നാരായൻ എഴുതുമ്പോൾ സംഭവിയ്ക്കുന്നത്
മലയാളം സാംസ്കാരികമായി ജനാധിപത്യവൽക്കരിയക്കപ്പെടുന്നതിന്റെ അടയാളമാവുകയാണ് നാരായന്റെ എഴുത്തും ജീവിതവും. വിവിധ ജനവിഭാഗങ്ങളുടെ സ്വത്വവും മുദ്രയും പതിഞ്ഞ് വിനിമയ ശേഷിയാർജ്ജിക്കുമ്പോഴാണ് സംസ്കാരം ജനാധിപത്യപരമാവുന്നത്. സ്വത്വബോധത്തോടെ യുള്ള എഴുത്തുകൾ കൊണ്ട് പുതിയ ജീവിതവും ഭാഷയും പരിചയപ്പെടുത്തി മലയാള സാഹിത്യത്തെ ജനാധിപത്യവൽക്കരിയക്കുകയാണ് നാരായൻ ചെയ്തത്.

വൈദേശികവും ആഭ്യന്തരവുമായ കൊളോണിയൽ ബന്ധങ്ങളും ബലതന്ത്രങ്ങളുമാണ് കേരളീയന്റെ / ഇന്ത്യക്കാരന്റെ ജീവിതത്തേയും സാഹിത്യത്തേയും നിർണയിച്ചു പോന്നത്. പല മട്ടിൽ അതിപ്പോഴും തുടരുക തന്നെയാണ്. അതിനോടുള്ള സംഘർഷങ്ങളും പ്രതിരോധങ്ങളുമാണ്
പ്രബുദ്ധതയും നവോത്ഥാനവും ജനാധിപത്യമൂല്യങ്ങളുമായി വേരു പിടിച്ചത്. രാഷ്ട്രീയമായി മാത്രമല്ല സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായി വികസിയ്ക്കുമ്പോഴേ ജനാധിപത്യം അർത്ഥപൂർണമാകുന്നുള്ളൂ.

ഹിന്ദുത്വത്തിന്റെ അധീശ ചിഹ്നങ്ങളാണ് ഭാരതീയയും കേരളീയതയുമായി പൊതു വൽക്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ അധീശത്ത്വത്തിനൊപ്പമോ അതിലേറെയോ ഹിന്ദുത്വത്തിന്റെ സാംസ്കാരികമായ അധിനിവേശം ശക്തിപ്പെട്ടു നിൽക്കുന്നു. ഈ ആഭ്യന്തര കൊളോണിയലിസത്തിന്റെ ആഴപ്പരപ്പുകളിലാണ് ഇന്ത്യൻ ജീവിതം അക്ഷരാർത്ഥത്തിൽ അകപ്പെട്ടിരിയ്ക്കുന്നത്. കലയും സാഹിത്യവും സംസ്കാരവും തത്വചിന്തയും രാഷ്ടീയവുമായി അത് സർവവ്യാപിയാണ്.
ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ എഴുത്തുകാരനായി മാറുന്നതിന് നവോത്ഥാനവും ആധുനികതയും കടന്നു കാത്തിരിക്കേണ്ടി വന്നു മലയാളിയ്ക്ക് .ആദിവാസിയുടെ സ്വയം പ്രതിനിധാന ശേഷിയാണ് നാരായന്റെ എഴുത്തിലൂടെ പ്രകടമാകുന്നത്. നൂറു കൊല്ലം മുമ്പ് നായർ സമുദായം ഈ ശേഷി നേടിയിരുന്നതുകൊണ്ടാണ് ചന്തുമേനോൻ 1889-ൽ ഇന്ദുലേഖ എഴുതിയത്. 1998 ലാണ് നാരായന്റെ കൊച്ചരേത്തി പുറത്തിറങ്ങുന്നത്. അതിനും പത്തു വർഷം മുമ്പ് പൂർത്തിയാക്കിയതായിരുന്നു ആ രചന.

കേരളത്തിലെ ദളിതരും ആദിവാസികളും മറ്റുള്ളവരാൽ പ്രതിനിധാനം ചെയ്യപ്പെടുകയായിരുന്നു അടുത്ത കാലം വരെ. മറ്റുള്ളവരുടെ നിർവചനങ്ങൾക്കനുസരിച്ച് പെരുമാറേണ്ടിവരുന്നത് സ്വയം പ്രതിനിധാന ശേഷിയില്ലാത്തതുകൊണ്ടാണ്. ദളിത് ആദിവാസിവിഭാഗങ്ങളൊഴികെ കേരളത്തിലെ മറ്റെല്ലാ സാമൂഹിക വിഭാഗങ്ങളും സ്വയം പ്രതിനിധാന ശേഷി നേടുകയും രാഷ്ട്രീയ സാമ്പത്തികാധികാരങ്ങൾ കൈക്കലാക്കുകയും ചെയ്തവരാണ്. നമ്പൂതിരി, നായർ, ഈഴവ, നസ്രാണി , മുസ്ലീം കത്തോലിക്ക ,നാടാർ വിഭാഗങ്ങൾ ഇങ്ങനെയുള്ളവരാണ്. ഇതാണ് മലയാളി പ്രബുദ്ധതയുടെ എഴുതാപ്പുറം.സ്വയം പ്രതിനിധാന ശേഷിയില്ലാത്തവർക്കു വേണ്ടി മറ്റുള്ളവർ ചിന്തിക്കുകയും സംസാരിയ്ക്കുകയും സ്വപ്നം കാണുകയും ചെയ്യും. ഇതിന്റെ മിമിക്രി കളാണ് സാഹിത്യ കലാരംഗത്തും നടന്നുവന്നത്.
താനുൾപ്പെടുന്ന ആദിവാസി സമൂഹത്തെ കോമാളികളും അപരിഷ്കൃതരുമായി അവതരിപ്പിക്കുന്ന സാഹിത്യവും സിനിമയും തന്നെ വല്ലാതെ വേദനിപ്പിച്ചതായി നാരായൻ പറയുന്നുണ്ട്. എന്നാലിത് മുഖ്യധാരാ പ്രബുദ്ധതയെ അലോസരപ്പെടുത്തുന്ന കാര്യമേയല്ലായിരുന്നു. ഇതല്ല തന്റെ സമൂഹമെന്ന് ഉറക്കെപ്പറയാനുള്ള സ്വത്വബോധമാണ് നാരായനെ എഴുത്തിലേക്കു തിരിയാൻ നിർബന്ധിച്ചത്. സമാനമായിരുന്നു ബഷീറിന്റേയും അനുഭവമെന്ന് നമുക്കറിയാം. കൊള്ളക്കാരും ക്രൂരന്മാരുമായാണ് മുസ്ലീങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ചു കാണാറുള്ളതെന്ന് ബഷീറും സൂചിപ്പിച്ചിട്ടുണ്ട്. സാമുദായികവും ജാതീയവുമായ ഉച്ചനീച ബോധങ്ങൾ കലാസാഹിത്യാവിഷ്കാരങ്ങളിലൂടെ ആധുനിക കാലത്തും തുടരുന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണിവ.

വർണ ജാതിബന്ധങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയാധികാരത്തെ വൈദേശിക അധികാരങ്ങൾ ഉലയ്ക്കാൻ തുടങ്ങിയ നാളുകളിലാണ് ഇവിടെ വരമൊഴി സാഹിത്യം ജാഗരൂകമായിത്തീർന്നതെന്നു കാണാം. ആദ്യകാലങ്ങളിലതു ഭക്തി പ്രസ്ഥാനമെന്ന പേരിലായിരുന്നു. ചെറുശ്ശേരി, പൂന്താനം, തുഞ്ചൻ , കുഞ്ചൻ എന്നിവരുടെയെല്ലാം എഴുത്തിനുപിന്നിൽ ഇത്തരത്തിലൊരു രാഷ്ട്രീയമുണ്ടായിരുന്നു.
സാഹിത്യം രാഷ്ട്രീയവുമായി നേരിട്ടു തന്നെ കെട്ടുപിണഞ്ഞു കിടന്നതിന്റെ തെളിവുകളാണ് ആദ്യകാല മലയാള സാഹിത്യം . ഹൈന്ദവമായ വർണ ജാതി താല്പര്യങ്ങളുടെ മേൽക്കോയ്മയും അതിനെതിരായ പ്രാദേശികവും ബൗദ്ധവുമായ പാരമ്പര്യത്തിന്റെ ചെറുത്തു നില്ലും ഇതിൽ ഉള്ളടങ്ങിയിട്ടുണ്ട്.
എഴുത്തധികാരത്തിലേയ്ക്കു ബഹുജനങ്ങൾ കടന്നുവരുന്നത് അക്കാലത്തു ശക്തമായി തടയപ്പെട്ടിരുന്നു. എങ്കിലും
എഴുത്തച്ഛനെപ്പോലൊരു ശൂദ്ര കവിയെ എഴുത്തധികാരത്തിലേയ്ക്കു കൊണ്ടുവരുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ബൗദ്ധമായ വിദ്വാ പാരമ്പര്യമായിരുന്നെന്നു കാണാം.
നമ്പൂതിരിമാരുടേയും തമ്പുരാക്കന്മാരുടേയും കേളീരംഗമായിരുന്നു ആദ്യകാല മലയാള കാവ്യ മണ്ഡലം .. സമൂഹത്തിലെ ബ്രാഹ്മണ ക്ഷത്രിയ ആധിപത്യത്തിന്റെ തെളിവാണത്. സാഹിത്യത്തിലെ ശൂദ്രവൽക്കരണം കണ്ണശ്ശന്മാരിലൂടെയും എഴുത്തഛനിലൂടെയും തുടരുന്നതും കാണാം. എന്നാൽ സാമൂഹികമായി അതിലും താഴെത്തട്ടിലായിരുന്നു കേരളത്തിലെ അടിസ്ഥാന വർഗ്ഗത്തിൽ പെടുന്ന ജനസാമാന്യം. അവർണ ഭൂരിപക്ഷം എന്നു വിളിക്കപ്പെട്ടവർ.

ശ്രീനാരായണഗുരുവിലൂടെ നടന്ന ആധുനികവൽക്കരണത്തിന്റേയും സമുദായ പരിഷ്കരണത്തിന്റെയും ഫലമായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ അവർണ സമുദായാംഗങ്ങളുടെ ശക്തമായി ഇടപെടലുണ്ടാകുന്നുണ്ട്. ബൗദ്ധമായ പാരമ്പര്യത്തിന്റെ പിൻഗാമികളെന്ന നിലയിൽ വിദ്യയും വൈദ്യവും നേരത്തേ തന്നെ അവരിലുണ്ടായിരുന്നു.
കേരളത്തിലെ കാർഷിക അടിമകളായിരുന്ന ദലിത് ഭാഗങ്ങൾക്ക് മറ്റൊരു കഥയും ജീവിതവുമാണുണ്ടായിരുന്നത്. അവർ വാങ്ങപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മിഷനറി രേഖകൾ തെളിവു തരുന്നു. ഒരു പാടു പേർ മതം മാറ്റത്തിലൂടെ കൃസ്ത്യാനികളും മുസ്ലിങ്ങളുമായി , മിഷനറിക്കാലത്ത് നാമമാത്രമായെങ്കിലും അവർക്ക് വിദ്യാഭ്യാസത്തിന് അവസരം കിട്ടി. അയ്യങ്കാളിയുടെ കാലത്ത് അവർ സംഘടിതശക്തിയായി. അയ്യങ്കാളി ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തി. ഭൂമിയക്കു വേണ്ടിയും വിദ്യാഭ്യാസത്തിനു വേണ്ടിയും നിയമത്തിന്റേയും പ്രക്ഷോഭങ്ങളുടേയും വഴി സ്വീകരിച്ചു. ഒരു കാലത്ത് അയ്യങ്കാളിയുടെയും മറ്റും നേതൃത്വത്തിൽ ശാക്തീകരിയ്ക്കപ്പെട്ട ജനതയാണ് ദലിതർ. പിൽക്കാലത്ത് അയ്യങ്കാളി പ്രസ്ഥാനത്തിന് തുടർച്ചകളില്ലാതായി. അവരെ ആശ്രിതരും രാഷ്ട്രീയ അടിമകളുമാക്കിത്തീർക്കുകയാണ് സവർണ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്തത്. ശിഥിലമാക്കപ്പെട്ട ഈ ജനതയിൽ നിന്ന് സാഹിത്യത്തിലെ ശക്തമായ പ്രതിനിധാനം ഉണ്ടാകുന്നത് വളരെ വൈകി 1990 കളിലാണ്. ദലിത് സാഹിത്യം മലയാളത്തിൽ ശക്തിപ്പെടുന്ന കാലമാണത്.
ആദിവാസി വിഭാഗങ്ങൾ ജാതിവ്യവസ്ഥയുടെ ഇരകളായിരുന്നില്ല. ജീവിച്ചു പോന്ന ആവാസ വ്യവസ്ഥയുടെ സവിശേഷത കൊണ്ട് പാർശ്വവൽക്കരണത്തിനു വിധേയരായ ജനതയാണത്. സ്വന്തമായി ഭൂമിയും ഭാഷയും സംസ്കാരവും അറിവും വൈദഗ്ധ്യവും ഉണ്ടായിരുന്നവർ. കൊളോണിയൽ നിയമങ്ങളാണ് ആദിവാസികളെ ആദ്യം സ്വന്തം ആവാസസ്ഥലങ്ങളിൽ നിന്ന്കുടിയിറക്കിയത് .പിൽക്കാലത്ത് സ്വതന്ത്രമായിത്തീർന്ന ഇന്ത്യൻ ഭരണകൂടങ്ങളും. അധികാരത്തിലെ പങ്കാളിത്തമില്ലായ്മയും വിഭവങ്ങളില്ലായ്മയും രോഗത്തിലേയ്ക്കും ദാരിദ്ര്യത്തില്ക്കും മറ്റനേകം ദുരന്തങ്ങളിലേയ്ക്കും ഇപ്പോഴും നയിച്ചു കൊണ്ടിരിയ്ക്കുകയാണ് അസംഘടിതരായ ഈ ജനതയെ.
സാമൂഹിക ജനാധിപത്യത്തിന്റെ അഭാവം ഇന്ത്യയെ ഇന്നും അസമമായ ഒരു സമൂഹമാക്കി നിലനിർത്തുന്നു. അധികാരത്തിലും വിഭവങ്ങളിലുമുള്ള തുല്യ പങ്കാളിത്തമാണ് സാമൂഹിക ജനാധിപത്യത്തിന്റെ കാതൽ. വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ഇത്തരത്തിൽ തുല്യത ഉറപ്പാക്കുന്നതിലാണ് ഭരണഘടനയുടെ ഊന്നൽ. എന്നാൽ കേരളമടക്കമുള്ള സമൂഹങ്ങൾ സാമൂഹിക ജനാധിപത്യത്തെ നിരസിക്കുന്ന കാഴ്ചയാണ് മുമ്പിലുള്ളത്.
സവിശേഷ സമൂഹിക വിഭാഗങ്ങളെന്ന നിലയിൽ തുല്യപങ്കാളിത്തത്തിന് അർഹതയുള്ള ദലിത് ആദിവാസി വിഭാഗങ്ങൾ പാർശ്വവൽക്കരണത്തിനും പുറന്തളളലിനും തുടരെ തുടരെ വിധേയമാകുകയാണ് ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിഷേധമായി, ഉദ്യോഗ നിഷേധമായി പ്രാതിനിധ്യം ഉറപ്പാക്കുന്ന സംവരണതത്വങ്ങളുടെ അട്ടിമറിയായി അത് വ്യാപകമാണ്.
സാമൂഹികവും സാമ്പത്തികവുമായ കീഴ് നില രാഷ്ട്രീയാധികാരത്തേയും അപ്രാപ്യമാക്കുന്നു. രാഷ്ട്രീയമായി സ്വയം പ്രതിനിധാനം ചെയ്യാൻ കഴിയാത്ത അവസ്ഥ ദളിത് ആദിവാസി വിഭാഗങ്ങളെ ആശ്രിതരും അഭയാർത്ഥികളുമായി നിലനിർത്തുന്നു. ഇതിന്റെ പ്രതിഫലനമാണ് വിവിധ മേഖലകളിൽ അവരനുഭവിയ്ക്കുന്ന നിസ്സഹായത.
കാടിന്റെ ആവാസ വ്യവസ്ഥയിൽ ജീവിതം നയിച്ചു വന്ന ആദിവാസികളെ അന്യവൽക്കരിക്കുകയും കുടിയിറക്കുകയും ചെയ്ത വന നിയമങ്ങളിലൂടെയാണ് അവർക്ക് ജീവിതം നഷ്ടപ്പെട്ടുതുടങ്ങിയത്. ആധുനികഭരണകൂടങ്ങൾ ഗോത്ര മനുഷ്യന്മാരോടു ചെയ്ത വലിയ നീതികേടായിരുന്നു അത്. കേരളത്തിലെ ഭൂപരിഷകരണം ആദിവാസികളെ ജന്മിമാരായി വിലയിരുത്തിയ വിചിത്രമായ ക്രൂരതയുമുണ്ട്. കുടിയേറ്റക്കാർക്ക് അനുകൂലമായിരുന്നു ഭരണകൂട നിലപാടുകൾ എല്ലായ്പോഴും. കുടിയേറ്റക്കാരുടെ നിരന്തര ചൂഷണങ്ങളാണ് അവരെ വംശഹത്യ വരെയെത്തിച്ചതെന്നും മറന്നു കൂട.
ഭൂപരിഷ്കരണാനന്തരം സ്വന്തമായി കൃഷി ഭൂമിയോ വിഭവങ്ങളോ ഇല്ലാതെ കേരളത്തിൽ അവശേഷിച്ച സാമൂഹിക വിഭാഗങ്ങളാണ് ദളിതരും ആദിവാസികളും. കൃഷിയിലോ വ്യവസായത്തിലോ പങ്കാളിത്തമില്ലാത്ത സമൂഹത്തിന് ആധുനിക ജീവിതത്തിന്റെ ഭാഗമാകാനാവില്ല. സമൂഹത്തിന്റെ മുഖ്യധാരയോട് മത്സരിയക്കാനുള്ള വിഭവശേഷി ക്കുറവ് ആഗോളീകരണ കാലത്ത് ഏറെ പിന്തള്ളപ്പെട്ട സമൂഹമാക്കി അവരെ മാറ്റുന്നു. സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ദളിത് ആദിവാസി വിഭാഗങ്ങൾ വളരെ വൈകി മാത്രം പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാന കാരണങ്ങൾ ഇവയാണ്
2010 നു ശേഷം മാത്രമാണ് മലയാളത്തിൽ ഗോത്ര സാഹിത്യം എന്ന പുതിയൊരു സാഹിത്യാനുഭവം ബലപ്പെട്ടു വന്നത്. അത് ഗോത്ര ജനതയുടെ അനുഭവങ്ങൾ മറ്റുള്ളവർ എഴുതുന്ന നിലയ്ക്കായിരുന്നില്ല. വിവിധ ഗോത്രസമൂഹങ്ങളിലെ എഴുത്തുകാരുടെ കർതൃത്വത്തിൽ ഉയർന്നുവന്നതാണ് അത്. ഗോത്ര സാഹിത്യം എന്നല്ല ആദിവാസി സാഹിത്യം എന്നു തന്നെ പറയേണ്ടതുണ്ടെന്ന അഭിപ്രായവും പ്രബലമാണ്.2021 ൽ ഗോത്ര കവിതകളുടെ ബൃഹത് സമാഹാരം പ്രസിദ്ധീകരിയ്ക്കപ്പെട്ടു.ഇന്ന് അമ്പതോളം ഗോത്ര എഴുത്തുകാർ ഇവിടെ സജീവമായുണ്ട്. സുകുമാരൻ ചാലി ഗദ്ദ, അശോകൻ മറയൂർ, ധന്യ വേങ്ങ ച്ചേരി, ബിന്ദു ഇരുളം, പി. ശിവലിംഗൻ, സുരേഷ് എം.മാവിലൻ, ആർ. കെ അട്ടപ്പാടി എന്നിവർ അവരിൽ പ്രധാനപ്പെട്ട ചിലർ മാത്രമാണ്.
രചന പൂർത്തിയാക്കി വർഷങ്ങളോളം പെട്ടിയിൽ പൂട്ടിവച്ച നാരായന്റെ ആദ്യകൃതി 1998 ലാണ് പ്രസിദ്ധീകരിക്കുന്നത്. കൊച്ചരേത്തി എന്ന നോവലായിരുന്നു അത്. വരേണ്യ മലയാളവും ഭാവുകത്വവും തന്നെ എങ്ങനെ സ്വീകരിയ്ക്കുമെന്ന ചിന്തയും ആശങ്കയുമാണ് കൊച്ചരേത്തിയുടെ ആമുഖത്തിൽ നാരായൻ പങ്കു വയ്ക്കുന്നുണ്ട്.. നോവൽ നീണ്ട കാലം പെട്ടിയിൽ പൂട്ടി വയ്ക്കാനുള്ള കാരണവും അതായിരുന്നു. നോവലിനോടുള പ്രസാധകരുടെ അവഗണന പൊതു സമൂഹത്തിന്റേതു കൂടിയാണ്. പ്രധാനമായിഎട്ടു നോവലുകളും രണ്ടു കഥാ സമാഹാരങ്ങളുമടങ്ങുന്ന രചനാലോകമാണ് നാരായന്റേത്. കൊച്ചരേത്തിയുടെ തിരക്കഥാ രചനയും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. മലയാളത്തിൽ ബഷീറിനോളം അല്ലെങ്കിൽ തകഴിയോളം സ്ഥാനവും ആദരവു മർഹിയ്ക്കുന്നുണ്ട് നാരായൻ എന്ന് കവി എസ്.ജോസഫ് പ്രകടിപ്പിച്ച അഭിപ്രായം ഏറെ പ്രധാനപ്പെട്ടതാണ്.
മലയാളത്തിലെ ദലിത് ആദിവാസി സാഹിത്യത്തേയും സംസ്കാരത്തേയും സംഘകാലത്തോട് ചേർത്തു വയ്ക്കുന്ന കാഴ്ചപ്പാടാണ് ഡോ.എം.ബി മനോജ് പങ്കു വയ്ക്കുന്നത്. ഇന്നത്തെ അധ:സ്ഥിത ബഹുജനസമൂഹം സംഘകാലത്ത് സാമൂഹികവും സാംസ്കാരികവുമായ ഔന്നത്യങ്ങളിൽ ശോഭിച്ചവരായിരുന്നു. ജാതിപരമായി മേൽ കീഴ് വ്യവസ്ഥ കളില്ലാതിരുന്ന അക്കാലം ചരിത്രപരമായ വിപരിണാമങ്ങൾക്കു വിധേയമാക്കപ്പെടുകയായിരുന്നു. വി ദൂരമായ ആ ഭൂതകാലത്തിലെ സാംസ്കാരികമായ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവ തന്നെയാണ് ദലിത് ആദിവാസി സാഹിത്യവും കലകളും .
പുതിയ പ്രമേയവും ജീവിതവും ഭാഷയും കടന്നു വരുമ്പോഴാണ് സാഹിത്യം ഭാരുകത്വപരമായി നവീകരിയ്ക്കപ്പെട്ടുക. മലയാളത്തിൽ നാരായന്റെ എഴുത്തിലൂടെ സൃഷ്ടിയക്കപ്പെട്ട പുതിയ ഭാവുകത്വം സാംസ്കാരിക ജനാധിപത്യത്തെക്കൂടിയാണ് ശക്തിപ്പെടുത്തുന്നത്. സാമൂഹിക ജനാധിപത്യത്തേയും തുല്യതയേയും വിലമതിയ്ക്കുന്ന ഒരു സമൂഹത്തിലുണ്ടാകേണ്ട വിപ്ലവം തന്നെയാണിത്.

ഡോ.കെ.പി രവിചന്ദ്രൻ
അസോസിയേറ്റ് പ്രഫസർ
ഗവ.വിക്ടോറിയ കോളേജ്
പാലക്കാട് 678001
mob. 9497122 732