KL.45.3640 വെളുത്ത നിറമുള്ള
പരുക്കൻ ഭാവമുള്ള നാനോ കാറിൽ
തൃശ്ശൂരിൽ നിന്ന്,
ഞാനും ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ദേശീയപാത താണ്ടി
തൃക്കൂർ ഇടറോഡിലൂടെ
പോവുമ്പോൾ,
തൃക്കൂർ മഹാദേവ ക്ഷേത്രവഴിയിൽ,
പുഞ്ചപ്പാടത്തിനൊത്ത നടുവിലൂടെ
പോകുന്ന നീളൻ റോഡിലെത്തിയതും
പാലക്കപ്പമ്പിൽ നിന്നും
തൃക്കൂർ റോഡിലൂടെ
തൃശ്ശൂർ ഭാഗത്തേക്ക്
അതിവേഗത്തിൽ പാഞ്ഞു വരുന്ന
KL.64.6435 മഞ്ഞ നിറമുള്ള
സുന്ദരിയായ നാനോ കാർ!
നൂറ് മീറ്റർ ദൂരത്തിൽ അടുത്തെത്തിയതും
രണ്ടു കാറുകളും പൊടുന്നനെ
എഴുപത് കിലോമീറ്റർ വേഗതയിൽ
നിന്നും മുപ്പത് കിലോമീറ്ററിലേക്ക്
വേഗത താഴുന്നു.
അമ്പത് മീറ്റർ
അഭിമുഖമായി എത്തുമ്പോഴേക്കും
വേഗത ഇരുപത് കിലോമീറ്ററിലേക്ക്
കുത്തനെ താഴുന്നു.
ഇരുപത് മീറ്റർ അടുത്താവുമ്പോൾ,
വേഗത പത്തായി കുറയുന്നു.
പത്ത് മീറ്റർ അടുത്തെത്തിയപ്പോൾ,
രണ്ടാം ഗിയർ
ഒന്നാം ഗിയറിലേയ്ക്ക്
പൊങ്ങി.
ഒടുവിൽ തൊട്ടടുത്ത് എത്തി;
വെളുത്ത കാർ വലത്തോട്ടും
മഞ്ഞ കാർ ഇടത്തോട്ടും പരസ്പരം അടുത്തേക്ക്
തിരിയാൻ ഒരുങ്ങി.
ഗിയർ ലിവർ ശക്തമായി
ഷിവറ് ചെയ്യാൻ തുടങ്ങി,
സ്റ്റിയറിംഗ് വട്ടത്തിന്റെ
മദ്ധ്യഭാഗത്തിലെ
പരന്ന പ്രതലം
അമരുകയും നിവരുകയും ചെയ്യുന്നു.
കാറുകളുടെ ബംബറുകൾ
തൊട്ടു തൊട്ടില്ല,
മഴ; ചില് ചിലാന്ന്,
കാറ്റും ഒച്ചയുണ്ടാക്കി.
കിളികൾ,
മൈനകൾ,
നാട്ടു നായകൾ,
പയ്ക്കൾ,
കിടാവുകൾ,
എരുമകൾ
കാറുകൾ മുട്ടിമുട്ടി ഉരുമ്മുന്നത്
അന്തം വിട്ട് നോക്കുന്നു…!
അല്ലെങ്കിൽ, എന്തോ
അറിയുന്ന പോലെ!
ഷിജുവും ഷാജുവും
രാജുവും പിങ്കിയും
ഒച്ചവയ്ക്കാൻ തുടങ്ങി:
“നീ എന്താ കാട്ടുന്നത്?
വണ്ടി ഇടത്തോട്ട് തിരിക്ക്….
ദേ മുട്ടി…. ദേ മുട്ടി….”
ഇടത്തോട്ട് തിരിച്ചു
ആക്സിലേറ്റർ അമർത്തി,
എങ്കിലും നാനോ എല്ലാം മറന്ന്
ഏതോ ഉന്മാദത്തിൽ!
ബംബറൊരഞ്ഞ്,
കണ്ണാടികൾ ഉമ്മ വെച്ച്,
ബോഡികൾ കൂട്ടിമുട്ടി,
നടുറോഡിൽ എല്ലാം
മറന്ന്….
കാറ്റൊഴിഞ്ഞു,
കിളികൾ പോയി.
മദപ്പാടൊഴിഞ്ഞ ആനയെപ്പോലെ
ആറിത്തണുത്ത് ശാന്തനായ
നാനോ
ഭ്രമത്തിൽനിന്നുണർന്ന്
മുന്നോട്ട് നീങ്ങി.
അപ്പോഴും കാറുകൾ
വേർപ്പിരിയുന്ന ഇണകളെപ്പോലെ
തിരിഞ്ഞു തിരിഞ്ഞ്….
പിന്നോട്ട്
നോക്കി നോക്കി….!

അനീഷ് ഹാറൂൺ റഷീദ്
Manakulangara parambil
Thazhekkad po
Kombodinjamakkal
Thrissur Kerala
680697