ആരോഗ്യപംക്തി
സ്വിച്ചിട്ടാൽ ”തയ്യാറാകുന്ന” റോബോട്ടുകളല്ല നമ്മുടെ പങ്കാളികൾ .
ജീവിതത്തെ സന്തോഷപ്രദമാക്കാനുള്ള ചില കാര്യങ്ങൾ .
സിയാർ മനു രാജ്
പങ്കാളികൾക്കിടയിലുള്ള ബന്ധത്തെ നോക്കിയാൽ നമുക്ക് ചില പാറ്റേണുകൾ കാണാൻ കഴിയും . എണ്ണയിട്ട യന്ത്രം പോലെ പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കഴിയുന്നവരാണ് ഒരു കൂട്ടർ . മറ്റൊരു കൂട്ടർ അസ്ഥാനത്തുള്ള തട്ടലും മുട്ടലും ബഹളവുമായി എപ്പോൾ വേണമെങ്കിലും നിന്നുപോകാൻ ഇടയുള്ള ഒരു യന്ത്രം കണക്കെയുള്ളതാണ് . ഇതിനു രണ്ടിനും ഇടയിൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലുള്ള മറ്റൊന്ന് കാണാൻ കഴിയും . സ്നേഹമായികളായ ആളുകളുടെ ദാമ്പത്യ ജീവിതത്തെ ഒന്ന് വിശകലനം ചെയ്താൽ അവർക്കിടയിൽ കൂടുതൽ ഉണ്ടാവുക രണ്ടുപേർക്കിടയിലെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ ആയിരിക്കും . ബന്ധത്തെ തകർക്കുന്ന ഘടകങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ അവർക്കിടയിൽ ഉണ്ടാകൂ . പരസ്പര സ്നേഹബന്ധത്തെ ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം Constructive criticism ആണ് . നമ്മുടെ പങ്കാളിയെ നമ്മൾ വിമർശിക്കുമ്പോൾ നമ്മൾ മറന്നുപോകാൻ പാടില്ലാത്ത ഒരു കാര്യം ”നമുക്കായി .നമ്മുടെ കാര്യങ്ങൾ നോക്കാനായി ,നമ്മളെ സന്തോഷിപ്പിക്കാനായി ഭൂമിയിൽ അവതരിച്ച അമാനുഷീകർ ഒന്നുമല്ല ” അവരെന്നെ കാര്യമാണ് . നമ്മളെപ്പോലെ തന്നെ പലവിധ പരിമിതികൾ ഉള്ള അപൂർണ്ണരായ മനുഷ്യരാണ് അവരും . അതിനാൽ അവരിൽ നിന്നും നൂറുശതമാനം നമ്മെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ പ്രതീക്ഷിക്കാനേ പാടില്ല .

നമ്മൾ തെറ്റുകൾ ചെയ്യുന്നതുപോലെ അവർക്കും തെറ്റുകൾ പറ്റാം എന്ന സത്യം നമ്മൾ മറന്നുപോകാൻ പാടില്ല . നമ്മൾ എല്ലാം തികഞ്ഞ ദിവ്യപശുക്കൾ ആണെന്നും പങ്കാളി എല്ലാ അർത്ഥത്തിലും നമ്മെക്കാൾ താഴ്ന്ന ഒരാളാണെന്ന ചിന്ത അവരിൽ ജനിപ്പിക്കുന്ന രീതിയിലുള്ള ഏറ്റവും ചെറിയ കാര്യം പോലും നമ്മുടെ വിമർശനത്തിൽ ഉണ്ടാവാൻ പാടില്ല . പങ്കാളിയോട് സമഭാവന തോന്നിയാൽ മാത്രമേ ബഹുമാനിച്ചുകൊണ്ട് അവരെ നമുക്ക് വിമർശിക്കാൻ കഴിയൂ .സ്നേഹമുള്ള കുടുംബത്തിൽ ഒരാളും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി സംസാരിക്കില്ല . പരസ്പര സ്നേഹത്തിന്റെ അടിത്തറ പരസ്പര ബഹുമാനവും തുല്യരെന്ന സമ്മതിക്കലും ആണ് . പരസ്പരബഹുമാനവും തുല്യതാബോധവും ഉള്ളിടത്ത് മാത്രമേ അവരവരുടെ ഇഷ്ടങ്ങൾ നമ്മൾ പരസ്പരം തുറന്ന മനസ്സോടെ പങ്കുവയ്ക്കൂ . അത്തരമൊരു ഇടത്തിൽ മാത്രമേ നമ്മുടെ പങ്കാളിയുടെ മനസ്സിന്റെ ഒരു ശതമാനം എങ്കിലും നമുക്ക് മുൻപിൽ തുറക്കപ്പെടൂ . പരസ്പരം അറിയാത്തിടങ്ങളിൽ ബന്ധങ്ങൾ വറ്റിവരണ്ട പാടം പോലിരിക്കും , അവിടെ ജീവൻ ഉണ്ടാവില്ല .
