വിവർത്തനം : അസീസ് തരുവണ
വെറുതെയൊന്നോര്‍ത്തു നോക്കുക..
എന്റെ സ്ഥാനത്തു നിങ്ങളും
നിങ്ങളുടെ സ്ഥാനത്ത്
ഞാനുമായിരുന്നെങ്കില്
നിങ്ങള്‍ക്കെന്തു തോന്നുമായിരുന്നുവെന്ന്…!
നിങ്ങള്‍ക്കും അങ്ങ് ദൂരെ
മലഞ്ചെരുവില്‍, ഞങ്ങളെപ്പോലെ
ഓലയും പുല്ലും മേഞ്ഞ
കുടിലുകളില്‍,
പോത്തിനും പട്ടിക്കും
ആടിനും കോഴികള്ക്കുംഅസീസ് തരുവണ
കരിവിളക്കിന്റെ വെട്ടത്തില്‍
ചടഞ്ഞുകൂടേണ്ടി വന്നിരുന്നെങ്കില്‍ ,
നിങ്ങളുടെ മക്കള്‍
വിശന്നു ചിണുങ്ങുന്നത്
നിവൃത്തിയില്ലാതെ
നിങ്ങള്‍ക്കും നോക്കിനില്‍ക്കേണ്ടി
വന്നിരുന്നെങ്കില്‍
എന്തു തോന്നുമായിരുന്നെന്ന്..

വെറുതെയൊന്നോര്‍ത്തു നോക്കുക..
നിങ്ങളുടെ മക്കള്‍ക്ക്
ദാഹിക്കുന്നു എന്നുപറയുമ്പോള്‍
ഒരു കവിള് വെള്ളത്തിനായി
അങ്ങകലെയൊഴുകുന്ന
ചോല വരെ നടന്നു
പോവേണ്ടി വരുമ്പോള്‍,
നിങ്ങളുടെ ഭാര്യക്ക്
അടുപ്പില്‍ തീപൂട്ടാന്‍
കാടുകേറിയിറങ്ങി
ചുള്ളിയൊടിച്ചു ചുമന്നു
കൊണ്ടുവരേണ്ടി വരുമ്പോള്‍,
നിങ്ങള്‍ക്ക് അന്നന്നത്തെ
അന്നത്തിനായി
കല്ലുടക്കാനും, റോഡുപണിക്കുമെല്ലാം
പോവേണ്ടി വരുമ്പോള്‍
ഉള്ളിലെന്തു തോന്നുമെന്ന്.
ഇടയ്ക്ക്, വെറുതെയൊന്നോര്‍ത്തു നോക്കുക..
ഇത്തിരി ഉപ്പും മുളകുമെല്ലാം
വാങ്ങുവാനായി,
അതിരാവിലെ വിറകുകീറി,
പൊളിഞ്ഞുവീഴാറായ
സൈക്കിളില്‍ കെട്ടിയേറ്റി,
ചന്തയില്‍ കൊണ്ടുപോവേണ്ടി വരുമ്പോള്‍
അല്ലെങ്കില്‍,
മറ്റു കുഞ്ഞുങ്ങളെല്ലാം രാവിലെ
ചുമലില്‍ ബാഗുമേന്തി
സ്കൂളിലേക്ക് പോവുമ്പോള്‍,
നിങ്ങളുടെ മക്കള്‍ മാത്രം
പറമ്പില്‍ പശുവിനെയും
ആടുകളെയും തെളിച്ചുനടക്കുന്നത്
കണ്ടുനില്ക്കുമ്പോള്
നിങ്ങള്‍ക്കെന്തു തോന്നുമെന്ന്..
വെറുതെയൊന്നോര്‍ത്തു നോക്കുക..
നിങ്ങള്‍ക്ക് പകരം
ചാരുകസേരയില്‍ അമര്‍ന്നിരിക്കുന്നത്
ഞാനായിരുന്നെങ്കില്‍,
ഇങ്ങനെ സുഹൃത്തുക്കള്‍ക്കൊപ്പം
ചുടുചായ നുകര്‍ന്ന്
നില്‍ക്കുന്നത് ഞാനായിരുന്നെങ്കില്‍,
മുന്നില്‍ അല്പം മാറി
മുണ്ടിന്റെ മടക്കുത്തഴിച്ചിട്ട്
ഒരു തോര്‍ത്തുമുണ്ടും അരയില്‍ചുറ്റി
‘അടിയന്’ എന്നും മൂളി
എന്തെങ്കിലുമൊരു പണിക്കു വേണ്ടി
കാത്തു കെട്ടിക്കിടക്കുന്നത്,
നിങ്ങളായിരുന്നു എങ്കില്‍…
നിങ്ങള്‍ക്കെന്തു തോന്നുമായിരുന്നെന്ന്..
ഇടക്കൊക്കെ വെറുതെയെങ്കിലും
ഒന്നോര്‍ത്തു നോക്കുക..
നിങ്ങളെ സമാധാനിപ്പിക്കാന്‍
പുറത്തു തട്ടിയ കൈകള്‍
പതിയെ നിങ്ങളുടെ ശരീരത്തിന്റെ
മാംസളത പരതാന്‍ തുടങ്ങുമ്പോള്‍,
നിങ്ങളുടെ വിശന്നു വരണ്ടുണങ്ങിയ
ചുണ്ടുകളില്‍ ഫോക്കസ് ചെയ്യേണ്ട
ക്യാമറ, നിങ്ങളുടെ മാറിടത്തിന്റെ
മുഴുപ്പളക്കാന് തുനിയുമ്പോള്‍
നിങ്ങള്‍ക്കെന്തു തോന്നുമായിരുന്നെന്ന്..
ഒരു രസത്തിന് വേണ്ടിയെങ്കിലും,
ഒന്നോര്‍ത്തു നോക്കുക..
അല്പനേരത്തേക്കെങ്കിലും
നിങ്ങള്‍ ഒടുക്കവും
ഞാന്‍ ഒന്നാമതും നില്ക്കുന്ന
ഒരു വരിയെപ്പറ്റി
വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കുക..
വേറൊരു കാര്യം –
നിങ്ങള്‍ കറുത്തിട്ടും
നിങ്ങളുടെ മൂക്ക്
ചപ്പിയിട്ടുമായിരുന്നെങ്കില്,
നിങ്ങളുടെ കാലടികളത്രയും
വിണ്ടു കീറിയിരുന്നെങ്കില്‍…
അതൊക്കെ കണ്ട്
ആരെങ്കിലും ഒരു തമാശ
ഉള്ളിലോര്‍ത്ത്
നിങ്ങളെ നോക്കി
പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍
നിങ്ങള്‍ക്ക് ഉള്ളിലെന്തു
തോന്നുമായിരുന്നു എന്ന്
ഇത്തിരി നേരത്തേക്കെങ്കിലും
നിങ്ങള്‍ ഒന്നോര്‍ത്തു നോക്കുക..
വെറുതെയൊന്നോര്‍ത്തു നോക്കുക..


അസീസ് തരുവണ