‘എനിക്കെന്റെ പ്രാണനോളം പ്രിയപ്പെട്ടവനാണ് അവൻ. ചിലപ്പോൾ പ്രാണനെക്കാൾ. എന്റെ കുഞ്ഞിന്റെ ഓരോ രോമകൂപത്തോടു പോലും ഞാൻ സ്നേഹത്തിലാണ്;ഉപാധികളില്ലാതെ ‘ ( സമുദ്രശില- സുഭാഷ് ചന്ദ്രൻ)
” എന്റെ ജീവിതം നീ ഒരു പുസ്തകമായി ഇതിനകം എഴുതിക്കഴിഞ്ഞിരിക്കും എന്ന് ഞാനൂഹിക്കുന്നു. എങ്കിൽ ഇതിഹാസത്തിൽ നിന്ന് കടമെടുത്ത അംബ എന്ന എന്റെ പേരിന് അർഹമായ ഒരു സ്മാരകമായിത്തീരും അതെന്ന് എനിക്ക് ഉറപ്പുണ്ട്. മുമ്പൊരിക്കൽ നീയെനിക്ക് എഴുതിയതു പോലെ, വ്യാസൻ എഴുതിയ ആ മഹത്തായ കഥയിൽ നിന്ന്, ഒരു പ്രണയത്തിന്റെ പേരിൽ വഴിപിരിഞ്ഞു പോയ അംബയുടെ ജീവിതത്തെ സഹസ്രാബ്ദങ്ങൾക്കു ശേഷം പൂരിപ്പിക്കുന്ന ഒന്നായിത്തീരട്ടെ നിന്റെ നോവലെന്ന് ഞാനാശംസിക്കുന്നു. അങ്ങനെയെങ്കിൽ വേദവ്യാസന്റെ പിറന്നാൾ ദിനം അംബയുടെ ചരമദിനമായിത്തീരുന്നതിൽ കാവ്യനീതിയുള്ളതായി നീയും മനസിലാക്കുമായിരിക്കും.”
തന്റെ ജീവിതകഥയെ എഴുത്തിന്റെ ഗർഭത്തിൽ ചുമന്നതിനുള്ള ഉപകാരസ്മരണയ്ക്കായി അംബ നോവലിസ്റ്റിന് എഴുതിയ കത്തിലെ ഒരു ഭാഗമാണ് മേൽചേർത്തിരിക്കുന്നത്.
‘മനുഷ്യന് ഒരു ആമുഖം’ എന്ന ഒരൊറ്റ നോവൽ കൊണ്ടു തന്നെ സർഗാത്മക രചനയ്ക്ക് ലഭ്യമായിട്ടുള്ള എല്ലാ അംഗീകാരങ്ങളും നേടുകയെന്ന അപൂർവ സൗഭാഗ്യം സിദ്ധിച്ച കഥാകാരനാണ് സുഭാഷ് ചന്ദ്രൻ.വളരെ അപൂർവമായ് മാത്രം എഴുതിയ കഥകൾ പ്രസിദ്ധീകരിക്കുകയും, കൈവെച്ചതെല്ലാം പൊന്നാക്കി മാറ്റുകയും ചെയ്യുന്ന ഇന്ദ്രജാലം കൈമുതലായിട്ടുള്ള കഥാകാരൻ കൂടിയാണദ്ദേഹം.
സുഭാഷിന്റെ രണ്ടാമത് നോവലാണ്
‘സമുദ്രശില ‘. വെറുതേ എഴുതിപ്പോവുക എന്നതിലുപരിയായി സ്വയംസമർപ്പണവും,ഉപാസനയും, ദീർഘനാളത്തെ ഗവേഷണവും ഇതിനു പിന്നിലുണ്ടെന്ന് സ്പഷ്ടം.
ഭാവനയേത്, യാഥാർഥ്യമേത് എന്ന് ഇഴപിരിച്ചു പരിശോധിക്കൽ ‘സമുദ്രശില ‘യെ സംബന്ധിച്ചിടുത്തോളം അപ്രായോഗികമാണ്.
‘മനുഷ്യന് ഒരു ആമുഖ ‘ത്തെ ഹൃദയത്തോടു ചേർത്തുവെച്ച ഏതൊരു വായനക്കാരനെയും സമുദ്രശില നിരാശപ്പെടുത്തുകയില്ല.
‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന ദർശനം അംബ എന്ന കഥാപാത്രത്തെ മുൻനിർത്തി ഉദാഹരിക്കുകയും, ‘ഉപാധികളില്ലാത്ത സ്നേഹം’ എന്താണ് എന്നുള്ള അന്വേഷണവുമാണ് ഈ നോവൽ.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ നോവൽ പ്രളയം എന്ന അവസാന അധ്യായത്തോടെ അവസാനിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ ഗ്രസിച്ച സംഹാരരൂപിയായ മഹാപ്രളയം തന്നെയാണ് പ്രതിപാദ്യം.
അംബ എന്ന സ്ത്രീയുടേയും, സെറിബ്രൽ പാഴ്സി ബാധിച്ച ,ഓട്ടിസ്റ്റിക് ആയ അവളുടെ മകൻ അനന്തപത്മനാഭന്റേയുo (അപ്പു) കഥ യാണ് ‘സമുദ്രശില’. നോവലിസ്റ്റും ഒരു കഥാപാത്രമായി വരുന്നു.ശരീരം വളരുകയും എന്നാൽ മനസ്സ് അതിനൊത്ത് പാകപ്പെടാതിരിക്കുകയും ചെയ്യുന്ന തന്റെ മകന്റെ കാമനകളെ ശമിപ്പിക്കാൻ അംബ അവളെത്തന്നെ സ്വയം സമർപ്പിക്കുകയാണ്;രതിമൂർച്ഛയും മൃതിമൂർച്ഛയും ഒരേസമയം ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്.
ഇതിഹാസത്തിലെ പെൺപാതിയായ ശിഖണ്ഡിയായല്ല;ഭാരതഖണ്ഡത്തിലെ ഒരു സ്ത്രീയായിത്തന്നെ അവൾ വീണ്ടും വീണ്ടും ജനിക്കുകയാണ്…
മഹാഭാരതത്തെക്കുറിച്ച് വ്യാസന്റെ അവകാശവാദം ഇങ്ങനെ –
“യദി ഹസ്തി തദന്യത്ര
യന്നേ ഹസ്തി ന തത് ക്വ ചിത്”
(ഇതിലുള്ളത് മറ്റെവിടെയെങ്കിലും ഉണ്ടാകാം.എന്നാൽ ഇതിൽ ഇല്ലാത്തത് മറ്റൊരിടത്തുമില്ല എന്നു് സാരം)
എന്നാൽ ഈ വാദത്തെ അംബ റദ്ദ് ചെയ്യുകയാണ്; എല്ലാം ഉണ്ട് എന്ന് അവകാശപ്പെടുന്ന മഹാഭാരതത്തിൽ ഉപാധികളില്ലാത്ത സ്നേഹം പരാമർശിക്കപ്പെടാതെ പോയതെന്തേ എന്നവൾ ചോദിക്കുകയാണ്. അതിന് വ്യാസൻ നൽകുന്ന മറുപടിയാകട്ടെ ഇപ്രകാരവും –
”നിന്റെ ഓരോ ജന്മത്തിലും ഇതിഹാസത്തിൽ നീ സൂചിപ്പിച്ച ആ ഇല്ലായ്മ – ഉപാധികളില്ലാത്ത സ്നേഹം ഭൂമിയിൽ നിലനിൽക്കുന്നുണ്ടോ എന്നു തിരഞ്ഞുകൊണ്ട് ജീവിക്കു…!, എന്റെ അനന്തരഗാമികളായ എഴുത്തുകാരെ കണ്ടെത്താൻ ഇടയാകുന്നു എങ്കിൽ അവരോടും തിരക്കൂ.’ ഉപാധികളില്ലാത്ത സനേഹം’; അത് ജീവിതത്തിലോ സത്യസന്ധമായ സാഹിത്യത്തിലോ കണ്ടു കിട്ടുകയാണെങ്കിൽ നമുക്ക് വീണ്ടും കാണാമെന്ന് ബാദരായണൻ വ്യാസൻ, മാമുനിക്ക് മത്സ്യഗന്ധിയിൽ സ്നേഹത്തിന്റെ ഉപാധികളില്ലാതെ പിറന്ന പുത്രൻ നിനക്കിതാ വാക്കു തരുന്നു.”
ഓട്ടിസ്റ്റിക് ആയ ഒരു മകന് ജന്മം നൽകിയപ്പോൾ അവൾ ഇരട്ടിക്കുകയായിരുന്നില്ല, മറിച്ച് ഒറ്റപ്പെടുകയായിരുന്നു.
( സന്താനങ്ങൾക്ക് ജന്മം നൽകുമ്പോൾ ഒരുവൾ ഇരട്ടിക്കുകയാണ് എന്ന ചേതോഹരദർശനം ഇവിടെ കാണാവതാണ്. എന്നാൽ അംബയുടെ കാര്യത്തിൽ സംഭവിച്ച വൈപരീത്യം ഈ ഒറ്റ വാചകത്തിലൂടെ ധ്വനിപ്പിക്കുവാൻ കഥാകാരനു കഴിയുന്നു)
എഴുപത്തിരണ്ടുകാരിയായ വൃദ്ധയുടെ; തന്റെ അമ്മയുടെ മലമൂത്രങ്ങൾ പുരണ്ട വസ്ത്രങ്ങളിൽ നിന്ന് അവരുടെ ഇരുപത്തിയൊന്നുകാരനായ പേരക്കുട്ടിയുടെ; തന്റെ മകന്റെ രേതസ്സു പുരണ്ട വസ്ത്രങ്ങളിലേക്കു നടന്നു കൊണ്ടാണ് അംബയുടെ ഓരോ പ്രഭാതവും തുടങ്ങുന്നത്.
മാതൃവിസർജ്യത്തിൽ നിന്ന് പുത്ര വിസർജ്യത്തിലേക്ക്…
ഒടുക്കത്തിൽ നിന്ന് തുടക്കത്തിലേക്ക്…
അപസ്മാര ബാധയിലെന്നപോലെ അടിമുടി പിടഞ്ഞു കൊണ്ട് ചുരുട്ടിയ മുഷ്ടിക്കുള്ളിൽ തന്റെ വികാരത്തെ തെരുപ്പിടിപ്പിച്ച് സ്വയം സാന്ത്വനം കണ്ടെത്തുകയാണ് മകനെന്ന് ഇരുട്ടിലറിയാൻ അംബ അര നിമിഷമെടുത്തു.മകന്റെ കട്ടിലിൽ നിന്ന് ഊൺമേശയുടെ മുകളിലേക്ക് തന്റെ കിടപ്പുമാറ്റുന്നതിനു കാരണമന്വേഷിച്ച മകനോട് അംബ പറഞ്ഞതിങ്ങനെ-
“നിന്നെ ആണിനെപ്പോലെ നാറാൻ തുടങ്ങിയിരിക്കുന്നു ”
വർഷങ്ങൾക്കു മുമ്പ് ഒരു ദന്താശുപത്രിയിൽ വെച്ച് മേശമേൽ അലക്ഷ്യമായിക്കിടന്നിരുന്ന ‘മാതൃഭൂമി’യുടെ ‘യാത്രാ’ മാസികയിൽ ‘വെള്ളിയാങ്കല്ലി’ലേക്ക് ലേഖകൻ (സുഭാഷ് ചന്ദ്രൻ) നടത്തിയ യാത്രയുടെ വിവരണം വളരെ അവിചാരിതമായി കാണാനിടവരികയാണ് അംബ. ആ ലേഖനം അവളെ പൂർവകാല സ്മൃതികളുടെ അടിയൊഴുക്കുകളിലേക്ക് നയിക്കുകയാണ്.
വിവാഹത്തിന് വെറും 10 ദിവസം മാത്രം അവശേഷിക്കേ തന്റെ കാമുകനുമൊത്ത് വെള്ളിയാങ്കലിലേക്ക് പോവുകയും അവനോടൊത്ത് രമിക്കുകയും ചെയ്തത്.
(മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘നാം കണ്ടു പരിചയിച്ച അതേ വെള്ളിയാങ്കല്ല്… പരേതരുടെ ആത്മാക്കൾ തുമ്പികളെപ്പോലെ പാറിനടക്കുന്ന ആസക്തികളുടെ ‘സമുദ്രശില ‘)
ഒരു പക്ഷേ വിവാഹാനന്തരം തന്റെ ഭർത്താവുമായുണ്ടായ ബന്ധത്തിൽ തനിക്ക് ലഭിച്ച ‘അപൂർണതകളുള്ള മകൻ’ ആ മുജ്ജന്മ പാപങ്ങളുടെ ഫലമായിട്ടാവാം എന്നവൾ കരുതുന്നുണ്ട്.
വെളളിയാങ്കലിനെക്കുറിച്ചെഴുതിയ ലേഖകനെ കണ്ടുമുട്ടാനുള്ള അംബയുടെ യാത്രയാണ് പിന്നീട്. ലേഖകന്റെ യാത്രകളുമായ് തന്മയീഭവിക്കാനും സഹൃദയത്വം കാത്തുസൂക്ഷിക്കാനും അവളെ പ്രേരിപ്പിച്ച ഘടകവും വെള്ളിയാങ്കല്ല് തന്നെയാണ്.
സുഭാഷ് ചന്ദ്രൻ വെറുമൊരു പത്രപ്രവർത്തകൻ മാത്രമല്ലെന്നും, നല്ലൊരു കഥപറച്ചിലുകാരൻ കൂടിയാണെന്നും അംബ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ വെന്തുരുകുന്ന അംബയുടെ കഥ കേട്ടു കഴിഞ്ഞപ്പോഴേക്കും അവളുടെ സങ്കടങ്ങളെ തന്റെ എഴുത്തിന്റെ ഗർഭത്തിലേക്ക് ചുമക്കാൻ തയ്യാറാവുന്നു നോവലിസ്റ്റ്!
അംബയുടെ കഥപറയുമ്പോഴും എഴുത്തിനേയും പത്രപ്രവർത്തനത്തേയുമൊക്കെക്കുറിച്ചുള്ള കഥാകൃത്തിന്റെ സങ്കൽപ്പങ്ങൾ അങ്ങിങ്ങു നിഴലിച്ചു കാണാം.അതിൽ പ്രസക്തമായ ചിലത് ചുവടെ ചേർക്കാം:-
- ” പത്രപ്രവർത്തകൻ കടന്നലാണെങ്കിൽ സാഹിത്യകാരൻ തേനീച്ചയാണ്.രണ്ടാമത്തേത് വാക്കിന്റെ തേൻ നൽകുന്നുണ്ടാകും. പക്ഷേ രണ്ടും കുത്തും.
- ” കാലം തെറ്റിച്ച് കഥ പറയാനുള്ള ശക്തി ദൈവത്തിനില്ല. ഈ ഒരേയൊരു കഴിവിന്റെ പേരിൽ നോവലെഴുത്തുകാരെ ദൈവവും ആരാധിക്കുന്നു ”
- ”പഴയ ജന്മങ്ങൾ ഓർത്തെടുക്കാനും, വരും ജന്മങ്ങൾ സങ്കൽപ്പിക്കാനുമായി നാം നോവലുകൾ വായിക്കുന്നു.”
- എഴുത്തിന് മനോരോഗവുമായി നല്ല ബന്ധമുണ്ട്. ഭ്രാന്തും സാഹിത്യവും തലച്ചോറിന്റെ രണ്ടു തരത്തിലുള്ള എക്‌സ്പ്രഷനാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എവറസ്റ്റിൽ കയറുന്നതും ക്രിക്കറ്റ് കളിക്കുന്നതും ശരീരത്തിന്റെ രണ്ടു തരത്തിലുള്ള എക്സ്പ്രഷനാണെന്ന് പറയുന്നതുപോലെയേ ഉള്ളൂ അത്. മനോരോഗികളെല്ലാം സാഹിത്യകാരന്മാരല്ലാത്തതു പോലെ സാഹിത്യമെഴുതുന്നവരെല്ലാം മനോരോഗികളും അല്ലല്ലോ… ”
തത്വശാസ്ത്രം പറച്ചിലുകൾ തത്കാലം അവസാനിപ്പിച്ച് നമുക്ക് അംബയുടെ കഥയിലേക്ക് തിരികെ വരാം.അവളുടെ അമ്മ മരണപ്പെടുന്നു.അപ്പുവിന്റെ (അനന്തപത്മനാഭൻ) മനസ്സും ശരീരവും ലൈംഗികമായി പാകപ്പെട്ടു വരികയായിരുന്നു.എല്ലാ ശബ്ദങ്ങളും ഒരുപോലെ കേൾക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ഉപകരണം അപ്പുവും ഉപയോഗിച്ചിരുന്നു. രണ്ടു വലിയ പുംബീജങ്ങളെപ്പോലെ അത് അവന്റെ ഇരുകാതുകളിലും വെളുത്ത ഉണ്ടത്തലയിട്ട് വാലുകൾ പിടിപ്പിക്കുന്നതു പോലെ അംബയ്ക്കു തോന്നി.
ശാരീരികമായി വിഷമതകൾ അനുഭവിക്കുമ്പോൾ പോലും അക്ഷരം തെറ്റാതെ അവൻ തന്റെ സ്മാർട്ട് ഫോണിൽ തിരഞ്ഞുകൊണ്ടിരുന്ന മൂന്നക്ഷരം (മൂന്നേ മൂന്ന് അക്ഷരം) എസ്, ഇ, എക്സ് (S,E,X ) എന്നതായിരുന്നു എന്ന് അംബ കണ്ടെത്തുന്നു.സൂത്രത്തിൽ അവന്റെ ഫോൺ കൈക്കലാക്കുകയും തന്റെ മകന്റെ തിരയൽ ചരിതം (Search History) പരിശോധിക്കുകയും ചെയ്തപ്പോൾ അടുത്ത കാലത്ത് അപ്പു ഏറ്റവുമധികം തുടർച്ചയായി കാണുന്ന ഒരു സൈബർ രതിശാല അവളെ കൂടുതൽ നടുക്കി.ഈഡിപ്പുസി ഡോട്ട് കോം എന്നായിരുന്നു അതിന്റെ പേര്.( ഈഡിപ്പസ് – സ്വന്തം അമ്മയെ പ്രാപിച്ച ഗ്രീക്ക് കഥാപാത്രം )
” അറിയാതെ ജനനിയെ പരിണയിച്ചോരു –
യവന തരുണന്റെ കഥയെത്ര പഴകി “
എന്ന് ഒ.എൻ.വി കുറുപ്പ് പിന്നീട് ‘ഭൂമിക്കൊരു ചരമഗീത’ത്തിൽ എഴുതിയത് ഇവിടെ ഓർക്കാം.
അംബയുടെയും മകന്റെയും കഥ ഇവിടെ അവസാനിക്കുകയാണ്. രതിമൂർച്ഛയും മൃതിമൂർച്ഛയും അവൾ അവസാനമായ് തന്റെ മകനിലേക്ക് പകരുകയാണ്. മരിക്കും മുമ്പ് തന്റെ മകൻ എല്ലാവിധ സുഖങ്ങളും അനുഭവിക്കണമെന്നവൾ കരുതുന്നുണ്ട്.
ലോകത്ത് ഏറ്റവുമധികം ആളുകൾ ആത്മഹത്യയ്ക്കായി ഉപയോഗിച്ച പശ്ചാത്തല സംഗീതം ‘ Gloomy Sunday’ അവിടെയും മുഴങ്ങിക്കേൾക്കുന്നുണ്ട്. രണ്ടുപേരും വിഷം അകത്താക്കിയ ശേഷം രതിയുടേയും മൃതിയുടേയും പാഠങ്ങൾ ഒരേ സമയം അവനെ പഠിപ്പിക്കുവാൻ, രണ്ടും ഒന്നു തന്നെയാണെന്ന് അനുഭവിപ്പിക്കാൻ അംബ തന്റെ മകന്റെ ഉടലിലേക്ക് ആവേശിക്കുകയാണ്. പിന്നീട് മരണത്തിലേക്കും….
‘സംഹാരം’ എന്ന അവസാനഭാഗത്തിലെ ‘പ്രളയം’ എന്ന അധ്യായം ഇതിനോട് ചേർത്തു വായിക്കാം.കഴിഞ്ഞ രണ്ടുവർഷങ്ങളിലായി കേരളത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന സംഹാരരൂപിയായ മഹാപ്രളയമാണ് ഇതിലെ പ്രതിപാദ്യം. കേരളത്തിലെ 44 നദികളും മുടിയഴിച്ചാടുകയും ,സർവവും ഇല്ലാതാവുകയും, അംബയും മകനും മാത്രം ശാശ്വതമായ സത്യമായി നിലകൊള്ളുകയും ചെയ്യുന്നു.
‘സമുദ്രശില ‘ ഇവിടെ അവസാനിക്കുന്നു.ഇത് ഒരു പരിപൂർണമായ വായനയല്ല; കഥയുടെ വ്യാഖ്യാനവുമല്ല, വായനയ്ക്കു ശേഷം മനസിലവശേഷിച്ച ചില ചിന്തകൾ മാത്രം. നോവൽ വായിച്ചിട്ടില്ലാത്ത സ്നേഹിതർക്ക് പുസ്തകത്തെ കൂടുതൽ അറിയാനും, വായിക്കാനുമുള്ള പ്രേരണയായ് ഈ കുറിപ്പ് മാറുമെങ്കിൽ ഈയുള്ളവൻ കൃതാർഥനായ്…
‘സമുദ്രശില ‘വായന നിങ്ങളെ പുതിയൊരു മനുഷ്യനാക്കും;വിവിധങ്ങളായ മാനസിക വൈകാരികാവസ്ഥകളിലൂടെ സഞ്ചരിപ്പിക്കും.
കൂടാതെ,
ഉപാധികളില്ലാത്ത സ്നഹം ഒടുവിൽ സ്വയം ഒരു ഉപാധിയായിത്തീരുമെന്ന തിരിച്ചറിവുകിലേക്കും…
അനുരാഗ്. പി
(രണ്ടാം വർഷ രസതന്ത്ര ബിരുദം
സെന്റ് തോമസ് കോളേജ്, പാലാ)
❤️