മരിച്ചവരേക്കാളുറക്കത്തിൽ
————————-
- ജീവിതം പട്ടുപോകുന്നു
മരിച്ചവരേക്കാളുറക്കത്തിൽ
നിന്നെയോർക്കുന്നു
പ്രേമമാകുന്നതിലുമുച്ചയിൽ
ഇണത്തത്തിൽ..
2.ഇനിയുമാകുലതകളാൽ
പ്രേമങ്ങളാൽ
പ്രിയജീവിതമേ
വിഷാദത്തിന്റെ
നിർജ്ജലതടാകങ്ങളിൽ
വരവേറ്റുയിർപ്പിച്ചാലും
3.ഇപ്പോഴുമെപ്പോഴും
മുതിരാത്ത
ഒരു പെൺകുട്ടിയാവുക
മുറിവുകൾ
തളിർത്തെങ്ങുപൊടിപ്പിൽ
വെള്ളം ചാലിച്ചുണക്കിയെടുക്കുക
പ്രേമങ്ങളിൽനിന്ന്
ആനന്ദങ്ങളിൽ നിന്ന്
പ്രേമവും ആനന്ദവുമല്ലാതെ
മറ്റൊന്നും കണ്ടെടുക്കാതിരിക്കുക
എപ്പോഴും കാലുകളിൽ
കിലുങ്ങുന്ന ഒരു ജോഡി
പാദസരമിടുക
എന്റേത്.. എന്റേതെന്ന്
കിലുക്കിക്കിലുക്കി നടക്കുക..
നിറങ്ങൾ പിടിപ്പിച്ച സോപ്പുകവറുകളും
വളപ്പൊട്ടുകളും തിരയുന്ന
പണ്ടത്തെ മിടുക്കിക്കുട്ടിയാവുക..
അമ്മൂ.. അമ്മൂ.. എന്ന്
തുമ്പികൾക്കൊപ്പം പറക്കുക..
