വിജനമേട്
അമ്പത് പിന്നിട്ട പ്രണയങ്ങൾ നരച്ച കോടയുടെ കുളിരിൽ ചുരം കയറവേ
വളവുകളിൽ നമ്മൾ പരസ്പരം ചാരും..
ചിരി വരും
ഇക്കിളി പഴയതാണെങ്കിലും ഒരു രസം തോന്നും.
അറിഞ്ഞും അറിയാതെയും തൊടും
വന്യസ്ഥലികൾ വിജനമേടുകൾ
തെരഞ്ഞു പോകയിൽ
കാട് പൂക്കും
നാം മഴ നനയും. അരുവികളിൽ അഴിഞ്ഞുവീഴും
പരസ്പരം പിഴിഞ്ഞു തോർത്തും
പിന്നെ ,ശരീരികൾ പാറിപ്പറക്കും.
ഇളവെയിൽ കാത്ത് കിടക്കും
മടുപ്പിന്റെ താഴ്‌വരകളെ മറക്കും.
2 ഈ വഴിയരികിൽ
പറയുമെന്ന് കരുതി ,
പറയാമെന്നു കരുതി..
വാക്കും മുഖവും മിനുക്കി
വാചാലമൗനമാത്രമായൊരു ജന്മം..
കുനുകുനെ കീറിയ പ്രണയാക്ഷരങ്ങളെ കണ്ണീരിൽ ചാലിച്ചൂട്ടിയ പ്രേമമേ..
ജരാനര..കിതപ്പ് പ്രമേഹം..മിത്തിരി ഹാർട്ടും ദുർമേദസും കൊളസ്ട്രോളുമൊക്കെയായ് പൂർവ്വവിദ്യാർത്ഥി മേശയിൽ കണ്ടു..
പ്രണയം നിലാവാണെന്നും
നീ ചന്ദ്രനും ഞാൻ ആമ്പലാണെന്നും പറഞ്ഞവളെ..
ഉച്ചസൂര്യൻ പൊള്ളിക്കുന്ന ഈ വഴിയരികിൽ..
വറ്റിയ ആമ്പൽകുളമൊന്നുണ്ട്..
നിലാവും ചന്ദ്രനും ..മാഞ്ഞുപോയി.