കവിതാവായന- എസ്. ജോസഫ്
മറ്റു പല കവികളെയും പോലെയല്ല ഇടശ്ശേരി. ആരെങ്കിലും വഴി കാട്ടാനില്ലെങ്കിൽ അദ്ദേഹത്തെപ്പോലൊരു കവിയെ വായിക്കാൻ ഇത്തിരി പ്രയാസമാണ്. ഇടശ്ശേരിത്തം ആത്മാവിൽ വഹിച്ച പൊന്നാനി പാരമ്പര്യമുള്ള കവിയാണ് ദേശമംഗലം രാമകൃഷ്ണൻ സാർ . കവിതയിൽ എൻ്റെ ഗുരുപരമ്പരയിൽ ഒരാളാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം.എ ക്ലാസുകളിലൂടെ ഇടശ്ശേരിയുടെ കവിതയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് വേറിട്ട കവിതകൾ എഴുതിയ ദേശമംഗലം രാമകൃഷ്ണൻ സാറാണ്. സാർ ഒരു വാക്കിൻ്റെ പോലും അർത്ഥം പറയാതെയാണ് പഠിപ്പിച്ചത്.

ഇടശ്ശേരി ഗോവിന്ദൻ നായർ
ഇടശ്ശേരിയുടെ ബിംബിസാരൻ്റെ ഇടയൻ എന്ന കവിതയുടെ ഒരു ലഘുവായ വിശദീകരണം ആണിത്. ബിംബിസാരൻ മഗധയിലെ രാജാവായിരുന്നു. ( കാലം BCE 5 -6 നൂറ്റാണ്ടുകൾക്കിടയിൽ. ബ്രാഹ്മണിക് ആശയ ആശയങ്ങളും ബുദ്ധ – ജൈന – ആജീവക ആശയങ്ങളും സംഘർഷഭരിതമായി നിലനില്ക്കുന്ന കാലം.)
അദ്ദേഹത്തിൻ്റെ യാഗശാലയിലേക്ക് ” കശാപ്പു ചെയ്യാൻ / ബലികൊടുക്കാൻ ഒരു പറ്റം ആടുകളുമായി ഒരു ഇടയൻ പോകുന്നതാണ് വേള. തള്ളയാടും കുഞ്ഞുങ്ങളും മുടന്തനായ കൊച്ചപ്പനും ഒക്കെയുണ്ട്.
” യാഗശാലയിലേക്കു നടക്കുവിനാഗസ്വികളാമാടുകളെ ബിംബിസാരനൃപൻ ദീക്ഷിപ്പു നിങ്ങളെ മീളുമൊരധ്വരം.
അലയാതകലാതകറാതെ ഇലയോ പുല്ലോ തിന്നാതെ യാഗശാലയിലേക്കു നടക്കുവിനാഗസ്വികളാമാടുകളെ
കുറ്റിച്ചമതത്തളിർ തിന്നിനിയും കൂത്തടിക്കാനിടയില്ല. യാഗാഗ്നിക്കും നമുക്കുമങ്ങിനി യേകാദശിയമെത്താഞ്ഞാൽ “
ആഗസ്വി എന്ന വാക്ക് പ്രധാനമാണ്. പാപികൾ എന്നാണ് അർത്ഥം. മീളുക – ഉദ്ധരിക്കുക ( മോക്ഷം കൊടുക്കുക എന്നാവാം ) അധ്വരം യാഗം. ഏകാദശിക്ക് ഉപവാസം എന്നും പട്ടിണി എന്നും അർത്ഥം പറയാം. ഇവിടെ പരിഹാസമുണ്ട്. ഏതായാലും ചാകാൻ പോകുകയാണ്. ഇനി ഒന്നും തിന്നിട്ട് കാര്യമില്ല. എത്രയും വേഗം എത്തണം. പാപികളായ ആടുകൾക്ക് മോക്ഷം കിട്ടും. യാഗാഗ്നിയും നിങ്ങൾ എത്താത്തതിനാൽ പട്ടിണിയിൽ ആണ്. ബ്രാഹ്മണിക് പ്രാക്ടീനാണ് യാഗം. ഇറച്ചി തിന്നാനുള്ള ഒരു സൂത്രപ്പണി കൂടിയായിരുന്നു. മതങ്ങൾക്ക് കീഴിൽ പാവം മനുഷ്യർ / ആടുകൾ പാപികൾ ആണല്ലോ. കശാപ്പിലൂടെയാണ് അവർക്ക് മോക്ഷം കിട്ടുന്നത്. യാഗം നടത്തുന്നത് ബ്രാഹ്മണരാണ്. അവർ ഈ ആടുകളുടെ ഇറച്ചി കഴിച്ചിരുന്നു. ഇതൊരു ബുദ്ധിസ്റ്റുകവിതയാണ്. ഇറച്ചി കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യാം എന്നാണ് ബുദ്ധൻ ദേവദത്തന് കൊടുക്കുന്ന മറുപടി.
” താണു തൂകും വെയിലും നിഴലും തളിരായിലയായ് പൊന്തകളിൽ. എരികണ്ണാൽ തുടുമലർ വിരിയിക്കും നരിയും വാഴാമതിനുള്ളിൽ
എൻ കവിണക്കല്ലേറൊന്നേ
നിങ്ങളെ നേർവഴി കാണിക്കൂ
ചെന്നായയ്ക്കും സ്വാദറിയാമെൻ പൊന്നുരുളച്ചോറിനി വേണോ?
തുലഞ്ഞു തൂങ്ങി,കാൺമീലെ ,യിച്ചരൽപ്പറമ്പിൻ പാർശ്വത്തിൻ നിങ്ങൾക്കുള്ള ബലിക്കല്ലിൻ പടി ചെമ്മുകിലിഴുകിയ പകലോനെ ? “
അസാധ്യകല്പനയാണ് ” താണു തൂകും ……. നരിയും വാഴാമതിനുള്ളിൽ ” എന്നത്. വെയിലും നിഴലും പൊന്തകളിൽ തളിരുകളും ഇലകളും ആയിരിക്കുന്നു. അതിനുള്ളിൽ തുടുത്ത മലരുകൾ വിരിയിക്കുന്ന കടുവയുടെ നോട്ടം ഒളിഞ്ഞിരിക്കുന്നു. മഞ്ഞ , പച്ച , ചുവപ്പ് എന്നീ മൂന്നു നിറങ്ങൾ ഇവിടെ ദൃശ്യം. നരി കടുവയാണ് . കുറുക്കനല്ല. പൊന്നുരുളച്ചോറ് എന്നത് കല്ലുവച്ചുള്ള ഏറാണ്. മര്യാദയ്ക്ക് നടന്നില്ലേൽ നിങ്ങളെ ഞാൻ കവിണക്കല്ലു വെച്ച് എറിയും എന്ന് ഇടയൻ പറയുന്നു. ചെന്നായ്ക്കിട്ടുപോലും ഞാൻ എറിഞ്ഞിട്ടുണ്ട് . പിന്നെയാണോ നിങ്ങൾ. മർദ്ദിതൻ മർദ്ദിതരെയാണ് മർദ്ദിക്കുന്നത്. ( സമൂഹത്തിൻ്റെ അടിത്തട്ടിലെ മനുഷ്യർ എന്തു കൊണ്ടാണ് അവരുടെ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് ? ) ബ്രാഹ്മണ ക്ഷത്രിയ മൂല്യവ്യവസ്ഥയോടുള്ള ഇടയൻ്റെ എതിർപ്പാണ് ഇവിടെ രൂപം മാറുന്നത്. അതാണ് മർദ്ദിതൻ്റെ മർദ്ദനം കൂടെയുള്ളവരോട് ആകുന്നത്.

ദേശമംഗലം രാമകൃഷ്ണൻ
” തുലഞ്ഞു തൂങ്ങി,കാൺമീലെ ,യിച്ചരൽപറമ്പിൽ പാർശ്വത്തിൻ നിങ്ങൾക്കുള്ള ബലിക്കല്ലിൻ പടി ചെമ്മുകിലിഴുകിയ പകലോനെ ? “
പകലോൻ സൂര്യനാണ്. വരാനിരിക്കുന്ന, രക്തം ചിതറുന്ന ഒരു ബലിയെക്കുറിച്ചുള്ള ഓർമ്മയാണത് . തുലഞ്ഞു തുണിക്കാണുന്ന ബലിക്കല്ലു പോലെ ചുമന്ന മേഘങ്ങൾ മൂടി രക്തം ചിതറിയ പോലുള്ള സൂര്യൻ്റെ ദൃശ്യം. തുലഞ്ഞു തൂങ്ങി എന്ന പ്രയോഗത്തിൽ ഹിംസാത്മകമായ യാഗത്തോടുള്ള വെറുപ്പ് ഇടയൻ പ്രകാശിപ്പിക്കുന്നു.
” പരത്രയാത്രാപാഥേയം പോൽ കറുകപുൽത്തല കരാതെ
ഓടിയെത്തിട്ടിഷ്ട്ടി മുടിയ്ക്കുവിൻ എനിക്കു തുലയണമൊരു മൂക്കിൽ
മുൻവരി പറ്റി നടക്കുന്നു മുഴുത്ത കുഞ്ഞോന്നുശിരോടെ,
മുടന്തിടുന്നു പിന്നിൽപിന്നിൽമുറ്റും മറ്റൊരു കൊച്ചപ്പൻ.
തള്ളയാടിനു സംഭ്രമമായോ താനേതുടലിനു തുണ നിലക്കും?
അതോടുമാങ്ങോ,ട്ട തൊടുമിങ്ങോ- ട്ടാ പീനസ്തനമകിടുലയെ !
ആടുകളോട് ഇടയൻ്റെ സംസാരം അയാളുടെ ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നു. ആടുകളും ഇടയനും തമ്മിൽ വലിയ ഒരടുപ്പം ഇവിടുണ്ട്. മനുഷ്യാവസ്ഥയും മൃഗാവസ്ഥയും ഒരുമിക്കുന്നത് എപ്പോഴാണ് ? ആടുകളിലേക്ക് ഇടയനും ഇടയനിലേക്ക് ആടുകളും സംക്രമിക്കുന്നു. ആഗംബൻ ഓപ്പണിൽ പറയുമ്പോലെ ഒരു മനുഷ്യ മൃഗബന്ധം ഇവിടുണ്ട്. പോത്തുകളുമായി അടിമ കാലത്ത് ഒരുമിച്ചു ജീവിച്ച കാര്യം മറക്കരുത് എന്ന് പൊയ്കയിൽ അപ്പച്ചൻ പറയുന്നുണ്ട്.
ആടുകളേ , കൊല്ലപ്പെടാൻ പോകുന്ന നിങ്ങൾ പരലോക യാത്രയ്ക്ക് കരുതാനുളള പുണ്യങ്ങളുടെ പൊതിച്ചോറു ( പാഥേയം ) പോലെ കറുകപ്പുല്ല് തിന്നേണ്ടതില്ല. വേഗം പോയി യാഗം ഒന്നു തീർത്തുതരിക. എനിക്ക് എവിടെയെങ്കിലും ഒന്നു ചുരുണ്ടുകൂടണം. പരലോക ജീവിതത്തോടുള്ള അവിശ്വാസം ഇവിടുണ്ട്. നഹുഷനെപ്പോലെ വൈദിക ബ്രാഹ്മണ്യത്തെ ധിക്കാരിക്കുകയാണ് കവി. ഇനി ആടുകളുടെ നടത്തയാണ് ചിത്രീകരിക്കുന്നത്. ഒരു കുഞ്ഞാട് മുമ്പിൽ കേറിപ്പോകുന്നു. ഒരു കൊച്ചപ്പൻ മുടന്തുന്നു. എല്ലാ കുഞ്ഞുങ്ങളേയും സ്നേഹിക്കുന്ന തളളയാട് ഏത് കുഞ്ഞിന് തുണ നിൽക്കുമെന്ന സംഭ്രമത്തോടെ അതിൻ്റെ തടിച്ച അകിട് ( പീനസ്തനം) അങ്ങോട്ടുമിങ്ങോട്ടും ആടുന്ന മാതിരി ഓടി നടക്കുന്നു. മൃഗീയതയും മാനുഷികതയും തമ്മിൽ അടുക്കുന്നു.
” അമ്മമാരുടെ മുഗ്ദ്ധതകൾക്കി- ങ്ങവസിതിയുണ്ടോ ഭുവനത്തിൽ, തന്നെത്തന്നെ തീറ്റ കൊടുത്തവർ പോറ്റിയെടുപ്പീലാരാരെ ? ആടിനെ,യിടയനെ ,യരചനെ നീ പെ- ണ്ണാടെ,പെറ്റൂ പലപേരെ; നേടിയതെന്തപവർഗ്ഗമിതേവരെ നെടുതാം വീർപ്പുകളല്ലാതെ?”
തള്ളയാടിൻ്റെ വെപ്രാളം താൻ ഏത് ഉടലിൻ്റെ കൂടെ നില്ക്കും എന്നാണ് ? അത് അമ്മമാരുടെ മുഗ്ധതകൾ കൊണ്ടാണ്. മോഹം എന്ന വാക്കിൻ്റെ മറ്റൊരു രൂപമാണ് മുഗ്ധത. മോഹപ്പെട്ട – മോഹത്തിൽ പെട്ടു പോയ അവസ്ഥ. മനോഹാരിത എന്നും. സ്നേഹത്തിൻ്റെ പേരിൽ മോഹിതരായി അവർ അറിയാതെ സ്വഭാവികമായി , ചെയ്യുന്ന കാര്യങ്ങൾക്ക് അവസിതിയുണ്ടോ ( അവസാനമുണ്ടോ ) എന്ന് കവി ചോദിക്കുന്നു. അമ്മമാർ അവരവരെ തീറ്റ കൊടുത്ത് , മുലകൊടുത്ത് വളർത്തിയെടുക്കുന്നു ആടിനെ , ഇടയനെ, രാജാവിനെ ഒക്കെ. ആടിനെ ആദ്യം പരാമർശിക്കുന്നു. മിണ്ടാമൃഗത്തിന് ഒന്നാം സ്ഥാനം! അമ്മമാർക്ക് എന്ത് അപവർഗമാണ് ( ദുഃഖ മോചനമാണ് , മോക്ഷമാണ് , നിർവാണമാണ് ) ലഭിച്ചത്? അവർക്ക് എങ്ങും നെടുവീർപ്പുകൾ അല്ലാതെ ഒന്നും ലഭിച്ചില്ല.
” എനിക്കുമൊരുമാതുണ്ടായി പ-
ണ്ടെന്നെ നൃപന്നു കൊടുത്തപ്പോൾ
കിട്ടിയ വിൽക്കാശപ്പടിയെന്നുടെ കോന്തലയ്ക്കലുടക്കിയവൾ!
അവൾക്കു കുളിരിനു കമ്പിളിനേടി- പ്പിന്നീടെന്നോ ഞാൻ ചെൽകെ ,
ഒരട്ടി മണ്ണു പുതച്ചു കിടപ്പൂ ;
വീടാക്കടമേ മമ ജന്മം!”
മാത് അമ്മയാണ്. രാജാവിൻ്റെ ജോലിക്കാരനായി മാറിയപ്പോൾ കിട്ടിയ പണം അമ്മ എൻ്റെ തുണിത്തുമ്പത്ത് കെട്ടിത്തന്നു. പിന്നീട് തണുപ്പത്ത് അമ്മയ്ക്ക് പുതയ്ക്കാനായി കമ്പിളിപ്പുതപ്പുമായി ഞാൻ എത്തിയപ്പോൾ അമ്മ മരിച്ചുപോയി. അമ്മയോടുള്ള കടം വീട്ടാൻ എനിക്കായില്ല. അമ്മമാരുടെ സർവ്വാതിശായിയായ സ്നേഹത്തിന് പ്രതിഫലം കൊടുക്കാൻ മക്കൾക്ക് ആവുന്നില്ല എന്നർത്ഥം. ഈ ആശയം എ. അയ്യപ്പൻ തൻ്റെ ഒരു കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. തണപ്പുകാലത്ത് മുത്തശ്ശിക്ക് കൊടുക്കാമെന്നേറ്റ പുതപ്പെനിക്ക് നല്കാനായില്ല എന്നോ മറ്റോ ആണ്. ഒരട്ടി മണ്ണ് എന്ന പ്രയോഗം ആറ്റൂരിൻ്റെ സംക്രമണത്തിലുമുണ്ട്. ഇടശ്ശേരിയുടെ ജീവിതവുമായി ബന്ധപ്പെട്ട വരികൾ ആണിവ. അദ്ദേഹം ആലപ്പുഴയിൽ ജോലി ചെയ്ത കാലം… ( കൂടുതലായി അറിയില്ല.)
ഹോയ് ,ഹോയ് ,ഇലയോ പുല്ലോ തിന്നാ- തലയാതകലാതകറാതെ
യാഗശാലയിലേക്കു നടക്കുവി- നാഗസ്വികളാമാടുകളേ !
വ്യക്തിപരതയിൽ നിന്ന് മടങ്ങുകയാണ് കവി. ആടുകളേയും ഓർമ്മകളേയും ആട്ടിയോടിക്കുന്നു. ഒരു ബ്രത്തിയൻ ഏലിനേഷനാണീ ശബ്ദ പ്രയോഗം. പഠിക്കുന്ന കാലത്തു തന്നെ ഞാനീ ഹോയ് ഹോയ് വിളികളിൽ ആകൃഷ്ടനായിരുന്നു. പൊതുവേ സ്വന്തം ജീവിതം കുറവാണ് ഇടശ്ശേരിക്കവിതകളിൽ. പൂതപ്പാട്ടിലും പുത്തൻ കലം അരിവാളിലുമൊന്നും കവിയില്ല. കുറ്റിപ്പുറം പാലത്തിൽ കവി തന്നെ ചുരുക്കി വച്ചിരിക്കുന്നു. മുടിക്കുക , തുലയുക പോലുള്ള പരുക്കൻ പ്രയോഗങ്ങൾ , അപവർഗം പോലുള്ള വിചിത്രമായ പദപ്രയോഗങ്ങൾ ഒക്കെ ഇടശ്ശേരിയിലുണ്ട്.
കടിഞ്ഞാൺ എന്ന അർത്ഥത്തിൽ രശ്മി എന്ന വാക്കാണ് അമ്പാടിയിലേക്കു വീണ്ടും എന്ന കവിതയിൽ ഉപയോഗിക്കുന്നത്. ” എനിക്കു രസമീ….. വിടില്ല ഞാനീ രശ്മികളെ “
” ആരുവാനിതു നമ്മെത്വരയാ- ലതിക്രമിച്ചുനടക്കുന്നോൻ ആചാരപ്പടിയന്വേഷിപ്പവ- നഹോ,മഹസ്സാൽപ്പരിദീപ്തൻ!
മുനേ , ഭവാനി ലോകമശേഷം തോളിലെടുപ്പാൻ കെല്പുടയോൻ
കുഞ്ഞാടിതിനെപ്പൊക്കിയെടുപ്പാൻ കുനിവൂ ;നന്നീയാരംഭം !
തള്ളയോടെ, മതിയാക്കാമോ, തരളത വത്സരെയോർത്തിനിമേൽ
ഒന്നു തോള ,ത്തൊന്നടിപറ്റീ – ,ട്ടിദ്ദേഹം നിൻ ചുമടേറ്റു.
എനിക്കു വേണ്ടാ കല്ലും കവിണയു- മീയാളെപ്പിൻതുടരുന്നൂ
തേക്കു വെള്ളം തളിരണിയിച്ചൊരു കേദാരത്തിലുമെൻപറ്റം! “

ഈ സന്ദർഭത്തിൽ ആരാണ് നമ്മളെ മറികടന്ന് ( അതിക്രമിച്ച് ) പോകുന്നയാൾ? അദ്ദേഹം മഹത്വം കൊണ്ട് വളരെ പ്രകാശിക്കുന്നവനാണല്ലോ. അതൊരു മുനിയാണ്. ഈ ലോകത്തിൻ്റെ ദുഃഖത്തെ മുഴുവനും ഏറ്റെടുത്തവൻ. അദ്ദേഹമാകട്ടെ ഒരു കുഞ്ഞാടിനെ പൊക്കിയെടുക്കാനായി കുനിയുന്നു. നല്ല തുടക്കം തന്നെ. തള്ളയാടിന് കുഞ്ഞുങ്ങളെ ഓർത്തുള്ള തരളത ( സംഭ്രമങ്ങൾ , വിറയൽ , ഉത്കണ്ഠ എന്നൊക്കെ സന്ദർഭത്തിൽ അർത്ഥമെടുക്കാം ) ഇനി വേണ്ട. അദ്ദേഹം ഒരാടിനെ തോളിലേറ്റി , ഒന്ന് കാൽ ചുവട്ടിലും പറ്റി. അങ്ങനെ തള്ളയാടിൻ്റെ ഭാരങ്ങൾ ഇദ്ദേഹമേറ്റിരിക്കുന്നു. എനിക്കിനി കല്ലും കവിണയും( ദണ്ഡനമുറകൾ ) വേണ്ട. ഇദ്ദേഹത്തെ ഞാൻ പിന്തുടരുകയാണ്. വെള്ളം തേകി നനഞ്ഞ് തളിരണിഞ്ഞ വയലി ( കേദാരം ) ലാണ് ഇപ്പോൾ ആടുകൾ. അവ പുല്ലുതിന്നുന്നു.
ഇവിടെ ബുദ്ധനാണെന്ന് ഇടയൻ അറിയുന്നില്ല . പക്ഷേ അദ്ദേഹത്തിൻ്റെ മഹത്വം മനസിലാക്കുന്നു. സ്നേഹത്തിൻ്റേയും കരുണയുടേയും മാർഗം തിരിച്ചറിയുന്നു. താൻ ബുദ്ധനാണെന്ന് ബുദ്ധൻ പറയാറില്ലായിരുന്നു. ഉരുവേലയിലെ കുട്ടികൾ തന്നെ അങ്ങനെ വിളിക്കുന്നു എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ബുദ്ധനെ കാണുന്ന ഒരാൾ അദ്ദേഹത്തിൻ്റെ പ്രഭാവലയത്തിൽ പെട്ടുപോകുമായിരുന്നു.
” ധ്യാനമഗ്നൻ പൗരന്മാർ തൊഴു- താനമിപ്പോരിദ്ദേഹം; മാദൃശരെങ്ങിനെയറിയുന്നു ഹാ , മാമുനിമാരുടെ മനോഗതം!
താൻ ചുമക്കും കുഞ്ഞാടിൻ മൃദു- മജ്ജാമാംസം വരളുമ്പോൾ
ഹോമവഹ്നി വമിയ്ക്കും രുചികര- സൗരഭമാമോ തദ്വിഷയം!
നമ്മെച്ചൊല്ലി മഹർഷേ, താങ്കൾ- ക്കാശങ്കയ്ക്കില്ലവകാശം ; ഇപ്പറ്റങ്ങടെയൊറ്റകൊറുവും നമുക്കു കിട്ടാൻ വിധിയില്ല !
പ്രാംശുവാമൃഷി തന്നുടെ തോളിൽ കുഞ്ഞാടൊരു വെൺകൊടി പോലെ ; തമ്പുരാനുടെ യജ്ഞധ്വജമേ, നീയെന്തിത്ര നിലം പറ്റി? “
ആളുകൾ തൊഴുതു നമിക്കുന്ന ധ്യാനമഗ്നൻ ( ധ്യാനത്തിൽ മുങ്ങിയവൻ, മുഴുകിയവൻ ) ആണല്ലോ ഇദ്ദേഹം. പക്ഷേ എന്നേപ്പോലുള്ളവർക്ക് ( മാദൃശർക്ക് – മാദൃക്ക് എന്ന വാക്ക് നോക്കുക ) അവരുടെ ഉള്ളിലിരുപ്പ് ( മനോഗതം ) അറിയാൻ ആവില്ലല്ലോ. അദ്ദേഹവും ഒരു ഋഷി . ഋഷികൾ ആണല്ലോ യാഗം നടത്തുന്നത്. വേദ ബ്രാഹ്മണരും ബുദ്ധനും തമ്മിലുള്ള വ്യത്യാസം ഇടയന് അറിയില്ല. രണ്ട് കൂട്ടരും ഇറച്ചി കഴിക്കുന്നവരാണ്. അതിനാൽ താൻ എടുത്തു കൊണ്ടു പോകുന്ന കുഞ്ഞാടിൻ്റെ മാംസം ഹോമാഗ്നിയിൽ വരളുമ്പോൾ പുറത്തേക്ക് വമിക്കുന്ന രുചികരമായ വാസനകൊണ്ടാണോ അദ്ദേഹം ഈ കുഞ്ഞാടിനെ വഹിക്കുന്നത് ? ( തദ്വിഷയം , തത് + വിഷയം , അതിൻ്റെ വിഷയം ,അതിൻ്റെ കാരണം ) ഇടയൻ സംശയാലുവാകുന്നു. അയാൾ സ്വയം പറയുന്നു . എന്നെ സംശയിക്കേണ്ടതില്ല , ഈ ആടുകളുടെ ഒരു ഒരു കൊറുവും എനിക്ക് കിട്ടുകില്ല. കൊറുവ്, കൊറുക് എന്നത് ആടിൻ്റെ കാലുൾപ്പെടുന്ന ഒരു ഭാഗം എന്നു പറയാം. ഉയരമുള്ള മുനിയുടെ തോളിൽ കുഞ്ഞാട് ഒരു വെൺകൊടി പോലെ . അപ്പോൾ രാജാവിൻ്റെ യാഗത്തിൻ്റെ കൊടി മരം നിലംപറ്റി. ഇടയൻ്റെ നിഷ്കളങ്കമായ കാഴ്ചപ്പാടാണിത്. ബിംബിസാരൻ ബുദ്ധമതാനുയായി ആകുന്നുണ്ട്.
” കറുത്ത രാവിൻ തുടുമിഴി പോലെ യിളകിക്കത്തും നെയ്ത്തിരികൾ വിളർത്തുവല്ലോ തേജസ്സാണ്ടിടു- മിദ്ദേഹത്തിൻ തിരുമുമ്പിൽ.
ആരാലരുതേ ചെല്ലാനിടയനു- ഹോമപ്പുകയുടെ മറപറ്റി പെരുവിരലിന്മേൽനിന്നി; നിയുള്ളൊരു പെരുമകൾ കാണാമൊടുവോളം.
യാഗശാലയ്ക്കെന്തേ പറ്റീ യോഗീശ്വരനുടെ കാൽവെപ്പാൽ ?- യജ്ഞപശുവിൻ വീർപ്പുയരുന്നു ! മന്ത്രഘോഷം വറ്റുന്നു!
കറുത്ത രാവിൻ ( രാവ് കറുത്തതാണ് ) തുടുത്ത കണ്ണുകൾ മാതിരി നെയ്ത്തിരികൾ ഇളകിക്കത്തുന്നു. കറുപ്പും തീ നിറവും വിരുദ്ധനിറങ്ങൾ ആണ്. ഏറെ നിഗൂഢമാണ് കറുത്ത രാവ്. രാവിൻ്റെ മിഴികളൊഴികേ ബാക്കി കറുപ്പാണ്. ബുദ്ധൻ്റെ പ്രകാശത്തിൽ നെയ്ത്തിരികൾ നിഷ്പ്രഭമായി. ബുദ്ധൻ്റെ പ്രകാശം എങ്ങും നിറഞ്ഞു. ബ്രാഹ്മണ്യത്തിൻ്റെ നിഗൂഢത പോയി എന്ന് കരുതാം. ഇടയന് പക്ഷേ അടുത്തേക്ക് ( ആരാൽ ) ചെല്ലാൻ അനുമതി ഇല്ല. ഇടയൻ ശൂദ്രൻ ആകുന്നു. എന്നാൽ അവിടെ നടക്കുന്ന വലിയ കാര്യങ്ങൾ ( പെരുമകൾ ) ഹോമപ്പുകയുടെ മറ പറ്റി പെരുവിരലിൽ ഊന്നിനിന്ന് അവസാനം വരെ കാണാം. ഇവിടെ കവിയായ ഇടശ്ശേരിയുടെ ഒരു ആത്മാവിഷ്കാരം ഉണ്ടെന്നാണ് തോന്നുന്നത്. ദേശമംഗലം അത് സൂചിപ്പിച്ചിരുന്നു. വള്ളത്തോളിനെപ്പോലുള്ള വലിയ കവികൾ കവിതവായിക്കുകയും സാഹിത്യകാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്ന സദസിൽ പ്രവേശനമില്ലാതിരുന്ന ഇടശ്ശേരിയുടെ എത്തിനോട്ടം ഇവിടുണ്ട്.
യോഗീശ്വരൻ്റെ ( യോഗികളിൽ ശ്രേഷ്ഠൻ ) വരവിൽ , കാൽവയ്പാൽ യാഗശാലയ്ക്ക് എന്തോ പറ്റിയിരിക്കുന്നു. ആടുകൾ ശ്വാസം വിടുന്നു. മന്ത്രോച്ചാരണങ്ങൾ ഇല്ലാതാകുന്നു.
യജ്ഞ പശു – യജ്ഞത്തിനുള്ള മൃഗം.
“കൊടുക്കുവാനരുതാത്തതെടുക്കരു-” തെന്നോ മാമുനി ശാസിപ്പു ?
പൊരുളറിവീലെ , ന്നുയിരിൽപ്പുതിയൊരു കുളിരുണ്ടധുനാ ചൊരിയുന്നു! വിലക്കിയെന്നോ കൊല തീരേ ! ഹ , ഹ , – ബഹിർഗ്ഗമിപ്പൂ മൃഗയുഥം
ഹോമകുണ്ഡം തേട്ടിവിടുന്നൊരു വലമ്പിച്ചുരുൾ പുകപോലെ !”
ഒരു ജീവിക്കും ജീവൻ കൊടുക്കാൻ ആർക്കും കഴിയില്ല. അതിനാൽ അത് എടുക്കരുത് എന്നാണോ മുനി കല്പിക്കുന്നത് ? എനിക്കതിൻ്റെ പൊരുൾ മനസിലാവുന്നില്ല. പക്ഷേ എൻ്റെ ഉള്ളിൽ അധുനാ – ഇപ്പോൾ കുളിരുകോരുന്നുണ്ട്
കൊലയെ തീർത്തും വിലക്കിയിരിക്കുന്നു.
സന്തോഷം. മൃഗക്കൂട്ടം അതാ പുറത്തേക്ക് പോകുന്നു. ഹോമകുണ്ഡത്തിൽ നിന്ന് തികട്ടുന്ന വലം പിരിച്ചുരുകൾ പുകപോലെ. വലംപിരിച്ചുരുൾ പുകപോലെ എന്നത് ശുഭസൂചകമാണ്. യാഗം എന്ന വ്യർത്ഥമായ ആചാരത്തിനായി മൃഗങ്ങളെ കൊല്ലുന്നത് ശരിയല്ല എന്നർത്ഥം. മനുഷ്യർ വിശപ്പിനായി ഇറച്ചി കഴിക്കുന്നതിൽ ബുദ്ധൻ എതിരല്ലായിരുന്നു. അദ്ദേഹവും കഴിച്ചിരുന്നു. അക്കാലത്ത് യാഗത്തിനു വേണ്ടി കുട്ടമായി മൃഗഹിംസ നടത്തുന്ന ബ്രാഹ്മണർക്കും തീർത്തും 100% അഹിംസാ വാദികളായ ജൈനർക്കും ഇടയിൽ മധ്യേമാർഗം ആയിരുന്നു ബുദ്ധൻ്റേത്. പിൽക്കാലത്ത് ബ്രാഹ്മണർ തീർത്തും സസ്യഭുക്കുകളായി എന്നത് ബുദ്ധമതത്തിൻ്റെ സ്വാധീനം മൂലമാണ് എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്.
” ഋത്വീക്കുകളേ , ചോരപുരണ്ടൊരു കത്തികൾ പൂഴ്ത്തിടുമുയിരോടെ
നിങ്ങൾ പിൻവാങ്ങിപ്പോം മൂലക- ളെന്തിരുൾമൂടും ശാലകൾ !
ഞാനറിവീല മുനേ , പിന്നാലേ – പോന്നവനെങ്കിലുമങ്ങയെ;
ഞാൻ നുകരുന്നു നിൻ ദയയെപ്പ – ണ്ടമ്മിഞ്ഞപ്പാലതുപോലെ.
ഋത്വിക്കുകളേ /യാഗം നടത്തുന്നവരേ / യജമാനന്മാരേ / പുരോഹിതരേ , ചോരപുരണ്ട കത്തികൾ പൂഴ്ത്തി ( മറച്ച് ) നിങ്ങൾ പിൻവാങ്ങിപ്പോകുന്ന മൂലകൾ ഇരുൾ മൂടുന്ന ശാലകൾ ആണ്. ഭൂതദയയില്ലാത്ത, ക്രൂരമായ ഹിംസയുടെ ഇരുണ്ട ഇടങ്ങൾ ആയിരുന്നു അവ. ധർമ്മം ബ്രാഹ്മണർക്ക് ജാതി ധർമ്മം ആയിരുന്നു. വർണാശ്രമധർമ്മം ഹൈരാർക്കിക്കലായ അടിമത്തം ആണ് നിർമ്മിച്ചത്. അതിൻ്റെ ഏറ്റവും ഉന്നതമായ, “വിശുദ്ധമായ ” രൂപമായിരുന്നു യാഗം. അതിനെയാണ് പ്രധാനമായും ബുദ്ധൻ വിലക്കിയത്. അന്നത്തെ ഏറ്റവും വലിയ രാജ്യം മഗധയായിരുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. സാമ്രാജ്യങ്ങൾ രൂപപ്പെടുന്നതേയുള്ളു. ബിംബിസാരൻ ബുദ്ധനാകുന്നതിനുമുമ്പേ ഗൗതമൻ്റെ സുഹൃത്തായിരുന്നു. അതുകൊണ്ടാവാം യാഗം പെട്ടെന്ന് വിലക്കാൻ സാധിച്ചത്. രാജകുമാരനായിരുന്ന ബുദ്ധനെ ബിംബിസാരനറിയാം. അല്ലെങ്കിൽ ബുദ്ധ മാർഗ്ഗത്തിലേക്കുള്ള പരിവർത്തനം കൊണ്ടുമാകാം. ബ്രാഹ്മണരെ മറികടന്ന് ക്ഷത്രിയരും വൈശ്യരും ഉയർത്തെഴുന്നേല്ക്കുന്നത് ഇക്കാലത്തിൻ്റെ പ്രത്യേകതയാണ്.
പക്ഷേ ഈ സംഭവം എപ്പോഴാണ് നടന്നത് എന്ന കാര്യത്തിൽ സംശയം ഉണ്ട്. ബുദ്ധനായതിനു ശേഷം ഗൗതമൻ നേരേ പോയത് ബനാറസിലേക്കാണ്. തന്നെ വിട്ടുപോയ സുഹൃത്തുക്കളെ ബുദ്ധൻ കാണുന്നു. അവരെ അനുയായികളാക്കിയ ശേഷം സുവിശേഷം പ്രചരിപ്പിക്കാൻ പറഞ്ഞു വിട്ടിട്ട് ബുദ്ധൻ നേരേ സുഹൃത്തായ ബിംബിസാരനെ കാണാനാണ് പോയത്. ഒരു പക്ഷേ അപ്പോഴായിരിക്കാം ഈ കഥ നടന്നത്. പലപ്പോഴും ബുദ്ധൻ ബിംബിസാരനെ കാണാൻ മഗധയിൽ പോയിട്ടുണ്ട്. ബുദ്ധൻ പൊതുവേ യാഗത്തെയും വർണാശ്രമ ധർമ്മത്തെയും നിരസിച്ചിരുന്നു. അത് വിജയിക്കുകയും ചെയ്തു. അതിൽ നിന്നുണ്ടായ മിത്താകാം ഇത്. ആടിനു പകരം ഒരു സിനിമയിൽ പോത്തുകളെയാണ് കാണിക്കുന്നത്.
അല്ലയോ മഹർഷേ , പിന്നാലെ പോന്നവനെങ്കിലും ( അനുയായി ) അങ്ങയെ ഞാൻ അറിയുന്നില്ല. ( ബുദ്ധനെ അറിയുക ഇന്നും പ്രയാസം ) എങ്കിലും അങ്ങയുടെ ദയ ചെറുപ്പത്തിൽ നുകർന്ന അമ്മയുടെ മുലപ്പാലുപോലെയാണ് എനിക്ക്. ഞാനത് നുകരുന്നു. ഒരു സുരക്ഷയാണ് ഇടയന് ബുദ്ധകാരുണ്യം നല്കുന്നത്.
” തെറ്റിപ്പോമീ കർമ്മഠരാം ദ്വിജർ
തേറിടുന്നേയില്ലല്ലോ
ആശിസ്സിന്നായ് വീണുവണങ്ങിടു – മരചനുമതുപോലങ്ങയെ! അജ്ഞേയതയെപ്പേടിക്കുന്നു
ചിലർ ,ചിലർ വാഴ്ത്തി നടക്കുന്നു;
പേടിപ്പോർ പാകവെപ്പു , വാഴ്ത്തിന –
ടപ്പവർ തേടുന്നിതിലാഭം ! ശരിക്കു മാര്യമഹർഷേ , താങ്കളെ – യറിവോരീ അജയൂഥങ്ങൾ ;
അവയിൽപക്ഷേ തങ്ങുന്നീലാ കൃതജ്ഞതാവചനോപായം ! “
കർമഠരായ , കർമ്മനിഷ്ഠരായ , തെറ്റുപറ്റിപ്പോയ ബ്രാഹ്മണർ അങ്ങയിൽ വിശ്വസിക്കുന്നില്ല. അതോ പിണങ്ങിപ്പോയ ബ്രാഹ്മണർ എന്നാണോ? അനുഗ്രഹത്തിനായി വണങ്ങുന്ന രാജാവും അങ്ങയെ ശരിക്ക് വിശ്വസിക്കുന്നില്ല. അജ്ഞേയതയെ ( അറിയാൻ പറ്റാത്തതിനെ , The unknown) ചിലർ പേടിക്കുന്നു. ചിലർ അതിനെ വാഴ്ത്തുന്നു. പേടിക്കുന്നവർ അതിനോട് ശത്രുത കാണിക്കുന്നു. വാഴ്ത്തുന്നവർ ലാഭം തേടുന്നു. അങ്ങയെ ശരിക്കും അറിഞ്ഞത് ഈ അജയൂഥങ്ങളാണ് , ആട്ടിൻ പറ്റങ്ങൾ ആണ്. എല്ലാ ജീവികളോടുമുള്ള കരുണയുടെ തത്വം അവർക്ക് മനസിലായി. പക്ഷേ മിണ്ടാപ്രാണികളായ അവർക്ക് നന്ദി പറയാൻ ആവില്ല. ബുദ്ധമത തത്വങ്ങൾ ലളിതമാണ് എന്ന് ബുദ്ധൻ പറയുന്നുണ്ട്. പക്ഷേ അത് പ്രയോഗത്തിൽ വരുത്താൻ പ്രയാസമാണുതാനും.
ഇടയൻ , ആടുകൾ , അമ്മമാർ , ബുദ്ധൻ എന്നിവർ ഒരു വശത്തും ബ്രാഹ്മണർ മറുവശത്തുമായി ഈ കവിതയിൽ നില്ക്കുന്നു. രാജാക്കന്മാർ അക്കാലത്ത് ബ്രാഹ്മണരുടെ നിയന്ത്രണത്തിൽ ആണല്ലോ. എങ്കിലും ബിംബിസാരൻ കൂടി ബുദ്ധൻ്റെ ഭാഗത്തേക്ക് വരുന്നു. പാൽ (മുലപ്പാല് ) എന്ന വാക്ക് ഇടയനെ , ആടുകളെ , ബുദ്ധനെ ഒക്കെ തമ്മിൽ ബന്ധിപ്പിക്കുന്നു. ബോധം കെട്ട് വീണ ബുദ്ധന് സുജാത നല്കിയതും പാൽ ആണല്ലോ. കവിതയിൽ ബുദ്ധൻ്റെ ജീവിതത്തിലെ ഒരു സംഭവകഥയാണ് ആഖ്യാനം ചെയ്യുന്നത് . ഒപ്പം കവിയുടെ ജീവിതവും കടന്നു വരുന്നു. കവിതയിൽ രണ്ട് ഇഴകൾ ഉണ്ട് എന്ന് പറയാം. പക്ഷേ വ്യക്തിപരമായ ഒരിഴ ഒളിപ്പിച്ചിരിക്കുകയാണ്. കവിതയ്ക്ക് ഒരു ഉത്തരേന്ത്യൻ പശ്ചാത്തലം ഉണ്ടെന്ന് പറയാൻ ആവുന്നില്ല. ഇടയൻ്റെ വേഷം ഗോപൻ്റെ വേഷം പോലെ ( അമ്പാടിയിലേക്ക് വീണ്ടും ) വർണിക്കുന്നില്ല ഇവിടെ. പ്രകൃതിവർണനകൾ ആവട്ടെ കേരളീയ സമാനമാണ്. യഹൂദമതത്തിൽ നിന്ന് മാറി എങ്ങനെയാണോ ക്രിസ്തു ക്രിസ്തുമതത്തിന് അടിത്തറ പാകിയത് എന്നതു പോലെയാണ് വേദിക് ബ്രാഹ്മണ മതത്തിൽ നിന്ന് മാറി ബുദ്ധൻ ബുദ്ധമതത്തിന് അടിത്തറ പാകിയതെന്ന് പറയാം.
