ന്
പെട്ടന്നൊരാൾ
ഭാ.. പൊലയാടി മോനേ..
എന്ന മുഖഭാവത്തിൽ
ചാടി എഴുന്നേൽക്കുന്നു.
ആറ് ദാർശനികരും
അമാവാസിയും
അത് കണ്ട് ഞെട്ടി
നാടകത്തിലേക്ക്
തിരികെവരുന്നു.
വീണ്ടും അമാവാസി
അവർക്കിടയിലേക്ക് വന്ന്
രംഗത്തെ എൻ്റെ വീടിന്
ആയിരം അറുത്തെടുത്ത
കൈകൾ കൊണ്ട്
ഒരു മേൽക്കൂര വേണമെന്ന്
രോഷത്തോടെ പറയുന്നു.
മനുവിലും വാസ്തുവിലും
തല്പരനായ നിയോ ക്ലാസ്സിക്ക്
കുറി മായ്ക്കാതെ
മുഖം തുടച്ചിട്ട്
കൈയ്യോ കോപ്പോ
എന്തെങ്കിലും കൊണ്ട്
വീട് മേഞ്ഞോളൂ ..
“പക്ഷെ ശാസ്ത്രമനുസരിച്ച്
നാടകത്തിലായാലും
ജീവിതത്തിലായാലും
വീടിനും മേൽക്കൂരയ്ക്കും
നായങ്ങണ പോലെ
പെട്ടെന്ന് നശിക്കുന്ന
തടിവേണമെന്ന് നെർബന്ധം”.
ആത്മസംതൃപ്തി കൊണ്ട്
അയാളുടെ
കണ്ണുനിറഞ്ഞൊഴുകുന്നു.
അമാവാസി
എണീറ്റു വന്ന്
ഠേ..ഠേ..
നിയോ ക്ലാസിക്കിൻ്റെ
ചെള്ളയ്ക്ക്
പത്തു വിരലും പതിയുന്നു.
നമ്മൾ കോപത്തോട്
അമാവാസിയെ
നാടക ചർച്ചയിൽ നിന്ന്
പുറത്താക്കുവാൻ
മുദ്രാവാക്യം വിളിക്കുന്നു.
അമാവാസി
കുനിഞ്ഞിറങ്ങിപ്പോകുന്നു.
ചാത്തൻ ചത്തു പോയതിനാൽ
സോഷ്യൽ റിയലിസ്റ്റ്
മാല എന്ന പുലകിയെ
അരിവാള് കയ്യിൽ കൊടുത്ത്
വാചകത്തിലൂടെ
എഴുന്നള്ളിക്കുന്നു.
“മംഗലത്ത് മഠമേ തായോളീ
നിൻ്റമ്മേടോട്ടും സീബീസിക്ക്”
(ശംഖ് പുഷ്പം കണ്ണെഴുതുമ്പോൾ
എന്നമട്ട്) ഈ മുദ്രാവാക്യം
മൈക്കിനോട് ചേർന്ന് നിന്ന്
വിളിച്ചോളാമെന്ന്
മെമ്പർ സ്വയം ഏൽക്കുന്നു.
അപ്പോഴേക്കും
കണ്ണു ചുവന്നുപോയ
നിയോ ക്ലാസിക് ഓടിപ്പോയി
ഇടയ്ക്കയും ചെണ്ടയും
കുരുത്തോലയും തലയിൽ
കെട്ടാൻ ചുവന്ന പട്ടും
കൊണ്ടുവരുന്നു.
മെമ്പർ
കൈ മനസ്സില് വരത്തക്കവിധം
മടക്കിപ്പിടിച്ച്
മുകളിലേക്ക് നോക്കി
മനസ്സിൽ ഒരു ഡൂം സങ്കല്പിച്ച്
ചുവിടൽ നിൽക്കുന്നു.
രാത്രിയാവുന്നു.
(കർട്ടൻ .. )
