പാതിയിൽ മുറിഞ്ഞെന്നാൽ…
പാതിയിൽ മുറിഞ്ഞാൽ
ഒരറ്റം മാത്രം ചെത്തിമിനുക്കിയെടുക്കുംപോലെ
നിസാരമായ ഭംഗിയിൽ കാണണമെന്നില്ല.
ഒറ്റ ഞെട്ടലിന്റെ വിള്ളലിൽ
പരുപരുത്തും
പരിഭ്രാന്തിപ്പെട്ടും
വികൃതമായി മുഴക്കപ്പെട്ടിരിക്കും…
പാതിയിൽ മുറിഞ്ഞുപോയെന്നാൽ
വേറൊരറ്റത്തോടും ‘പാക’മായി ചേരാതെ
തെന്നിയും തെന്നിച്ചും
‘ഒറ്റ’നിൽപ്പിന്റെ ശാസ്ത്രം തിരഞ്ഞെന്നിരിക്കും…
പാതിയിൽ മുറിഞ്ഞാൽ
‘മുറി’കൾ വീണ്ടും
കൂർപ്പിച്ചെടുക്കാമെന്നായാലും
രണ്ടായി മാറിയതിന്റെ
അകലം
കൂർത്ത നീറ്റലുകളായി
നീണ്ടുകിടക്കും…
പാതിയിൽ മുറിഞ്ഞവർ
മുറിഞ്ഞുപോയവർ തന്നെയാവുന്നു…
