കുന്നും കുരുവിയും നനയുന്നു…
കുന്നും കുരുവിയും നനഞ്ഞിരിക്കുന്നു.
മഴ മാത്രം, നനയാതെ പെയ്തുകൊണ്ടേയിരിക്കുന്നു…
എന്നിട്ടും കുന്നും കുരുവിയും തമ്മിലുള്ള ബന്ധം അവസാനിക്കുന്നേയില്ല..!
നനഞ്ഞൊട്ടി വിറച്ചിട്ടും കുരുവി കുന്നിലേക്ക് തന്നെ പറന്നെത്തുന്നു.
കുന്നിൻചെരുവിലെ ചങ്ങണപ്പുല്ലിന്റെ ഇടയിലൂടെ ,
ചാഞ്ഞും ചരിഞ്ഞും പറന്ന്
നെല്ലിമരത്തിന്റെ ചുള്ളിയിലിരുന്ന്,
ചിറകുവിടർത്തി മഴ വെള്ളം കുടഞ്ഞ്,
പുല്ലാണിവള്ളിയിലേക്ക് പാറി
പടർന്ന പൂക്കൾ തൊട്ട്,
ചെറുവള്ളി ചാടിക്കടന്ന്,
കുഞ്ഞാത്തുമ്മയുടെ വേലിവക്കിലെ ചെമ്പരത്തിപ്പൂവിൽ തൂങ്ങി,
മഞ്ഞപ്പൂവ് കൊണ്ടു പോകുന്ന
മത്തവള്ളിയിലൂടെ
ചാരിയ വെയിലിന്റെ
ചൂടിലേക്ക് പാറി,
അടുക്കളവക്കിലെ
അയക്കയിൽ ആടി
തുവർത്തിയിട്ട തടത്തിലിരുന്ന്,
ഉമ്മറത്തെ കയിലാം കുറ്റി കടന്ന്,
പറമ്പിലെ വാഴത്തുമ്പിലൂടെ പാറി,
അരികെ ഒഴുകുന്ന തോടിന്റെ കലക്കവെള്ളവും കണ്ട്
തോട്ടു വെള്ളം പരന്ന പടത്തിലേക്കിറങ്ങി കാലുതൊട്ട് …
കാളയുടെ വാലിൽ പിടിച്ച്
ശബ്ദമുണ്ടാക്കി പൂട്ടുന്ന ചാച്ചന്റ മുടിങ്കോൽ വടി കണ്ട് ,
പാടത്തേക്ക് ചാഞ്ഞതെങ്ങിന്റെ പട്ടയിലിരുന്ന് ,
പാടത്തിന്നോരത്ത് തൂങ്ങിയ ഓണപ്പൂക്കളും,
വരമ്പിൽ വളർന്ന കുറുന്തോട്ടിയേയും, തൊട്ടാവാടിയേയും തൊട്ട്,
കൊത്തിക്കൊത്തി പാറിപ്പാറി
കുന്നിലേക്കെത്തി.
വാനിൽ പാറിനിന്ന് കുന്നിലെ തന്റെ കുട്ടികളുള്ള കൊന്നയിലെ കൂട് നോക്കി.
കൊന്നയും ഇല്ല. കൂടുമില്ല.
ഒരു മരവുമില്ല. വള്ളിപ്പടർപ്പുമില്ല.
കുറച്ച് കമ്പുകൾ,
ഇലകൾ മാത്രം.
ടയറുകൾ ഉരുണ്ടു താഴ്ത്തിയ ഒരടി താഴ്ചയിൽ കൂടും കുഞ്ഞുചിറകും.
മഴ പെയ്തു കൊണ്ടേയിരിക്കുന്നു. കുന്നും, കുരുവിയും നനഞ്ഞുകൊണ്ടേയിരിക്കുന്നു ..
അജേഷ്.സി.പി

മലപ്പുറം ജില്ലയിൽ വഴിപ്പാറയിൽ ജനനം.
അച്ഛൻ: സി.പി നാരായണൻ
അമ്മ: കെ.കെ ചന്ദ്രമതി
സഹോദരി: അനിത
വിദ്യാഭ്യാസം : തിരൂർക്കാട് ഹൈസ്കൂൾ
പി.ടി.എം ഗവ. കോളേജ് പെരിന്തൽമണ്ണ
ജോലി: മലപ്പുറം ദേശാഭിമാനിയിൽ
ഭാര്യ: ലിജി കെ.പി
മക്കൾ: ഇവാൻ അഭിവാദ്
വിലാസം: ചോലയിൽ പടിക്കൽ വീട്
ചെരക്കാപറമ്പ്.പി.ഒ
മലപ്പുറം
7012 45 45 88